കഴിഞ്ഞ പോസ്റ്റില്‍ ഇരുപത് പോയന്റുകള്‍ നമ്പറിട്ട് ഞാന്‍ എഴുതിയിരുന്നു. മറുപടിയെഴുതാതെ ഒഴിഞ്ഞുമാറുന്ന സുശീല്‍കുമാറിന്റെ പൊതു സ്വഭാവം വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാകട്ടെ എന്നു കരുതിയാണ് അങ്ങനെ ചെയ്തത്. അത് അക്ഷരം പ്രതി പുലര്‍ന്നു. അവയ്ക്കൊന്നിനും വിശദീകരണം നല്‍കാതെ അര്‍ത്ഥശൂന്യമായ പഴയ വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം പുതിയ പോസ്റ്റില്‍ ചെയ്തിട്ടുള്ളത്. അതുപോലും അഞ്ചു പോയന്റുകള്‍ക്കപ്പുറം നീങ്ങിയില്ല എന്നതു ശ്രദ്ധേയമാണ്.
(1) കഴിഞ്ഞ പോസ്റ്റില്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്നു പരാതിയെഴുതിയ സുശീല്‍കുമാറിനോട് അതിന് ഒരുദാഹരണമെങ്കിലും സൂചിപ്പിക്കാന്‍ അപേക്ഷിക്കുകയുണ്ടായി. എന്നാല്‍ അതു ചെയ്യാതെ അതേ ആരോപണം വീണ്ടും ഉന്നയിക്കുന്നതു നോക്കൂ : "വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതമൂലം അദ്ദേഹം തന്റെ ഓരോ വാക്യത്തിനുശേഷവും എതിരാളിയെ നിഷ്ക്രയരാക്കാന്‍ വേണ്ടി വ്യക്തിപരമായ അവഹേളങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു. "
"ഓരോ വാക്യത്തിനുശേഷവും " "അവഹേളനങ്ങള്‍ നിരത്തി "യിട്ടുണ്ടെങ്കില്‍ അവഹേളനങ്ങള്‍ ധാരാളം കാണണമല്ലോ. അതില്‍ നിന്നും അഞ്ചോ പത്തോ 'വ്യക്തിപരമായ അവഹേളനങ്ങള്‍' ഉദാഹരണമായി ചൂണ്ടിക്കാട്ടാനും എളുപ്പമാണ്. സുശീല്‍കുമാറേ, അഞ്ചോ പത്തോ വേണ്ട, 'വ്യക്തിപരമായ അവഹേളന'ത്തിന് ഒരുദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാമോ?
(2)"വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതമൂലം അദ്ദേഹം തന്റെ ഓരോ വാക്യത്തിനുശേഷവും എതിരാളിയെ നിഷ്ക്രയരാക്കാന്‍ വേണ്ടി വ്യക്തിപരമായ അവഹേളങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു"എന്ന് ഏറ്റവും ഒടുവിലത്തെ പോസ്റ്റില്‍ ( 28 നവം: 2010) എഴുതിയ സുശീല്‍കുമാര്‍ വെറും രണ്ടു ദിവസം മുന്‍പുള്ള പോസ്റ്റില്‍ (26 നവം: 2010) ഇങ്ങനെയാണെഴുതിയത്: "താങ്കളുടെ ഒരു പോസ്റ്റിലും പരിഹാസമുള്ളതായി ഞാന്‍ ആരോപിച്ചിട്ടില്ല." രണ്ടു ദിവസങ്ങള്‍ക്കകം എന്റെ ഓരോ വാക്യത്തിനു ശേഷവും 'വ്യക്തിപരമായ അവഹേളനങ്ങള്‍ 'നിറഞ്ഞതായി താങ്കള്‍ കണ്ടെത്തണമെങ്കില്‍ അതിനു കാരണം 'വ്യക്തിപരമായ അവഹേളനങ്ങളാ'യിരിക്കില്ലെന്നും നില്‍ക്കക്കള്ളിയില്ലാതായതുകൊണ്ട് സഹതാപതരംഗം സൃഷ്ടിക്കാനുള്ള വിദ്യ മാത്രമാണെന്നും ഓരോ പോസ്റ്റും വായിച്ചുകൊണ്ടിരിക്കുന്ന വായനക്കാര്‍ക്കു മനസ്സിലാകും.
(3)സുശീല്‍കുമാറിന്റെ പോസ്റ്റ് തുടങ്ങുന്നതു് ഇങ്ങനെയാണ്:"തന്റെ അഞ്ചാമത്തെ പൊസ്റ്റിലും എന്‍ എം ഹുസ്സൈന്‍ പുതുതായൊന്നും പറയുന്നില്ല. "
ഒന്നാമതായി, എന്റെ ഒന്നാമത്തെ പോസ്റ്റിലെ വാദങ്ങള്‍ ഇപ്പോഴും മനസ്സിലായിട്ടില്ലാത്ത ഒരാള്‍ക്ക് പുതിയ പോസ്റ്റില്‍ പുതുതായൊന്നും പറയുന്നില്ല എന്ന് എങ്ങനെ മനസ്സിലാകും? ഒന്നും മനസ്സിലാകാത്ത ഒരാള്‍ക്ക് എല്ലാ പോസ്റ്റുകളും ഒരുപോലെ തോന്നിയത് സ്വാഭാവികമല്ലേ?സുശീല്‍കുമാറിന് ഇപ്പോളും ഓരോ പോസ്റ്റിലേയും വാദങ്ങളും ഖണ്ഡന-ഖണ്ഡനങ്ങളും മനസ്സിലാകുന്നില്ല എന്നു തന്നെയല്ലേ ഈ കമന്റ് തെളിയിക്കുന്നത്?
(4) രണ്ടാമത്തെ ഖണ്ഡിക വായിച്ചതില്‍നിന്നും മൂര്‍ത്തം, അമൂര്‍ത്തം എന്നീ വാക്കുകളുടെ സാമാന്യമായ അര്‍ത്ഥം സുശീല്‍കുമാറിന് ഒടുവില്‍ പിടികിട്ടി എന്നു മനസ്സിലായി. എന്റെ നാലു പോസ്റ്റുകള്‍ കൊണ്ട് അങ്ങനെയെങ്കിലും ഒരു പ്രയോജനമുണ്ടായല്ലോ എന്ന് സമാധാനിക്കുന്നു. എന്നാല്‍ ആ വാക്കുകളുടെ ആശയം സാമാന്യമായി പിടികിട്ടി എന്നല്ലാതെ എന്റെ വാദങ്ങള്‍ ഗ്രാഹ്യമായതായി കാണുന്നില്ല. ഒരു വ്യക്തി ദൈവത്തില്‍ വിശ്വസിക്കുന്നു എന്നതിന് അമൂര്‍ത്തമായ തെളിവുണ്ടാകാമെന്നല്ലാതെ ദൈവം ഉണ്ട് എന്നതിന് അമൂര്‍ത്തമായ തെളിവൊന്നും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തോമസ് അക്വിനാസ് നല്‍കിയ അഞ്ച് അമൂര്‍ത്തമായ തെളിവുകളെ ഡോക്കിന്‍സ് ഖണ്ഡിക്കാന്‍ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിലെ അബദ്ധങ്ങള്‍ വിശദീകരിച്ച് അക്വിനാസിന്റെ അഞ്ച് അമൂര്‍ത്ത തെളിവുകളേയും ഞാന്‍ യുക്തിപരമായും ശാസ്ത്രീയമായും സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു. (ഒന്നും രണ്ടും പോസ്റ്റുകള്‍ ). പക്ഷേ ഇതൊക്കെ സി കെ ബാബു കൈകാര്യം ചെയ്തിട്ടുണ്ടെന്ന പച്ചനുണ തട്ടിവിട്ട് സുശീല്‍കുമാര്‍ തടിതപ്പുകയായിരുന്നു. ഇക്കാര്യം മുന്‍പത്തെ പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും തന്റെ സമീപനത്തെ ന്യായീകരിക്കാനോ തല്‍സംബന്ധമായി എന്തെങ്കിലും പരാമര്‍ശിക്കാന്‍ പോലുമോ ഇതുവരേയും തയ്യാറാകാത്ത അദ്ദേഹം ഇപ്പോള്‍ പരാതിപ്പെടുകയാണ്:ഒരാള്‍ ദൈവവിശ്വാസിയാണെന്നതിന് അമൂര്‍ത്തമായ തെളിവുണ്ടാകാമെന്നല്ലാതെ 'ദൈവം ഉണ്ട് ' എന്നതിനു് അമൂര്‍ത്തമായ തെളിവൊന്നുമില്ലെന്ന്! ഇവിടെ വീണ്ടും സംശയമുണ്ടാകുന്നു: 'അമൂര്‍ത്തത' എന്നതുകൊണ്ട് സുശീല്‍കുമാര്‍ എന്താണാവോ ധരിച്ചിരിക്കുന്നത്? ഏതായാലും ഡോക്കിന്‍സിന്റെ വിമര്‍ശനങ്ങളെ ഖണ്ഡിച്ചുകൊണ്ട് അക്വിനാസിന്റെ വാദങ്ങളെ ഞാന്‍ സമര്‍ത്ഥിച്ചതിനെപ്പറ്റി സുശീല്‍കുമാര്‍ ഇതുവരെ ഒന്നും എഴുതിക്കണ്ടില്ല.
എന്നിട്ട് കഴിഞ്ഞ പോസ്റ്റില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെ: "എന്റെ ഈ വാദങ്ങളോടും ലേഖകന്‍ പ്രതികരിച്ചുകണ്ടില്ല. "
ഏതു വാദങ്ങളോട്? അക്വിനാസിന്റെ അഞ്ചു തെളിവുകളെപ്പറ്റി ഒന്നും എഴുതാതിരുന്ന താങ്കള്‍ എന്തു വാദങ്ങള്‍ ഉന്നയിച്ചുവെന്നാണു പറയുന്നത്? അക്വിനാസിന്റെ തെളിവുകളെപ്പറ്റി സി കെ ബാബു എഴുതിയത് നോക്കുക എന്നെഴുതിയാല്‍ "വാദങ്ങള്‍ "ആകുമോ? ചുരുങ്ങിയത് ബാബുവെങ്കിലും എന്തെങ്കിലും വാദങ്ങള്‍ ഉന്നയിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ബാബു ഏതെങ്കിലും വാദം ഉന്നയിച്ചതായി സുശീലിനോ മറ്റാര്‍ക്കങ്കിലുമോ ചൂണ്ടിക്കാണിക്കാനാവില്ല. പിന്നെങ്ങനെയാണ് 'പ്രതികരി'ക്കുക?
വാദം മനസ്സിലാക്കാതെ ഖണ്ഡനം എഴുതുന്ന താങ്കള്‍ക്ക് ഇതൊന്നും പ്രശ്നമായി തോന്നണമെന്നില്ല! പക്ഷേ, വാദങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിച്ചശേഷം മാത്രം അതേപ്പറ്റി ആലോചിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരന് അത് വലിയൊരു പ്രശ്നം തന്നെയാണെന്നെങ്കിലും താങ്കള്‍ മനസ്സിലാക്കണം. (ഞാന്‍ സാധാരണ മതവിശ്വാസിയേക്കാള്‍ നിലവാരം കുറഞ്ഞയാളാണെന്ന് സുശീല്‍ തന്നെ എഴുതിയിട്ടുണ്ട്. ഗ്രാഹ്യശേഷിയുടെ ആഴം നോക്കണേ!)
(5)"അതിനാല്‍ ഈശ്വരവാദി മൂര്‍ത്തമായോ അമൂര്‍ത്തമായോ തെളിവില്ലാത്ത 'കാര്യത്തെ' വിശ്വസിക്കുന്നു."എന്ന് അദ്ദേഹം എഴുതുന്നു. അക്വിനാസ് ദൈവാസ്തിത്വം സമര്‍ത്ഥിക്കാന്‍ അഞ്ച് അമൂര്‍ത്തമായ തെളിവുകളാണ് നല്‍കിയതെന്ന കാര്യം സുശീല്‍ കുമാറിന് ഇപ്പോളും ഗ്രാഹ്യമായിട്ടില്ല എന്നതിന് തെളിവാണ് ഈ വാക്യം. 'അമൂര്‍ത്തമായ തെളിവു നല്‍കി' എന്ന കാര്യം പോലും മനസ്സിലാകാത്ത ഒരാള്‍ അതിനെ ഖണ്ഡിക്കുന്നതെങ്ങനെ?
(6)"നിരീശ്വരവാദി അറിവുസമ്പാദിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഇന്ദ്രിയങ്ങളൊന്നും ഈശ്വരവാദിക്കില്ലാത്തതിനാല്‍ അവര്‍ക്കും "ദൈവത്തെ അറിയില്ലെന്ന് സുശീല്‍കുമാര്‍. നിരീശ്വരവാദികളുടെ അറിവിന്റെ ആഴം കണ്ട് ഈ ബ്ലോഗ് വായനക്കാര്‍ സ്തബ്ധരായിട്ടുണ്ടാകുമെന്നതില്‍ സംശയമില്ല. ശാസ്ത്രവും തത്ത്വശാസ്ത്രവും സംബന്ധമായി എന്റെ രണ്ട് പോസ്റ്റുകളിലും ഒട്ടേറെ വാദങ്ങളുണ്ടായിരുന്നു.
എന്നാല്‍ അവയില്‍ ഒന്നിനെപ്പോലും ശാസ്ത്രീയ വിവരങ്ങളോ ദാര്‍ശനിക ന്യായങ്ങളോ അവതരിപ്പിച്ച് ഖണ്ഡിക്കാന്‍ സുശീല്‍കുമാര്‍ അറിയേണ്ടക് ഒരൊറ്റക്കാര്യം മാത്രമായിരുന്നു: ഞാന്‍ വിശ്വസിക്കുന്ന ദൈവം അല്ലാഹുവാണോ അതോ അയ്യപ്പനോ ശിവനോ സായിബാബയോ എന്ന്? ഇങ്ങനെയൊരു സംശയം ഉന്നയിക്കാന്‍ എത്ര അറിവുണ്ടാകണമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ!
(7) മൂര്‍ത്തം , അമൂര്‍ത്തം എന്നിത്യാദി വാക്കുകളില്‍ കിടന്നുരുണ്ടിട്ടും സുശീല്‍കുമാറിന് അവയുടെ ശരിയായ വിവക്ഷ മനസ്സിലാകാതിരുന്നതിനാലാണ് അതേപ്പറ്റി എനിക്ക് കൂടുതല്‍ എഴുതേണ്ടിവന്നത്. മാത്രമല്ല, നാസ്തികനായ ദൈവം രചിച്ച സി രവിചന്ദ്രന് ഈ വാക്കുകളുടെ അര്‍ത്ഥമറിയില്ല എന്നും ഞാന്‍ സമര്‍ത്ഥിച്ചിരുന്നു. പക്ഷേ സുശീല്‍കുമാറോ ഈ ബ്ലോഗിലെ മറ്റു നിരീശ്വര കമന്റര്‍മാര്‍ക്കോ രവിചന്ദ്രന് അബദ്ധം പിണഞ്ഞിട്ടില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുക പോലും ചെയ്തില്ല! ഇതും നിരീശ്വരവാദികളുടെ അറിവിന്റെ ആഴം തന്നെയാണ് വെളിപ്പെടുത്തുന്നത്.
(8) ഈ ധൈഷണികമാനക്കേട് ഒളിച്ചുവയ്ക്കാന്‍ സുശീല്‍കുമാര്‍ പ്രയോഗിക്കുന്ന തന്ത്രം നോക്കൂ : "ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന്‍ മൂര്‍ത്തമായ(concrete) യാതൊരു തെളിവും നല്‍കാന്‍ എന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല " എന്ന നാസ്തികനായ ദൈവത്തിലെ ഒരു വാക്യത്തെ മുന്‍ നിര്‍ത്തിയാണ് ലേഖകന്‍ തന്റെ 'ഖണ്ഡനത്തിന്റെ' വേദിയൊരുക്കിയത്. ദൈവത്തെ മൂര്‍ത്തമായ തെളിവുള്ള യാഥാര്‍ത്ഥ്യമായി വിലയിരുത്തുന്ന വിശ്വാസികളെ സംബന്ധിക്കുന്നതാണ്‍ ഈ പ്രസ്ഥാവന".
വീണത് വിദ്യയാക്കണമെങ്കിലും അല്‍പ്പം കഴിവുവേണ്ടേ? ദൈവം മൂര്‍ത്തമാണെന്നു വിശ്വസിക്കുന്നവരെ സംബന്ധിച്ചാണ് പ്രസ്താവനയെങ്കില്‍ അതിങ്ങനെയാകുമായിരുന്നു: "ദൈവം മൂര്‍ത്തമാണെന്നു വിശ്വസിക്കുന്നവര്‍ പോലും ദൈവത്തിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കിയിട്ടില്ല. " മലയാള ഭാഷയറിയാവുന്നവര്‍ ഇങ്ങനെയാണ് എഴുതുക. "ഒരു കാര്യം ഇല്ലെന്നു വിശ്വസിക്കണമെങ്കില്‍ ആദ്യം ഉണ്ടെന്ന് സമ്മതിക്കണമെന്ന്" എഴുതുന്ന വികലമായ ഭാഷാശൈലിക്കാര്‍ മാത്രമേ രവിചന്ദ്രന്‍ എഴുതിയവിധത്തില്‍ അക്കാര്യം എഴുതുകയുള്ളൂ. "ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ " എന്ന ശൈലി തന്നെ ദൈവവിശ്വാസികളെ പൊതുവായി ഉദ്ദേശിക്കുന്നതാണെന്നു വ്യക്തമാണ്. മൂര്‍ത്തം, അമൂര്‍ത്തം എന്നീ വാക്കുകളുടെ വിവക്ഷയറിയാതെ വിഡ്ഢിത്തങ്ങള്‍ എഴുതിയത് ന്യായീകരിക്കാന്‍ ഭാഷാശൈലിയെക്കുറിച്ച് പുതിയ 'സിദ്ധാന്തം' അവതരിപ്പിച്ചാല്‍ മതിയാവുമോ? സുശീല്‍കുമാറേ, ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ സന്മനസ്സ് കാട്ടിക്കൂടേ?
(9) നിരീശ്വരവാദികളുടെ അറിവിന്റെ ആഴം വ്യക്തമാകാന്‍ സുശീല്‍കുമാറിന്റെ മറുപടികളിലൊന്ന് ഹാജറാക്കാം. "മഹാസ്ഫോടനത്തിനു മുന്‍പ് ദ്രവ്യം ഇല്ലായിരുന്നു എന്നുമല്ല" എന്ന് എഴുതി പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് വരുത്താന്‍ ശ്രമിച്ചപ്പോള്‍ മറുപടിയായി ഞാന്‍ ഇങ്ങനെ എഴുതി:" മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്രവസ്തുത സുശീല്‍കുമാറിനറിയുമോ? "ഇതിനുള്ള മറുപടി നോക്കൂ: "സമയം,കാലം,സ്ഥലം ഇവയൊക്കെ എന്താണെന്ന് ഹുസൈന്റെ ദൈവത്തിനറിയുമോ? അതറിയാത്ത 'ദൈവ'മാണോ മഹാവിസ്ഫോടനമുണ്ടാക്കിയത്? " വിശ്വാസികള്‍ ഗോളശാസ്ത്രത്തിലെ ഫ്രീഡ്മാന്‍ ഗ്രാഫിനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരെന്നു മേനി നടിക്കുന്ന നിരീശ്വരവാദികളുടെ പ്രത്യയശാസ്ത്ര വക്താവ് പ്രതികരിച്ചതാണ് മേല്‍കൊടുത്തത്! വിശ്വാസികള്‍ ശാസ്ത്രം പറയുമ്പോള്‍ നിരീശ്വരവാദികള്‍ ദൈവത്തെക്കുറിച്ചു പറയുന്നു!! ഇതും ശാസ്ത്രവിഷയങ്ങളിലുള്ള അറിവിന്റെ 'ആഴം' കൊണ്ടുതന്നെയാകാം!
"അറിയാത്ത കാര്യങ്ങള്‍ അറിയില്ലെ അന്നാണ്‍ നിരീശ്വരവാദികള്‍ പറയാറ്."
എന്ന് സുശീല്‍കുമാര്‍ എഴുതുന്നു. ഇങ്ങനെയല്ല പറയാറെന്നതിന് മുകളില്‍ ഉദ്ധരിച്ച അദ്ദേഹത്തിന്റെ രണ്ടു വരികള്‍ തന്നെ വ്യക്തമായ തെളിവല്ലേ?
ഫ്രീഡ്മാന്‍ ഗ്രാഫിനെപ്പറ്റി അറിയില്ലെങ്കില്‍ അതറിയില്ല എന്നു പറയുന്നതിനു പകരം സുശീലിനറിയാത്ത ദൈവത്തിന്റെ കാര്യം വലിച്ചിഴച്ചുകൊണ്ടുവരുന്നതെന്തിന്? ശാസ്ത്രീയവിവരങ്ങളെയും യുക്തിയേയും ആസ്പദമാക്കിയുള്ള എന്റെ വാദങ്ങള്‍ നേരിടാനാകാതെ വന്നപ്പോള്‍ താങ്കള്‍ക്കറിയാത്ത അല്ലാഹുവിനെയും ശിവനെയും അയ്യപ്പനേയും മുന്‍നിര്‍ത്തി അന്വേഷണം തിരിച്ചുവിടാന്‍ ശ്രമിക്കുകയല്ലേ താങ്കള്‍ കഴിഞ്ഞ ഏതാനും പോസ്റ്റുകളിലുടനീളമായി ചെയ്തത്? അറിവുകേട് തുറന്നു സമ്മതിക്കുന്ന സത്യസന്ധമായ സമീപനവുമായി ഇതിന് വിദൂരബന്ധമെങ്കിലുമുണ്ടോ?
(10)"ദൈവം സ്വയം വെളിപ്പെടുത്തിയതെന്ന് ഹുസ്സൈന്‍ അടക്കമുള്ള വിശ്വാസികള്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തെയും അതിലെ അതിലെ ദൈവസങ്കല്പത്തെയും പരിശോധിക്കുമ്പോള്‍ ലേഖകന്‍ ഇത്തരത്തില്‍ അസഹുഷ്ണുവാകുന്നതെന്തിനാണ്? അതിലൊന്നും വിശ്വാസമില്ലേ?" എന്നും സുശീല്‍.
പ്രപഞ്ചത്തിന്റെ യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്ന പരിശോധനയില്‍ വിവിധ മതഗ്രന്ഥങ്ങളിലെ ദൈവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ചാവിഷയമാക്കേണ്ടതില്ല എന്ന സമീപനമാണ് യുക്തിപരമായിട്ടുള്ളത്. (ഇതിനുള്ള ന്യായങ്ങള്‍ നമ്പറിട്ട് വിശദീകരിക്കുന്നില്ല. വിശദീകരിച്ചാലും ഫലം ഒളിച്ചോട്ടം ആയിരിക്കുമല്ലോ?!)
രണ്ടാമതായി, ചൊവ്വയെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിച്ച ശാസ്ത്രജ്ഞനോട് താങ്കളെന്തുകൊണ്ട് മെര്‍ക്കുറിയെപ്പറ്റി ഒന്നും പറയുന്നില്ല, എന്തുകൊണ്ട് നെപ്റ്റ്യൂണിനെപ്പറ്റി ഒരു വാക്യം പോലും പറഞ്ഞില്ല, താങ്കള്‍ പ്ലൂട്ടോയെ അവഗണിച്ചത് പ്ലൂട്ടോ ഗ്രഹത്തെ ഭയപ്പെടുന്നതുകൊണ്ടാണോ എന്നു സുബോധമുള്ളവരാരും ചോദിക്കാറില്ല.
എന്റെ വിശ്വാസങ്ങളും വീക്ഷണങ്ങളും (എന്തിനെക്കുറിച്ചായാലും എന്തൊക്കെയായാലും) മനോഹരമായി സമര്‍ത്ഥിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഈ ബ്ലോഗിലും സുശീല്‍കുമാറിന്റെ ബ്ലോഗിലും സന്ദര്‍ശനം നടത്തിയ നിക്ഷ്പക്ഷമായി ചിന്തിക്കുന്ന നിരീശ്വരവാദികള്‍ക്കു പോലും ഇക്കാര്യം മനസ്സിലായിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. ഞാന്‍ ഒരസഹിഷ്ണുതയും പ്രകടിപ്പിച്ചിട്ടില്ല. സമീപനം യുക്തിപരമാകണമെന്ന നിലപാടേ പ്രകടിപ്പിച്ചിട്ടുള്ളൂ.
(11) "ലേഖകന്‍ പറയുന്നു ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന്. ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന അറിവ് എവിടെ നിന്ന് കിട്ടിയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല. "-സുശീല്‍കുമാറിന്റെ വരികളാണിത്. എന്നാല്‍ ഒന്നാമത്തെ മറുപടി ( 18 നവം 2010)യില്‍ത്തന്നെ ഞാനെഴുതിയത് ഇതായിരുന്നു: "ഇത്തരം നഴ്സറി നിലവാരത്തിലുള്ള സംശയങ്ങള്‍ പ്രസക്തമാണ്. പക്ഷേ, ദൈവത്തെ വിശകലനം ചെയ്യാനിറങ്ങുന്നയാള്‍ ഇതൊക്കെ നിരത്തുന്നത് കൌതുകം തന്നെ. പ്രപഞ്ചത്തെക്കുറിച്ച് പഠിച്ചാല്‍ പ്രപഞ്ചം അനാദിയാണെന്നോ സ്വയംഭൂവാണെന്നോ സിദ്ധാന്തിക്കുന്ന നിരീശ്വരവാദം യുക്തിരഹിതവും അശാസ്ത്രീയവുമാണെന്ന് ഗ്രഹിക്കാനാവും. പ്രപഞ്ചത്തിന്റെ സൃഷ്ടി-സംവിധാനങ്ങള്‍ക്കു പിന്നില്‍ ദൈവമാണെന്നും മനസ്സിലാവും. ഇക്കാര്യം ഒരു പരിധിവരെ സമ്മതിക്കാന്‍ ഡോക്കിന്‍സും നിര്‍ബന്ധിതനായിട്ടുണ്ട്. ' നാസ്തികനായ ദൈവം' എന്ന കൃതിയിലെ ഈ വരി നോക്കൂ : "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം " (പേജ് 180). ഒരു നിരീശ്വരവാദിക്കുപോലും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നുവെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? അങ്ങനെ തോന്നുന്നതുകൊണ്ടാണ് അതിനുപിന്നില്‍ ആസൂത്രകന്‍ ഉണ്ടായിരിക്കണം എന്ന യുക്തിപരമായ നിഗമനത്തില്‍ അവരെത്തുന്നത്(Every design wants a designer).
"ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം " എന്ന അറിവ് നിരീശ്വരവാദികള്‍ക്കും ലഭിച്ചിട്ടുണ്ടല്ലോ! "പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം മറ്റാര്‍ക്കുമില്ലാത്ത" ഉപകരണത്തിലൂടെയല്ലല്ലോ ഇതു ലഭിച്ചത് ? പ്രപഞ്ചത്തെപ്പറ്റി സാമാന്യമായി പഠിച്ചാല്‍ ഗ്രഹിക്കാവുന്ന കാര്യമാണിത്. ഒരാസൂത്രണവും യാദൃഛികമായുണ്ടാകില്ലെന്ന് സാമാന്യബുദ്ധി മാത്രമല്ല, അതിബുദ്ധിയും പറയുന്നു. "
നോക്കൂ. ഇതാണ് സുശീല്‍കുമാറിന്റെ പരാതിയുടെ സാമ്പിള്‍. എന്റെ ആദ്യ പോസ്റ്റില്‍ നിരത്തിയ വിശദീകരണങ്ങള്‍ കണ്ടില്ലെന്നു നടിക്കുക. തുടര്‍ന്ന് നല്‍കുന്ന വിശദീകരണങ്ങളും മറച്ചുപിടിക്കുക. എന്നിട്ട് ഞാനൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നു പരാതിപ്പെടുക! ഇത്തരം യുക്ത്യാഭാസങ്ങളല്ലാതെ യുക്തിപരമായ ഒരു വിമര്‍ശനമെങ്കിലും സുശീല്‍കുമാര്‍ മുന്നോട്ടു വച്ചുവോ?
വായനയുടെ ഒഴുക്കിനെ ബാധിക്കുമെന്നതിനാലും സമയക്കുറവുകൊണ്ടുമാണ്, സുശീല്‍കുമാറിന്റെ ഓരോ വരികളും പരിശോധിച്ച് ഒരു ഘടനാപഗ്രഥനത്തിനു മുതിരാത്തത് . സത്യസന്ധരായ നിരീശ്വരവാദികള്‍ക്കുപോലും ബോധ്യപ്പെടുമാറ് സംവാദം പുരോഗമിക്കുന്നു എന്ന പ്രതീക്ഷയുള്ളതുകൊണ്ടു കൂടിയും ആ കൃത്യം ഒഴിവാക്കുകയാണ്. (പ്രപഞ്ചത്തെപ്പറ്റി കൂടുതല്‍ സൂക്ഷ്മമായി പഠിച്ചപ്പോഴാണ് പ്രമുഖ ശാസ്ത്രജ്ഞന്മാരായ ഫ്രഡ് ഹോയില്‍, വിക്രമ സിംഹെ, മൈക്കേല്‍ ബെഹെ തുടങ്ങി നിരവധിപേര്‍ നിരീശ്വരവാദത്തില്‍ നിന്നും ഈശ്വരവാദത്തിലെത്തിയത്. ഇതേപ്പറ്റി വിശദമായ പോസ്റ്റ് പിന്നീടു വരും).
(12) "പരമ്പരാഗത ദൈവസങ്കല്പത്തെയാണ്‍ ഉദ്ദേശിക്കുന്നത് എന്ന് ഗ്രന്ഥകര്‍ത്താവ് പറഞ്ഞിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല "എന്നും സുശീല്‍കുമാര്‍ എഴുതുന്നു.
പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിക്കുന്ന ദൈവം പരമ്പരാഗത ദൈവസങ്കല്‍പ്പമല്ലേ? അതുതന്നെയല്ലേ ഞാന്‍ രണ്ടു പോസ്റ്റുകളിലായി സമര്‍ത്ഥിച്ചത്? സുശീല്‍കുമാറിന് ഇതൊന്നും മനസ്സിലാകുന്നില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാണ്?
(13) ദൈവത്തെ മനസ്സിലാക്കാന്‍ മനുഷ്യനു പരിമിതികളുണ്ട് എന്നതുകൊണ്ടാണ് വൈവിധ്യവും വൈരുധ്യവുമാര്‍ന്ന ദൈവസങ്കല്‍പ്പങ്ങളുണ്ടായത് എന്ന് ഞാന്‍ എഴുതിയിരുന്നു. "ഈ പരിമിതി അംഗീകരിച്ച് അറിയാത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് മിണ്ടാതിരുന്നുകൂടേ ഹുസ്സൈന്‍?"എന്നാണ് സുശീല്‍കുമാറിന്റെ ചോദ്യം. ഞാന്‍ മിണ്ടാതിരുന്നാല്‍ ഏറ്റവും സന്തോഷവാനാവുന്ന ഒരാളായി സുശീല്‍കുമാര്‍ മാറിക്കഴിഞ്ഞു എന്ന് മനസ്സിലാകാഞ്ഞിട്ടല്ല. മനുഷ്യന് ചാടാനും ഓടാനും പാടാനും ചിന്തിക്കാനും കാണാനും കേള്‍ക്കാനും പരിമിതികളുണ്ടെന്നു പറഞ്ഞാല്‍ മനുഷ്യന്‍ ചാടരുത്,ഓടരുത്,പാടരുത്,ചിന്തിക്കരുത്,കാണരുത്,കേള്‍ക്കരുത് എന്ന് സുശീല്‍കുമാറല്ലാതെ മറ്റാരെങ്കിലും പറയുമോ?
(14) മതഗ്രന്ഥങ്ങളില്‍ കാണുന്ന ദൈവങ്ങള്‍ വ്യത്യസ്തമാകുന്നത് മനുഷ്യന്റെ പരിമിതി മൂലമാണെന്നു പറഞ്ഞത് സുശീല്‍കുമാറിനു മനസ്സിലായില്ല. എല്ലാ വാദങ്ങളേയും തെറ്റായി ധരിക്കുന്നതുപോലെ ഇതും തെറ്റായി ധരിച്ച് ഒരു നുണകൂടി എന്റെ മേല്‍ കെട്ടിവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഈ വരികള്‍ നോക്കൂ: "അപ്പോള്‍ മറ്റൊരു മഹത്തായ കുറ്റസമ്മതം കൂടി ഹുസ്സൈന്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്‍. " വിഡ്ഢികൂടിയായാലേ ഒരാള്‍ക്ക് നിരീശ്വരവാദിയാകാനാവൂ എന്നു സുശീല്‍കുമാര്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ഈ വരികളിലൂടെ. മതഗ്രന്ഥങ്ങളിലെ ദൈവിക വചനങ്ങള്‍ മനസ്സിലാക്കുന്നതില്‍ മനുഷ്യനു പരിമിതികളുള്ളതിനാല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നു എന്ന വസ്തുതയാണു ഞാന്‍ സൂചിപ്പിച്ചത്. മനുഷ്യന്റെ പരിമിതിമൂലമാണ് വ്യത്യസ്ത ദൈവസങ്കല്‍പ്പങ്ങള്‍ ഉണ്ടാകുന്നതെന്നതിന് "മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്‍. "എന്ന വിവക്ഷയുണ്ടാകുന്നതെങ്ങനെയെന്നു സുശീല്‍കുമാര്‍ വ്യക്തമാക്കുമോ? വ്യക്തമാക്കിയില്ലെങ്കിലും എനിക്കു സന്തോഷമേയുള്ളൂ. ഓരോരോ മഠയത്തങ്ങള്‍ക്കു പിന്നെയും പിന്നെയും വിശദീകരണം നല്‍കേണ്ടിവരില്ലല്ലോ!
വൈരുധ്യങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കും കാരണം മനുഷ്യന്റെ ഗ്രഹണപരിമിതിയാണ്. ഇത് മനുഷ്യന്റെ പ്രശ്നമാണ്, ദൈവത്തിന്റെയല്ല.
ഉപസംഹാരം
"സ്വന്തം മഹത്വം നിരത്തിയല്ല, സംവാദം നടത്തിയാണ്‍ ജയിക്കേണ്ടത്."എന്ന ഉപദേശത്തോടെയാണ് സുശീല്‍ പ്രതികരണം അവസാനിപ്പിക്കുന്നത്.
നിരത്താന്‍ പ്രത്യേക മഹത്വങ്ങളൊന്നുമില്ലാത്ത ഞാന്‍ സംവാദത്തില്‍ "ജയിക്കു"ന്നതായി സുശീല്‍കുമാറിനു തോന്നിത്തുടങ്ങിയോ?