ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Friday, July 1, 2011

കാംബ്രിയന്‍ വിസ്ഫോടനവും പരിണാമവാദികളും - 2

പരിണാമസങ്കല്പ്പത്തിനു വിശദീകരിക്കാന്‍ പ്രയാസമുണ്ടായ കാംബ്രിയന്‍ വിസ്ഫോടനം ഇപ്പോള്‍ വിജയകരമായി വിശദീകരിച്ചുകഴിഞ്ഞു എന്ന രാജുവിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഒന്നാം ഭാഗത്ത് സമര്‍ത്ഥിച്ചല്ലോ. രണ്ടാം ഭാഗം ഒരു സമീപന പ്രശ്നം അവതരിപ്പിച്ചുകൊണ്ടു തുടങ്ങാം.


പരിണാമ സങ്കല്പ്പത്തെ രണ്ടു വിധത്തില്‍ വിശകലനം ചെയ്യാം ( ഏതു വിഷയത്തിനും ഇതു ബാധകമാണ്). പരിണാമത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്കകത്തു നിന്നുകൊണ്ട് അതിനെ വിലയിരുത്താം. അടിസ്ഥാനസങ്കല്‍പ്പങ്ങള്‍ക്കു പുറത്തുനിന്നുകൊണ്ടും വിലയിരുത്താം. അകത്തുനിന്നുകൊണ്ടു വിലയിരുത്തുമ്പോള്‍ അടിസ്ഥാനസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്നത് അപ്രസക്തമാണ്. എന്നാല്‍ പുറത്തുനിന്നുകൊണ്ടു വിലയിരുത്തുമ്പോള്‍ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ തന്നെയും ചോദ്യം ചെയ്യപ്പെടും. ഒന്നാം ഭാഗത്ത് അകത്തുനിന്നുകൊണ്ടു വിലയിരുത്തുന്ന സമീപനമാണു ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. ഈ പരമ്പരയുടെ അവസാനഭാഗത്ത് പുറമേനിന്നുളള വിലയിരുത്തല്‍ അവതരിപ്പിക്കാമെന്നു പ്രതീക്ഷിക്കുന്നു. കാംബ്രിയന്‍ വിസ്ഫോടനം പരിണാമവാദമായും  സൃഷ്ടിവാദമായും ശാസ്ത്രീയമായി ബന്ധപ്പെടുന്നതെങ്ങനെയെന്ന് അപ്പോഴാണു വ്യക്തമാവുക.


രാജു വാടാനപ്പള്ളി ആധാരമാക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ത്തന്നെയും അതു  പരിണാമം തെളിയിക്കുമോ   എന്ന പരിശോധനയാണ് ഇവിടെ. പരിണാമത്തെ അതിന്റെ സൈദ്ധാന്തിക ചട്ടക്കൂടിനകത്തു നിന്നുകൊണ്ടു പരിശോധിക്കുമ്പോള്‍ ഈ സമീപനമാണ് ഉചിതം.
 ജനിതകശാസ്ത്രപഠനങ്ങള്‍ ഉദാഹരണമായെടുക്കാം. ലേഖകന്‍ തന്നെ പരാമര്‍ശിച്ച കാര്യങ്ങള്‍ നോക്കാം. ജീവികളുടെ ശരീരഘടനയെ രൂപപ്പെടുത്തുന്ന ഒരു കൂട്ടം ജീനുകളെയാണ് Hox genes എന്നു പറയുക. കാലുകള്‍ , കൈകള്‍ , ആന്റിന, ചിറകുകള്‍ , അസ്ഥി ഘടന എന്നിത്യാദികള്‍ ഇവയുടെ നിയന്ത്രണത്തിലാണു രൂപപ്പെടുക. ഇതെക്കുറിച്ചുള്ള ലേഖകന്റെ വിവരണം നോക്കൂ:


"എല്ലാ ജീവികളുടെയും- നട്ടെല്ലുള്ളവയും നട്ടെല്ലില്ലാത്തവയും- ശരീരനിർമാണ പ്രക്രിയയിൽ അതിപ്രധാന പങ്കുള്ള ജീനുകളാണ്‌ HOX ജീനുകൾ. ഒരു ശരീരത്തിന്റെ ആകെയുള്ള body plan നിർണയിക്കുന്നത് ഈ ജീനുകളാണ്‌. ഒരു ജീവിയുടെ മുൻഭാഗവും പിൻഭാഗവും, ഇരു വശങ്ങളും, അതുപോലെ തലതൊട്ട് വാലുവരെ ഇത്യാദി ഭാഗങ്ങൾ രൂപപ്പെടുന്നത് ഈ ജീനുകളുടെ പ്രവർത്തനഫലമായാണ്‌. HOX ജീനുകൾ മാസ്റ്റർ ജീനുകളാണ്‌. (Transcription of factors- മറ്റു ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു. അവയുടെ On-Off ഈ ജീനുകൾ നിർണയിക്കുന്നു. ഓരോ HOX ജീനും ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു.) ക്രോമസോമുകളിൽ ഈ ജീനുകൾ തൊട്ട് തൊട്ടായി കാണപ്പെടുന്നു. ആദ്യം ശിരസ്സ്, പിന്നീട് മറ്റു ഭാഗങ്ങൾ എന്ന രീതിയിൽ ഈ ജീനുകളുടെ പ്രവർത്തനം തുടങ്ങുന്നു. അതനുസരിച്ച് ഒരു ശരീരം -ഗർഭപത്രത്തിൽ വെച്ച്) രൂപം കൊള്ളുന്നു. ഓരോ ജീവിയും ഈ ജീനുകളുടെ Expression ശരിയായ രീതിയിലായതുകൊണ്ട് മാത്രമാണ്‌ അതിന്റെ തനതായ രൂപത്തിലിരിക്കുന്നത്. ഈ ജീനുകളിൽ എന്തെങ്കിലും മ്യൂട്ടേഷൻസംഭവിച്ചാൽ ഭയാനകമായിരിക്കും ഫലം. പഴയീച്ചകളിൽ കൃത്രിമമായി HOX ജീനുകളിൽ മ്യൂട്ടേഷൻ ഉണ്ടാക്കി പരീക്ഷണം നടത്തി. ഫലം തലയിൽ കാലുമുളച്ചു."


 “ഈ ജീനുകളില്‍ എന്തെങ്കിലും മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ഭയാനകമായിരിക്കും ഫലം”  എന്നു  ലേഖകനും സമ്മതിക്കുന്നു. ഇന്നേവരെ നടന്ന മ്യൂട്ടേഷന്‍ പരീക്ഷണങ്ങള്‍  തെളിയിച്ച വസ്തുതയാണിത്. പരിണാമവാദികള്‍ അംഗീകരിക്കുന്ന ഇക്കാര്യം സൃഷ്ടിവാദികളും അംഗീകരിക്കുന്നു. ഇരുകൂട്ടരും അഭിപ്രായവ്യത്യാസമില്ലാതെ അംഗീകരിക്കുന്ന ജനിതകശാസ്ത്ര ഗവേഷണഫലമാണിതെന്നര്‍ത്ഥം. പിന്നെ എവിടെയാണ് അഭിപ്രായഭിന്നത ഉയരുന്നത്? “ഈ ജീനുകളില്‍ എന്തെങ്കിലും മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ഭയാനകമായിരിക്കും ഫലം" എന്ന ജനിതകശാസ്ത്രത്തിന്റെ കണ്ടെത്തല്‍ പ്രകാരം മ്യൂട്ടേഷനുകളിലൂടെ ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായി പരിണമിക്കില്ല എന്നാണ് സൃഷ്ടിവാദികള്‍ പറയുന്നത്.


ഇഴജന്തു പരിണമിച്ചു പക്ഷികളുണ്ടായെന്നു പരിണാമവാദികള്‍ പറയുന്നു. ഇഴജന്തുവിന്റെ മുന്‍കാലുകളുടെ ഘടന നിയന്തിക്കുന്ന Hox gene കളില്‍ മ്യൂട്ടേഷന്‍ സംഭവിച്ചാല്‍  പരിണാമവാദികള്‍ പറയുന്ന പോലെ “ഭയാനകമായിരിക്കും ഫലം”! അതായത് സാമാന്യമായി  പറഞ്ഞാല്‍  മുന്‍കാലുകളുടെ ആകാരം വികൃതമായിത്തീരും. ഇഴജന്തുക്കളില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മുന്‍കാലുകള്‍ കാര്യക്ഷമത വളരെ  കുറഞ്ഞ വികൃതമായൊരു അവയവമായി മാറും! ഇതാണ് മ്യൂട്ടേഷന്റെ ഫലം. ഇത്തരം മ്യൂട്ടേഷനുകളിലൂടെ ഇഴജന്തുവിന്റെ മുന്‍കാലുകള്‍ പക്ഷികളുടെ ചിറകുകളായി പരിണമിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടാണ് ജനിതകശാസ്ത്രജ്ഞര്‍ നിരവധി പരീക്ഷണങ്ങളിലൂടെ തെളിയിച്ച മ്യൂട്ടേഷന്റെ  ഭയാനക ഫലത്തെ ആസ്പദമാക്കി പരിണാമം അസംഭവ്യമാണെന്നു സൃഷ്ടിവാദികള്‍ അഭിപ്രയപ്പെടുന്നത്. എന്നാല്‍ ഇതേ മ്യൂട്ടേഷന്‍ ഗവേഷണഫലങ്ങളെ ആസ്പദമാക്കി പരിണാമം സംഭവിക്കുമെന്നാണു പരിണാമവാദികളുടെ അവകാശവാദം. “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ ഇഴജന്തുവിന്റെ മുന്‍കാലുകളെ കൂടുതല്‍ സങ്കീര്‍ണമായ ചിറകുകളായി പരിണമിപ്പിക്കുമെന്നാണ് അവരുടെ അഭ്യൂഹം. ഇതില്‍ ഏതാണ് ശാസ്ത്രീയഗവേഷണഫലങ്ങളോടും  യുക്തിചിന്തയോടും കൂടുതല്‍ യോജിച്ചതെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.


(മ്യൂട്ടേഷന്‍ എന്നത് ‘അന്ധവും ബധിര’വുമായ ഒരു ജനിതക പ്രക്രിയയാണ്. ജീനിലുണ്ടാകുന്ന ഏതൊരു മാറ്റത്തെയും മ്യൂട്ടേഷന്‍ ആയി കണക്കാക്കുകയാണെങ്കില്‍ മിക്ക മ്യൂട്ടേഷനുകളും ന്യൂട്രല്‍ ആയിരിക്കുമെന്നാണു കണക്ക്. ഇവക്കു പരിണാമത്തില്‍ പങ്കൊന്നുമില്ല. സാഹചര്യമനുസരിച്ച് അനുകൂലമോ പ്രതികൂലമോ ആകാവുന്ന മാറ്റങ്ങള്‍ മാത്രമേ പരിണാമചര്‍ച്ചയില്‍ പ്രസക്തമാവൂ. മ്യൂട്ടേഷന്റെ സാങ്കേതിക വിശദാംശങ്ങള്‍ ഇവിടെ ഒഴിവാക്കുന്നു).


ലേഖകന്റെ ഈ വിവരണം നോക്കൂ:


"350 കോടി വർഷത്തിലെത്തുമ്പോൾ ലളിതമായ ജൈവരൂപങ്ങളെ വ്യക്തമായി കണ്ടെത്തുന്നു. ഈ രൂപങ്ങൾ Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona ഫോസിൽ മേഖലയിൽ നിന്നാണ്‌ ഈ Cyanobacteria യുടെ ഫോസിലുകൾ കിട്ടിയിട്ടുള്ളത്.ഇതിന്റെ പ്രായം 35൦ കോടി വര്‍ഷം[7] .ജൈവരൂപങ്ങളിൽ രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങളുണ്ട്. പ്രോക്കാരിയോട്ടുകളും (Prokaryotes) -bacteria- യൂക്കാരിയോട്ടുകളും(Eukaryotes) (ഏകകോശരൂപമായ അമീബ മുതൽ ബഹുകോശരൂപങ്ങളായ ജീവികളും സസ്യങ്ങളും ഇതിൽ പെടുന്നു.) 350 കോടി വർഷം തൊട്ട് കാണുന്ന ജൈവരൂപങ്ങൾ പ്രോകാരിയോട്ടുകളാണ്‌. ജീവന്റെ ഏറ്റവും ലളിതമായ രൂപങ്ങളാണവ. ഒരു പ്രോകാരിയോട്ട് കോശത്തിൽ ന്യൂക്ലിയസ് ഉണ്ടായിരിക്കില്ല; അതുപോലെ കോശത്തിനുള്ളിലെ സങ്കീർണമായ ഘടകങ്ങളും. ഇത്തരം ലളിതമായ ജൈവരൂപങ്ങളിൽ നിന്നാണ്‌ പില്കാലത്ത് സങ്കീർണമായ ജൈവരൂപങ്ങൾ-മനുഷ്യൻ, തിമിംഗലം- ആവിർഭവിക്കുന്നത്".


ലളിത ജീവിയായ സയനോ ബാക്ടീരിയയില്‍ “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ സംഭവിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ തിമിംഗലവും മനുഷ്യനും ആവിര്‍ഭവിക്കുന്നതെങ്ങനെ?
ഏകകോശജീവിയായ സയനോ ബാക്ടീരിയായില്‍ “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ ഉണ്ടായാല്‍ അത് ബഹുകോശ ജീവിയായി പരിണമിക്കാനുള്ള സാധ്യത പോലും ഇല്ലാതാവുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം.?


ജീവന്റെ ഏറ്റവും ലളിത രൂപമായ പ്രൊകാരിയോട്ട് കോശത്തില്‍ സങ്കീര്‍ണമായ ന്യൂക്ളിയസ് ഉണ്ടായിരിക്കില്ലല്ലോ. പ്രൊകാരിയോട്ട് കോശത്തില്‍ മ്യൂട്ടേഷന്‍ സംഭവിച്ചെന്നു സങ്കല്‍പ്പിക്കുക. “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ എങ്ങനെയാണ് പ്രൊകാരിയോട്ട് കോശത്തില്‍ സങ്കീര്‍ണമായ ന്യൂക്ളിയസിന്റെ ആവിര്‍ഭാവത്തിനു കാരണമാകുന്നത്? “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ പ്രൊകാരിയോട്ട് കോശത്തില്‍ ന്യുക്ളിയസ് പോലുള്ള സങ്കീര്‍ണമായൊരു ഘടകത്തിന്റെ രൂപവത്കരണത്തിനു പര്യാപ്തമല്ല എന്നു കരുതുന്നതാണോ അതോ പര്യാപ്തമാണ് എന്നു കരുതുന്നതാണോ കൂടുതല്‍ യുക്തിപരം? കൂടുതല്‍ ശാസ്ത്രീയം?


പഴയീച്ചകളിലെ Hox ജീനുകളില്‍ കൃത്രിമമായി മ്യുട്ടേഷന്‍ ഉണ്ടാക്കിയപ്പോള്‍ തലയില്‍ കാലുമുളച്ചു എന്നു ലേഖകന്‍ സൂചിപ്പിച്ചല്ലോ. തോമസ് മോര്‍ഗന്‍ (1866--1945) നടത്തിയ മ്യുട്ടേഷന്‍ പരീക്ഷണങ്ങളില്‍ നിന്നു വ്യക്തമായ കാര്യമാണിത്. ഇതിന്റെ വിവക്ഷയെന്താണ്?


ഒന്ന്, മ്യൂട്ടേഷനുകളിലുടെ തികച്ചും വ്യത്യസ്തവും സങ്കീര്‍ണതയേറിയതുമായ ഒരവയവവും ഉണ്ടാവുകയില്ല.

രണ്ട്, മ്യൂട്ടേഷന്‍ ഉണ്ടാക്കുന്ന ജനിതകമാറ്റം ജീവികള്‍ക്ക് പൊതുവേ ഹാനികരമായിരിക്കും.

ഈ രണ്ടു വസ്തുതകളും പരിണാമസങ്കല്‍പ്പത്തിന്റെ അശാസ്ത്രീയതയും അസംഭവ്യതയും തെളിയിക്കുന്നവയാണ്. ഴയീച്ചകള്‍ക്ക് തലയില്‍ ആന്റിനയില്ല.  പാറ്റകള്‍ക്ക് ആന്റിനയുണ്ട്. പഴയീച്ചകളില്‍ മ്യൂട്ടേഷനുകള്‍ ഉണ്ടായാല്‍ തലയില്‍ ആന്റിന മുളക്കുമോ? ഒരിക്കലുമില്ല. ഒരു ജീവിയിലില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരവയവം പോലും മ്യൂട്ടേഷനിലൂടെ ഉരുത്തിരിയുമെന്നു തെളിയിക്കാന്‍ പരിണാമവാദികള്‍ ഇന്നോളം നടത്തിയ പരീക്ഷണങ്ങള്‍ സഹായകമായിട്ടില്ല. പരിണാമസിദ്ധാന്തത്തിനുവേണ്ടി അതിന്റെ വക്താക്കള്‍ എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുവെന്ന് ലേഖകന്‍ തന്നെ വിവരിക്കുന്നതു കാണുക:


"പരിണാമശാസ്ത്രം ഇന്ന് എത്രയോ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ്‌. എത്രയോ യൂണിവേഴ്സിറ്റികൾ, എത്രയോ ഗവേഷകന്മാർ. അവർ നിരന്തരം ഗവേഷണത്തിലേർപ്പെട്ട് കൊണ്ടിരിക്കുകയാണ്‌. അതിനായി എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിക്കപ്പെടുന്നു. അങ്ങിനെയാണ്‌ പരിണാമശാസ്ത്രജ്ഞർ പുതിയ തെളിവുകൾ കണ്ടെത്തുന്നത്."


“എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിച്ചി”ട്ടും ജീവികളില്‍ തികച്ചും വ്യത്യസ്തമായ ഒരവയവമെങ്കിലും മ്യൂട്ടേഷനുകളിലൂടെ ഉരുത്തിരിയുമെന്ന് പരിണാമശാസ്ത്രത്തിനു തെളിയിക്കാനായോ? ഒരിക്കലുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഒരവയവം പോലും മ്യൂട്ടേഷനുകളിലൂടെ ഉരുത്തിരിയുമെന്നു തെളിയിക്കാനായില്ലെങ്കില്‍പ്പിന്നെ, തികച്ചും വ്യത്യസ്തമായ ഒരു ജീവജാതി ഉരുത്തിരിയുമെന്നു തെളിയിക്കാനാവുന്നതെങ്ങനെ?


(തുടരും)

7 comments:

 1. “എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിച്ചി”ട്ടും ജീവികളില്‍ തികച്ചും വ്യത്യസ്തമായ ഒരവയവമെങ്കിലും മ്യൂട്ടേഷനുകളിലൂടെ ഉരുത്തിരിയുമെന്ന് പരിണാമശാസ്ത്രത്തിനു തെളിയിക്കാനായോ? ഒരിക്കലുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഒരവയവം പോലും മ്യൂട്ടേഷനുകളിലൂടെ ഉരുത്തിരിയുമെന്നു തെളിയിക്കാനായില്ലെങ്കില്‍പ്പിന്നെ, തികച്ചും വ്യത്യസ്തമായ ഒരു ജീവജാതി ഉരുത്തിരിയുമെന്നു തെളിയിക്കാനാവുന്നതെങ്ങനെ?

  ReplyDelete
 2. അവസാനം പ്രൊഫ രവിചന്ദ്രന്‍ നേരിട്ടു വന്നിരിക്കുന്നു. താങ്കള്‍ കണ്ടിരിക്കുമെന്നു കരുതുന്നു.കാണാത്ത വായനക്കാര്‍ക്കായി ആ ബ്ലോഗിന്റെ ലിങ്ക് ഇതാ. നാസ്തികനായ ദൈവം

  ReplyDelete
 3. പരിണാമ വാതികളുടെ വിവരണങ്ങൾ കാണുമ്പോൾ, പണ്ട്‌ കേരളത്തിലെ കച്ചിത്തുറൂ കണ്ടിട്ട്‌ പോയിരുന്ന് പ്രബന്ധം എഴുതിയ സായിപ്പിന്റെ കഥയാണു് എനിക്ക്‌ ഓർമ്മ വരുന്നത്‌. ഓരോകച്ചിയും പശവച്ച്‌ ഒട്ടിച്ചിരിക്കയാണെന്നും പിടിച്ചുവാലിച്ചാൽ കച്ചി പൊട്ടുകയല്ലാതെ ഇളകിവരില്ല എന്നും ആയിരുന്നൂ സായിപ്പിന്റെ കണ്ടുപിടുത്തം. സൃഷ്ടികർത്താവിൽ വിശ്വസിക്കുന്നില്ലെങ്കിൽ വേണ്ടാ പക്ഷേ സർവ്വ ചരാചരങ്ങളോടും നിങ്ങളെ സൃഷ്ടിച്ചവൻ ഇല്ലാ എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്‌ പാഴ്‌വേല ആണെന്നാണു് എന്റെ എളിയ അഭിപ്രായം. നമുക്കു് കാണാൻ കഴിയുന്നതും, കേൾക്കാൻ കഴി‍ൂന്നതും, മണക്കാൻ കഴിയുന്നതും, ശ്രവിക്കാൻ കഴിയുന്നതും സ്പർശിക്കാൻ കഴിയുന്നതും അല്ല നമ്മുടെ സൃഷ്ടി കർത്താവ്‌.

  ReplyDelete
 4. രവിചന്ദ്രന്‍ തന്നെ പറയുന്നതനുസരിച്ചു HOX ജീനുകളില്‍ മ്യൂട്ടേഷനുകള്‍ ഉണ്ടായാല്‍ തലയില്‍ കാലു മുളയ്ക്കും എന്നു വ്യക്തമാണ്‌. എന്നാല്‍ തലയും കുത്തി നടക്കുന്ന ഒരു ജീവിയെ എങ്കിലും പരിണാമവാദികള്‍ക്കു കാണിച്ചു തരാന്‍ സാധിക്കുമോ? ഇതില്‍ നിന്നു തന്നെ ജീനുകളില്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാവുന്നില്ല എന്നു മാത്രമല്ല, HOX ജീനുകള്‍ തന്നെ നിലനില്‍ക്കുന്നില്ല എന്നു തെളിയുന്നു.

  രവിചന്ദ്രന്റെ ഈ മഠയത്തരം തന്നെ പരിണാമവാദം ശുദ്ധഅസംബന്ധമാണെന്നതിനു ഒന്നാന്തരം തെളിവാണ്‌.. :)

  ReplyDelete
 5. സത്യാന്വേഷി,
  ശ്രീ രവിചന്ദ്രന്റെ പ്രഥമ പോസ്റ്റിലെകമന്റുകള്‍ വീണ്ടും വായിച്ചു. ശാസ്ത്രമില്ലാത്ത തുടക്കം. ആശയ ചര്‍ച്ചയില്ലാത്ത, വ്യക്തിയും മതവും നിറയുന്നു.
  സി.കെ.ബാബു ബ്ലോഗ്‌ തലക്കെട്ടിനോട് വിയോജിക്കുകയും പ്രകൃതിശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ബോധവത്കരണത്തിനു് ഉതകണമെന്നു അഭിപ്രായം ഇടുകയും ചെയ്തു. 'യുക്തിവാദം' വ്യക്തിഗത സ്വാര്‍ത്ഥ മോഹങ്ങളും കൂടിയതാണന്നു രവിചന്ദ്രന്റെ ബ്ലോഗും ബോധ്യപ്പെടുത്തുന്നു. പരിണാമവും പരിണാമ വാദങ്ങളും യുക്തിവാദികള്‍ക്ക് പഴയ ചരക്കായതിനാല്‍ കമന്റു കാണുന്നില്ല!!!.
  മതവും മത താരതമ്യവും ആയിച്ചുരിങ്ങിയതിനാല്‍ ജബ്ബാറിനെ പോലുലള്ളവര്‍ക്ക് ലണ്ടനില്‍ പോകണമെങ്കില്‍ പാസ്പോര്‍ട്ടില്‍ നാസ്തിക മതം എന്ന് എഴുതി ചേര്‍ക്കണമത്രെ!!!

  ReplyDelete
 6. "
  ഒന്ന്, മ്യൂട്ടേഷനുകളിലുടെ തികച്ചും വ്യത്യസ്തവും സങ്കീര്‍ണതയേറിയതുമായ ഒരവയവവും ഉണ്ടാവുകയില്ല.

  രണ്ട്, മ്യൂട്ടേഷന്‍ ഉണ്ടാക്കുന്ന ജനിതകമാറ്റം ജീവികള്‍ക്ക് പൊതുവേ ഹാനികരമായിരിക്കും.

  ഈ രണ്ടു വസ്തുതകളും പരിണാമസങ്കല്‍പ്പത്തിന്റെ അശാസ്ത്രീയതയും അസംഭവ്യതയും തെളിയിക്കുന്നവയാണ്.
  "

  1 .ഒരു ഒറ്റ മ്യുട്ടെഷനിലൂടെ നിങ്ങള്‍ മുന്‍ കൂട്ടി നിശ്ചയിക്കുന്ന ഒരാവയവവും അങ്ങനെ ഉണ്ടാകില്ല മാഷെ . മാറ്റം ഭീമം ആണെങ്ങില്‍ ആ ജീവി അപ്പോള്‍ തന്നെ തട്ടിപോകും ... ചെറിയ മാറ്റങ്ങള്‍ മാത്രമേ ഒരു ജീവിയില്‍ തന്നെ നില നില്‍ക്കുകയുള്ളൂ . മ്യുട്ടെശന്റെ ഫലമായി ഒരു അവയവും അങ്ങനെ ഉണ്ടാകുന്നില്ല , ഉണ്ടാകുന്നതത് ചില കോശ വളര്ച്ചകലാണ് , പിന്നീട് അത് ആ ജീവിയിലും ചുറ്റുപാടിലും നില നില്‍ക്കുമ്പോള്‍ ആണ് അതിനെ നമ്മള്‍ അവയവം എന്നൊക്കെ വിളിക്കുന്നത്‌ .ആത് പല വിധ കോശ വളര്ച്ചകലുദ് ഒരു സങ്കരം ആണ് ..ഒരു അവയവം = ഒരു മുട്ടെശന്‍ എന്നൊക്കെ പറഞ്ഞാല്‍ ചിരിച്ചു പോകും . ദയവായി ആഴത്തില്‍ ചിന്തിക്കുക .. അപ്പൊ പാഠം 1 . താരതമ്യേന ചെറിയതും , ജീവിക്ക് ദോഷകരവും അല്ലാത്ത മാറ്റങ്ങള്‍ മാത്രമേ നിലനിക്കുയുള്ളൂ ..നിങ്ങള്‍ ഒറ്റ ഇഷ്ടിക ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് വീട് പണിയണം എന്ന് നിര്‍ബന്ധം പിടിക്കുന്ന ആളാണ്‌ എന്ന് തോന്നുന്നു .. Many bricks make house dude !And it takes time too.. Ask a mason , he knows better than you about effect of time on a continuous activity.
  2 .രണ്ടാമത് പറഞ്ഞത് കാര്യം!. അത് കൊണ്ടാണ് ഇതിനൊക്കെ ഒരു പാട് കാലം വേണം എന്ന് പറയുന്നത് . നോക്കി നില്‍ക്കെ ഒന്നും നടക്കില്ല . ഭൂരിഭാഗം വ്യതിയാനങ്ങളും നിലനില്പിനെ ബാധിക്കുന്നതായിരിക്കും .. അത് കൊണ്ടാണ് പരിണാമത്തില്‍ സമയം , probability എന്നിവ ഒരു ഖടകം ആകുന്നതു , സാഹചര്യവും , മുറെഷനും ഒത്തുവരണ്ടേ സാര്‍ ...?

  3 .അങ്ങനെ ആണോ ..?ഈ രണ്ടു വസ്തുക്കളും , താങ്കള്‍ കാര്യങ്ങള്‍ ഇനിയും വേണ്ട പോലെ മനസ്സിലാക്കിയിട്ടില്ല എന്നല്ലേ തെളിയിക്കുന്നത്..? 'ഒരു തലമുറ' കൊണ്ട് ഒരു ജീവില്‍ നിന്നും വ്യസ്ത്യസ്ഥമായി അതിന്റെ സന്താനഗളില്‍ അവയങ്ങള്‍ രൂപപ്പെട്ടു എന്നൊക്കെയാണ് പരിണാമ ശാസ്ത്രം പറയുന്നത് എന്നാണോ തകള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത് ! ച്ഛായ് ! ലജ്ജാവഹം ! ചിന്താശക്തി തീരെ പോര, കേട്ടോ സാര്‍ !

  ReplyDelete
 7. വാസൂ,
  പ്രതികരണത്തിന് നന്ദി.

  1. "ഒരു ഒറ്റ മ്യുട്ടെഷനിലൂടെ നിങ്ങള്‍ മുന്‍കൂട്ടിനിശ്ചയിക്കുന്ന ഒരാവയവവും അങ്ങനെ ഉണ്ടാകില്ല മാഷെ" എന്ന് വാസു. ഉണ്ടാകുമെന്ന് ആരാ പറഞ്ഞത് വാസൂ? പരിണാമവിമര്‍ശനം ഗ്രാഹ്യമാകാന്‍ ആദ്യം പരിണാമസിദ്ധാന്തം അല്പമെങ്കിലും മനസ്സിലാകുന്നത് നന്ന്. അല്ലെങ്കില്‍ ചിരിച്ചു ചിരിച്ച് മണ്ണ് കപ്പാനാണ് സാധ്യത.!

  2. കൂട്ടത്തില്‍ മലയാളത്തില്‍ നന്നായി എഴുതാന്‍ പഠിക്കുന്നതും കൊള്ളാം. ഇല്ലെങ്കില്‍ താങ്കളെഴുതുന്നത് വായിക്കുന്നവര്‍ക്ക് ചിരിയടക്കാനായില്ലെന്നു വരും

  3. ഒരു മ്യുട്ടേഷനിലൂടെയെന്നല്ല, ആയിരക്കണക്കിന് മ്യുട്ടേഷനുകളിലൂടെയും ഒരവയവം പോലും പരിണമിച്ചുണ്ടാവില്ല. ഉണ്ടാകുമെന്നത് നിരിശ്വര- പരിണാമവാദികളുടെ ആധുനിക അന്ധവിശ്വാസമാണ്. പഴയീച്ച പരീക്ഷണങ്ങളില്‍ ആയിരക്കണക്കിന് മ്യുട്ടേഷനുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു പുതിയ അവയവമെന്നല്ല, അതിന്റെ ലക്ഷണം പോലും പ്രത്യക്ഷപ്പെടുകയുണ്ടായില്ല! പിന്നെ, തികച്ചും വ്യത്യസ്തമായ ഒരു ജീവജാതി ഉരുത്തിരിയുന്നതെങ്ങനെ?.

  ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.