പ്രത്യേക താല്‍പ്പര്യം തോന്നാന്‍ കാരണമുണ്ട്. ഇങ്ങനെയൊരു കൃതി ഇറങ്ങിയതായി അറിഞ്ഞ സമയത്ത് വായിക്കണമെന്നും അതേപ്പറ്റി എഴുതണമെന്നും തോന്നി. ഡോക്കിന്‍സ് നിരീശ്വരവാദത്തെപ്പറ്റി എന്തെങ്കിലും എഴുതുന്നതിന് എത്രയോ മുന്‍പ് അതു സംബന്ധമായ നിരവധി പഠനങ്ങള്‍ ഞാന്‍ നോക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ 'ശാസ്ത്രമനോഭാവ' ഗ്രൂപ്പായ CSICOP യുടെ പ്രസിദ്ധീകരണങ്ങള്‍ കഴിയാവുന്നത്ര വായിക്കുകയും ശേഖരിക്കുകയും ചെയ്തിരുന്നു (നമ്മുടെ നാട്ടിലെ യുക്തിവാദികളുമായോ യുക്തിവാദപ്രസിദ്ധീകരണങ്ങളുമായോ ഇവരെ(യെ) താരതമ്യപ്പെടുത്താനാവില്ല. അത്തരം റാഷണലിസ്ററുകള്‍ അമേരിക്കയില്‍ വേറെയുണ്ട്). ഇവരുടെ ഗവേഷണ ജര്‍ണലായ Skeptical Inquirer ല്‍ ഒരു research article പോലും ഡോക്കിന്‍സിന്റേതായി കണ്ടിട്ടില്ല( Only, a CSICOP award in 1992) . ദൈവാസ്തിത്വത്തെപ്പറ്റി ഈ കൃതിക്കുമുന്‍പ് എടുത്തുപറയത്തക്ക എന്തെങ്കിലും ഡോക്കിന്‍സ് എഴുതിയതായും കണ്ടിട്ടില്ല. അതിനാല്‍ ഡോക്കിന്‍സ് കൃതി വായിക്കണമെന്നും പ്രസക്തമെങ്കില്‍ വിലയിരുത്തുന്ന കുറിപ്പുകള്‍ തയ്യാറാക്കണമെന്നും കരുതി. പുസ്തകം വായിച്ചപ്പോള്‍ ഉറപ്പിക്കുകയും ചെയ്തു.
കൊട്ടിഗ്ഘോഷിക്കപ്പെട്ട ഈ കൃതി ശാസ്ത്രീയമായും അതിലുപരി ദാര്‍ശനികമായും നിലവാരം കുറഞ്ഞ കൃതിയാണെന്നു വ്യക്തമായി. ദൈവാസ്തിത്വത്തെപ്പറ്റി നിരീശ്വരവാദികളായ ചിന്തകരുടെ കൃതികള്‍ പോലും ഡോക്കിന്‍സ് പഠിച്ചിട്ടില്ലെന്നും നിരീശ്വരവാദത്തിന്റെ താത്ത്വികാടിത്തറ അദ്ദേഹത്തിനു വശമില്ലെന്നും മനസ്സിലായി. പക്ഷേ, ഞാന്‍ നേരിട്ടത് ഒരു സാഹചര്യപ്രശ്നമായിരുന്നു. ഇംഗ്ളീഷില്‍ പ്രസിദ്ധീകൃതമായ കൃതിക്ക് മലയാളത്തില്‍ ഖണ്ഡനം തയ്യാറാക്കുന്നതിനു പ്രസക്തിയുണ്ടോ? സ്വാഭാവികമായും ആ പണി വേണ്ടെന്നു വെച്ചു. അങ്ങനെയിരിക്കെയാണ് ഡോക്കിന്‍സ് കൃതി മലയാളത്തിലെത്തുന്നു എന്ന വാര്‍ത്ത വരുന്നത്! അതോടെ സാഹചര്യപ്രശ്നം എന്ന വഴിമുടക്കു നീങ്ങിക്കിട്ടി!!
കുടുംബം, ജോലി, എഴുത്ത്, വായന തുടങ്ങിയ പല കുശലകാര്യങ്ങള്‍ക്കും പുറമെ യുക്തിവാദ-പരിണാമവാദങ്ങളെക്കുറിച്ചും പ്രൊഫ:രവിചന്ദ്രനുമായി സംസാരിച്ചു. ഡോക്കിന്‍സിന്റെ കൃതി മലയാളത്തില്‍ പുനരാഖ്യാനം ചെയ്യുന്നതിനപ്പുറം അതിനെ വിലയിരുത്താന്‍ അദ്ദേഹത്തിനു സാധിക്കില്ലെന്നു മനസ്സിലായി. ഒരു കൃതി പുനരാഖ്യാനം ചെയ്യാന്‍ ആ കൃതിയിലെ ആശയങ്ങള്‍ക്കു ചുറ്റും കറങ്ങിയാല്‍ മതിയാവും. എന്നാല്‍ ഒരു കൃതിയെ വിലയിരുത്താനോ വിമര്‍ശനാത്മകമായി നിരൂപണം ചെയ്യാനോ അത് ഒട്ടും മതിയാവില്ല. ആ കൃതിയുടെ ആശയലോകത്തിനു പുറത്തുകടന്ന് തികച്ചും വ്യത്യസ്തവും വിരുദ്ധവുമായ നിരവധി പഠനങ്ങള്‍ സ്വാംശീകരിക്കേണ്ടിവരും. അതിനുള്ള ശ്രമം ഡോക്കിന്‍സിനെ ‘പൂവിടാതെ പൂജിക്കുന്ന’വരില്‍ നിന്നു പ്രതീക്ഷിക്കാനാവില്ലല്ലോ.
ഡോക്കിന്‍സ് കൃതി മലയാളത്തിലാക്കുന്നതുകൊണ്ട് എനിക്കുണ്ടായ എളുപ്പം അദ്ദേഹത്തെ ധരിപ്പിച്ചു. ഇംഗ്ളീഷ് കൃതിക്ക് മലയാളത്തില്‍ നിരൂപണമെഴുതിയാല്‍ ഗ്രന്ഥകാരന്റെ വാക്യങ്ങള്‍ വിവര്‍ത്തനം ചെയ്യുക എന്ന വലിയൊരു പണികൂടിയുണ്ടാവും. അതൊഴിവായിക്കിട്ടിയതിലുള്ള സന്തോഷവും അദ്ദേഹത്തെ അറിയിച്ചു.( സംഭാഷണങ്ങളുടെയും ഇ-മെയില്‍ കൈമാറ്റത്തിന്റേയും വിശദാംശങ്ങള്‍ വിസ്താരഭയത്താല്‍ ഇവിടെ ഒഴിവാക്കുന്നു. ആവശ്യമെങ്കില്‍ പിന്നീടു വിശദമാക്കാം.)
പ്രൊഫ:രവിചന്ദ്രന്റെ ബൂലോകത്തേക്കുള്ള വരവിനു സ്വാഗതം ആശംസിക്കുന്നു. സംവാദം ആരോഗ്യകരമാകാന്‍ അതു സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഒന്നാമത്തെ പോസ്ററിലെ ചില പരാമര്‍ശങ്ങളോടുള്ള പ്രതികരണം താഴെ:
1.പ്രൊഫ:രവിചന്ദ്രന്‍ എഴുതുന്നു:
"ശ്രീ.ഹുസൈനെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് എനിക്ക് ടിക്കറ്റെടുക്കാനായി അരമണിക്കൂറിലേറെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ ക്യൂ നിന്ന ആ കുഞ്ഞുമനുഷ്യനാണ് എന്റെ സ്മൃതിപഥത്തിലെത്തുന്നത്. ആദ്യമായി തമ്മില്‍ കാണുകയായിരുന്നുവെങ്കിലും അന്നദ്ദേഹം പ്രകടിപ്പിച്ച ലാളിത്യവും സ്‌നേഹവും എന്നെ സ്പര്‍ശിച്ചു. ആ ദിവസം എറണാകുളത്ത് ഒരു പബ്ലിക് ഓഡിറ്റോറിയത്തില്‍ 'നാസ്തികനായ ദൈവ'വുമായി ബന്ധപ്പെട്ട ഒരു പവര്‍പോയിന്റ് പ്രസന്റേഷന്‍ ഞാനവതരിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പിന്നൊരിക്കല്‍ ചങ്ങനാശ്ശേരിയിലെ എന്റെ വീട്ടിലും വരുകയുണ്ടായി. വായന, പുസ്തകം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചൊറിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെടുന്ന ഒരു സമൂഹത്തില്‍ വായിക്കാനും പഠിക്കാനും ഏറെ സമയം ചെലവഴിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമാണുള്ളത്".
സ്നേഹത്തോടെയും അനുഭാവത്തോടെയും ഈ വരികള്‍ കുറിച്ചതിനു നന്ദി.
2. അദ്ദേഹം എഴുതി:
"എന്നാല്‍ ശ്രീ.ഹുസൈന്‍ മുന്നോട്ടുവെക്കുന്ന ചിന്താധാരയോട് സമാനമായ ആഭിമുഖ്യമില്ല. കാഴ്ച മങ്ങിവരുന്ന ഒരു സമൂഹത്തിന്റെ കണ്ണുകള്‍കൂടി കുത്തിപ്പൊട്ടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായാണ് കണ്ടിട്ടുള്ളത്."
"കാഴ്ച മങ്ങിവരുന്ന ഒരു സമൂഹം" ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഏതായാലും ഈ പ്രയോഗം കൂടുതല്‍ യോജിക്കുന്നത് യുക്തിവാദ-നിരീശ്വരസമൂഹത്തിനാണെന്നു വ്യക്തം. ദൈവത്തെയും ഭൌതികാതീത യാഥാര്‍ത്ഥ്യങ്ങളെയും മൂല്യങ്ങളെയും കാണാന്‍ കഴിയാത്തത്ര കാഴ്ച മങ്ങിയവര്‍ അവര്‍ തന്നെയാണല്ലോ. എന്നുതന്നെയല്ല ശാസ്ത്ര-ദാര്‍ശനിക രംഗത്ത് ഭൌതിക മാത്രാവാദത്തിനെതിരെ പാശ്ചാത്യലോകത്തുതന്നെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ധൈഷണികമായ വെല്ലുവിളികളും അവര്‍ക്കു കാണാനാവുന്നില്ല. യുക്തിവാദ-നിരീശ്വര-പരിണാമവാദികളുടെ ഈ ധൈഷണികത്തിമിരം ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു എന്നതു യാഥാര്‍ത്ഥ്യമാണ്. തിമിരം കണ്ണിന്റെ ഭാഗമായി കണ്ട ചിലര്‍ക്ക് അതില്‍ അസ്വസ്ഥതയുണ്ടാകുന്നതു സ്വാഭാവികമാണ്.
3. അദ്ദേഹം എഴുതുന്നു:
"'നാസ്തികനായ ദൈവ'ത്തിന്റെ ഖണ്ഡനത്തില്‍ എനിക്കെതിരെ കടുത്ത പ്രയോഗങ്ങളും പരിഹാസങ്ങളും ധാരാളമുണ്ട്. എന്നെക്കാളും മുതിര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യവും അര്‍ഹതയുമുള്ളതായി ഞാന്‍ സങ്കല്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ അതിനോട് പ്രതികരിക്കാനില്ല. ആശയപരമായ സംവാദങ്ങള്‍ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാന്‍ താല്‍പര്യമില്ല. ശ്രീ.ഹുസൈന്റെ അവതരണരീതിയും ഭാഷാശൈലിയുമൊന്നും വിലയിരുത്താന്‍ ഞാനാളല്ല. വിയോജിപ്പ് എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ച് മാത്രം".
അദ്ദേഹത്തിനെതിരെ "കടുത്ത പ്രയോഗങ്ങളും പരിഹാസങ്ങളും ധാരാളമുണ്ട്" എന്ന പരാമര്‍ശം വസ്തുതാവിരുദ്ധമാണ്. സാമാന്യമായ പ്രയോഗങ്ങളും വിമര്‍ശനങ്ങളും ഒറ്റപ്പെട്ട തോതിലുണ്ട് എന്നതാണു ശരി. ഏറെയും ആശയപരമായ ഖണ്ഡനങ്ങളാണ്. മാന്യമല്ലാത്ത കടുത്ത പ്രയോഗങ്ങളും പരിഹാസങ്ങളും ധാരാളമുള്ളതില്‍ നിന്നു് ഏറ്റവും കടുത്ത പ്രയോഗങ്ങളും പരിഹാസങ്ങളും സാമ്പിളായി ചുണ്ടിക്കാട്ടിയാല്‍ അവ അടുത്ത പതിപ്പില്‍ ഒഴിവാക്കാനും തയ്യാറാണ്.
ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം ചൂണ്ടിക്കാട്ടട്ടെ. മതവിശ്വാസം മനോരോഗമാണെന്നു സമര്‍ത്ഥിക്കുന്ന ഒരു കൃതി രചിച്ചയാള്‍ മതവിശ്വാസികള്‍ മാന്യരാകണം എന്നുപദേശിക്കുന്നത് അധികപ്രസംഗമായേ സാമാന്യബോധമെങ്കിലും ഉള്ളവര്‍ക്കു തോന്നൂ. ദൈവത്തില്‍ വിശ്വസിക്കുന്നതു മനോരോഗമാണെന്നു മനശ്ശാസ്ത്രജ്ഞര്‍ വിധിയെഴുതാത്ത കാലത്ത് ദൈവത്തില്‍ വിശ്വസിക്കുന്നതു മനോരോഗമാണെന്ന് ഒട്ടേറെയിടങ്ങളില്‍ ആവര്‍ത്തിച്ചെഴുതിയ ഒരു ഗ്രന്ഥകാരന്‍ മറ്റുള്ളവര്‍ തന്നെ പരിഹസിക്കരുതെന്നു പറയുന്നത് തമാശയല്ലാതെ മറ്റെന്താണ്?
“മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ വിഡ്ഢിയെകണ്ടെത്തിയ ആദ്യത്തെ ചതിയനാണു മതത്തിനു തുടക്കമിട്ട"തെന്ന് (താനടക്കമുള്ള) മതവിമര്‍ശകര്‍ കരുതുന്നതായി നാസ്തികനായ ദൈവത്തില്‍ (p.13) എഴുതുകയും ഈ ആശയം ഗ്രന്ഥത്തിലുടനീളം ആവര്‍ത്തിക്കുകയും ചെയ്ത ഗ്രന്ഥകാരന്‍ അത്രയ്ക്കു മാന്യത ചമയുന്നതു സംഗതമാണോ?
“മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ വിഡ്ഢിയെ കണ്ടെത്തിയ ആദ്യത്തെ ചതിയനാണു നിരീശ്വരവാദത്തിനു തുടക്കമിട്ടതെന്ന്” മതവിശ്വാസികള്‍ കരുതാത്തത് അവര്‍ക്കു വിവരവും ചരിത്രബോധവും മാന്യതയും ഉള്ളതുകൊണ്ടാണെന്നു ഗ്രന്ഥകാരന്‍ മനസ്സിലാക്കിയാല്‍ നന്ന്.
മതവിശ്വാസത്തെ മനോരോഗമായും മതവിശ്വാസികളെ ചതിയന്മാരായും കണക്കാക്കുന്ന ഗ്രന്ഥകാരന്‍ വിശ്വാസികളുമായി മാന്യമായ ആശയസംവാദത്തിനു തയ്യാറാണെന്നൊക്കെ നയപ്രഖ്യാപനം നടത്തുന്നത് നയതന്ത്ര ചരിത്രത്തിലെ ഏതുതരം ഫലിതത്തിലാണ് എണ്ണപ്പെടുക എന്നെനിക്കറിയില്ല. ഏതായാലും അദ്ദേഹത്തിന്റെ നിഷ്കളങ്കതയാകാം ഒരേസമയം എതിര്‍പക്ഷക്കാരെ ഇങ്ങനെ ചിത്രീകരിക്കാനും സംവാദത്തിനു തയ്യാറാവാനും പ്രേരിപ്പിക്കുന്നത്!
"മതവിശ്വാസിയെന്നാല്‍ ജീവിതനേട്ടങ്ങള്‍ക്കായി ഏതെങ്കിലും ദൈവത്തെ പ്രീണിപ്പിക്കുന്ന സ്വാര്‍ത്ഥമോഹി എന്നേ അര്‍ത്ഥമുള്ളൂ "(p.13) എന്നും പ്രൊഫ:രവിചന്ദ്രന്‍ എഴുതുന്നു. ഇത്രക്ക് കഠിനവും മാന്യതയോ പ്രതിപക്ഷ ബഹുമാനമോ ഒട്ടും ഇല്ലാത്തതുമായ ഒരൊറ്റവരിയെങ്കിലും എന്റെ കൃതിയില്‍ നിന്ന് അദ്ദേഹം ഹാജരാക്കുമോ?
4. “മതവിശ്വാസിയെന്നാല്‍ ജീവിതനേട്ടങ്ങള്‍ക്കായി ഏതെങ്കിലും ദൈവത്തെ പ്രീണിപ്പിക്കുന്ന സ്വാര്‍ത്ഥമോഹി എന്നേ അര്‍ത്ഥമുള്ളൂ” എന്ന് എഴുതിയ ഗ്രന്ഥകാരന്‍ തന്നെ ഒന്നാം പോസ്ററില്‍ നല്‍കിയ സംഭാഷണ വിവരണം നോക്കൂ:
"''നാസ്തികത എന്നൊക്കെ പറഞ്ഞുനടക്കുന്നത് വെറും 'ചീപ്' (cheap) പരിപാടിയല്ലേ?'' 2010 മാര്‍ച്ചില്‍ കോഴിക്കോട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാര്‍ കഴിഞ്ഞിറങ്ങിയപ്പോള്‍ കംമ്പ്യൂട്ടര്‍ വിദഗ്ധനനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ശ്രോതാവാണ് ഈ ചോദ്യമെറിഞ്ഞത്.''സാറിനെപ്പോലെ വിദ്യാഭ്യാസവും അറിവുമുള്ളവര്‍ ഇത്തരം വിവരക്കേട് പറഞ്ഞുനടക്കുന്നതിലും 'ചീപ്പാ'യി മറ്റെന്താണുള്ളത്?''-പുള്ളിക്കാരന്‍ വിടാന്‍ ഭാവമില്ല.
'സുഹൃത്തേ താങ്കള്‍ ഒരു മതവിശ്വാസിയാണോ?' -ചിരിച്ചുകൊണ്ടാണ് ഞാന്‍ ചോദിച്ചത്.
''അതെ, എന്താ സംശയം? നല്ല ഒന്നാന്തരം വിശ്വാസി. അഭിമാനത്തോടെ എവിടെയും പറയും.''
'നല്ല കാര്യം! താങ്കളുടെ കുടുംബവും മതജീവിതം നയിക്കുന്നവരായിരിക്കുമല്ലോ. അതിരിക്കട്ടെ, ഒരു മാസം മതകാര്യങ്ങള്‍ക്കായി മാത്രമായി ശരാശരി എത്ര തുക താങ്കള്‍ ചെലവഴിക്കും?-ഞാന്‍ ചോദിച്ചു.
''എന്തു തുക?..അതൊക്കെ അറിയുന്നതെന്തിനാ?...എന്നാലും പറയാം, അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്. ഒരു ചെലവായി ഞാനതിനെ കാണുന്നില്ല.''
'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'
''എന്താ നിങ്ങളെന്നെ 'ആക്കു'കയാണോ?''-ആ ചങ്ങാതിയുടെ അടുത്ത ചോദ്യം; അവസാനത്തേതും."
ഇനി വായനക്കാര്‍ തീരുമാനിക്കട്ടെ, ചെലവാക്കുന്നവനാണോ അതോ "അഞ്ചുപൈസ" ചെലവാക്കാത്തവനാണോ യഥാര്‍ത്ഥ സ്വാര്‍ത്ഥമോഹിയെന്ന്! ചെലവ് സ്വാര്‍ത്ഥതയാണെന്നും പിശുക്ക് നിസ്വാര്‍ത്ഥതയാണെന്നുമുള്ള പുതിയ വല്ല ധനശ്ശാസ്ത്രവും ഗ്രന്ഥകാരന്‍ കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല!!
5. ഗ്രന്ഥകാരന്‍ :
" 'നാസ്തികനായ ദൈവ'ത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഖണ്ഡനത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളെല്ലാം പ്രതികരണം അര്‍ഹിക്കുന്നവയാണെന്ന അഭിപ്രായമില്ല. ആവര്‍ത്തനദോഷം വളരെയധികമുള്ള ടി. ഖണ്ഡനത്തില്‍ പ്രസക്തമെന്ന് തോന്നിയ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കാം. 'നാസ്തികനായ ദൈവ'ത്തില്‍ ചര്‍ച്ചചെയ്യുന്ന 75% വിഷയങ്ങളും അദ്ദേഹം അവഗണിക്കുകയോ വിട്ടുകളയുകയോ ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് പൂര്‍ണ്ണമായ ഒരു ഖണ്ഡനമായി(a complete rebuttal) അദ്ദേഹത്തിന്റെ ഗ്രന്ഥത്തെ വിലയിരുത്താനാവില്ല. ശ്രീ.ഹുസൈന് പഥ്യമെന്ന് തോന്നിയ മേഖലയില്‍ മാത്രമായി ഇടപെടല്‍ പരിമിതപ്പെടുകയാണ്. മാത്രമല്ല ഖണ്ഡനത്തില്‍ 'നാസ്തികനായ ദൈവം'ഘടനപരമായും ക്രമനിബദ്ധമായും പിന്തുടരാനുള്ള ശ്രമവുമില്ല. ഉദ്ധരണികളും പരാമര്‍ശങ്ങളും കുഴഞ്ഞുമറിഞ്ഞും കയറിയിറങ്ങിയും വരുന്നത് കാണാം. ക്രമനിബദ്ധമായി വിഷയങ്ങള്‍ വിശകലനം ചെയ്യാത്തതിനാല്‍ ആ രീതിയിലും പ്രതിരോധിക്കേണ്ടതില്ലെന്ന് തോന്നുന്നു".
യഥാര്‍ത്ഥത്തില്‍ ആവര്‍ത്തനദോഷവും ഘടനാപരമായ കുഴിമറിച്ചിലുകളും ഏറെയുള്ളത് അദ്ദേഹത്തിന്റെ കൃതിയിലാണ്. അതിനാല്‍ ഈ പ്രശ്നം കഴിയാവുന്നത്ര ഒഴിവാക്കാന്‍ ശൈലി വ്യത്യാസത്തോടെയുള്ള, സമാന ആശയങ്ങളുള്ള പരാമര്‍ശങ്ങള്‍ ഒരു ഭാഗത്തു ശേഖരിക്കുകയും തുടര്‍ന്ന് നിരൂപണം നടത്തുകയും ചെയ്തു. “ഖണ്ഡനത്തില്‍ ‘നാസ്തികനായ ദൈവം’ ഘടനപരമായും ക്രമനിബന്ധമായും പിന്തുടരണ”മെങ്കില്‍ പ്രസ്തുത കൃതിയില്‍ ക്രമവും ഘടനാഭദ്രതയും ഉണ്ടാകണ്ടേ? അതില്ലാത്തതുകൊണ്ടാണ് പിന്തുടരാനുളള ശ്രമം ഇല്ലാതെ വന്നത്. അദ്ദേഹത്തിന്റെ കൃതിയിലെ കുഴമറിച്ചിലുകള്‍ക്കനുസ്യതമായാണ് എന്റെ അവതരണം നീങ്ങിയിരുന്നതെങ്കില്‍ അത് ഘടനാപരമായ ദുരന്തമായി മാറുമായിരുന്നു. എന്നാല്‍ എന്റെ ക്യതിയുടെ ഒന്നാം ഭാഗം 'ദൈവാസ്തിത്വം: ശാസ്ത്രവും ദര്‍ശനവും' ആണ്. രണ്ടാംഭാഗം 'ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ ', മൂന്നാം ഭാഗം 'പരിണാമസിദ്ധാന്തവും ഉത്തരാധുനിക ശാസ്ത്രവും'. ദൈവാസ്തിത്വത്തെക്കുറിച്ച് ശാസ്ത്ര- ദാര്‍ശനിക മേഖലയുമായി ബന്ധപ്പെട്ട് 'നാസ്തികനായ ദൈവ'ത്തില്‍ ചിതറിക്കിടക്കുന്ന പരാമര്‍ശങ്ങള്‍ വിഷയാധിഷ്ഠിതമായി ക്രമപ്പെടുത്തുകയാണു ഞാന്‍ ചെയ്തത്. എന്നാല്‍ ഖണ്ഡനവിധേയമായ ക്യതിയില്‍ ഇങ്ങനെയൊരു വിഷയക്രമമേ ഇല്ലെന്ന് ഒറ്റവായനയില്‍ തന്നെ ആര്‍ക്കും മനസ്സിലാവും.
ആവര്‍ത്തനദോഷം ഏറെയുളള ഒരു കൃതിയെ ഖണ്ഡിക്കുമ്പോള്‍ സ്വാഭാവികമായും വരാവുന്ന ആവര്‍ത്തനങ്ങളേ എന്റെ കൃതിയില്‍ കാണാനാവൂ. രണ്ടു കൃതികളും താരതമ്യപ്പെടുത്തിയാല്‍ ആര്‍ക്കും ഇതു ബോധ്യമാവും.
ഒരു കാര്യം കൂടി ചൂണ്ടിക്കാട്ടാം. ഡോക്കിന്‍സിന്റെ ഇംഗ്ളീഷ് കൃതി വിഷയങ്ങള്‍ ക്രമബദ്ധമായി പ്രതിപാദിക്കുന്നു. എന്നാല്‍ മലയാളം ഗ്രന്ഥകാരനാകട്ടെ ആ വിഷയക്രമങ്ങള്‍ മുഴുക്കെ അട്ടിമറിച്ചതായി കാണാം. അതിനാല്‍ തികച്ചും വ്യത്യസ്തമായ വിഷയക്രമമുളള ഇംഗ്ളീഷ് - മലയാളം കൃതികളില്‍ ഏതാണു ശരിയായ ക്രമം പാലിച്ചിട്ടുള്ളത് എന്ന സംശയത്തിനും പ്രസക്തിയുണ്ട്. ഏതെങ്കിലും ഒന്ന് കുഴമറിച്ചിലാകാതെ തരമില്ലല്ലോ !
"75 ശതമാനം വിഷയങ്ങളും" അവഗണിക്കുകയോ വിട്ടുകളയുകയോ ചെയ്തിട്ടുണ്ട് എന്നതു തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഡോക്കിന്‍സിന്റെ കൃതിയിലെ ശാസ്ത്ര-തത്വശാസ്ത്രവാദങ്ങളെയാണ് 'നവനാസ്തികത'യില്‍ ഖണ്ഡിച്ചിട്ടുള്ളത്. കൂടുതല്‍ പ്രധാന്യം അവക്കായതിനാല്‍ ആദ്യം പരിഗണിച്ചത് അവയാണ്. സാമൂഹികശാസ്ത്രവാദങ്ങള്‍ മറ്റൊരു കൃതിയില്‍ വേറെ തന്നെ കൈകാര്യം ചെയ്യാം എന്നു കരുതിയാണ് ഇങ്ങനെ ചെയ്തത്. ശാസ്ത്ര-ദര്‍ശനിക മേഖലയില്‍ വരുന്ന ഒട്ടെല്ലാ വാദങ്ങളെയും നിരൂപണം ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ അവശേഷിക്കുന്നത് സാമൂഹിക ശാസ്ത്രമേഖലയിലെ ഏതാനും വാദങ്ങള്‍ മാത്രമാണ്. നവനാസ്തികതക്ക് ആമുഖക്കുറിപ്പ് തയ്യാറാക്കാത്തതിനാല്‍ അക്കാര്യം സൂചിപ്പിക്കാനായില്ല. ഇതാകാം 75 ശതമാനം വിട്ടതായ തെറ്റിദ്ധാരണയുണ്ടാക്കിയത്.
“ടി ഖണ്ഡനത്തില്‍ പ്രസക്തമെന്ന് തോന്നിയ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കാം” എന്നാണല്ലോ ഗ്രന്ഥകാരനും എഴുതുന്നത്. ഇത് ഏതു ഗ്രന്ഥകാരനും ബാധകമായ കാര്യമല്ലേ? പ്രസക്തമല്ലാത്തത് ഒഴിവാക്കിയാല്‍ പൂര്‍ണമായ ഒരു ഖണ്ഡനമല്ലെന്നു വരുന്നില്ല.ശാസ്ത്ര-ദാര്‍ശനികവാദങ്ങളെ പൂര്‍ണമായും ഖണ്ഡിക്കുകയും സാമൂഹികശാസ്ത്ര പ്രതിപാദനങ്ങളെ മറ്റൊരു കൃതിയിലേക്കു മാറ്റിവെക്കുകയുമാണു ചെയ്തത്.
ശ്രദ്ധേയമായ മറ്റൊരു കാര്യം :The God Delusion എന്ന കൃതിയെഴുതിയ ഡോക്കിന്‍സ് ഇന്നത്തെ പ്രമുഖ ധിഷണകളായ വില്യം ക്രെയിഗ്, സ്ട്രോബല്‍ , മൈക്കേള്‍ കൊറി തുടങ്ങി അല്‍വിന്‍ പ്ളാറ്റിങ് വരെ നീളുന്നവരുടെ ദൈവാസ്തിത്വത്തിന് അനുകൂലമായ ഒരൊറ്റ വാദത്തെയും ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടില്ല!
നിരീശ്വരവാദികളുടെ ഈ പ്രമുഖചിന്തകന് അവരെപ്പറ്റി കേട്ടറിവു പോലും ഇല്ലെന്നു തോന്നുന്നു. ഡോക്കിന്‍സിന്റെ ഈ ഒഴിഞ്ഞുമാറ്റം പരിഗണിക്കുമ്പോള്‍ എന്റെ പ്രതിപാദനം സമഗ്രം തന്നെയാണെന്നു പറയാം.
(തുടരും)
എന്റെ ക്യതിയുടെ ഒന്നാം ഭാഗം 'ദൈവാസ്തിത്വം: ശാസ്ത്രവും ദര്‍ശനവും' ആണ്. രണ്ടാംഭാഗം 'ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ ', മൂന്നാം ഭാഗം 'പരിണാമസിദ്ധാന്തവും ഉത്തരാധുനിക ശാസ്ത്രവും'. ദൈവാസ്തിത്വത്തെക്കുറിച്ച് ശാസ്ത്ര- ദാര്‍ശനിക മേഖലയുമായി ബന്ധപ്പെട്ട് 'നാസ്തികനായ ദൈവ'ത്തില്‍ ചിതറിക്കിടക്കുന്ന പരാമര്‍ശങ്ങള്‍ വിഷയാധിഷ്ഠിതമായി ക്രമപ്പെടുത്തുകയാണു ഞാന്‍ ചെയ്തത്. എന്നാല്‍ ഖണ്ഡനവിധേയമായ ക്യതിയില്‍ ഇങ്ങനെയൊരു വിഷയക്രമമേ ഇല്ലെന്ന് ഒറ്റവായനയില്‍ തന്നെ ആര്‍ക്കും മനസ്സിലാവും.
ReplyDelete"ചെലവാക്കുന്നവനാണോ അതോ "അഞ്ചുപൈസ" ചെലവാക്കാത്തവനാണോ യഥാര്‍ത്ഥ സ്വാര്‍ത്ഥമോഹിയെന്ന്! ചെലവ് സ്വാര്‍ത്ഥതയാണെന്നും പിശുക്ക് നിസ്വാര്‍ത്ഥതയാണെന്നുമുള്ള പുതിയ വല്ല ധനശ്ശാസ്ത്രവും ഗ്രന്ഥകാരന്‍ കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല"
ReplyDeleteഗ്രേറ്റ് പൊയന്റ്സ്.
സമഗ്രം
ReplyDeleteസൂക്ഷ്മം
അഭിനന്ദനങ്ങള്‍!
അക്ഷേപിക്കപെടുകയും എതിര്‍ക്കപെടുകയും ചെയുന്ന മതത്തിന്റെ ഇന്നത്തെ പല മുഖങ്ങളും, ഇസ്ലാം കാഴ്ചവെക്കുന്ന ദൈവിക ദര്‍ശനത്തില്‍ നിന്നും മനുഷനില്‍ നിന്നും വളരെയധികം മാറ്റം ഉണ്ട്. ഏക ദൈവ വിശ്വാസം എന്ന മനുഷ്യന്റെ സഹജ ബോധത്തില്‍ നിന്നും ബഹുദൈവ വിശ്വസ്ഥിലെക്കുള്ള പ്രയാണം ഒരു തരം പരിണാമം അല്ലെ ? മാനസികമായ തലത്തില്‍ സംഭവിച്ച ഈ പരിണാമം മനുഷ്യനെ ഇന്നത്തെ നിലയിലേക്ക് കൊണ്ട് വന്നു. ദൈവത്തിന്റെ ക്രമങ്ങളില്‍ നിന്നും തന്‍ സൃസ്റ്ചെടുത്ത വ്യ്വസ്ടകള്‍ക്ക് അനുസൃതമായി ദൈവത്തെ പ്രതിസ്ടിച്ച സാമൂഹിക വ്യവസ്ട . ചിലവക്കതിരിക്കുക എന്ന സ്വാര്‍ത്ഥതക്കു പുറമേ തെന്റെ സ്വന്തം എന്നതിന് വേണ്ടി അപരന്റെ അവകാശങ്ങള്‍ കവര്ന്നെടുക്കുന്നിടം വരെ എത്തിച്ചേര്‍ന്ന ഒരു ചൂഷണ വ്യവസ്ട
ReplyDeletealif kumbidi said...
ReplyDeleteസമഗ്രം
സൂക്ഷ്മം
അഭിനന്ദനങ്ങള്‍!
July 7, 2011 10:57 AM
=അമ്പട കുമ്പിടീ, കുമ്പിടീടെ കണ്ണിന്റെന്തോ കൊഴപ്പമൊണ്ടല്ലോ. എന്തൂട്ട് സമഗരം, എന്തൂട്ട് സൂക്ഷമം!
Good points. Great work. God bless you.
ReplyDeleteപണ്ടത്തെ പോലെ യുക്തിവാദികളെ ഒന്നും കാണാനേ ഇല്ലല്ലോ.. എല്ലാം പേടിച്ചു ഓടി ഒളിച്ചു.....!!
ReplyDelete<>
ReplyDeleteആര്‍ക്കാണ് ഉമിക്കരി ചവയ്ക്കാന്‍ താല്പര്യം?