ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Wednesday, April 6, 2011

ഡച്ച്മാന്‍സ് പൈപ്പ്

പരിണാമസിദ്ധാന്തവും ഉത്തരാധുനിക ശാസ്ത്രവും- 3

മേല്‍ സൂചിപ്പിച്ച പുസ്തകത്തില്‍നിന്നു് ഒരുദാഹരണം കൂടി ഗ്രന്ഥകാരന്‍ വിവരിക്കുന്നു: "ഡച്ച്മാന്‍സ് പൈപ്പ് (Dutchman's Pipe-Aristolochiatrilobata) എന്നറിയപ്പെടുന്ന ഒരു സവിശേഷ സസ്യമുണ്ട്. അതിന്റെ എല്ലാ ഭാഗത്തും പൂമ്പൊടിയുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. പൂമ്പൊടി (Pollen) ഒരു സസ്യത്തില്‍ നിന്ന് മറ്റൊരു സസ്യത്തിലേക്ക് കൈമാറ്റം ചെയ്യാനായി ചെറുഷഡ്പദങ്ങളെയും സൂക്ഷ്മജീവികളെയും കെണിയൊരുക്കി പിടിച്ച് പരാഗണം നിര്‍വഹിക്കാനുള്ള മിടുക്ക് ഈ സസ്യത്തിനുണ്ട്. ഇതൊക്കെ കേവലം യാദൃശ്ചികമായി സംഭവിക്കുന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? (“Did all of this happen by chance? or did it happen by intelligent design? ’’) പുസ്തകത്തിലെ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യമിതാണ്.''(1)

ചോദ്യം എത്രവട്ടം ആവര്‍ത്തിച്ചിട്ടെന്താ കാര്യമെന്ന ഗ്രന്ഥകാരന്റെ ധ്വനി അര്‍ഥവത്താണ്. കാരണം ഉത്തരം ഒരിക്കല്‍പ്പോലും ലഭിക്കുന്നില്ലല്ലോ! മുന്‍പു സൂചിപ്പിച്ച സിലിക്ക ഡിസ്ക്കിന് യാതൊരു വിശദീകരണവും നല്‍കാതിരുന്നപോലെ, ഡച്ച്മാന്‍സ് പൈപ്പ് ചെടിയുടെ തന്ത്രം എങ്ങനെ പരിണമിച്ചുണ്ടായി എന്നതിനും ഗ്രന്ഥകാരന്‍ യാതൊരു വിശദീകരണവും മുന്നോട്ടു വെച്ചിട്ടില്ല. എന്നിട്ടും ഉത്തരം നല്‍കാത്തതല്ല, ചോദ്യം ആവര്‍ത്തിക്കുന്നതാണ് ഗ്രന്ഥകാരനെ അസ്വസ്ഥനാക്കുന്നത്. മേല്‍ സൂചിപ്പിച്ച ചോദ്യത്തിനുള്ള ആകെക്കൂടിയുള്ള മറുപടിയിതാണ്: "പുറമേ കാണുമ്പോള്‍ വിശദീകരണവിധേയമല്ലെന്ന് തോന്നുന്ന പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളും ദൈവത്തിനു മാത്രമേ അറിയാനാവൂ എന്ന പഴഞ്ചന്‍ മതവിധികൊണ്ട് ഇന്നുവരെ മനുഷ്യരാശിക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. എല്ലാം യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് ശാസ്ത്രം പറയുന്നില്ല; അങ്ങനെ പറയേണ്ട കാര്യവുമില്ല. പ്രകൃതി നിര്‍ധാരണം മാത്രമാണ് ഈ സങ്കീര്‍ണതകള്‍ തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ബദല്‍ സിദ്ധാന്തം.''(2)

ശാസ്ത്രീയസമീപനം ഗ്രന്ഥകാരനുണ്ടായിരുന്നെങ്കില്‍ ഡച്ച്മാന്‍സ് പൈപ്പ് ചെടി ചെറുഷഡ്പദങ്ങളെ കെണിയിലാക്കുന്ന വിദ്യ പ്രകൃതിനിര്‍ധാരണത്തിലൂടെ എങ്ങനെ പരിണമിച്ചു എന്നു വിശദീകരിക്കുകയാണു വേണ്ടിയിരുന്നത്. തൃപ്തികരമായി വിശദീകരിക്കാനായില്ലെങ്കിലും പേരിനൊരു വിശദീകരണമെങ്കിലും നടത്തേണ്ടിയിരുന്നു. അതുപോലും ചെയ്യാതെ "തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ബദല്‍ സിദ്ധാന്തം'' പ്രകൃതിനിര്‍ധാരണം മാത്രമാണെന്ന് ഒറ്റവരിയില്‍ പ്രഖ്യാപിച്ച് രംഗം വിടുന്നതാണോ ശാസ്ത്രീയ സമീപനം?

ഗ്രന്ഥകാരന്‍ ബൈബിള്‍ സൊസൈറ്റിയുടെ പുസ്തകത്തില്‍ നിന്നു് മറ്റൊരുദാഹരണം ഹാജറാക്കുന്നു: "റെഡ് വുഡ് മരം (Redwood-Sequoiadendron giganteum) ലോകത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷമാണെന്ന് നാം സ്കൂളില്‍ പഠിക്കുന്നുണ്ട്. തനിക്കു പ്രിയപ്പെട്ട ഈ മരത്തില്‍ ഒരെണ്ണം തന്റെ വീട്ടുവളപ്പില്‍ ഉണ്ടെന്നതില്‍ ഡോക്കിന്‍സ് സന്തോഷിക്കുന്നു. അദ്ദേഹത്തെക്കാള്‍ പ്രായമുണ്ടതിന് (ഏതാണ്ട് നൂറുവര്‍ഷം). വാച്ച്ടവര്‍ ബൈബിളിന്റെ ഒരു പേജില്‍ പറയുന്നു: കൃശഗാത്രനായ മനുഷ്യന്‍ ഒരു റെഡ് വുഡ് മരത്തിന്റെ കീഴില്‍ ചെന്നുനിന്നു മുകളിലേക്കു നോക്കിയാല്‍ ആ രാക്ഷസവൃക്ഷത്തിന്റെ ഉയരവും ഗാംഭീര്യവും കണ്ട് അന്തംവിടും. ഒന്നാലോചിച്ചു നോക്കൂ, ഈ ഭീമന്‍ വൃക്ഷത്തെ സൃഷ്ടിച്ചതും അതിനെ മുഴുവന്‍ ഒരു ചെറിയ വിത്തിനുള്ളില്‍ ഒതുക്കിയതും ബുദ്ധിപരമായ ആസൂത്രണമല്ലാതെ മറ്റെന്താണ്?''. ഈ പുസ്തകത്തിലെ മിക്ക ഉദാഹരണങ്ങളും ഇതേ തരത്തിലുള്ളവയായതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കാം''(3)

ഉദാഹരണങ്ങള്‍ സദൃശമായതിനാല്‍ കൂടുതല്‍ എടുത്തു ചേര്‍ക്കാതെ ഒഴിവാക്കിയത് ഉചിതമായി. എന്നാല്‍ ഈ മൂന്ന് ഉദാഹരണങ്ങളില്‍ ഒന്നിനുപോലും പ്രകൃതിനിര്‍ധാരണത്തെ ആസ്പദമാക്കി ബദല്‍വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയത് ഒട്ടും ഉചിതമായില്ല എന്ന് ഏതു വായനക്കാരനും മനസിലാകും. വൃക്ഷങ്ങള്‍ വിത്തുല്‍പ്പാദിപ്പിക്കുകയും വിത്തുകള്‍ വൃക്ഷങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഈ സങ്കീര്‍ണമായ ജൈവ മെക്കാനിസം എങ്ങനെ പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞുവെന്ന് മതിയായ ശാസ്ത്രീയ വിവരങ്ങളോടെ വിശദീകരിക്കാന്‍ ബാധ്യസ്ഥനായ ഗ്രന്ഥകാരന്‍ അതിനു മെനക്കെടാതെ സ്ഥലം വിടുകയാണ്. പകരം പ്രസക്തമല്ലാത്ത മറ്റ് അഭിപ്രായങ്ങള്‍ നിരത്തുന്നുമുണ്ട്. ഇവ ശ്രദ്ധിക്കൂ: "ചെറു സസ്യങ്ങള്‍ മുതല്‍ ഭീമന്‍ വൃക്ഷങ്ങള്‍വരെ വളര്‍ന്നു വലുതാകാനുള്ള ഊര്‍ജം ശേഖരിക്കുന്നത് പ്രകാശസംശ്ളേഷണം (photosynthesis) എന്ന ജൈവ രാസ പ്രവര്‍ത്തനത്തിലൂടെയാണെന്ന് നമുക്കറിയാം.''(4) ശരിയാണ്, പക്ഷേ, അതു വൃക്ഷങ്ങള്‍ക്കറിയുമോ? വൃക്ഷങ്ങള്‍ക്കറിയാത്ത ഈ അതി സങ്കീര്‍ണ വിദ്യ വൃക്ഷങ്ങള്‍ സ്വയം കണ്ടെത്തിയതാണോ? അന്ധവും ബധിരവുമായ പ്രകൃതിക്ക് പ്രകാശ സംശ്ളേഷണം എന്ന സാങ്കേതിക വിദ്യ (Bionics എന്നാണ് ശരിയായ പ്രയോഗം. പ്രകൃതിയെ അനുകരിച്ച് മനുഷ്യന്‍ കണ്ടെത്തുന്നതാണ് Technology) അറിയുമോ? പ്രകൃതിക്കോ വൃക്ഷങ്ങള്‍ക്കോ അറിയാത്ത ഒരു സാങ്കേതികവിദ്യ എങ്ങനെ അവയാര്‍ജിച്ചു? 

ഏറ്റവും ചുരുങ്ങിയത് പ്രകാശ സംശ്ളേഷണ മെക്കാനിസം എങ്ങനെയാണ് പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞതെന്ന് ഗ്രന്ഥകാരനു വ്യക്തമാക്കാമായിരുന്നു. അതിനു ശ്രമിക്കാതെ ബൈബിള്‍ സൊസൈറ്റിയുടെ പുസ്തകത്തില്‍ നിന്നു വീണ്ടും ഉദ്ധരിക്കുന്നു (തീര്‍ച്ചയായും ഇതു പ്രസക്തമാണ്): "ഏതാണ്ട് 70-ല്‍പരം വിഭിന്ന രാസപ്രവര്‍ത്തനങ്ങളാണ് പ്രകാശസംശ്ളേഷണത്തിലുള്ളത്. ഒരു സസ്യശാസ്ത്രജ്ഞന്‍ പറഞ്ഞു: "തീര്‍ത്തും അല്‍ഭുതകരമാണത് !! സസ്യങ്ങളെ പ്രകൃതിയുടെ 'ഫാക്ടറി'കളെന്നാണ് വിളിക്കുന്നത്. മനോഹരവും ശാന്തവും മലിനീകരണ രഹിതവുമായ ഫാക്ടറികള്‍! അത് ഓക്സിജന്‍ നിര്‍മ്മിക്കുകയും ജലം 'റീസൈക്കിള്‍' ചെയ്ത് ജീവജാലങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു. ഇതൊക്കെ വെറുതെ യാദൃച്ഛികമായി ഉണ്ടായതാണോ?''(5)

സൃഷ്ടിവാദികളുടെ ഈ വിവരണങ്ങള്‍ ഉദ്ധരിച്ചശേഷം ഗ്രന്ഥകാരന്‍ എഴുതുന്നു: "വീണ്ടും അതേ പഴയ ചോദ്യം! പ്രകൃതിയിലെ അല്‍ഭുതങ്ങള്‍ വെറുതെ ഉണ്ടായതല്ല; ആരോ ഉണ്ടാക്കിയതാണ്- ചോദ്യങ്ങളിലെ ധ്വനി അതാണ്.''(6) ഇത്തരം അഭിപ്രായപ്രകടനങ്ങളല്ലാതെ പ്രകൃതി നിര്‍ധാരണത്തിലുടെ ഇവയെങ്ങനെ രൂപപ്പെടുമെന്നു സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നേയില്ല.

പ്രകാശ സംശ്ളേഷണം ഒരുദാഹരണം മാത്രം. പ്രകൃതിയിലെ ഓരോ ജൈവ മെക്കാനിസവും കൂടുതല്‍ സങ്കീര്‍ണമാണെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുന്നു. "ചെറു സസ്യങ്ങള്‍ മുതല്‍ ഭീമന്‍ വൃക്ഷങ്ങള്‍വരെ വളര്‍ന്നുവലുതാകാനുള്ള ഊര്‍ജ്ജം ശേഖരിക്കുന്നത് പ്രകാശസംശ്ളേഷണം (photosynthesis) എന്ന ജൈവരാസപ്രവര്‍ത്തനത്തിലൂടെയാണെന്ന് ''ഒഴുക്കന്‍ മട്ടില്‍ വിവരിക്കുന്നതില്‍ അപാകതയൊന്നുമില്ലെങ്കിലും അതുപോലും പ്രകാശ സംശ്ളേഷത്തെപ്പറ്റി നാം അറിഞ്ഞ സങ്കീര്‍ണതയെ ഉള്‍ക്കൊള്ളുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ചെടികളുടെ കോശത്തിനകത്തെ ക്ളോറോഫില്‍ കണികകളില്‍ സൂര്യപ്രകാശം പതിക്കുമ്പോഴാണ് പ്രകാശ സംശ്ളേഷണ പ്രക്രിയ നടക്കുന്നത്. എന്നാല്‍ പ്രകാശം ലഭിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ഒരു പ്രത്യേക തരംഗ ദൈര്‍ഘ്യമുള്ള (wavelength) സൂര്യപ്രകാശം തന്നെ ലഭിക്കണം. മറ്റേതു തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശം കിട്ടിയാലും ഈ പ്രക്രിയ നടക്കില്ല. ഒരു പ്രത്യേക തരംഗദൈര്‍ഘ്യമുള്ള പ്രേക്ഷണ തരംഗം  സ്വീകരിക്കാന്‍ പറ്റുംവിധം ടെലിവിഷന്‍ സെറ്റുകളിലെ റിസീവറുകള്‍ ട്യൂണ്‍ ചെയ്യുന്നതിനു സമാനമാണിത്. ലക്ഷോപലക്ഷം വര്‍ഷങ്ങളായി ചെടികള്‍ അനായാസം ചെയ്തു കൊണ്ടിരിക്കുന്ന ഈ 'ഹൈടെക്' വിദ്യ അപ്പടി അനുകരിക്കാന്‍ ഇന്നത്തെ ശാസ്ത്രജ്ഞര്‍ക്കുപോലും സാധ്യമായിട്ടില്ല എന്നതു കൂടി ഓര്‍ക്കുക.
സൃഷ്ടിവാദികളുടെ ഒരുദാഹരണം പോലും പ്രകൃതി നിര്‍ധാരണത്തിലൂടെയാണ് ഉരുത്തിരിഞ്ഞതെന്നു സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുപോലുമില്ല (ശരിയോ തെറ്റോ എന്നത് ശേഷമുള്ള കാര്യമല്ലേ?). പ്രകൃതിയിലെ ജൈവ യാഥാര്‍ഥ്യങ്ങള്‍ പരിണാമത്തിലൂടെയാണ് ആവിര്‍ഭവിച്ചതെന്നു തെളിയിക്കാന്‍ കഴിയില്ലെന്നാണ് ഇതില്‍ നിന്നു തെളിയുന്നത്.

ഗ്രന്ഥകാരന്‍ എഴുതുന്നു: "യാദൃഛികതയും (Chance) ആസൂത്രണവാദവും (Design) നിഷ്പ്രഭമാകുന്നിടത്ത് പ്രകൃതി നിര്‍ധാരണം (Natural Selection) വിജയിക്കുന്നതെങ്ങനെ? ഉത്തരം ലളിതമാണ്. പ്രകൃതി നിര്‍ധാരണം ഒറ്റയടിക്കുള്ള ഒരു പ്രക്രിയയല്ല. പടിപടിയായി ക്രമീകരിക്കപ്പെട്ട പരിണാമശൃംഖലയാണത്.''(7) 

പ്രകൃതി നിര്‍ധാരണം വിജയിക്കുന്നുവെന്നു് ഗീര്‍വാണം മുഴക്കിയതുകൊണ്ട് സത്യാന്വേഷകരെ കബളിപ്പിക്കാനാവുമോ? താന്‍ ഖണ്ഡിക്കാന്‍ ഉദ്ധരിച്ച മൂന്നു സൃഷ്ടിവാദ ഉദാഹരണങ്ങള്‍ക്കും പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയ ഗ്രന്ഥകാരന്‍ പരിണാമം എല്ലാം വിശദീകരിക്കുന്നു എന്ന് ആവര്‍ത്തിച്ചതുകൊണ്ട് ഫലം നാസ്തിയാണ് ('നാസ്തികന്‍' - എത്ര അര്‍ഥവര്‍ത്തായ പ്രയോഗം!)
 
പ്രകൃതിനിര്‍ധാരണം വിശദീകരണ യോഗ്യമല്ല
 
ഒറ്റയടിക്കുള്ള പ്രക്രിയയല്ല പ്രകൃതിനിര്‍ധാരണം എന്നതുകൊണ്ടു തന്നെയാണ് ജീവ സങ്കീര്‍ണതയെ അതിനു വിശദീകരിക്കാനാവില്ല എന്നു പറയുന്നത്.

ഒരു വാച്ച് ഏകകോശ ജീവിയായ അമീബയേക്കാള്‍ എത്രയോ ലളിതമാണ്. ജീവകോശത്തിനകത്ത് മാത്രം സജീവമായ, സ്വയം ജീവിനില്ലാത്ത ഒരു ഡി.എന്‍.എ. തന്തുപോലും ഏറ്റവും അത്യാധുനികമായ വാച്ചിനേക്കാളും സങ്കീര്‍ണമാണ്. വാച്ച് എന്ന ലക്ഷ്യം മുന്‍ നിറുത്തി ഓരോ പാര്‍ട്ടുകളും നിര്‍മിച്ച് അതാതിടങ്ങളില്‍ ക്രമബദ്ധരായി സജ്ജീകരിക്കാതെ ഒരു ലളിതമായ വാച്ച് പോലും ഉണ്ടാകില്ലെന്ന് ആരും സമ്മതിക്കും (നിരീശ്വരവാദികളും). അനേകം പാര്‍ട്ടുകളുള്ള വാച്ച് വാച്ചാകണമെങ്കില്‍ ഒരൊറ്റ ആസൂത്രണവും നിര്‍മാണവുമാണു വേണ്ടത് .ആദ്യം യാദൃഛികമായി സ്ട്രാപ്പുണ്ടാവുകയും പിന്നെയും നൂറ്റാണ്ടുകള്‍ക്കു ശേഷം യാദൃഛികമായി ഡയലുണ്ടാവുകയും പിന്നെയും സഹസ്രാബ്ദങ്ങള്‍ക്കു ശേഷം പല്‍ച്ചക്രങ്ങളിലൊന്നുണ്ടാവുകയും... ഇങ്ങനെ ഒരു വാച്ചുണ്ടാവുമെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുള്ളവര്‍ വിചാരിക്കുമോ? ഇങ്ങനെ വാച്ചുണ്ടാകാന്‍ സാധ്യതയില്ലെന്നു കരുതുന്നവര്‍ വാച്ചിനേക്കാള്‍ അനന്ത മടങ്ങ് സങ്കീര്‍ണമായ ജീവനും ജീവിവര്‍ഗങ്ങളും സ്വയം ഉണ്ടായി എന്ന് ഉറച്ചു വിശ്വസിക്കുന്നതിലെ വൈചിത്യം ശ്രദ്ധിക്കുക.(8)

വാച്ചുണ്ടാകാത്തത് പ്രകൃതിനിര്‍ധാരണ തത്ത്വം ഇല്ലാത്തതുകൊണ്ടാണെന്നേ ഏറിയാല്‍ വാദിക്കാനാവൂ. എന്നാല്‍ ഡി.എന്‍.എ.യും ആര്‍.എന്‍.എ.യും ഉരുത്തിരിഞ്ഞ സന്ദര്‍ഭത്തിലും പ്രകൃതിനിര്‍ധാരണം നടക്കുമായിരുന്നില്ല (പ്രത്യുല്‍പ്പാദനം നിലവില്‍ വന്നാലേ പ്രകൃതിനിര്‍ധാരണം നടക്കൂ.) എന്നിട്ടും, ഡി.എന്‍.എ.യും
ആര്‍.എന്‍.എ.യും പോലുള്ള ജീവന്റെ ആധാരശിലകള്‍ ആസൂത്രകനില്ലാതെ ഉണ്ടായതാണെന്ന് പരിണാമവാദികളും നിരീശ്വരവാദികളും വിശ്വസിക്കുന്നു. ഇത് ശാസ്ത്രമല്ല, ശാസ്ത്രാന്ധവിശ്വാസ (scientism) മാണ്.

ഇനി, പ്രത്യുല്‍പ്പാദനം നിലവില്‍ വന്നശേഷം പ്രകൃതിനിര്‍ധാരണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം. ഗ്രന്ഥകാരന്‍ കുറിക്കുന്നു: "സഞ്ചിതമായ ഫലമാണ് (cumulative result) പ്രകൃതി നിര്‍ധാരണത്തില്‍ സംഭവിക്കുന്നത്. അസംഭവ്യതയെ അത് ചെറിയ ചെറിയ കഷണങ്ങളായി വിഭജിക്കുന്നു. അതിലെ ഓരോ ചെറിയ കഷണവും പൂര്‍ണമായും അസംഭവ്യമെന്ന് (Totally improbable) പറയാനാവാത്ത സ്ഥിതിയുണ്ടാക്കുന്നു. അവസാനം സംഭവ്യമായ (Probable) തീരെ ചെറുതും ക്രമവുമായ മാറ്റങ്ങള്‍ അസംഭവ്യമെന്ന് തോന്നുന്ന വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.''(9)

പൂര്‍ണമായും അസംഭവ്യമായതിനെ ഭാഗികമായി സംഭവ്യവും പിന്നീട് പൂര്‍ണമായും സംഭവ്യവും ആക്കുന്ന ഈ ധൈഷണിക സൂത്രം വിഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ല.  അസംഭവ്യതയെ ചെറിയ കഷണങ്ങളാക്കിയാല്‍ ചെറിയ കുറെ അസംഭവ്യതകള്‍ ഉണ്ടാകുമെന്നല്ലാതെ വലിയ അസംഭവ്യത സംഭവ്യതയായി മാറുന്നതെങ്ങനെ?

ഒരു നാണയം എറിഞ്ഞാല്‍ തലയാകാനുള്ള സാധ്യത അമ്പതു ശതമാനം (1/2) ആയിരിക്കും.  രണ്ടു നാണയം എറിഞ്ഞാല്‍ രണ്ടും തലയാകാനുള്ള സാധ്യത നാലിലൊരു ശതമാനം (1/4) മാത്രമാവും. പത്തു നാണയങ്ങള്‍ എറിയുമ്പോള്‍ പത്തു തലകള്‍ ഒരുമിച്ചു വീഴാനുള്ള സാധ്യത തീരെയില്ലെന്നു വ്യക്തമാണ്. എന്നാല്‍ ഓരോ പ്രാവശ്യം നാണയം എറിയുമ്പോള്‍ ഓരോന്നിലും തല വീഴാനുള്ള സാധ്യത അമ്പതുശതമാനം ഉണ്ടായാല്‍ പോലും പത്തുപ്രാവശ്യം തുടര്‍ച്ചയായി തലയാകാനുള്ള സാധ്യത തീരെയില്ലെന്നു കാണാം. അതിനാല്‍ അസംഭവ്യതയെ കഷണങ്ങളാക്കി സംഭവ്യതയാക്കുന്ന പരിണാമവിദ്യ പരിണാമസങ്കല്‍പ്പം പോലൊരു വിഡ്ഢിവ്യാഖ്യാനം മാത്രമായി മാറുന്നു.

ഒരു വിമാനത്തില്‍ നൂറു കണക്കിനു പാര്‍ട്ടുകളുണ്ട് (Boeing  747-400ല്‍ ലക്ഷം പാര്‍ട്ടുകള്‍) ഇവയെല്ലാം ഒരിടത്തു കൂടിക്കിടക്കുന്നു എന്നു സങ്കല്‍പ്പിക്കുക (വിമാനത്തിന് അനുയോജ്യമായ പാര്‍ട്ടുകള്‍ എങ്ങനെയുണ്ടായി എന്ന പ്രശ്നം തല്‍ക്കാലം മറക്കുക.). എല്ലാ പാര്‍ട്ട്സും ഒറ്റയടിക്കു കൂടിച്ചേര്‍ന്ന് വിമാനം രൂപം കൊള്ളാനുള്ള സാധ്യത തീരെയില്ല. എന്നാല്‍ നാലു പാര്‍ട്ടുകള്‍ കൂടിച്ചേര്‍ന്ന് പല്‍ചക്രമാകാനുള്ള സാധ്യത വിമാനമുണ്ടാകാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണെന്നല്ലാതെ വിമാനമുണ്ടാകാനുള്ള സാധ്യതയെ അതൊട്ടുംതന്നെ വര്‍ധിപ്പിക്കുന്നില്ല എന്നു വ്യക്തമാണ്. ഇവിടെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. വിമാനം 'പാര്‍ട്ട് ബൈ പാര്‍ട്ടായി' ഒരിക്കലും യാദൃഛികമായി കാലാന്തരത്തില്‍ സംഘടിക്കപ്പെടില്ല. വിമാനത്തിലെ  ആയിരക്കണക്കിനു പാര്‍ട്ടുകളില്‍ ഒന്നും പറക്കാന്‍ കഴിയുന്നതല്ലെങ്കിലും വിമാനം എന്ന വാഹനം പറക്കുന്നതാണ്! വിമാനം irreducibly complex  ആയ ഒരു മെക്കാനിക്കല്‍ വ്യവസ്ഥയാണ്. ഡി.എന്‍.എ.,ആര്‍.എന്‍.എ. അടക്കമുള്ള അസംഖ്യം irreducibly complex   ആയ ജൈവ വ്യവസ്ഥകളാണ് ജീവലോകത്തുള്ളത്. ഇവ പാര്‍ട്ടുകളായി രൂപപ്പെടാനുള്ള സാധ്യത ഒട്ടും തന്നെയില്ല എന്നതാണു യാഥാര്‍ഥ്യം.

അനുയോജ്യമായ നൂറുകണക്കിനു പാര്‍ട്ടുകള്‍ ഒരിടത്തു ലഭ്യമാണെങ്കിലുള്ള അസാധ്യതയാണ് മേല്‍ സൂചിപ്പിച്ചത്. എന്നാല്‍ ഈ പാര്‍ട്ടുകള്‍തന്നെ ആസൂത്രണഫലമായേ ആവിര്‍ഭവിക്കൂ. ഒരു വിമാനത്തിന്റെ നൂറുകണക്കിനു പാര്‍ട്ടുകളില്‍ ഒരെണ്ണം പോലും യാദൃഛികമായി രൂപപ്പെടാനുള്ള സാധ്യതയില്ല. ഒരു വിമാനത്തിനായി ഡിസൈന്‍ ചെയ്ത ഒരു പ്രത്യേക പാര്‍ട്ട് പോലും മറ്റൊരു വിമാനത്തിനു പ്രയോജനകരമാവില്ല എന്നു നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. വെറും ആസൂത്രണത്തേക്കാളുപരി ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിറുത്തിയുള്ള കൃത്യമായ ആസൂത്രണമില്ലാതെ ഒരു വിമാനത്തിന്റെ നെട്ടോ ബോള്‍ട്ടോ പോലും ഉണ്ടാകുന്നില്ല. ഒരു നെട്ട് ഒരു പ്രത്യേക ബോള്‍ട്ടിനെ ലക്ഷ്യംവെച്ച് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഒരു നെട്ടും ബോള്‍ട്ടും പോലും irreducibly complex  ആയ വ്യവസ്ഥയാണെന്ന് വ്യക്തം. ഒരു നെട്ടിനിണങ്ങുന്ന ബോള്‍ട്ടോ ബോള്‍ട്ടിനിണങ്ങുന്ന നെട്ടോ പോലും ലക്ഷ്യരഹിതമായി ഉണ്ടാകാനുള്ള സാധ്യതയില്ല. അതിനാല്‍ ക്രമാനുഗതമായി രൂപംകൊള്ളുമെന്ന വാദംതന്നെ സാമാന്യബുദ്ധിക്കു  നിരക്കുന്നതല്ല. ലോകത്തും ജൈവലോകത്തും കാണുന്ന സങ്കീര്‍ണതകള്‍ ലക്ഷ്യരഹിതമായും ക്രമാനുഗതമായും രൂപപ്പെടാന്‍ സാധ്യതയുള്ളവയല്ല. ഒരാറ്റത്തിന്റെ ഉല്‍ഭവം മാത്രം ഉദാഹരണമായെടുത്താല്‍മതി. എവിടെയോ അലഞ്ഞു തിരിഞ്ഞ ഏതാനും പ്രോട്ടാണുകളും ന്യൂട്രോണുകളും ഒത്തുചേര്‍ന്ന് ന്യൂക്ളിയസായെന്നും കാലാന്തരേണ ഏതാനും ഇലക്ട്രോണുകളെ കണ്ടുമുട്ടിയപ്പോള്‍ അവ വലംവെക്കാമെന്ന നിലയിലെത്തിയെന്നും സങ്കല്‍പ്പിക്കുന്ന (മറ്റെന്തു സങ്കല്‍പ്പിക്കാന്‍?) നിരീശ്വരവാദികള്‍ക്ക് മുത്തശ്ശിക്കഥകളുടെ നിലവാരമേ ആര്‍ജിക്കാനായിട്ടുള്ളൂ എന്നു വ്യക്തമാണ്. ഈ ജാള്യത മറക്കാന്‍ ശാസ്ത്രത്തിന്റെ പദാവലികള്‍ അവരുപയോഗിക്കുന്നു എന്നു മാത്രം.

 സൂചനകള്‍ :
1.   പേജ് 135
2.    പേജ് 135
3.    പേജ് 136
4.    പേജ് 136
5.    പേജുകള്‍ 136-137
6.    പേജ് 137
7.    പേജ് 137
8.  ഈ വിഷയത്തില്‍ ഏറ്റവും പ്രസിദ്ധമായ പരിണാമപഠനം റിച്ചാഡ് ഡോക്കിന്‍സിന്റെ The Blind Watchmaker (1987) എന്ന കൃതിയാണ്. ഈ കൃതിയുടെ ഉള്ളടക്കം മഠയത്തമാണെന്ന് പേരില്‍ നിന്നുതന്നെ വ്യക്തമാണ്. 'അന്ധനായ വാച്ചുനിര്‍മാതാവ്' എന്ന സങ്കല്‍പം തന്നെ അസംബന്ധമല്ലേ? യഥാര്‍ഥ ലോകത്തുള്ളത് ബുദ്ധിമാനായ വാച്ചുനിര്‍മാതാവാണ് (The Intelligent Watchmaker). അന്ധനായ വാച്ചുനിര്‍മാതാവ് ഡോക്കിന്‍സിന്റെ ഭാവനയില്‍ മാത്രമുള്ള സങ്കല്‍പജീവിയാണ്. പരിണാമസങ്കല്‍പം യാഥാര്‍ഥ്യവിരുദ്ധമാണെന്നതിന്റെ സൂചയാണിത്.

9.    പേജ് 137