ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Monday, May 16, 2011

കാംബ്രിയന്‍ വിസ്ഫോടനവും പരിണാമവാദികളും–Part 1

 (ഈ പോസ്റ്റ് മെയ് 12ന് പോസ്റ്റ് ചെയ്തിരുന്നതാണ്. എന്നാല്‍ ബ്ലോഗറിന്റെ പണിമുടക്ക് മൂലം പോസ്റ്റ് നഷ്ടപ്പെട്ടിരുന്നു. ബ്ലോഗറിന്റെ പണിമുടക്ക് അവസാനിച്ചെങ്കിലും  പോസ്റ്റ് പ്രത്യക്ഷപ്പെട്ടു കണ്ടില്ല. വേഡ്പ്രസില്‍ പോസ്റ്റ് ഉണ്ടായിരുന്നുവെങ്കിലും അവിടെ കമന്റ് ഓപ്ഷന്‍ ഇല്ലാത്തതിനാലാണ് ഇവിടെ വീണ്ടും പോസ്റ്റുന്നത്)
 
ബുലോകത്തെ ‘പരിണാമവിദഗ്ധര്‍’ക്ക് രണ്ടു സവിശേഷതകളുണ്ട്. പരിണാമ സിദ്ധാന്തത്തില്‍ ആഴത്തില്‍ വിവരമില്ല എന്നതാണൊന്ന് . (ബൂലോകത്തെ നിരീശ്വര – പരിണാമ വിദഗ്ധരായ സുശീല്‍ കുമാര്‍, അപ്പൂട്ടന്‍, ജാക്ക് റാബിറ്റ്, കെ.പി ,കാളിദാസന്‍ എന്നിവരുടെ കെല്‍പ്പില്ലായ്മ ഡോക്യൂമെന്റ് ചെയ്തത് വായിക്കുക).മറ്റൊന്ന് പരിണാമ വിമര്‍ശനങ്ങളെക്കുറിച്ചു കേട്ടറിവു പോലുമില്ല എന്നതാണ്.  മലയാളത്തില്‍ ദശകങ്ങള്‍ക്കു മുന്‍പിറങ്ങിയ പരിണാമ വിമര്‍ശനങ്ങള്‍ പോലും അവര്‍ കണ്ടിട്ടില്ല എന്നതാണ് ഏറ്റവും ദയനീയമായ സംഗതി.അത്തരം പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലെങ്കിലും അവ നിറച്ചും വിഡ്ഢിത്തങ്ങളാ ണെന്നു പ്രഖ്യാപിക്കാന്‍ തരിമ്പും  മടിയുമില്ല ഇക്കൂട്ടര്‍ക്ക്. ഈ ബൂലോക പാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായി പരിണാമം ആഴത്തില്‍ ഗ്രഹിക്കാന്‍ ശ്രമിക്കുകയും പരിണാമ വിമര്‍ശനം വായിക്കുകയും ചെയ്ത രാജു വാടാനപ്പിള്ളിയുടെ ലേഖനം ശ്രദ്ധയര്‍ഹിക്കുന്നു.
പരിണാമ സങ്കല്‍പ്പത്തെക്കുറിച്ച് പുതുതായി ഇറങ്ങിയ ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന കൃതിയാണ് ജീവന്‍ ജോബ് തോമസിന്റെ ‘പരിണാമസിദ്ധാന്തം : പുതിയ വഴികള്‍ കണ്ടെത്തലുകള്‍’ . ഇതിന് ഞാന്‍ തയാറാക്കിയ പ്രത്യാഖ്യാനമാണ് ‘പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ .ഈ കൃതിയിലെ ചില പരാമര്‍ശങ്ങളെ മേല്‍ സൂചിപ്പിച്ച ലേഖനം വിമര്‍ശന വിധേയമാക്കുന്നുണ്ട്. അതിനുള്ള വിശദീകരണമാണ് ഈ കുറിപ്പ്.
ഒന്നാമതായി, ജീവന്‍ ജോബ് തോമസിന്റെ കൃതിയെ ഏറെക്കുറെ സമഗ്രമായി ഖണ്ഡിക്കുന്ന കൃതിയാണ് എന്റേത്. അതിലെ  ചില പരാമര്‍ശങ്ങളെ മാത്രം സാന്ദര്‍ഭികമായി വിമര്‍ശിക്കുകയാണു മേല്‍ ലേഖനത്തില്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ എന്റെ വിമര്‍ശനങ്ങളിലെ മുഖ്യ വാദങ്ങള്‍ പ്രസക്തമായും വിമര്‍ശന വിധേയമാകാതെയും ശേഷിക്കുന്നു.
പരിണാമവാദിയായ ജീവന്‍ ജോബ് പരിണാമ സങ്കല്‍പ്പത്തിന്റെ സൈദ്ധാന്തിക ദൌര്‍ബ്ബല്യത്തിന്റെ സമ്മര്‍ദത്താല്‍ കുമ്പസാരപരമായി ‘സൃഷ്ടി’ എന്ന പദപ്രയോഗം നടത്തിയതു ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഒരൊറ്റ പരാമര്‍ശത്തെ ചുറ്റിപ്പറ്റിയാണ് ദീര്‍ഘമായ ലേഖനം!
ക്രമാനുഗതമായി ജീവജാതികള്‍ ഉരുത്തിരിയുന്നതിനെയാണ് പരിണാമം (Evolution) എന്നു വിളിക്കുന്നത്. എന്നാല്‍ ‘വിസ്ഫോടനാത്മക’ (Explosion)മായി ജീവികള്‍ ഉത്ഭവിക്കുന്നതിനെ പരിണാമം എന്നു വിളിക്കുന്നതിനേക്കാള്‍ ഉചിതം ‘സൃഷ്ടി’ എന്നു വിശേഷിപ്പിക്കുന്നതാണ്.  കാംബ്രിയന്‍ കാലഘട്ടത്തില്‍ ജീവജാതികള്‍ ‘വിസ്ഫോടനാത്മക’മായി ഉരുത്തിരിഞ്ഞു എന്നു വാദിക്കുന്നതു പരിണാമവാദികളാണെങ്കിലും അതു സിദ്ധാന്തവിരുദ്ധമാണെന്ന് അംഗീകരിക്കാനുള്ള സാമാന്യ മര്യാദ അവര്‍ക്കില്ല. പല പരിണാമ വിദഗ്ധരും ഇതൊരു ‘പ്രശ്ന’മായി അംഗീകരിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇതു സൃഷ്ടിവാദികളെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ ഇന്ന് ‘പ്രശ്നം’ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് രാജു വാടാനപ്പള്ളി സമര്‍ത്ഥിക്കുന്നത്. അതെങ്ങനെയെന്നു നോക്കാം.
(1) ഒന്നാമതായി ഇങ്ങനെയൊരു പ്രശ്നം ആദ്യ ഘട്ടത്തിലുണ്ടായതായി അദ്ദേഹം സമ്മതിക്കുന്നതു നോക്കൂ:
ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം(52 കോടി)വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഉല്‍ഭവിക്കുകയാ യിരുന്നു എന്ന് ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നു. ജൈവ വൈവിധ്യത്തിന്റെ  ഈ  പ്രതിഭാസത്തെയാണ്‌ കാംബ്രിയന്‍ വിസ്ഫോടനം എന്നു വിളിക്കുന്നത്.  ജീവികളുടെ ഈ ‘പെട്ടെന്നുള്ള ഉല്‍ഭവം‘ വഴി സൃഷ്ടിവാദികളെ ഏറ്റവുമധികം ആഹ്ലാദഭരിതരാ ക്കിയ ‘കാംബ്രിയന്‍’ ഇപ്പോഴുമവര്‍ ഉല്‍സവമാക്കി കൊണ്ടുനടക്കു ന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഈ പ്രതിഭാസത്തെ വിശദീ കരിക്കാന്‍ പരിണാമശാസ്ത്രത്തിന്‌ ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ട് നേരിട്ടു എന്നതാണ്‌.
തൊട്ടടുത്ത വാക്യം ഇങ്ങനെയും:
പരിണാമശാസ്ത്രത്തിന്റെ വികാസത്തിലെ ആദ്യഘട്ടങ്ങളില്‍, ഫോസിലുകള്‍ കുറേശ്ശെയായി ലഭിച്ചുകൊണ്ടിരുന്നുവെങ്കിലും കാംബ്രിയനു മുമ്പത്തെ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കാംബ്രിയനില്‍ ധാരാളം ജീവികളെ കാണുകയും ചെയ്യുന്നു. ഇതൊരു പ്രഹേളിക യായിരുന്നു. പരിണാമശാസ്ത്രത്തിന്‌ ഇത് വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. സത്യസന്ധരായ ശാസ്ത്രജ്ഞന്മാര്‍ കാര്യം തുറന്നുപറയുകയും ചെയ്തു“.
മറ്റൊരിടത്ത് ഇങ്ങനെയും:
തുടക്കത്തില്‍ ഫോസില്‍ തെളിവുകളുടെ അപര്യാപ്തത മൂലം കാംബ്രിയന്‍ പ്രതിഭാസം വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും, ഇന്ന് ഈ പ്രഹേളിക വെളിവാക്ക പ്പെട്ടിരിക്കുന്നു. കാംബ്രിയനു മുമ്പും പിമ്പും കാംബ്രിയനിലും എന്താണ്‌ സംഭവിച്ചതെന്ന് ഭംഗിയായി വിശദീകരിക്കുവാന്‍ ഇന്ന് പരിണാമശാസ്ത്രത്തിനായിരിക്കുന്നു“.
എന്നാല്‍ ഇന്ന് കാംബ്രിയന്‍ പ്രതിഭാസം പരിണാമ ശാസ്ത്രത്തിനുമുന്നില്‍ അനാവൃതമായിരിക്കുന്നു. പടിഞ്ഞാറന്‍ സൃഷ്ടിവാദികളായിരുന്നു, തങ്ങളുടെ ദൈവത്തിന്റെ സൃഷ്ടിക്ക് കാംബ്രിയനില്‍ ഇടം കണ്ടെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഏറ്റുപിടിച്ച് പൊലിപ്പിക്കാന്‍ കേരളത്തിലെ സൃഷ്ടിവാദികളും മുന്നിലുണ്ട്“.
ഈ വസ്തുതയെ വ്യക്തമായി വിശദീകരിക്കാന്‍ തുടക്കത്തില്‍ തുടക്കത്തില്‍ പരിണാമശാസ്ത്രത്തിനു വിഷമം നേരിട്ടപ്പോള്‍ അവിടെ ദൈവത്തെ കുടിയിരുത്തി സൃഷ്ടിനടത്തിക്കാന്‍ സൃഷ്ടിവാദികള്‍ നടത്തിയ ശ്രമത്തിന്റെ ദയനീയമായ പരാജയമാണ് കാംബ്രിയന്‍ പഠനത്തിലൂടെ ചുരുള്‍ നിവര്‍ത്തുന്നത്“.
“പരിണാമശാസ്ത്രത്തിന് മുന്നില്‍ അനാവൃത”മായത് എങ്ങനെയെന്നു പരിശോധിക്കും മുന്‍പ് സാന്ദര്‍ഭികമായി ഒരു കാര്യം വ്യക്തമാക്കട്ടെ. പടിഞ്ഞാറന്‍ സൃഷ്ടിവാദികള്‍ പറഞ്ഞത് “ഏറ്റുപിടിച്ച് പൊലിപ്പിക്കാന്‍ കേരളത്തിലെ സൃഷ്ടിവാദികളും മുന്നിലുണ്ടെ”ന്ന് അദ്ദേഹം എഴുതുന്നു. പടിഞ്ഞാറന്‍ പരിണാമവാദികള്‍ പറഞ്ഞത് “ഏറ്റുപിടിച്ച് പൊലിപ്പിക്കാന്‍” കേരളത്തിലെ ഇതെഴുതിയ രാജുവടക്കമുള്ള പരിണാമവാദികള്‍ മുന്നിലുള്ളപ്പോള്‍ കേരളത്തിലെ സൃഷ്ടിവാദികളെ അതിന്റെ പേരില്‍ പരിഹസിക്കുന്നതു ശരിയാണോ? പരിണാമ സിദ്ധാന്തം ഇന്ത്യയിലെ ചരകനോ ശുശ്രുതനോ ഒന്നും കണ്ടെത്തിയതല്ലല്ലോ, പാശ്ചാത്യര്‍ കണ്ടെത്തിയതു തന്നെയല്ലേ?
(2) ലേഖകന്‍ കുറിക്കുന്നു :
ചിലര്‍ “കാംബ്രിയനില്‍ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നെല്ലാം പ്രസ്താവിക്കുകയും ചെയ്തു.  ഈ പ്രസ്താവനകളെ സൃഷ്ടിവാദികള്‍ അവര്‍ക്കനുകൂലമായി വ്യാഖ്യാനിച്ചു. അതിന്മേല്‍ നിന്നുകൊണ്ട് അവര്‍ അവരുടെ ആശയങ്ങള്‍ക്ക് പുതു ഭാഷ്യങ്ങള്‍ നല്‍കി“.
ഈ ‘ചിലര്‍’ മറ്റാരുമല്ല, പരിണാമപ്രചാരകരില്‍ ഏറെ പ്രശസ്തനായ റിച്ചാഡ് ഡോക്കിന്‍സാണ്. കടുത്ത നിരീശ്വരവാദിയും പരിണാമ വാദിയുമായ ഡോക്കിന്‍സ് “കാംബ്രിയനില്‍ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നൊക്കെ പ്രസ്താവിച്ചാല്‍ സൃഷ്ടിവാദികള്‍ ഉല്‍സവം പോലെ ആഘോഷിക്കാതിരിക്കുമോ? ആഘോഷിച്ചില്ലെങ്കി ലല്ലേ അവര്‍ക്ക് എന്തോ സെന്‍സിബിലിറ്റി പ്രശ്നമുള്ളതായി കണക്കാക്കേണ്ടത്?
ഈ പ്രസ്താവനയെ സൃഷ്ടിവാദികള്‍ക്കനുകൂലമായി ‘വ്യാഖ്യാനിക്കേണ്ട’ യാതൊരാവശ്യമില്ല. ഈ പ്രസ്താവന യാതൊരു വ്യാഖ്യാനവുമില്ലാതെ തന്നെ നിരീശ്വരവാദ-പരിണാമവാദ ഖണ്ഡനമാണ്. ഒന്നാമതായി പരിണമിച്ചതായി കാണപ്പെടേണ്ട ജീവികളെ അങ്ങനെ കാണാതെ “കൊണ്ടുവെച്ചപോലെ” കാണപ്പെടുന്നതുതന്നെ പരിണാമിച്ചുണ്ടായതല്ല എന്നു തെളിയിക്കുന്നു. റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ള ഒരു കടുത്ത നിരീശ്വരവാദി “ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നെഴുതിയാല്‍ സൃഷ്ടിവാദത്തിന്റെ പരോക്ഷ സമര്‍ത്ഥനമായി! ഇവിടെ ഇനിയെന്തു വ്യാഖ്യാനം! (മേലാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലെന്ന് ഡോക്കിന്‍സ് പിന്നീടു ശപഥം ചെയ്തിട്ടുണ്ട്. ഇനിമേല്‍ സത്യം പറയില്ലെന്നര്‍ത്ഥം! മുന്‍പും’സത്യം പറഞ്ഞത്’ എന്നതിലുപരി ‘പറഞ്ഞുപോയതാണ്’)
(3) പ്രശ്നം പരിഹരിച്ചതായി കരുതുന്ന ലേഖകന്റെ ഈ വാക്യം നോക്കൂ:
ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം(52 കോടി)വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഉല്‍ഭവിക്കുകയായി രുന്നു എന്ന് ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നു“.
പരിണാമത്തിലൂടെയാണ് ഭൂമിയിലെ ജീവജാതികള്‍ ഉണ്ടായതെങ്കില്‍ “ഭുമിയിലെ ബഹുഭുരിപക്ഷം ജീവജാതികളും ഏതാണ് 520 ദശലക്ഷം (52 കോടി) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍ഭവി”ക്കുമോ? ഒരിക്കലുമില്ല. പരിണാമ പ്രകാരം ജീവജാതികളുടെ ഉല്‍ഭവം ക്രമാനുഗതമായ പ്രക്രിയയാണ്. കേംബ്രിയന്‍ കാലഘട്ടത്തിനു ശേഷം ഓര്‍ഡോവിഷ്യന്‍ (490-44.3 കോടി), സൈലൂരിയന്‍ (44.3-41.7 കോടി), ഡിവോണിയന്‍ (41.7-35.4 കോടി), കാര്‍ബോണിഫെറസ് (35.4-29.0 കോടി), പെര്‍മിയന്‍ (29.0-24-8 കോടി)…. തുടങ്ങി ഹോളോസീന്‍ വരെയുള്ള കാലഘട്ടങ്ങളുണ്ട്. പരിണാമ സിദ്ധാന്ത പ്രകാരം ഇവയിലെല്ലാമായി ക്രമാനുഗതമായി ജീവജാതികള്‍ ഉരുത്തിരിയേണ്ടതിനു പകരം “ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം (52 കോടി) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍ഭവി”ക്കുന്നതെങ്ങനെ? ലേഖകന്റെ ഒന്നാമത്തെ വാക്യം തന്നെ ജീവജാതികളുടെ ഉല്‍ഭവത്തെപ്പറ്റി ലഭ്യമായ ഫോസില്‍ തെളിവുകള്‍ പരിണാമ സിദ്ധാന്തത്തെ ദുര്‍ബ്ബലമാക്കുന്നു എന്നതിന്റെ സൂചനയാണ്. (അവ സൃഷ്ടിവാദത്തെ അനുകൂലിക്കുന്നുണ്ടോ എന്ന് അവസാനഭാഗത്തു നോക്കാം)
ലേഖകന്‍ വിവരിക്കുന്നു :
കാംബ്രിയന്‍ യുഗം, കഴിഞ്ഞ 54.5 കോടി വര്‍ഷം തൊട്ട് 49 കോടി വര്‍ഷം വരെ നിലനിന്ന കാലഘട്ടം. ഈ യുഗത്തിന്റെ മധ്യഘട്ടം (52 കോടി വര്‍ഷം) മുതല്‍ ജീവികളുടെ ഫോസിലുകള്‍ (കണ്ണും മൂക്കും ഇടവും വലവും, അകവും പുറവും ഒക്കെ വ്യക്തമായി വേര്‍തിരിഞ്ഞ ജീവികള്‍) കിട്ടിത്തുടങ്ങുന്നു. ഒട്ടനേകം ജീവികളുണ്ട്. ഇവ ഫോസിലീകരിക്കപ്പെടാനുള്ള പ്രധാന കാരണം ഇവയ്ക്ക് കട്ടിയുള്ള പുറംതോടുകളോ കവചങ്ങളോ ഉണ്ടായിരുന്നു എന്നതാണ്‌”.
മറ്റൊരിടത്ത് :
ഈ ഭൂമിയിലെ ഒരു ജീവിപോലും അതിന്റെ തനതായ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല. അവയെല്ലാം അവയുടെ പൂര്‍വ്വരൂപങ്ങളില്‍നിന്ന് ഇന്നത്തെ രൂപത്തിലേക്ക് ആയിത്തീര്‍ന്നവയാണ്‌. കാംബ്രിയനിലും ഇതില്‍ കൂടുതലൊന്നും സംഭവിച്ചിട്ടില്ല“.
പൂര്‍വ്വരൂപങ്ങള്‍ എന്താണെന്ന് നോക്കാം. ലേഖകന്‍ വിവരിക്കുന്നു :
കാംബ്രിയന്‍ യുഗത്തില്‍, ട്രൈലോബൈറ്റുകളടക്കം കട്ടിയുള്ള പുറംതോടും കവചങ്ങളുമുള്ള ഒട്ടനേകം നട്ടെല്ലില്ലാത്ത ജീവികള്‍ പൊടുന്നനെ ഫോസിലില്‍ പ്രത്യക്ഷപ്പെടുകയല്ല. 52 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പും ഇത്തരം സവിശേഷതകളുള്ള ജീവികള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു. ട്രൈലോബൈറ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ഫോസില്‍ അടരിന്റെ തൊട്ടുതാഴത്തെ അടരില്‍ അവ ഉണ്ട്. അവയാണ്‌ Small Shelly Fossils[17]. കാംബ്രിയന്‍ യുഗത്തിന്റെ ആദ്യഘട്ടമായ Nemakit Daldynian -Tommotion (കഴിഞ്ഞ 54.5 കോടി വര്‍ഷം മുതല്‍ 52 കോടി വര്‍ഷം വരെ) പീരിയഡിലാണ്‌ ഇവ പ്രത്യക്ഷപ്പെടുന്നത്. റഷ്യന്‍ പാലിയന്തോളജിസ്റ്റുകളാണ്‌ ഇവയെ സൈബീരിയയില്‍ നിന്നും ആദ്യം കണ്ടെത്തിയത്. ഏതാനും മില്ലീമീറ്റര്‍ മാത്രം വലിപ്പമുള്ള വളരെ ചെറിയ ജീവികളാണിവ. വളരെ വിചിത്രമായ ആകൃതിയാണിവയ്ക്ക്. ഉരുണ്ടും, നീളത്തിലും, ഇഡ്ഡലിപോലെയും ചിലവ. വേറെ ചിലത് തൊപ്പി പോലെ. വേറൊന്ന് കോളി ഫ്ലവര്‍ പോലെ. Tommotion ഘട്ടത്തില്‍- 53 കോടി വര്‍ഷം തൊട്ട് 51 കോടി വര്‍ഷം വരെ- ഇവയിലെ വൈവിധ്യം വര്‍ധിക്കുന്നു. ഒപ്പം ഒട്ടേറെ തരത്തിലുള്ള നട്ടെല്ലില്ലാത്തെ ജീവികളുടെ വ്യാപനം സംഭവിക്കുന്നു. ഈ സമയത്ത് അല്പം കൂടി വലിപ്പമുള്ള നട്ടെല്ലില്ലാത്തെ ജീവികള്‍ പ്രത്യക്ഷപ്പെടുന്നു[18]. മിഡില്‍ കാംബ്രിയനില്‍ ട്രൈലോബൈറ്റുകളടക്കം കൂടുതല്‍ വികസിതമായ ജീവികള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള ജീവന്റെ അവസ്ഥകളെയാണ്‌ നാമിവിടെ കണ്ടത്. ….

ജീവന്റെ സ്വാഭാവികമായ വികാസത്തിലെ ഒരു ഘട്ടത്തിലാണ്‌ നമ്മള്‍ Small Shelly Fossils നെ കണ്ടത്. ഈ ജീവികളിലെ സ്വാഭാവിക വികാസമാണ്‌ ഇനി നമ്മള്‍ മിഡില്‍ കാംബ്രിയനില്‍ കാണുന്നത്……


ബഹുകോശജീവികള്‍ 60 കോടി വര്‍ഷം മുമ്പേ ഫോസിലില്‍ പ്രത്യക്ഷപ്പെടുന്നു എന്ന് നമുക്കറിയാം(Ediacaran Fossils). പിന്നീട് Small Shelly Fossils കണ്ടു. (54.5 കോടി മുതല്‍ 52 കോടി വരെ) അങ്ങനെ 8 കോടി വര്‍ഷത്തെ നിരന്തരമായ പരിണാമത്തിന്റെ 52 കോടി വര്‍ഷം തൊട്ട് കാണുന്ന സ്വാഭാവിക ജൈവവികാസം മാത്രമാണ്‌ കാംബ്രിയന്‍ ജീവികള്‍”.
52 കോടി വര്‍ഷങ്ങള്‍ പ്രായമുള്ള ശിലാപാളികളില്‍ പ്രത്യക്ഷപ്പെടുന്ന കാംബ്രിയന്‍ ജീവികളുടെ പൂര്‍വ്വരൂപങ്ങള്‍ അതിന് തൊട്ടുമുമ്പുള്ള ശിലാപാളികളില്‍ കാണപ്പെടാനാണു സാധ്യത. ലേഖകന്റെ വാദപ്രകാരം ഷെല്ലി ഫോസിലുകളില്‍ (small shelly fossils എന്നാണിവയെ പറയാറെങ്കിലും ഇവയെല്ലാം small   or  Shelly അല്ലെന്ന് ചില ഫോസില്‍ ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടിയതു തല്‍ക്കാലം നില്‍ക്കട്ടെ) കാംബ്രിയന്‍ ജീവികളുടെ മുന്‍ഗാമികള്‍ ഉണ്ടാകണം. എന്നാല്‍ “ഇവയാണ് പൂര്‍വ്വരൂപങ്ങള്‍” എന്ന് പരിണാമവിശ്വാസത്താല്‍ തട്ടിവിട്ടു എന്നല്ലാതെ ഇവയില്‍ ഏതൊക്കെ ,ഏതൊക്കെ കാംബ്രിയന്‍ ജീവികളുടെ മുന്‍ഗാമികളാണ് എന്നു ശാസ്ത്രീയമായോ യുക്തിപരമായോ ലേഖകന്‍ സമര്‍ത്ഥിച്ചിട്ടില്ല. ഒരുദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. ലേഖകന്റെ ഈ വരികള്‍ നോക്കൂ:
കാനഡയിലെ Burgess Shale ഫോസില്‍ ഗ്രൂപ്പാണ്‌ കാംബ്രിയന്‍ വിസ്ഫോടനത്തെക്കുറിച്ച് പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഫോസില്‍ ശേഖരം. 1909-ല്‍ Charles Walcott ആണ്‌ അദ്യം ഇതിനെ സംബന്ധിച്ച് വെളിപ്പെടുത്തിയത്. അവ Small Shelly Fossils ല്‍നിന്നും കുറെകൂടി വികസിച്ച ശാരിയായ ജീവികളായിരുന്നു. അവയ്ക്ക് കൊമ്പുകള്‍, കൈകാലുകള്‍, വാലുകള്‍, പിന്നെ പ്രധാനമായി കണ്ണുകള്‍ ഇവയെല്ലാം ഉണ്ടായിരുന്നു. കൂടാതെ, അവ ഇന്നത്തെ ആധുനിക ജൈവവിഭാഗങ്ങളായ Arthropods, Annelids, Chordates, Molluscs  എന്നിവയില്‍ പെട്ട പ്രാചീന ജീവികള്‍ ആയിരുന്നു. ഒന്നരകോടി മുതല്‍ രണ്ട് കോടി വര്‍ഷം വരെ നീണ്ട കാലയളവിലായിരുന്നു ഈ ജീവികളുടെ പ്രത്യക്ഷപ്പെടല്‍ സംഭവിക്കുന്നത്. അതായത് 52 കോടി മുതല്‍ 50 കോടി വര്‍ഷം വരെയുള്ള കാലം. Small Shelly ജീവികളില്‍നിന്ന് കുറെകൂടി വികാസം പ്രാപിച്ച കാംബ്രിയന്‍ ജീവികള്‍ പ്രത്യക്ഷപ്പെടുന്നതിന്‌ ഈ കാലയളവ് ധാരാളമാണ്‌”.
 ലേഖകന്റെ ഈ വരികള്‍ നോക്കൂ :
“കാംബ്രിയന്‍ യുഗം, കഴിഞ്ഞ 54.5 കോടി വര്‍ഷം തൊട്ട് 49 കോടി വര്‍ഷം വരെ നിലനിന്ന കാലഘട്ടം. ഈ യുഗത്തിന്റെ മധ്യഘട്ടം (52 കോടി വര്‍ഷം) മുതല്‍ ജീവികളുടെ ഫോസിലുകള്‍ (കണ്ണും മൂക്കും ഇടവും വലവും, അകവും പുറവും ഒക്കെ വ്യക്തമായി വേര്‍തിരിഞ്ഞ ജീവികള്‍) കിട്ടിത്തുടങ്ങുന്നു. ഒട്ടനേകം ജീവികളുണ്ട്. ഇവ ഫോസിലീകരിക്കപ്പെടാനുള്ള പ്രധാന കാരണം ഇവയ്ക്ക് കട്ടിയുള്ള പുറംതോടുകളോ കവചങ്ങളോ ഉണ്ടായിരുന്നു എന്നതാണ്‌”.
കാംബ്രിയന്‍ യുഗത്തിന്റെ മധ്യഘട്ടം മുതല്‍ “കണ്ണും മൂക്കും ഇടവും വലവും അകവും പുറവും ഒക്കെ വ്യക്തമായി വേര്‍തിരിഞ്ഞ “ജിവികളെ കാണുന്നു. സ്വാഭാവികമായും ഈ വേര്‍തിരിവ് ക്രമാനുഗതമായി ഉണ്ടാകുന്ന ഘട്ടത്തിലുള്ള ജീവികള്‍ അതിന് മുന്‍പു കാണപ്പെടേണ്ടതല്ലേ? അങ്ങനെ കാണപ്പെടുന്നില്ല എന്ന കാര്യം പരോക്ഷമായി ലേഖകനും സമ്മതിക്കുന്നതു നോക്കൂ : “ഇത്തരം ജീവികളെ കാംബ്രിയന് മുമ്പുള്ള കാലത്ത് കാണാനാവില്ല”. പരിവര്‍ത്തന ഘട്ടത്തിലുള്ള ഇത്തരം ജീവികളെ കാംബ്രിയനു മുന്‍പുള്ള ഘട്ടത്തില്‍ കാണാനാവില്ല എന്നതില്‍ നിന്നു് ഇവ പരിണമിച്ചുണ്ടായതല്ല എന്നു വ്യക്തമാണ്. എന്നാല്‍ ഇക്കാര്യം സമ്മതിക്കാന്‍ പരിണാമവാദികള്‍ക്കാവുമോ? അതുകൊണ്ടാകാം ലേഖകന്‍ തൊട്ടടുത്ത വാക്യമായി ഇങ്ങനെ എഴുതിയത്: “എന്നാല്‍ ഈ ജീവികള്‍ കാംബ്രിയന്‍ യുഗത്തില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതല്ല. തീര്‍ച്ചയായും അവയ്ക്ക് പൂര്‍വ്വരൂപങ്ങളുണ്ട്
കാംബ്രിയന്‍ കാലത്തെ Burgess shale ജീവികള്‍ക്ക് “കൊമ്പുകള്‍, കൈകാലുകള്‍, വാലുകള്‍, പിന്നെ പ്രധാനമായി കണ്ണുകള്‍ ഇവയെല്ലാം ഉണ്ടായിരുന്നു”വെന്നു ലേഖകന്‍ എഴുതുന്നു. എന്നാല്‍ ഈ അവയവങ്ങള്‍ ക്രമാനുഗതമായി പരിണമിച്ചുണ്ടായതാണെന്നു വ്യക്തമാക്കുന്ന ഫോസിലുകള്‍ Small shelly fossil കളില്‍ ഉണ്ടോ? ഇല്ലെന്നാണ് ഫോസില്‍ ശാസ്ത്രകൃതികളില്‍ നിന്നു മനസ്സിലാകുന്നത്. അത്തരം ഏതെങ്കിലും ജീവികളെ ലേഖകന്‍ വിവരിച്ചതായും കാണുന്നില്ല. ഇപ്രകാരം ജീവപരിണാമം സമര്‍ത്ഥിക്കാതെ കേംബ്രിയനു മുന്‍പും ജീവികള്‍ ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടിയതുകൊണ്ടുമാത്രം പരിണാമം തെളിയിക്കപ്പെടില്ല.
(4) സാന്ദര്‍ഭികമായി മറ്റൊരു കാര്യം കൂടി ലേഖകന്‍ കുറിക്കുന്നു :
പുതിയ ഫൊസില്‍ ഗവേഷണങ്ങള്‍ നമ്മെ അസ്വാഭാവിക രീതി-അതായത് സൃഷ്ടിവാദം-യിലേക്ക് നയിക്കുമെത്രെ! ആര്‌ നടത്തിയ ഗവേഷണങ്ങളുടെ കാര്യമാണാവോ എഴുതിവിടുന്നത്? എന്തൊരു വിഡ്ഢിത്തരം! പുതിയ ഫോസില്‍ ഗവേഷണങ്ങള്‍ പരിണാമവാദികളെ സൃഷ്ടിവാദികളാക്കുകയല്ല, മറിച്ച് പരിണാമശാസ്ത്രത്തിന്റെ ആധികാരികത വെളിവാക്കുകയാണ്‌ ചെയ്യുന്നത്. പുതിയ ഫോസില്‍ ഗവേഷണങ്ങളുടെ ഫലമായി പുറത്തുവന്ന രണ്ട് ഉല്‍കൃഷ്ട ഗ്രന്ഥങ്ങളാണ്‌ William Schopf ന്റെ.Cradle of Life ഉം Richard Fortey യുടെ Life an unauthorised Biography ഉം. ഇവ പുറത്തുകൊണ്ടുവന്ന അറിവുകള്‍ പരിണാമശാസ്ത്രത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു“.
മറ്റൊരിടത്ത് :
തുടക്കത്തില്‍ ഫോസില്‍ തെളിവുകളുടെ അപര്യാപ്തതമൂലം കാംബ്രിയന്‍ പ്രതിഭാസം വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും, ഇന്ന് ഈ പ്രഹേളിക വെളിവാക്ക പ്പെട്ടിരിക്കുന്നു. കാംബ്രിയനു മുമ്പും പിമ്പും കാംബ്രിയനിലും എന്താണ്‌ സംഭവിച്ചതെന്ന് ഭംഗിയായി വിശദീകരിക്കുവാന്‍ ഇന്ന് പരിണാമശാസ്ത്രത്തിനായിരിക്കുന്നു. എന്നാല്‍ പഴയകാല പുസ്തകങ്ങളിലെ അറിവുകളെ മാത്രം ആശ്രയിച്ച് അവര്‍ ഇന്നും വിസ്ഫോടനം, സൃഷ്ടി എന്നെല്ലാം അലമുറയിട്ടുകൊണ്ടിരിക്കുന്നു”.

പരിണാമസിദ്ധാന്ത പ്രകാരം അസ്വാഭാവികമായ കാംബ്രിയന്‍ വിസ്ഫോടനത്തെപ്പറ്റി ഞാനെഴുതിയത് പുതിയ വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണെന്നു സൂചിപ്പിച്ച് രണ്ടു കൃതികള്‍ ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. Schopfന്റെ കൃതി 2001ലും Forteyയുടെ കൃതി 1998ലും ഇറങ്ങിയതാണ്. എന്നാല്‍ അതിനേക്കാള്‍ പുതിയ ഒരു ഗവേഷണ പ്രബന്ധത്തിലെ ഒരു ഭാഗം ഹാജറാക്കാം. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ കോഹന്‍ 2005ല്‍ തയാറാക്കിയത് (Biological Journal of the Linnean Society പ്രസിദ്ധീകരിച്ചത്) ഇതിലെ ആദ്യ വരികള്‍ ഇങ്ങനെ:
“The rapid growth of massively mineralized, benthicdwelling,metazoan diversity that appears in the Early Cambrian fossil record presents a problem that continues to excite interest and controversy (reviewed in Budd & Jensen, 2000). This problem resembles a jigsaw puzzle with pieces missing, shapes uncertain, interlocks ill-defined, and no authentic picture on the box. Accordingly, no definitive solution can exist”.
കാംബ്രിയന്‍ ഫോസിലുകള്‍ പ്രശ്നമാണെന്നും ഇതു വിവാദങ്ങള്‍ സ്യഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നും അതിനു നിശ്ചിതമായൊരു പരിഹാരം ഉണ്ടായിട്ടേയില്ലെന്നും കോഹന്‍ വ്യക്തമാക്കുന്നു. കാംബ്രിയന്‍ വിസ്ഫോടനം പ്രശ്നമുണ്ടാക്കിയത് ആദ്യകാലത്താണെന്നും അവയെന്നേ പരിഹരിക്കപ്പെട്ടുവെന്നും എത്ര നീട്ടിപ്പരത്തിയാണ് ലേഖകന്‍ എഴുതിവിട്ടത്! ഇവയത്രയും അസംബന്ധമാണെന്നു ഗ്രാഹ്യമാകാന്‍ കോഹന്റെ 2005 ലെ വിശകലനം മതിയാവും.
കാംബ്രിയന്‍ വിസ്ഫോടനം എന്ന പ്രഹേളിക എന്നേ പരിഹരിക്കപ്പെട്ടു എന്ന ലേഖകന്റെ വാദം, ഏതായാലും ഗ്ലസ്ഗോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ കോഹനില്ലെന്നു വ്യക്തമായില്ലേ? (അതോ ലേഖകന്‍ വായിച്ച രണ്ടു കൃതികള്‍ വായിക്കാന്‍ വിട്ടുപോയതുകൊണ്ടു സംഭവിച്ചതാകുമോ ഇത്തരം പ്രസ്താവങ്ങള്‍?!!) ഇനി കോഹന്റെ ഉപസംഹാര വാക്യങ്ങളിലൊന്ന്: “By its nature, the puzzle of the cambrian explosion can never be completely solved”.  ‘Biological Journal of the Linnean Society’ എന്ന ലോകോത്തര ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഇങ്ങനെ എഴുതിയതെങ്കിലും”…. അത്തരം അറിവുകള്‍ അറിയപ്പെടുന്ന ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നും വന്നിട്ടില്ല” എന്നാണു ലേഖകന്റെ വിധിയെഴുത്ത്.
കാംബ്രിയന്‍ വിസ്ഫോടനം ക്രമാനുഗത പരിണാമസങ്കല്‍പ്പത്തെ ദുര്‍ബ്ബലമാക്കുന്നു എന്ന എന്റെ കൃതിയിലെ ഒരു ഭാഗം ഉദ്ധരിച്ച ശേഷം ലേഖകന്‍ എഴുതിയതു നോക്കൂ :
“എന്നാല്‍ ശ്രീ ഹുസ്സൈന്‍ പറയുന്നു, പരിണാമസിദ്ധാന്തത്തിന്റെ അടിത്തറ തകര്‍ക്കുന്ന ഫോസില്‍ വിവരങ്ങള്‍ വന്‍ തോതില്‍ ലഭ്യമാകാന്‍ തുടങ്ങിയത് കാംബ്രിയന്‍ വിസ്ഫോടനം(Cambrian Explosion) എന്ന്‌ പാലിയന്തോളജിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതോടെയാണ്‌[20].  ഫോസില്‍ തെളിവുകള്‍ പരിണാമ സിദ്ധാന്തത്തെ ദുര്‍ബലമാക്കുകയല്ല മറിച്ച് അത് ജൈവവിസ്ഫോടനത്തിന്റെ കാരണം കണ്ടെത്തി വിശദീകരിച്ച് സ്വയം ശക്തമാകുകയാണുണ്ടായത്. അപ്പോള്‍ ശ്രീ. ഹുസ്സൈന്‍ കളവു പറയുകയാണോ? ഒന്നുകില്‍ ആകാം. അല്ലെങ്കില്‍ പുതിയ ഗവേഷണ ഗ്രന്ഥങ്ങള്‍ ഒന്നും വായിക്കാതെ പഴയകാല ഗ്രന്ഥങ്ങളില്‍ പിടിച്ച് കറങ്ങിക്കളിക്കുകയാകാം. രണ്ടായാലും വഞ്ചി തിരുനക്കരതന്നെ”.
ആരാണു കളവു പറയുന്നതെന്നും ആരാണു പുതിയ ഗവേഷണഫലങ്ങള്‍ ഗ്രഹിക്കാത്തതെന്നും വായനക്കാര്‍ തീരുമാനിക്കുക.
(5) ലേഖകന്റെ ഈ വരികള്‍ നോക്കൂ:
“പരിണാമശാസ്ത്ര സംബന്ധിയായ രചനകള്‍ മലയാളത്തില്‍ ഏറേയൊന്നുമില്ല. വളരെകുറച്ച് എഴുത്തുകാര്‍ മാത്രമാണ്‌ ഈ രംഗത്തുള്ളത്. എന്നിരുന്നാലും ഉള്ളവയില്‍ കാംബ്രിയന്‍ വിസ്ഫോടനത്തെ വിശദീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഈ രംഗത്ത് സജീവമായിട്ടുള്ളവരില്‍ ഒരാള്‍ ശ്രീ. ജീവന്‍ ജോബ് തോമസാണ്‌. അദ്ദേഹം പരിണാമശാസ്ത്രത്തെ വിശദീകരിക്കുന്ന കുറെ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി. അത് പിന്നീട് ഡി സി ബുക്സ് “പരിണാമസിദ്ധാന്തം: പുതിയ വഴികള്‍, കണ്ടെത്തലുകള്‍” എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. അതോടെ ഇരിക്കപ്പൊറുതിമുട്ടിയ സൃഷ്ടിവാദികള്‍ വാളും വട്ടകയുമായി രംഗത്തെത്തി. ഉടനെ ശ്രീ. എന്‍ എം ഹുസ്സൈന്‍, ജീവന്‍ ജോബിന്റെ പുസ്തകത്തിന്‌ “പരിണാമസിദ്ധാന്തം:പുതിയ പ്രതിസന്ധികള്‍” എന്ന പേരില്‍ ഒരു മറുഗ്രന്ഥമിറക്കി. പരിണാമശാസ്ത്രം ഇന്ന് എത്രയോ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ്‌. എത്രയോ യൂണിവേഴ്സിറ്റികള്‍, എത്രയോ ഗവേഷകന്മാര്‍. അവര്‍ നിരന്തരം ഗവേഷണത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്‌. അതിനായി എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിക്കപ്പെടുന്നു. അങ്ങിനെയാണ്‌ പരിണാമശാസ്ത്രജ്ഞര്‍ പുതിയ തെളിവുകള്‍ കണ്ടെത്തുന്നത്. ഈ തെളിവുകളാണ്‌ ജീവന്‍ ജോബിന്റെ രചനയ്ക്ക് ആധാരം. എന്നാല്‍ ഇത്തരം യാതൊരു ഗവേഷണങ്ങളുടെയും പിന്‍ബലമില്ലാതെയാണ്‌ സൃഷ്ടിവാദികളുടെ ‘ഖണ്ഡനം’.
ഫിസിക്സില്‍ ഗവേഷണം നടത്തുന്ന ജീവന്‍ തോമസ് ഏതായാലും കാംബ്രിയന്‍ ഫോസില്‍ കുഴിച്ചെടുത്തു ഗവേഷണമൊന്നും നടത്തിയിട്ടില്ലെന്നു വ്യക്തമാണ്. ശാസ്ത്രജ്ഞന്മാര്‍ ഇംഗ്ലീഷില്‍ എഴുതിയത് അവലംബിച്ച് മലയാളത്തില്‍ അദ്ദേഹം ഒരു കൃതി തയാറാക്കി. ശാസ്ത്രജ്ഞന്മാര്‍ ഇംഗ്ലീഷില്‍ എഴുതിയത് അവലംബിച്ചാണ് ഞാന്‍ ജീവന്‍ തോമിസിന്റെ കൃതിക്കു ഖണ്ഡനമെഴുതിയതും. ഇതാണു യാഥാത്ഥ്യമെന്നിരിക്കെ “ഇരിക്കപ്പൊറുതിമുട്ടിയ” മട്ടില്‍ ലേഖകന്‍ മേല്‍ വരികള്‍ കുറിച്ചതില്‍ എന്തര്‍ത്ഥമാണുള്ളത്? സൃഷ്ടിവാദ ശാസ്ത്രജ്ഞന്മാര്‍ സ്വന്തമായി ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തുന്നണ്ടെന്നതിരിക്കട്ടെ (പരിമിതമായ തോതിലാണെങ്കിലും). പരിണാമവാദികളുടെ ഗവേഷണങ്ങള്‍ തന്നെ പരിണാമവാദത്തിനെതിരെ മതിയായ തെളിവുകള്‍ നല്‍കുന്നുണ്ടെന്നിരിക്കെ (മറിച്ചാണ് അവകാശവാദമെങ്കിലും!) അതൊക്കെ പ്രയോജനപ്പെടുത്തിയിട്ടു ബാക്കിയന്വേഷിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?
(തുടരും)