(1) ലേഖകന്റെ വരികള്‍ :
"2005 മുതല്‍ ഡന്മാര്ക്കിലും സ്വീഡനിലുമായി 14 മാസം കുടുംബസഹിതം താമസിച്ചാണ് അദ്ദേഹം ഈ സമൂഹങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കിയത്. അമേരിക്കയിലെ ക്രൈസ്തവനേതൃത്വത്തിന്റെ പ്രചരണമനുസരിച്ച് ദൈവരഹിതസമൂഹങ്ങള്‍ അക്രമവും അരാജകത്വവും വിട്ടൊഴിയാത്ത പാപത്തിന്റെ വിളനിലങ്ങളായിരിക്കും. എന്നാല്‍ മതപരമായി ഉദാസീനമായ സ്ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ വളരെയധികം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നതാണ് സുക്കര്മാന് കണ്ടത്. ക്ഷേമ മാനദണ്ഡങ്ങളുടെ പട്ടികയില്‍ (‘happiness index’) ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന,ശാന്തിയും സമാധാനവും കളിയാടുന്ന സുഭിക്ഷരാജ്യങ്ങളാണവ. സാമൂഹിക സംഘര്‍ഷങ്ങളും മതലഹളകളും തീരെയില്ലെന്ന് പറയാം. ചരിത്രപരമായി നോക്കിയാല്‍ സമാധാനത്തെക്കാള്‍ പോരാട്ടവീര്യത്തിനും യുദ്ധത്തിനും പേരുകേട്ട വൈക്കിംഗുകളെപ്പോലുള്ള നോര്‍ഡിക് ഗോത്രവംശജരാണ് ജനതയില്‍ ഭൂരിപക്ഷവും. കുരിശുയുദ്ധകാലത്ത് വിശ്വാസസംരക്ഷണത്തിനായി പലപ്പോഴും സൈന്യങ്ങളെ അയച്ചുകൊടത്ത ചരിത്രവും സ്വീഡനും ഡന്‍മാര്‍ക്കിനുമുണ്ട്. ക്രമസമാധാനനില, സാക്ഷരത, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍, സമത്വബോധത്തിലടിസ്ഥാനമായുള്ള സാമൂഹികനിയമങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, കല, സാംസ്ക്കാരം,..എന്നീ രംഗങ്ങളില്‍ ലോകത്തിനാകെ മാതൃകയായ സ്ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അഴിമതി, കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാഴ്ചവെക്കുന്നത്".
കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം, അഴിമതി തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്കാന്ഡിനേവിയന് രാജ്യങ്ങള്‍ കാഴ്ചവെക്കുന്നത് എന്ന പാമര്‍ശം വസ്തുതാവിരുദ്ധമാണ്.
യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് മറ്റു ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടട്ടെ. അമേരിക്കയിലെ San Diego State University യിലെ ഡോ: റോബര്‍ട്ട് വിന്‍സ്ലോയുടെ കണക്കനുസരിച്ച് ( based on INTERPOL data)കൊലപാതകങ്ങള്‍, ബലാല്‍സംഗം, കളവ് എന്നിത്യാദികള്‍ സ്കാന്റിനേവിയന്‍ രാജ്യങ്ങളേക്കാളും കുറവ് തുര്‍ക്കിയിലും സൌദി അറേബ്യയിലും ഇറാനിലുമാണ്. 2000 ലെ ഡെന്മാര്ക്കിലെ കൊലപാതക നിരക്ക് 4.03 ആണെങ്കില്‍ ഇതേകാലത്ത് സൌദിഅറേബ്യയില്‍ 0.41 ആണ്. കളവ് ഡെന്മാര്ക്കില് 59.14 ആണെങ്കില്‍ സൌദി അറേബ്യയില്‍ വെറും 0.41 ആണ്. വാഹനമോഷണങ്ങള്‍ ഡെന്മാര്ക്കില് 604.18 ആണെങ്കില്‍ സൌദി അറേബ്യയില്‍ 76.25 ആണ് (per 100,000 population). ഇറാന്, തുര്‍ക്കി എന്നീ രാജ്യങ്ങളും ഉന്നതനിലവാരത്തിലാണ്. ഇത്തരം കുറ്റക്യത്യങ്ങള്‍ മൊത്തമായി എടുത്ത് ഇന്റക്സ് തയാറാക്കിയപ്പോഴും ഡെന്മാര്ക്കിനേക്കാള് എത്രയോ മടങ്ങ് ഉന്നതനിലവാരമാണ് സൌദി അറേബ്യക്കുളളതെന്ന് ഡോ: വിന്‍സ്ലോയുടെ വിശകലനങ്ങള്‍ തെളിയിക്കുന്നു (ഈ statistics ന്റെ വിശദാംശങ്ങള്‍ വായനക്കാരെ മടുപ്പിക്കുമെന്നതിനാല്‍ ഒഴിവാക്കുന്നു.)
59.14 നിരക്കില്‍ കളവും 9.32 നിരക്കില്‍ ബലാല്‍സംഗവും നടക്കുന്ന സമൂഹത്തിലാണോ അതോ ഇവയൊക്കെ ഇതേക്കാള്‍ വളരെ കുറഞ്ഞ തോതില്‍ നടക്കുന്ന സമൂഹത്തിലാണോ സാമൂഹികമായ സന്തുഷ്ടിയും സമാധാനവും കൂടുതലുണ്ടാവുക?
2)..ലേഖകന്റെ വരികള്‍ :
"യൂറോപ്പിലെ 45 ശതമാനം ജനങ്ങള്‍ അവിശ്വാസികളാണെന്നായിരുന്നു സുക്കര്‍മാന്റെ റിപ്പോര്‍ട്ട്. ഡെന്മാര്ക്ക്, സ്വീഡന് എന്നിവയടക്കമുള്ള സ്ക്കാന്‍ഡിനേവിയന്‍രാജ്യങ്ങളില്‍ കാണപ്പെട്ട സവിശേഷസാഹചര്യം അദ്ദേഹത്തില്‍ കൂടുതല്‍ കൗതുകം ജനിപ്പിച്ചു. എണ്പതു ശതമാനത്തിലധികം അവിശ്വാസികളുള്ള ഈ രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മതരഹിതമായ രാജ്യങ്ങളാണ്. മനുഷ്യചരിത്രത്തില്‍ ഇത്രയധികം മതരാഹിത്യം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്ന് പറയാം. നോര്‍വെയും ഫിന്‍ലന്‍ഡുമാണ് വിശ്വാസരാഹിത്യം വര്‍ദ്ധിച്ചുവരുന്ന മറ്റ് രണ്ട് സ്ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ മതനിരാസം 65 ശതമാനത്തിലധികമാണ്".
മതനിരാസം വര്‍ധിച്ച ഈ രാജ്യങ്ങളിലാണ് താരതമ്യേന മതബോധമുളള തുര്‍ക്കി, ഇറാന്, സൌദിഅറേബ്യ എന്നിത്യാദി രാജ്യങ്ങളെ അപേക്ഷിച്ച് മനോരോഗങ്ങളും ആത്മഹത്യകളും അധികമുളളത്. മനോരോഗങ്ങളും ആത്മഹത്യകളും വര്‍ദ്ധിച്ചുവരുന്നത് സാമൂഹികസന്തുഷ്ടിയുടേയും സമാധാനത്തിന്റേയും ലക്ഷണമായി ലേഖകന്‍ കാണുന്നുണ്ടോ എന്നു വ്യക്തമാക്കുമോ?
3) ലേഖകന്റെ വരികള്‍ :
"മതരഹിതരിലെ ധാര്‍മ്മികമന:സാക്ഷി മനുഷ്യസഹജമായ ഒന്നാണ്. മാതാവിന് കുട്ടിയോടുള്ള സ്നേഹം, ആലംബഹീനരോടും ദരിദ്രരോടും തോന്നുന്ന ആര്‍ദ്രത, സഹജീവിക്ക് സംഭവിക്കുന്ന ആപത്ത് കണ്ടുനില്‍ക്കാനുള്ള കരുത്തില്ലായ്മ തുടങ്ങിയവയൊക്കെ ജനിതകമായ ചോദനകളുടെ ഭാഗമാകുന്നു. എന്നാല്‍ മനുഷ്യന്റെ ധാര്‍മ്മികബോധം കൂടുതല്‍ മിനുസപ്പെടുത്തുന്നത് സാമൂഹ്യബന്ധങ്ങളിലൂടെയാണ്. ഇവിടെ മതം അനിവാര്യമല്ലെന്ന് മാത്രമല്ല മതബോധം പലപ്പോഴും അധാര്‍മ്മികതയ്ക്കും അക്രമവാസനയ്ക്കും ഹേതുവായിത്തീരുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ബദലായി പരിഹാരകര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും മതം വാഗ്ദാനം ചെയ്യുന്നതിനാല്‍ വിശ്വാസിക്ക് പലപ്പോഴും കുറ്റബോധമില്ലാതെതന്നെ അധാര്‍മ്മികത പ്രവര്‍ത്തിക്കാനാവുമെന്ന സാഹചര്യമുണ്ടാകാറുണ്ട് ".
മേല്‍ സൂചിപ്പിച്ച ഡോ: റോബര്‍ട്ട് വിന്‍സ്ലോയുടെ കണക്കനുസരിച്ച് മതരഹിത സമൂഹങ്ങളേക്കാള്‍ കുറ്റ ക്യത്യങ്ങളും അരാജകത്വവും കുറവ് സൌദി അറേബ്യ,തുര്‍ക്കി, ഇറാന് പോലുളള മതബോധമുളള സമൂഹങ്ങളിലാണ്. മതബോധം പലപ്പോഴും അധാര്‍മ്മികതക്കും അക്രമവാസനക്കും ഹേതുവായിത്തീരുന്നുവെന്ന ലേഖകന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഇതു തെളിയിക്കുന്നില്ലേ?
(തുടരും)