ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Thursday, July 14, 2011

മതമൂല്യങ്ങളും മതനിരാസവും പിന്നെ ഡെന്മാര്‍ക്കും

മതമൂല്യങ്ങളും സമൂഹത്തിന്റെ സുസ്ഥിതിയും ഏറെ പഠനങ്ങള്‍ക്കു വിഷയമായിട്ടുണ്ട്.  അവയെ പ്രയോജനപ്പെടുത്തിക്കൊണ്ടുളള ഒരു വിശകലനം ഇവിടെ ഉദ്ദേശിക്കുന്നില്ല. അമേരിക്കയിലെ പിറ്റ്‌സര്‍  യൂണിവേഴ്സിറ്റിയിലെ സാമൂഹികശാസ്ത്രജ്ഞനായ ഫില്‍ സുക്കര്‍മാന്റെ(Phil Zukerman) SOCIETY WITHOUT GOD: What the least religious nations can tell us about contentment  എന്ന ക്യതിയെ പരിചയപ്പെടുത്തുന്ന പ്രൊഫ: ന്റെ കുറിപ്പിലെ ചില ആശയങ്ങളെ വിലയിരുത്തുകയാണു താഴെ:


(1) ലേഖകന്റെ വരികള്‍ :


"2005 മുതല്‍ ഡന്‍മാര്‍ക്കിലും സ്വീഡനിലുമായി 14 മാസം കുടുംബസഹിതം താമസിച്ചാണ് അദ്ദേഹം ഈ സമൂഹങ്ങളെ സൂക്ഷ്മപഠനത്തിന്‌ വിധേയമാക്കിയത്‌. അമേരിക്കയിലെ ക്രൈസ്തവനേതൃത്വത്തിന്റെ പ്രചരണമനുസരിച്ച് ദൈവരഹിതസമൂഹങ്ങള്‍ അക്രമവും അരാജകത്വവും വിട്ടൊഴിയാത്ത പാപത്തിന്റെ വിളനിലങ്ങളായിരിക്കും. എന്നാല്‍ മതപരമായി ഉദാസീനമായ സ്‌ക്കാന്‍ഡിനേവിയന്‍ ജനങ്ങള്‍ വളരെയധികം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നതാണ് സുക്കര്‍മാന്‍ കണ്ടത്. ക്ഷേമ മാനദണ്ഡങ്ങളുടെ പട്ടികയില്‍ (‘happiness index’) ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന,ശാന്തിയും സമാധാനവും കളിയാടുന്ന സുഭിക്ഷരാജ്യങ്ങളാണവ. സാമൂഹിക സംഘര്‍ഷങ്ങളും മതലഹളകളും തീരെയില്ലെന്ന് പറയാം. ചരിത്രപരമായി നോക്കിയാല്‍ സമാധാനത്തെക്കാള്‍ പോരാട്ടവീര്യത്തിനും യുദ്ധത്തിനും പേരുകേട്ട വൈക്കിംഗുകളെപ്പോലുള്ള നോര്‍ഡിക് ഗോത്രവംശജരാണ് ജനതയില്‍ ഭൂരിപക്ഷവും. കുരിശുയുദ്ധകാലത്ത് വിശ്വാസസംരക്ഷണത്തിനായി പലപ്പോഴും സൈന്യങ്ങളെ അയച്ചുകൊടത്ത ചരിത്രവും സ്വീഡനും ഡന്‍മാര്‍ക്കിനുമുണ്ട്. ക്രമസമാധാനനില, സാക്ഷരത, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍, സമത്വബോധത്തിലടിസ്ഥാനമായുള്ള സാമൂഹികനിയമങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, കല, സാംസ്‌ക്കാരം,..എന്നീ രംഗങ്ങളില്‍ ലോകത്തിനാകെ മാതൃകയായ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അഴിമതി, കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാഴ്ചവെക്കുന്നത്".


കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം, അഴിമതി തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ കാഴ്ചവെക്കുന്നത് എന്ന പാമര്‍ശം വസ്തുതാവിരുദ്ധമാണ്.


യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് മറ്റു ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടട്ടെ.  അമേരിക്കയിലെ San Diego State University യിലെ ഡോ: റോബര്‍ട്ട് വിന്‍സ്ലോയുടെ കണക്കനുസരിച്ച് ( based on INTERPOL data)കൊലപാതകങ്ങള്‍, ബലാല്‍സംഗം, കളവ് എന്നിത്യാദികള്‍ സ്കാന്റിനേവിയന്‍ രാജ്യങ്ങളേക്കാളും കുറവ് തുര്‍ക്കിയിലും സൌദി അറേബ്യയിലും ഇറാനിലുമാണ്.  2000 ലെ ഡെന്‍മാര്‍ക്കിലെ കൊലപാതക നിരക്ക് 4.03 ആണെങ്കില്‍ ഇതേകാലത്ത് സൌദിഅറേബ്യയില്‍ 0.41 ആണ്.  കളവ് ഡെന്മാര്‍ക്കില്‍ 59.14 ആണെങ്കില്‍ സൌദി അറേബ്യയില്‍ വെറും 0.41 ആണ്.  വാഹനമോഷണങ്ങള്‍ ഡെന്മാര്‍ക്കില്‍ 604.18 ആണെങ്കില്‍ സൌദി അറേബ്യയില്‍ 76.25 ആണ് (per 100,000 population).  ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും ഉന്നതനിലവാരത്തിലാണ്.  ഇത്തരം കുറ്റക്യത്യങ്ങള്‍ മൊത്തമായി എടുത്ത് ഇന്റക്സ് തയാറാക്കിയപ്പോഴും ഡെന്‍മാര്‍ക്കിനേക്കാള്‍ എത്രയോ മടങ്ങ് ഉന്നതനിലവാരമാണ് സൌദി അറേബ്യക്കുളളതെന്ന് ഡോ: വിന്‍സ്ലോയുടെ വിശകലനങ്ങള്‍ തെളിയിക്കുന്നു (ഈ statistics ന്റെ വിശദാംശങ്ങള്‍ വായനക്കാരെ മടുപ്പിക്കുമെന്നതിനാല്‍ ഒഴിവാക്കുന്നു.)

59.14 നിരക്കില്‍ കളവും 9.32 നിരക്കില്‍ ബലാല്‍സംഗവും നടക്കുന്ന സമൂഹത്തിലാണോ അതോ ഇവയൊക്കെ ഇതേക്കാള്‍ വളരെ കുറഞ്ഞ തോതില്‍ നടക്കുന്ന സമൂഹത്തിലാണോ സാമൂഹികമായ സന്തുഷ്ടിയും സമാധാനവും കൂടുതലുണ്ടാവുക?


2)..ലേഖകന്റെ വരികള്‍ :


"യൂറോപ്പിലെ 45 ശതമാനം ജനങ്ങള്‍ അവിശ്വാസികളാണെന്നായിരുന്നു സുക്കര്‍മാന്റെ റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയടക്കമുള്ള സ്‌ക്കാന്‍ഡിനേവിയന്‍രാജ്യങ്ങളില്‍ കാണപ്പെട്ട സവിശേഷസാഹചര്യം അദ്ദേഹത്തില്‍ കൂടുതല്‍ കൗതുകം ജനിപ്പിച്ചു. എണ്‍പതു ശതമാനത്തിലധികം അവിശ്വാസികളുള്ള ഈ രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മതരഹിതമായ രാജ്യങ്ങളാണ്. മനുഷ്യചരിത്രത്തില്‍ ഇത്രയധികം മതരാഹിത്യം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്ന് പറയാം. നോര്‍വെയും ഫിന്‍ലന്‍ഡുമാണ് വിശ്വാസരാഹിത്യം വര്‍ദ്ധിച്ചുവരുന്ന മറ്റ് രണ്ട് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ മതനിരാസം 65 ശതമാനത്തിലധികമാണ്".


മതനിരാസം വര്‍ധിച്ച ഈ രാജ്യങ്ങളിലാണ് താരതമ്യേന മതബോധമുളള തുര്‍ക്കി, ഇറാന്‍, സൌദിഅറേബ്യ എന്നിത്യാദി രാജ്യങ്ങളെ  അപേക്ഷിച്ച് മനോരോഗങ്ങളും ആത്മഹത്യകളും അധികമുളളത്.  മനോരോഗങ്ങളും ആത്മഹത്യകളും വര്‍ദ്ധിച്ചുവരുന്നത് സാമൂഹികസന്തുഷ്ടിയുടേയും സമാധാനത്തിന്റേയും ലക്ഷണമായി ലേഖകന്‍ കാണുന്നുണ്ടോ എന്നു വ്യക്തമാക്കുമോ?




3)  ലേഖകന്റെ വരികള്‍ :


"മതരഹിതരിലെ ധാര്‍മ്മികമന:സാക്ഷി മനുഷ്യസഹജമായ ഒന്നാണ്. മാതാവിന് കുട്ടിയോടുള്ള സ്‌നേഹം, ആലംബഹീനരോടും ദരിദ്രരോടും തോന്നുന്ന ആര്‍ദ്രത, സഹജീവിക്ക് സംഭവിക്കുന്ന ആപത്ത് കണ്ടുനില്‍ക്കാനുള്ള കരുത്തില്ലായ്മ തുടങ്ങിയവയൊക്കെ ജനിതകമായ ചോദനകളുടെ ഭാഗമാകുന്നു. എന്നാല്‍ മനുഷ്യന്റെ ധാര്‍മ്മികബോധം കൂടുതല്‍ മിനുസപ്പെടുത്തുന്നത് സാമൂഹ്യബന്ധങ്ങളിലൂടെയാണ്. ഇവിടെ മതം അനിവാര്യമല്ലെന്ന് മാത്രമല്ല മതബോധം പലപ്പോഴും അധാര്‍മ്മികതയ്ക്കും അക്രമവാസനയ്ക്കും ഹേതുവായിത്തീരുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ബദലായി പരിഹാരകര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും മതം വാഗ്ദാനം ചെയ്യുന്നതിനാല്‍ വിശ്വാസിക്ക് പലപ്പോഴും കുറ്റബോധമില്ലാതെതന്നെ അധാര്‍മ്മികത പ്രവര്‍ത്തിക്കാനാവുമെന്ന സാഹചര്യമുണ്ടാകാറുണ്ട് ".


മേല്‍ സൂചിപ്പിച്ച ഡോ: റോബര്‍ട്ട് വിന്‍സ്ലോയുടെ  കണക്കനുസരിച്ച് മതരഹിത സമൂഹങ്ങളേക്കാള്‍ കുറ്റ ക്യത്യങ്ങളും അരാജകത്വവും കുറവ് സൌദി അറേബ്യ,തുര്‍ക്കി, ഇറാന്‍ പോലുളള മതബോധമുളള സമൂഹങ്ങളിലാണ്.  മതബോധം പലപ്പോഴും അധാര്‍മ്മികതക്കും അക്രമവാസനക്കും ഹേതുവായിത്തീരുന്നുവെന്ന ലേഖകന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഇതു തെളിയിക്കുന്നില്ലേ?


(തുടരും)

28 comments:

  1. മതനിരാസം വര്‍ധിച്ച ഈ രാജ്യങ്ങളിലാണ് താരതമ്യേന മതബോധമുളള തുര്‍ക്കി, ഇറാന്‍, സൌദിഅറേബ്യ എന്നിത്യാദി രാജ്യങ്ങളെ അപേക്ഷിച്ച് മനോരോഗങ്ങളും ആത്മഹത്യകളും അധികമുളളത്. മനോരോഗങ്ങളും ആത്മഹത്യകളും വര്‍ദ്ധിച്ചുവരുന്നത് സാമൂഹികസന്തുഷ്ടിയുടേയും സമാധാനത്തിന്റേയും ലക്ഷണമായി ലേഖകന്‍ കാണുന്നുണ്ടോ എന്നു വ്യക്തമാക്കുമോ?

    ReplyDelete
  2. സാറെ.. ശതമാനക്കണക്കു മനസ്സിലായില്ല.
    "59.14 ശതമാനം കളവും 9.32 ശതമാനം ബലാല്‍സംഗവും നടക്കുന്ന" എന്നു വെച്ചാല്‍ എന്താ? 100 പേരെ എടുത്താല്‍ 59 പേരും കള്ളന്മാരും 9 പേരു ബലാല്‍സംഘക്കാരും എന്നാണോ?

    "വാഹനമോഷണങ്ങള്‍ ഡെന്മാര്‍ക്കില്‍ 604.18 ശതമാനമാണെങ്കില്‍ സൌദി അറേബ്യയില്‍ 76.25 ശതമാനമാണ് (per 100,000 population)."
    ??? :-/

    ഒന്നൂടെ വിശദീക്കരിക്കു.. പ്ലീസ്..

    ReplyDelete
  3. പേടിത്തൊണ്ടാ,
    ശതമാനമല്ല. നിരക്കാണ്. അതു തിരുത്തിയിട്ടുണ്ട്.

    ReplyDelete
  4. കൊലപാതകങ്ങള്‍, ബലാല്‍സംഗം, കളവ് എന്നിത്യാദികള്‍ സ്കാന്റിനേവിയന്‍ രാജ്യങ്ങളേക്കാളും കുറവ് തുര്‍ക്കിയിലും സൌദി അറേബ്യയിലും ഇറാനിലുമാണ്
    what about pakistan ,afganistan,african nations?

    വാഹനമോഷണങ്ങള്‍ ഡെന്മാര്‍ക്കില്‍ 604.18 ശതമാനമാണെങ്കില്‍
    അതെന്തു കണക്കാണ് ഹുസൈന്‍ സാബേ ? ഒരു വാഹനം ആറ് തവണ മോഷ്ടിക്കപ്പെടുന്നു എന്നാണോ ?..ഹഹഹ !!! ശതമാനം എന്ന വാക്കിന്റെ അര്‍ഥം 'per hundred' എന്നാണെന്ന് പോലും അറിയില്ലേ ? per hundred എന്നെഴുതിയിട്ട് ബ്രാക്കറ്റില്‍ per 100,000 കൊടുത്താല്‍ എന്താണ് മനസ്സിലാക്കേണ്ടത്?!!.. ഹഹഹ ... പണ്ട് അങ്ങ് മൈക്രോസ്കോപ്പും ടെലസ്കോപ്പും തലനാരിഴ കീറി പരിശോധിച്ച ആളായത് കൊണ്ട് ചോദിച്ചതാണ് !!!

    മതവിശ്വാസവും കുറ്റകൃത്യവും തമ്മിലുള്ള ബന്ധമാണെങ്കില്‍ ഇന്ത്യയില്‍ തീവ്രമായി ചിന്തിക്കുന്ന മതവിശ്വാസികള്‍ ഉള്ള പ്രദേശങ്ങളില്‍ അക്കൂട്ടര്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ മതി , അതിപ്പോ ഹിന്ദു ആയാലും മുസ്ലീമായാലും ഒക്കെ ഒരുപോലെ തന്നെ .... കേരളത്തിലെ കാര്യം തന്നെ എടുക്കാം , വെറുതെ റാന്‍ഡം ആയി ഏതെങ്കിലും ഒരു മാസത്തെ പേപ്പര്‍ എടുത്തു പരിശോധിച്ചാല്‍ മതി , ശരിക്കും ഞെട്ടിപ്പോവുക തന്നെ ചെയ്യും !!

    ReplyDelete
  5. Telescope, Microscope എന്നിവ അബദ്ധത്തില്‍ മാറി എഴുതിയത് മനസ്സിലാക്കാം... അബദ്ധം എഴുത്തുകാരന്‍ സമ്മതിക്കുന്നതും മാന്യമായ നിലപാട്.

    എന്നാല്‍ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും തെറ്റിപ്പോയ ലേഖകന്‍ അല്ലാത്ത മറ്റൊരാള്‍ അതില്‍ കടിച്ചു തൂങ്ങി അതിനെ ന്യായീകരിക്കാനനല്ലോ ശ്രമിച്ചത്.

    ഇവിടെ ഹുസൈന്‍ സാഹിബ് ചൂണ്ടിക്കാണിച്ച ഉടനെ തിരുത്തി വളരെ നല്ലത്...

    ReplyDelete
  6. Superb answer Hussaib Saheb. Thanks. May God Reward you.

    ReplyDelete
  7. അടുത്ത കാലം വരെ ലോകത്ത്‌ ആത്മഹത്യയില്‍ ഒന്നാം സ്ഥാനം ഏറ്റവും കൂടുതല്‍ സന്തോഷം കളിയാടുന്ന ഫിന്‍ലാന്റിനായിരുന്നു!. ഫിന്‍ലാനറും മറ്റ് സ്കാണ്ടനെവിയന്‍ രാജ്യങ്ങളും ഇപ്പോഴും ആത്മയത്യയുടെ കാര്യത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു എത്രയോ മുന്നിലാണ്. ആളുകള്‍ സന്തോഷം സഹിക്കാന്‍ കഴിയാഞ്ഞിട്ടാണ് പോയി ആത്മഹത്യ ചെയ്യുന്നത് എന്ന് പറയാതിരുന്നാല്‍ മതിയായിരുന്നു നമ്മുടെ "യുക്തിവാദികള്"‍. താഴെ കൊടുത്ത സൈറ്റിലെ ടാറ്റ അനുസരിച്ച് ലോകത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളാണ് സ്കാണ്ടനെവിയന്‍ രാജ്യങ്ങള്‍. എല്ലവാരും പത്തിനുള്ളില്‍ എല്ലാവരും ഉണ്ട്.
    http://www.nationmaster.com/graph/cri_tot_cri_percap-crime-total-crimes-per-capita

    പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇറാഖും ആയി താരത്യം ചെയ്‌താല്‍ ഇതൊന്നുമല്ല എന്ന് അന്ഗീകരിക്കാം, പക്ഷെ ആരാ ജ്യങ്ങളിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യ കണക്കിലെടുക്കാതെ മതത്തെ പഴിചാരുന്നത് യുക്തിവാദ ബുദ്ധി മാത്രമായിരിക്കും.

    സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ എണ്‍പത്‌ ശതമാനത്തോളം ജനങ്ങള്‍ അവിശ്വാസികളാണ് എന്നാണ് രവിചന്ദ്രന്‍ എഴുതിരിക്കുന്നത്. ഇത് വായിച്ചാല്‍ തോന്നുക ആ രാജ്യങ്ങളിലെ എണ്‍പത്‌ ശതമാനത്തോളം ആളുകള്‍ പൂര്‍ണമായ നിരീശ്വര വാദികളാണ് എന്നാണ്. എന്നാല്‍ ഇത് വാസ്തവമല്ല. ഉദാഹരണമായി സ്വീഡന്‍ എടുക്കുക, 2009 ലെ കണക്കനുസരിച്ച് സ്വീഡനിലെ 71.3% ആളുകളും Church of Sweden (Lutheran) എന്ന ക്രിസ്ത്യന്‍ സഭയില്‍ അംഗങ്ങളും സഭക്ക് കൃത്യമായി നികുതി കൊടുക്കുന്നവരും ആണ്. ഇത് കൂടാതെ റോമന്‍ കത്തോലികരും, Eastern Orthodox Christians സഭക്കാരും മുസ്ലിംകളും സ്വീഡനില്‍ ഉണ്ട്. അതെ പോലെ തെന്നെ ഒരു പഠനം അനുസരിച്ച് ബാപ്ടിസം വും, പള്ളിയില്‍ വെച്ച് മതപരമായി നടത്തപ്പെടുന്ന വിവാഹങ്ങളും സ്വീഡനില്‍ വര്‍ധിക്കുന്നതായിട്ടാണ് കാണിക്കുന്നത്. അഥവാ മതം എന്നത് ഇവരുടെ ജീവിതത്തില്‍ നിന്നും പൂര്‍ണമായി തുടച്ചു നീക്കപ്പെട്ട സംഗതിയല്ല. ഇത് സ്വീഡന്റെ മാത്രം കാര്യമല്ല എല്ലാ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഇത് തെന്നെയാണ് അവസ്ഥ. Finland ല്‍ ക്രിസ്ത്യന്‍ സഭയില്‍ അംഗമായവര്‍ സഭക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട നികുതി വരുമാനത്തിന്‍റെ 1.3 % ത്തോളം ആണ്, എന്നിട്ടും ഇവിടെത്തെ 78.2% ജനങ്ങളും ഈ സഭയില്‍ അംഗങ്ങളാണ്.

    ക്രിസ്തുമതത്തിലെ ദൈവ ശാസ്ത്രപരമായ ത്വത്വങ്ങളോടും ദൈവ സാങ്കല്‍പ്പത്തോടും ഒരു തരം ഉദാസീനപരമായ സമീപനം ആണ് ഇവര്‍ വെച്ചു പുലര്‍ത്തുന്ന ഈ രാജ്യങ്ങളിലെ ജനങ്ങള്‍, എന്നാല്‍ ക്രിസ്തുമാത്തത്തെ ഒരു "സാംസ്കാരിക മതം" എന്ന നിലയില്‍ പിന്തുടരുന്നുണ്ട്. ( Zukerman ന്‍റെ പഠനത്തെ ക്കുറിച്ച് ന്യൂ യോര്‍ക്ക്‌ ടൈംസില്‍ വന്ന ഒരു ലേഖനനം നോക്കുക http://www.nytimes.com/2009/02/28/us/28beliefs.html?pagewanted=2 ). ഇവരാരും നിരീശ്വരവാദി കളാണ് തങ്ങള്‍ എന്ന് അംഗീകരിക്കാന്‍ തയ്യാറുള്ളവരുമല്ല.

    ReplyDelete
  8. തെറ്റായ നിഗമനങ്ങള്‍

    ശ്രീ രവിചന്ദ്രന്‍ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ഉയര്‍ന്ന വിദ്യാഭ്യാസവും സുഭിക്ഷിതയും, ഇറാഖുമായും അഫ്ഗാനിസ്ഥാനുമായും താരതമയപ്പെടുത്തി ഇത് മതം ഇല്ലാത്തതിന്റെ ഗുനഫലമാണെന്നു വ്യഗമായി സൂചിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു രാജ്യത്തിന്‍റെ സാമൂഹ്യവും സാംസ്കാരികവും ആയ പുരോഗതി ഏതാനും വര്‍ഷങ്ങള്‍കൊണ്ട് സംഭവിക്കുന്നതാണോ? രവിചന്ദ്രന്‍ തെന്നെ പറഞ്ഞതനുസരിച്ച് വെറും പതിനഞ്ചു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ഈ രാജ്യങ്ങളില്‍ മത നിരാശ പ്രവണത കണ്ടു തുടങ്ങിയിട്ട്. എങ്കില്‍ അതിന് മുമ്പ്, നൂറ്റാണ്ടുകളോളം ശക്തമായ മതബോധം നില നിന്നിരുന്ന ഒരു സമൂഹിക വ്യവസ്ഥിതിയില്‍ നിന്നും ആര്‍ജിച്ചെടുത്ത ഗുണങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇന്നും നിലനിക്കുന്നത് എന്നെ വരുന്നുള്ളൂ. അതെ പോലെ ഒരു രാജ്യത്തിന്‍റെ സുഭിക്ഷിതയുടെയും സാക്ഷരതയുടെയും മറ്റും കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ അവരുടെ ചരിത്രവും, ആ രാജ്യങ്ങളിലെ വിഭവ ശേഷിയും ഒക്കെ പരിശോധികണം.

    ദീര്‍ഘകാലം വിത്യസ്ത രാജ്യങ്ങളുടെ അധിനിവേശത്തിന്റെയും, യുദ്ധത്തിങ്ങളുടെയും മറ്റും കെടുതിയില്‍ തളച്ചിടപ്പെട്ട, അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളുമായി സ്‌ക്കാന്‍ഡിനേവിയനെ രാജ്യങ്ങളെ താരതമ്യം ചെയ്ത്, മത രാഹിത്യതിന്റെ ഗുണഫലങ്ങള്‍ നിരത്തുന്നതിനെ വിളിക്കുക യുക്തിവാദം എന്നല്ല.

    ReplyDelete
  9. എന്‍റെ ഒരു കമ്മന്റ് സ്പാമ്മില്‍ കുടുങ്ങിയിട്ടുണ്ട്.

    ReplyDelete
  10. വിപിൻ,

    പ്രതികരണത്തിന്‌ നന്ദി.

    (1) പാക്കിസ്ഥാൻ,ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയെ അപേക്ഷിച്ച് കൂടുതൽ മതമൗലികത പുലർത്തുന്ന തുർക്കിയിലും സൗദിആറേബ്യയിലും ഇറാനിലും സ്കാന്റിനേവിയൻ രാജ്യങ്ങളെക്കാളും കുറ്റകൃത്യങ്ങൾ കുറവാണെന്നതിനെ പറ്റി താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ?

    (2) ആധുനികഭൗതികതയാൽ സ്വാധീനിക്കപ്പെട്ട ആധുനിക മതവിശ്വാസികൾ കുറ്റകൃത്യങ്ങളിലേർപ്പെടുന്നത് മതത്തിന്റെ പേരിൽ മാത്രം എഴുതുന്നത് ശരിയല്ല.ഭൗതികതാത്പര്യങ്ങളാണ്‌ അതിനു പ്രേരണ.മോഷണം കുറ്റമാണെന്ന മതമൂല്ല്യത്തിൽ നിന്നും അകലുമ്പോഴാണു 'മതവിശ്വാസി' മോഷ്ടിക്കുന്നത്.എന്നാൽ മോഷണം തെറ്റാണെന്ന് സമർത്ഥിക്കുന്ന നിരീശ്വര-നിർമ്മിത-ശാസ്ത്രീയ-യുക്തിവാദ തത്വങ്ങൾ ആരെങ്കിലും ചൂണ്ടികാണിക്കാമോ?

    (3) അറിയാമെങ്കിലും അശ്രദ്ധകൊണ്ട്‌ പിശക് സംഭവിക്കും.ശ്രദ്ധയിൽപ്പെട്ടാൽ അവ തിരുത്തും.മൈക്രോസ്കോപ്പ് കൊണ്ട് വാന നിരീക്ഷണം നടത്താമെന്ന് വരുത്തിത്തീർക്കാൻ അസംഖ്യം മഠയത്തരങ്ങൾ എഴുതിക്കൊണ്ടേയിരിക്കേണ്ട ഗതികേട് പിശക് തിരുത്തുന്നവർക്ക് ഉണ്ടാകില്ല.ടെലിസ്കോപ്പ് മൈക്രോസ്കോപ്പാകാൻ പത്തു മഠയത്തരങ്ങൾ നിരത്തിയ ഒരാളുടെ പ്രതിനിധിയായ താങ്കൾ പിശക് തിരുത്തിയ എന്നെ പരിഹസിക്കുന്നത് കഷ്ടം തന്നെ!."പണ്ട്...മൈക്രോസ്കോപ്പും ടെലസ്കോപ്പും തലനാരിഴകീറി പരിശോധിച്ച ആളായത് കൊണ്ട്" പറയുകയാണ്‌!!

    ReplyDelete
  11. ഇറാനിലും സൌദിയിലുമെല്ലാം കുറ്റകൃത്യങ്ങള്‍ കുറഞ്ഞിരിക്കുന്നത് അവിടെ മതവിശ്വാസം കൂടുതലുള്ളത് കൊണ്ടാണെന്ന് പറയുന്നത് ശരിയല്ല എന്ന് മനസ്സിലാക്കാന്‍ അത്ര ബുദ്ധിയൊന്നും വേണ്ട. അവിടങ്ങളില്‍ നിലവിലിരിക്കുന്ന ശക്തമായ ശിക്ഷകളാണ് വിശ്വാസികളെ കുറ്റകൃത്യങ്ങളില്‍ നിന്ന് വിലക്കുന്നത്.(വിശ്വാസികളുടെ എണ്ണം കൂടിയിരിക്കുന്നത് വിശ്വാസിയല്ലെന്ന് പറഞ്ഞാല്‍ തല കാണില്ല എന്നറിയാവുന്നത് കൊണ്ടാണ്). പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും കാര്യം പറയുമ്പോള്‍ അത് രാഷ്ട്രീയം കൊണ്ടാണെന്ന് പറയുന്നത് എങ്ങനെ ശരിയാകും. അവിടെയും വിശ്വാസികളല്ലെയുള്ളത്. നല്ലതെല്ലാം മാത്രം നമ്മുടെ ഗുണങ്ങള്‍, ചീത്തയെല്ലാം മറ്റുള്ളവരുടേത്.

    ReplyDelete
  12. പ്രിയ സുരേഷ്ബാബു,

    "ഇപ്പറഞ്ഞ രാജ്യങ്ങളിൽ വിശ്വാസികളുടെ എണ്ണം കൂടിയിരിക്കുന്നത് വിശ്വാസിയല്ലെന്ന് പറഞ്ഞാല്‍ തല കാണില്ല എന്നറിയാവുന്നത് കൊണ്ടായിരിക്കാം" നാമമാത്രമാണെങ്കിലും തലയില്ലാത്ത ധാരാളം അവിശ്വാസികൾ അവിടെ ജീവിക്കുന്നത് ചിലപ്പോൾ അതാകാം കാരണം.വിശ്വാസികളല്ലാത്തവരുടെ തല വെട്ടാനുള്ള നിയമം ഏതു നിയമപുസ്തകത്തിലാണുള്ളത്?

    ReplyDelete
  13. നാസ്തികനായ "ദൈവം" യാത്ര ചെയ്യുന്നത് അലക്ഷ്യമായാണ്. ട്രാഫിക് ജാം ഒഴിവാക്കാന്‍ പുതിയ പാലങ്ങള്‍ തുടരെ തുടരെ നിര്‍മ്മിച്ചുക്കൊണ്ടിരിന്നിട്ടും
    പരിണാമ സിദ്ധാന്തം അകലെ അകലെ.....
    "നാസ്തികന്‍" ഇന്ത്യയില്‍ നിന്നും തുടങ്ങി..സ്ക്കാണ്ടിനാവിയ... സൊമാലിയ..സൗദി.. യാത്ര തുടരുന്നു...
    ട്രാഫിക് കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്കത്രേ.
    അങ്ങൊരു ബ്ലോഗിളില്ലാത്തത് യുക്തി വാതികളുടെ ഭാഗ്യം!!!!

    ReplyDelete
  14. പ്രിയ മുഹമ്മദ്‌ ,

    നാസ്തികനായ "ദൈവം" എന്നത് തിരുത്തി നാസ്തികരുടെ "ദൈവം" എന്നാക്കിയെങ്കില്‍ ഭംഗിയുള്ള ചേര്‍ച്ചാവാചകം ആയിരുന്നേനെ.

    ReplyDelete
  15. പ്രിയ ഷമീര്‍,
    താങ്ക്സ് , തിരുത്തി വീണ്ടുമിടുന്നു.

    നാസ്തികരുടെ "ദൈവം" യാത്ര ചെയ്യുന്നത് അലക്ഷ്യമായാണ്. ട്രാഫിക് ജാം ഒഴിവാക്കാന്‍ പുതിയ പാലങ്ങള്‍ തുടരെ തുടരെ നിര്‍മ്മിച്ചുക്കൊണ്ടിരിന്നിട്ടും
    പരിണാമ സിദ്ധാന്തം അകലെ അകലെ.....
    "നാസ്തികന്‍" ഇന്ത്യയില്‍ നിന്നും തുടങ്ങി..സ്ക്കാണ്ടിനാവിയ... സൊമാലിയ..സൗദി.. യാത്ര തുടരുന്നു...
    ട്രാഫിക് കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്കത്രേ.
    അങ്ങൊരു ബ്ലോഗിളില്ലാത്തത് യുക്തി വാതികളുടെ ഭാഗ്യം!!!!

    ReplyDelete
  16. എന്റെ പുതിയ ബ്ലോഗ് ചാന്ദ്രയാത്ര ആരംഭിച്ചു. ആദ്യ പോസ്റ്റ് :ചന്ദ്രനിലെ ജലവും സംശയങ്ങളും-രവിചന്ദ്രനു മറുപടി

    ReplyDelete
  17. യുക്തി വാതികളില്‍ നിന്നും ബ്ലോഗില്‍ എത്തിപ്പെട്ട "മലയാളി ഡോകിന്സും" പൊള്ളയാകുന്നു. അതെ വായനക്കാരാല്‍ അവിശ്വസിക്കപ്പെടുക.
    എഴുതപ്പെടുന്ന "വാക്കുകള്‍ക്കു" വിശ്വസ്യതയുണ്ടോ എന്ന് ഈ പ്രൊഫസ്സറും നോക്കുന്നില്ല. അപ്പോള്‍ പ്രൊഫസ്സര്‍ രവിചന്ദ്രനും
    ഇവിടെ പോസ്റ്റുകള്‍ ഇട്ടു സത്യസന്ധനാകുകയല്ല ചെയ്യുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെയും "കാര്‍ഡു" വായനക്കാര്‍ കണ്ടുകഴിഞ്ഞു.
    പ്രൊഫസ്സര്‍ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് കരുതിയവര്‍ കടുത്ത നിരാശയിലേക്ക് കൂപ്പു കുത്തുന്നു.
    സത്യം അകലെയല്ല, മുന്‍ധാരണ മാറ്റി നിഷ്കളങ്കമായി പഠിക്കണമെന്നെയുള്ളൂ, അത് മതമായാലും ശാസ്ത്രമായാലും.

    ഹുസൈന്‍ സാഹിബിന്റെ ഓരോ പോസ്റ്റും വായനക്കാരില്‍ ശക്തമായി തന്നെ സ്വാധീനിക്കുന്നു.
    മലയാളി "ബ്രൈറ്റിന്റെ" ഓരോപോസ്റ്റും ഹുസൈന്‍ സാഹിബിനെ ഓര്‍ത്തുകൊണ്ടാണ് എഴുതപ്പെടുന്നത്‌. ഒരു വൈദ്യരുടെ ഹൃദയത്തെ ഇങ്ങനെ കുലുക്കുമെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ?...
    ഹുസൈന്‍ സാഹിബില്‍ നിന്നും വിവിധ വിഷയങ്ങളിലുള്ള പോസ്റ്റുകളും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും താങ്കളുടെ വസ്തുതാപരമായ നിരീക്ഷണങ്ങള്‍ ഉപകാരപ്പെടും. അതിനായി "ചന്ദ്രാ യാത്ര" പോലുള്ള പുതിയബ്ലോഗുകള്‍ പ്രതീക്ഷിക്കട്ടെ.

    ReplyDelete
  18. സയ്യു said...
    Superb answer Hussaib Saheb. Thanks. May God Reward you.


    =സാബിന്‌ ഒരു ഹൂറിയെക്കൂടി അധികമായി ലഭിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അത് കിട്ടാതിരിക്കില്ല. അവന്‍ കരുണാമയനെത്രെ.

    ReplyDelete
  19. നാസ്തികന്‍ പ്രാര്‍ത്ഥന തുടങ്ങിയതില്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷം.
    എന്നാലും താങ്കളുടെ കുണ്ടിതം വെളിവാക്കേണ്ടിയിരുന്നില്ല!!!
    >>>> Nasthikan said…
    പ്രിയപ്പെട്ട രവിസര്,

    ഇത് അസാരം കടുപ്പമായിപ്പോയി. കിണ്ണം കൊടുത്ത് തളിക വാങ്ങുക എന്ന് കേട്ടിട്ടുണ്ട്. മിസ്റ്റര് ഹുസ്സൈന് ഈ തളികയുമായി ഇനി എന്തെല്ലാം സര്ക്കസ്സുകളിക്കുമെന്ന് കാണാന് കാത്തിരിക്കുന്നു
    17july2011
    http://nasthikanayadaivam.blogspot.com/2011/07/blog-post_16.html?showComment=1310885466159#c1943540557578697623 <<<<<

    ReplyDelete
  20. Proof of the food is in the eating.

    ReplyDelete
  21. വാസു,

    വിഴുങ്ങിയത് വിഷമാണെങ്കില്‍ ചര്‍ദ്ദിപ്പിക്കണം.അതിനുള്ള ഗുളികയാണ് ഹുസൈന്‍ നല്‍കിയത്‌.

    ReplyDelete
  22. ഇന്നലത്തെ വാര്‍ത്ത നോര്‍വെയില്‍ ഭീകരാക്രമണം തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ട് ടിവി കാണാനിരുന്നപ്പോള്‍ ആണ് ഈ ന്യൂസ്‌ കാണുന്നത്. ബിബിസിയും സി എന്‍ എന്‍ നിലും അപ്പോഴേക്കും അത് ഇസ്ലാമിക തീവ്രവാദമാണ് എന്നും പിന്നില്‍ അല ക്വയ്ദ യാണ് എന്നും ഉറപ്പിച്ചിരുന്നു. വൈകീട്ട് ഏകദേശം ആറുമണി മുതല്‍, പതിനൊന്ന് മണി വരെ (CET time) "വിദഗ്ദരുമായിട്ടുള്ള" ചര്‍ച്ചകളും ഇന്റെര്‍വ്യൂവുകളും ആയിരുന്നു ഈ ചാനളുകളില്‍ മുഴുവനും. ഒസാമ മരിച്ചിട്ടും അല്‍ഖ്വയ്ദക്ക് ബലക്ഷയം സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുകയാണ് തീവ്രവാദികള്‍ എന്നാണ് ചാനല്‍ അഭിപ്രായപെട്ടത്. അല്‍ക്വൊയ്ദ എന്ത് കൊണ്ട് നോര്‍വേ തിരെഞ്ഞുടുത്തു എന്ന ചോദ്യത്തിന് "വിദഗ്ദര്‍" പല ടൈപ്പ് ഉത്തരങ്ങള്‍ ഗണിച്ചു നല്‍കി. വേറെ ഒരു വിദഗ്ദന്‍ ബി ബി സി യില്‍, നോര്‍വയിലെ മുസ്ലിംകളുടെ കള്‍ച്ചറല്‍ ഇന്‍റെഗ്രേഷന്‍റെ പ്രാധാന്യത്തെ ക്കുറിച്ച് വൈകാരികമായി സംസാരിച്ചു!

    എന്നാല്‍ ഇന്ന് രാവിലെത്തെ വാര്‍ത്ത, ഒരു നോര്‍വെ പൌരന്‍ ഈ ആക്രമണവും ആയി ബന്ധപ്പെട്ട് പിടിയിലായി എന്നും അയാള്‍ ഒരു തീവ്ര വലതു പക്ഷ പ്രവര്‍ത്തകാണാന് എന്നും ആണ്. അന്താരാഷ്ട്ര ഭീകാവാദികള്‍ക്ക് ഈ സംഭവത്തില്‍ പങ്കില്ല എന്നും, ആഭ്യന്ത തീവ്രവാദം ആണ് സംഭവം എന്നുമാണ് പ്രാഥമിക നിഗമനം.

    മരണപ്പെട്ട നിരപരാധികളായ മനുഷ്യരുടെ ആതാമാക്കള്‍ക്ക് ശാന്തി ലഭിക്കട്ടെ, അവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമിക്കാനുള്ള കരുത്ത്‌ ലഭിക്കെട്ടെ. പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്നത് എന്ത് മാത്രം നിരുത്തരവാദിത്തപരമയാണ് മുഖ്യധാരമീഡിയകള്‍ ഈ വിഷയം കരികാര്യം ചെയ്തത് എന്നതാണ്.

    ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.