ശാസ്ത്രവും ദര്‍ശനവുമായി ബന്ധപ്പെട്ട് ഡോക്കിന്‍സ് നിരത്തിയ ( The God Delusion കൃതിയില്‍ ) വാദങ്ങളെ ഏറെക്കുറെ സമഗ്രമായി ഞാന്‍ നിരൂപണം ചെയ്തിരുന്നു. ഏതാനും അധ്യായങ്ങള്‍ ബ്ളോഗിലും ചര്‍ച്ച ചെയ്യപ്പെട്ടു. ' നവനാസ്തികത : റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ 'പുസ്തകമായും ഇറങ്ങി. ഡോക്കിന്‍സിന്റെ ആശയങ്ങളുടെ വക്താവായ പ്രൊഫ: രവിചന്ദ്രന്‍ ബൂലോകത്തേക്കു വന്നപ്പോള്‍ പ്രധാന എതിര്‍വാദങ്ങളെയെങ്കിലും ഖണ്ഡിക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ ഇതിനകം പതിനൊന്നു സുദീര്‍ഘ പോസ്റ്റുകള്‍ ഇറങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് നിരൂപണകൃതിയിലെ വാദങ്ങളെ പരാമര്‍ശിക്കുന്നത് ! അതുപോലും നേരിട്ടൊരു മറുപടിയല്ല. അവിടെയുമിവിടെയും തൊടാതെ പറഞ്ഞു പോകുന്ന ശൈലിയിലുള്ളതാണ്!
പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള ഡോക്കിന്‍സ് വാദങ്ങളെ ഒന്നൊഴിയാതെ നിരൂപണം ചെയ്തിട്ടുണ്ടെങ്കിലും അതേപ്പറ്റി ഇതുവരെയും ലേഖകന്‍ മിണ്ടിയിട്ടില്ല. ഈ വിഷയം പോസ്റ്റായതോടെയാണല്ലോ യുക്തി- നിരീശ്വര- പരിണാമ വാദികള്‍ ഈ ബ്ളോഗില്‍ നിന്നു കൂട്ടത്തോടെ ഓടിപ്പോയത്. ശേഷം അവരുടെ സ്വന്തം ബ്ളോഗില്‍പ്പോലും അതേപ്പറ്റി പോസ്റ്റുകള്‍ വന്നിട്ടില്ല.! മറുപടിക്ക് എടുത്തുചാടിയ ഒരാളാകട്ടെ എതിര്‍വാദങ്ങളെയൊന്നും ഖണ്ഡിക്കാതെ കണക്കു ചൂണ്ടിക്കാട്ടി കാലം കഴിക്കുകയാണു ചെയ്തത്.!
ഏതായാലും ലേഖകന്റെ വിശദീകരണം പരിശോധിക്കാം:
(1) ഒന്നാമതായി ‘നാസ്തികനായ ദൈവത്തിലെ’ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള വാദങ്ങള്‍ക്ക് തൃപ്തികരമായി മറുപടി പറഞ്ഞിട്ടില്ല. അതിനുള്ള ശ്രമം പോലും നടന്നിട്ടില്ല.'നവനാസ്തികത' യില്‍ ഖണ്ഡിക്കപ്പെട്ട വാദങ്ങള്‍ക്ക് വിശദീകരണം നല്‍കാതെ പഴയവാദങ്ങള്‍ വീണ്ടും നീട്ടിപ്പരത്തി അവതരിപ്പിക്കുകയാണു ചെയ്തത് .
(2) ഗ്രന്ഥകാരന്റെ ഒരു വാദത്തെ നിരൂപണം ചെയ്തതു താഴെ കൊടുക്കാം. മറു വിശദീകരണവും താഴെയുണ്ട് . വായനക്കാര്‍ക്കു താരതമ്യം ചെയ്യാനാണിത്. നിരൂപണം നോക്കുക:
"ഗ്രന്ഥകാരന്‍ എഴുതുന്നത് ശ്രദ്ധിക്കുക: "ദൈവം ഉണ്ടെന്ന് വിശ്വസിക്കു ന്നവര്‍ ഏറെയുണ്ട്. പക്ഷേ, അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.''(6)
തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നല്ല; മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നാണ് പരാതി. മൂര്‍ത്തമായ അസ്തിത്വമുള്ളതിനേ മൂര്‍ത്ത മായ തെളിവു നല്‍കാനാവൂ എന്നത് തെളിവിനെക്കുറിച്ചുള്ള സാമാന്യ ധാരണയാണ്. റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതു തര്‍ക്ക രഹിതമായ യാഥാര്‍ഥ്യമാണ്. വിശ്വാസികളും നിരീശ്വരവാദികളും അംഗീ കരിക്കുന്ന യാഥാര്‍ഥ്യം. എന്നാല്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെ ന്നതിനു 'മൂര്‍ത്തമായ തെളിവു' നല്‍കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കു മോ? റിച്ചാഡ് ഡോക്കിന്‍സിനു തന്നെയും അതു സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല. കാരണം ഒരാള്‍ നിരീശ്വരവാദിയാണെന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ മൂര്‍ത്തമായി തെളിയിക്കാനാവില്ല. ഒരാള്‍ ഈശ്വര വാദിയാണെന്നതും ഇപ്രകാരം തെളിയിക്കാനാവില്ല. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും പരീക്ഷണശാലകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാലും റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നോ പോപ്പ് ബെനഡിക്റ്റ് ദൈവവിശ്വാസിയാണെന്നോ മൂര്‍ത്തമായി തെളിയിക്കാനാവില്ല. അണുസംഘാതവും കോശനിര്‍മിതവുമായ ഡോക്കിന്‍സ് പരീക്ഷണവിധേയമാക്കാവുന്ന ഭൌതിക വസ്തുവായിട്ടുപോലും അദ്ദേഹത്തിന്റെ നിരീശ്വരാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ലെങ്കില്‍ പ്രപഞ്ചാതീതവും പഞ്ചേന്ദ്രിയങ്ങള്‍ക്കു ഗോചരീഭവിക്കാത്തതുമായ ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കുന്നതെങ്ങനെ? 'മൂര്‍ത്ത'മായ തെളിവു ചോദിക്കുന്നയാള്‍ ആ വാക്കിന്റെ അര്‍ഥമെങ്കിലും പരിഗണിക്കേണ്ടതല്ലേ?
മൂര്‍ത്തം (concrete), വസ്തുനിഷ്ഠം (objective), പരീക്ഷണപരം (experimentable), ശാസ്ത്രീയം (scientific) എന്നൊക്കെയുള്ള വിശേഷണം, നിരീക്ഷിക്കാനും പരീക്ഷിക്കാനും സാധ്യമാവുന്ന പദാര്‍ഥ ലോകവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ ക്ഷയരോഗിയാണോ അല്ലേ എന്നു ശാസ്ത്രീയമായും മൂര്‍ത്തമായും വസ്തുനിഷ്ഠമായും പരീക്ഷണപരമായും തെളിയിക്കാനാവും. എന്നാല്‍ ഇതേ വ്യക്തി അസൂയക്കാരനോ ക്രൂരനോ ആണെന്നോ അല്ലെന്നോ അതുപോലെ തെളിയിക്കാനാവില്ല.
'രാഘവന്‍ ക്ഷയരോഗിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ ക്ഷയരോഗിയല്ല' എന്ന പ്രസ്താവന ശാസ്ത്രീയമാണെന്നു പറയാം; വസ്തുനിഷ്ഠ യാഥാര്‍ഥ്യ മാണെന്നും പറയാം; വസ്തുനിഷ്ഠമായ പ്രസ്താവനയാണെന്നും പറയാം. ഇതിനു 'മൂര്‍ത്തമായ തെളിവു'മുണ്ട്. എന്നാല്‍ 'രാഘവന്‍ അഹങ്കാരിയാണ്' എന്ന പ്രസ്താവനയോ? അതു ശാസ്ത്രീയമല്ല. വസ്തുനിഷ്ഠ യാഥാര്‍ഥ്യവുമല്ല. അതിനു 'മൂര്‍ത്തമായ തെളിവും' ഹാജറാക്കാനാവില്ല.
'രാഘവന്‍ ദൈവവിശ്വാസിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ നിരീശ്വര വാദിയാണ്' എന്ന പ്രസ്താവനയും ശാസ്ത്രീയമല്ല. ഇതിനും വസ്തുനിഷ്ഠമോ മൂര്‍ത്തമോ ആയ തെളിവു ഹാജറാക്കാനാവില്ല. ഈയര്‍ഥത്തില്‍ നോക്കിയാല്‍ ഗ്രന്ഥകാരന്റെ തന്നെ വിശ്വാസങ്ങളിലും പ്രസ്താവനകളിലും എത്രയെണ്ണം 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ പറ്റുന്നതായി ഉണ്ടാകും? നിരീശ്വരവാദിയാകട്ടെ ഈശ്വരവിശ്വാസിയാകട്ടെ, ഒരാളുടെ ജീവിതത്തില്‍ 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാവുന്ന വിശ്വാസങ്ങളും ധാരണകളും പ്രസ്താവനകളും എത്രയുണ്ടാകും?
'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാവാത്ത വിശ്വാസങ്ങളും ധാരണകളും സ്വീകാര്യമല്ലെന്ന് ആരെങ്കിലും പറയുമോ? ഇത്തരം വിശ്വാസങ്ങളും ധാരണകളും തെറ്റാണെന്നു പറയുന്നയാളുടെ സ്ഥിതിയോ? ശാസ്ത്രത്തിന്റെ ദര്‍ശനത്തെപ്പറ്റി വേണ്ടത്ര പിടിപാടില്ലാത്തതുകൊണ്ട് ശാസ്ത്രീയ മനോഭാവ മുള്ളവരെന്നു സ്വയം ധരിച്ചുവശായ നിരീശ്വരവാദികള്‍ 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാകാത്ത പ്രസ്താവനകളെല്ലാം തെറ്റാണെന്നു പ്രഖ്യാ പിച്ചേക്കും. എന്നാല്‍ 'യുക്തിവാദ'ത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും 'ദൈവമുണ്ട്' എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും. എന്നാല്‍ ആദ്യത്തേതു യുക്തിപരമാണെന്നതിനു 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? ഇന്നേവരെ ഏതെ ങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാ ണെന്നതിനു 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കിയതായി ചൂണ്ടിക്കാട്ടാ നാവുമോ?
അതിരിക്കട്ടെ 'യുക്തിപരമായതാണ് അംഗീകാരയോഗ്യമായത്' എന്ന നിരീശ്വരവാദികളുടെ വിശ്വാസപ്രമാണത്തിന് 'മൂര്‍ത്തമായ തെളിവ്' വല്ലതും ഹാജറാക്കാനാവുമോ?
"ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല'' എന്നാണല്ലോ ഗ്രന്ഥകാരന്റെ വാദം. ഇതിനൊരു മറുപുറമില്ലേ? ദൈവം ഇല്ല എന്നതിനു മൂര്‍ത്തമായ വല്ല തെളിവും നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് ഇന്നേവരെ സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. സാധിക്കുമെന്നവര്‍ക്കു പ്രതീക്ഷയെങ്കിലും ഉണ്ടോ? അതുമില്ല. സാധിച്ചിട്ടുണ്ടെന്നോ പ്രതീക്ഷയുണ്ടെന്നോ ഇന്നേവരെ ഒരു നിരീശ്വരവാദ ചിന്തകനും അവകാശപ്പെട്ടിട്ടുപോലുമില്ല!"
മൂര്‍ത്തമല്ലാത്ത ദൈവത്തിന് മൂര്‍ത്തമായ തെളിവു ചോദിച്ചയാള്‍ക്ക് തെളിവിനെക്കുറിച്ചു പ്രാഥമിക ധാരണപോലും ഇല്ലെന്നാണര്‍ത്ഥം. അഥവാ എന്റെ ഈ വാദം തെറ്റാണെങ്കില്‍ മൂര്‍ത്തമല്ലാത്ത ദൈവത്തിനും മൂര്‍ത്തമായ തെളിവ് നല്‍കാനാവും എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കേണ്ടതായിരുന്നു. അതിനുള്ള ശ്രമം പോലും നടത്തിയിട്ടില്ല ! ഒന്നും പറയാതെ മുങ്ങിയെന്നര്‍ത്ഥം!!
( മറുപടിയെന്ന വ്യാജേന എഴുതിയത് പിന്നീട് പരിശോധിക്കുന്നുണ്ട്.)
പക്ഷേ ഈ ഒളിച്ചോട്ടം ചില നിരീശ്വരവാദികള്‍ പോലും ശ്രദ്ധിച്ചു. അതുകൊണ്ടാകും ഗ്രന്ഥകാരന്റെ ബ്ളോഗില്‍ സുശീല്‍ കുമാര്‍ എഴുതി :
"രവിചന്ദ്രന്‍ ഒരു നിരീശ്വരവാദിയാണ് എന്ന് അവകാശപ്പെടുന്നു. എന്നാല്‍ അത് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കാനാകും? അതിന് മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവുണ്ടോ? എന്നിട്ടും രവിചന്ദ്രന്‍ നിരീശ്വരവാദിയാണെന്ന് സ്വയം വിശ്വസിക്കുന്നു. സ്വയം ഒരു നിരീശ്വരവാദിയാണെന്ന് വിശ്വസിക്കാന്‍ യാതൊരു ശാസ്ത്രീയ തെളിവും ആവശ്യമില്ലാത്തയാള്‍ക്ക് ദൈവത്തിന് അങ്ങനെ തെളിവു വേണമെന്ന് എങ്ങനെ ആവശ്യപ്പെടാന്‍ സാധിക്കും?
ശ്രീ ഹുസ്സൈന്റെ നവനാസ്തികതയില്‍ ഇത്തരത്തിലുള്ള ചോദ്യമുണ്ട്.
എങ്ങനെ പ്രതികരിക്കുന്നു?"
"പ്രിയപ്പെട്ട സുശീല്‍,
A എന്ന വ്യക്തിയുടെ നിരീശ്വരതയുടെ തെളിവ് A തന്നെയാണ്, അയാളുടെ വാക്കും പ്രവര്‍ത്തിയുമാണ്. വിശ്വാസത്തിനും അവിശ്വാസത്തിനും ഭൗതികമായ ആധാരമുണ്ട്. കുറേക്കൂടി വ്യക്തമാക്കിയാല്‍ ഭൗതികമായ ആധാരമേയുള്ളു. വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനും വ്യക്തിയില്‍ അമൂര്‍ത്തവും മൂര്‍ത്തവുമായ തെളിവുകളുണ്ട്. തെളിവുകള്‍ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നത് ഉപയോഗിക്കുന്ന ടൂളിനെ കൂടി ആശ്രയിച്ചിരിക്കുന്നു."
"ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും? ഏറിവന്നാല്‍ ഒരാള്‍ക്കു ചെയ്യാവുന്നത് ഇതാ നിരീശ്വര വാദിയായ ഡോക്കിന്‍സ് നില്‍ക്കുന്നു എന്നു പറയാനാവും. എന്നല്ല, ഡോക്കിന്‍സിനു തന്നെയും ഇങ്ങനെ സ്വയം പ്രഖ്യാപിക്കാം: നിരീശ്വര വാദിയായ ഞാന്‍ ഡോക്കിന്‍സ് ഇതാ നില്‍ക്കുന്നു! എന്നാല്‍ ഇത്തരം പ്രസ്താവനകളെയല്ല ശാസ്ത്രീയ തെളിവെന്നു വിളിക്കുന്നത്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ചു തെളിയിക്കാനാവുന്ന ഭൌതിക യാഥാര്‍ഥ്യങ്ങളാണു ശാസ്ത്രീയ സത്യങ്ങള്‍. ഡോക്കിന്‍സിനെ എത്ര പ്രാവശ്യം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാലും അല്പം ചാരമോ വെള്ളമോ ലഭിക്കുമെന്നല്ലാതെ നിരീശ്വരവാദിയാണെന്ന 'യാഥാര്‍ഥ്യം' ലഭിക്കില്ല. ചരിത്രത്തില്‍ ഇന്നേവരെ ഒരാളെയെങ്കിലും നിരീശ്വരവാദിയാണെന്നോ ഈശ്വരവാദിയാണെന്നോ ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇനിയൊട്ടു സാധിക്കുകയുമില്ല. എന്നിട്ടും ചരിത്രത്തില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടായിരുന്നതായും ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്നും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്ന് 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാതെ തന്നെ അവര്‍ വിശ്വസിക്കുന്നു. ജഡശരീരികളായ മനുഷ്യരെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ക്കു പോലും 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാന്‍ സാധിക്കാത്ത നിരീശ്വരവാദി ദൈവാസ്തിത്വത്തിനു 'മൂര്‍ത്തമായ തെളിവു' ചോദിക്കുന്നത് അസംബന്ധമാണ്."
ശ്രീ ഹുസ്സൈന്റെ നവനാസ്തികതയില്‍ ഇത്തരത്തിലുള്ള ചോദ്യമുണ്ട്.
എങ്ങനെ പ്രതികരിക്കുന്നു?"
"പ്രിയപ്പെട്ട സുശീല്‍,
A എന്ന വ്യക്തിയുടെ നിരീശ്വരതയുടെ തെളിവ് A തന്നെയാണ്, അയാളുടെ വാക്കും പ്രവര്‍ത്തിയുമാണ്. വിശ്വാസത്തിനും അവിശ്വാസത്തിനും ഭൗതികമായ ആധാരമുണ്ട്. കുറേക്കൂടി വ്യക്തമാക്കിയാല്‍ ഭൗതികമായ ആധാരമേയുള്ളു. വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനും വ്യക്തിയില്‍ അമൂര്‍ത്തവും മൂര്‍ത്തവുമായ തെളിവുകളുണ്ട്. തെളിവുകള്‍ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നത് ഉപയോഗിക്കുന്ന ടൂളിനെ കൂടി ആശ്രയിച്ചിരിക്കുന്നു."
"ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും? ഏറിവന്നാല്‍ ഒരാള്‍ക്കു ചെയ്യാവുന്നത് ഇതാ നിരീശ്വര വാദിയായ ഡോക്കിന്‍സ് നില്‍ക്കുന്നു എന്നു പറയാനാവും. എന്നല്ല, ഡോക്കിന്‍സിനു തന്നെയും ഇങ്ങനെ സ്വയം പ്രഖ്യാപിക്കാം: നിരീശ്വര വാദിയായ ഞാന്‍ ഡോക്കിന്‍സ് ഇതാ നില്‍ക്കുന്നു! എന്നാല്‍ ഇത്തരം പ്രസ്താവനകളെയല്ല ശാസ്ത്രീയ തെളിവെന്നു വിളിക്കുന്നത്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ചു തെളിയിക്കാനാവുന്ന ഭൌതിക യാഥാര്‍ഥ്യങ്ങളാണു ശാസ്ത്രീയ സത്യങ്ങള്‍. ഡോക്കിന്‍സിനെ എത്ര പ്രാവശ്യം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാലും അല്പം ചാരമോ വെള്ളമോ ലഭിക്കുമെന്നല്ലാതെ നിരീശ്വരവാദിയാണെന്ന 'യാഥാര്‍ഥ്യം' ലഭിക്കില്ല. ചരിത്രത്തില്‍ ഇന്നേവരെ ഒരാളെയെങ്കിലും നിരീശ്വരവാദിയാണെന്നോ ഈശ്വരവാദിയാണെന്നോ ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇനിയൊട്ടു സാധിക്കുകയുമില്ല. എന്നിട്ടും ചരിത്രത്തില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടായിരുന്നതായും ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്നും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്ന് 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാതെ തന്നെ അവര്‍ വിശ്വസിക്കുന്നു. ജഡശരീരികളായ മനുഷ്യരെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ക്കു പോലും 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാന്‍ സാധിക്കാത്ത നിരീശ്വരവാദി ദൈവാസ്തിത്വത്തിനു 'മൂര്‍ത്തമായ തെളിവു' ചോദിക്കുന്നത് അസംബന്ധമാണ്."
(3) യുക്തിസഹമായ വിശദീകരണം നല്‍കണമെങ്കില്‍ എതിര്‍വാദം മനസ്സിലാകണമല്ലോ. ഗ്രന്ഥകാരന്‍ മൂര്‍ത്തം, അമൂര്‍ത്തം, ശാസ്ത്രീയം......എന്നിത്യാദി പദങ്ങള്‍കൊണ്ട് ആറാട്ടു നടത്തുന്നുണ്ടെങ്കിലും ഈ പ്രയോഗങ്ങളുടെ സാമാന്യമോ സാങ്കേതികമോ ആയ വിവക്ഷ ഗ്രഹിച്ചിട്ടില്ല. മൂര്‍ത്തം, അമൂര്‍ത്തം എന്നീ പദങ്ങളുടെ അര്‍ത്ഥംപോലും മനസ്സിലായിട്ടില്ലെന്നു സമര്‍ത്ഥിച്ച് 'നവനാസ്തികത'യില്‍ എഴുതിയതു താഴെ കൊടുക്കാം :
"മൂര്‍ത്തം, അമൂര്‍ത്തം എന്നീ മലയാളപദങ്ങള്‍ കോണ്‍ക്രീറ്റ്, അബ്സ്ട്രാക്റ്റ് എന്നീ ഇംഗ്ളീഷ് പദങ്ങള്‍ക്കു സമാനമാണ്. ശാസ്ത്ര-ദാര്‍ശനിക വിവാദ ങ്ങളില്‍ സുലഭമായും വരാറുള്ള പദങ്ങളാണിവ. പരീക്ഷണ-നിരീക്ഷണ ങ്ങള്‍ക്കു വിധേയമാക്കാവുന്ന ഭൌതിക പ്രതിഭാസങ്ങളാണു മൂര്‍ത്തമായവ. അതിനു വഴങ്ങാത്ത യാഥാര്‍ഥ്യങ്ങളെ അമൂര്‍ത്തമെന്നോ അതിഭൌതിക (metaphysical)മെന്നോ താത്ത്വിക (theoretical)മെന്നോ ഒക്കെ വിശേഷിപ്പിക്കാം. എന്നാല്‍ വിശ്വാസികളും നിരീശ്വരവാദികളും ഒരുപോലെ അംഗീകരിക്കുന്ന ഈ സാമാന്യവിവരം പോലം ഗ്രന്ഥകാരന്‍ പരിഗണിച്ചിട്ടില്ല. മാത്രമല്ല, നേര്‍വിരുദ്ധമായാണ് പലതും ഗ്രഹിച്ചു വെച്ചിട്ടുള്ളത്. "ദൈവത്തിന്റെ അസ്തിത്വത്തിനു മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.'' എന്നെഴുതിയ ശേഷമുള്ള വാക്യമിതാണ്: "താത്ത്വികമായി വാദിച്ചു തെളിയിക്കാന്‍ അതിലും വിഷമമാണ്.'' അതായത്, മൂര്‍ത്തമായ തെളിവു നല്‍കുന്നതിനേക്കാള്‍ പ്രയാസമാണ് അമൂര്‍ത്തമായ തെളിവു നല്‍കാന്‍ എന്നര്‍ഥം! ദൈവത്തെപ്പറ്റി മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധ്യ മല്ലെന്നും താത്ത്വികമോ അമൂര്‍ത്തമോ ആയ തെളിവാണ് ഇന്നോളം നല്‍കപ്പെട്ടിട്ടുള്ളതെന്നും ദാര്‍ശനികമായി സാമാന്യധാരണയെങ്കിലുമുള്ള ഏവര്‍ക്കും അറിയാം. എന്നാല്‍ ഗ്രന്ഥകാരന്‍ വാദിക്കുന്നത് അമൂര്‍ത്തമായ തെളിവുകളേക്കാള്‍ എളുപ്പം മൂര്‍ത്തമായ തെളിവു നല്‍കാനാണെന്നാണ്. അതായത് ദാര്‍ശനികമായ ന്യായങ്ങള്‍ ഹാജറാക്കി ദൈവാസ്തിത്വം സമര്‍ഥിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ദൈവാസ്തിത്വം തെളിയിക്കാമെന്ന്! ദാര്‍ശനികരും ശാസ്ത്രജ്ഞരും ഒരുപോലെ ഞെട്ടാനിടയുള്ള ഈ കണ്ടെത്തല്‍ ഗ്രന്ഥകാരന്റെ സ്വന്തം 'സംഭാവന'യാണ്. കാരണം റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതിയിലൊരിടത്തും ഇത്തരം പരാമര്‍ശങ്ങളില്ല. തന്റെ കൃതി മലയാളത്തില്‍ പകര്‍ത്തിവെക്കുന്നതിനിടയില്‍ ഇത്തരം മഠയത്തരങ്ങള്‍ തിരുകിക്കയറ്റിയതായി ഡോക്കിന്‍സ് അറിഞ്ഞാല്‍ കുഞ്ഞാടുകളായ നിരീശ്വരവാദികളില്‍ നിന്നു രക്ഷിക്കണേ എന്ന് അദ്ദേഹം ദൈവത്തോടു പ്രാര്‍ഥിക്കാന്‍പോലും നിര്‍ബ്ബന്ധിതനായേക്കും!"
ഈ വിമര്‍ശനത്തെക്കുറിച്ചും ഗ്രന്ഥകാരന്‍ മൌനിയായത് അര്‍ത്ഥവത്താണ്!
(4)അബദ്ധം കണ്ടില്ലെന്നു നടിച്ചുവെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാ ണല്ലോ ആരും കരുതുക (അബദ്ധം ആര്‍ക്കും പറ്റാം. എപ്പോഴും തുറന്നു പറയണമെന്നു നിര്‍ബന്ധം പിടിക്കുന്നത് അനാവശ്യമാണ്).എന്നാല്‍ ലേഖകന്‍ ഇപ്പോഴും പഴയധാരണയില്‍ തന്നെയാണെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു:
"കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്. 'മത്സ്യകന്യക'യ്ക്കതില്ല, ദൈവത്തിനുമില്ല. അവ കേവലം അമൂര്‍ത്ത ഭാവനകള്‍ (abstract fancy)മാത്രമാണ്."
ഒരു ശില്‍പ്പം "അമൂര്‍ത്തമായ തെളിവായി (abstract evidence) "എന്നും “മൂര്‍ത്തമായ തെളിവില്‍പെട്ട" താണെന്നും ഒരേ സന്ദര്‍ഭത്തില്‍ വാദിക്കുന്നയാള്‍ തെളിവിനെക്കുറിച്ചു പഠിക്കും മുന്‍പ് 'വെളിവി'നെക്കുറിച്ചാണു പഠിക്കേണ്ടിയിരുന്നത് !ഒരു ശില്‍പ്പം 'അമൂര്‍ത്തമായ തെളിവാകുന്ന'തെങ്ങനെയെന്നു വെളിവാക്കേണ്ടതു ലേഖകന്‍ തന്നെയാണെന്നതിനാല്‍ ആ കാര്യം അദ്ദേഹത്തിനു വിടുന്നു.
(5) ഈ വരികള്‍ കൂടി നോക്കൂ :
(5) ഈ വരികള്‍ കൂടി നോക്കൂ :
"ഒരു കുതിരയുടെ ശില്‍പ്പമാണെങ്കിലോ? കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്."
കുതിരയുടെ ശില്പം "കുതിരയുടെ അമൂര്‍ത്തമായ തെളിവാ"ണെന്നും "കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്" എന്നും എഴുതുന്നയാള്‍ മൂര്‍ത്തം, അമൂര്‍ത്തം എന്നീ വാക്കുകളുടെ ദര്‍ശനികമായ വിവക്ഷ പഠിച്ചിരുന്നുവെങ്കില്‍ മറ്റുള്ളവരുടെ വിലപ്പെട്ട സമയം പാഴാകില്ലായിരുന്നു. എന്തിന്റെയും തെളിവ് എന്നാല്‍ അതിന്റെ ശില്പമുണ്ടാക്കലാണ് എന്നാവും ലേഖകന്റെ വിലക്ഷണ ധാരണ. തെളിവും ശില്പവും തമ്മിലെന്തു ബന്ധമെന്ന് ആരും ചോദിക്കരുത്. "ഇന്ദ്രിയങ്ങളുടെ കണക്കെടുത്താല്‍ മതവാദിക്ക് കുറഞ്ഞത് ഒരെണ്ണമെങ്കിലും കൂടുതലാണ് " എന്ന് ലേഖകന്‍ തന്നെ ഒരിടത്ത് പരിഹാസരൂപേണ എഴുതിയിട്ടുണ്ടല്ലോ. മതവാദിയുടെ കാര്യം നില്‍ക്കട്ടെ, നിരീശ്വരവാദിയായ ലേഖകന് ഒന്നു കുറവാണെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ ? അമൂര്‍ത്തം, സമൂര്‍ത്തം, ശാസ്ത്രീയ തെളിവ് എന്നിത്യാദി പദങ്ങളുടെ വിവക്ഷ ഗ്രഹിക്കാനാകാതെ വരുന്നത് അതുകൊണ്ടാണെന്നു കരുതിക്കൂടെ?
(എന്തു സംഭവിച്ചു എന്നതിലേക്കു വെളിച്ചം വീശാന്‍ ഗ്രന്ഥകാരന്റെ തന്നെ വിവരണം സഹായകമാണ് :
"ഒരു പഴം തോട്ടി കൊണ്ട് അടര്‍ത്തിയിടുമ്പോള്‍ തോട്ടി നമ്മുടെ കൈയാവുകയാണ്. കൈയാകട്ടെ പരമേന്ദ്രിയമായ മസ്തിഷ്‌ക്കവും. ഫലത്തില്‍ പഴം അടര്‍ത്തിയെടുക്കുന്നത് മസ്തിഷ്‌ക്കമാണ്. മസ്തിഷ്‌ക്കമില്ലാതെ പഞ്ചേന്ദ്രിയങ്ങളില്ല. പഞ്ചേന്ദ്രിയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവയവങ്ങളും മസ്തിഷ്‌ക്കത്തിന്റെ മൂര്‍ത്തരൂപങ്ങളാകുന്നു (All organs are the extension and gross manifestations of brain). എല്ലാ അവയവവും മസ്തിഷ്‌ക്കം പരിണമിച്ചുണ്ടായതാകുന്നു. മസ്തിഷ്‌ക്കം നശിക്കുമ്പോള്‍ അവയവങ്ങള്‍ നിലയ്ക്കുന്നു. നേത്രം കാഴ്ചയെ സഹായിക്കുന്നുണ്ട്. എന്നാല്‍ കാഴ്ചയും കേഴ്‌വിയും മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങളാണ്. ഗോളീയവിപഥനം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഒഴിവാക്കി ബാഹ്യലോകത്തെ പ്രകാശം ശേഖരിച്ച് തലച്ചോറിലെ പ്രകാശസംവേദിനികളില്‍ എത്തിക്കുന്ന അവയവവ്യവസ്ഥയാണ് നേത്രങ്ങള്‍. നേത്രം കാഴ്ച സൗകര്യപ്പെടുത്തുന്ന മസ്തിഷ്‌ക്കത്തിന്റെ ബാഹ്യരൂപമാകുന്നു. എത്ര മികവുറ്റ നേത്രങ്ങളുണ്ടെങ്കിലും മസ്തിഷ്‌ക്കം കാഴ്ച നിര്‍മ്മിച്ചില്ലെങ്കില്‍ നാം കാണില്ല."
വിമര്‍ശനങ്ങള്‍ ഗ്രന്ഥകാരന്‍ വായിച്ചിട്ടുണ്ടാകും.എന്നാല്‍ മസ്തിഷ്കം അതു രേഖപ്പെടുത്തിയില്ലെങ്കില്‍ ആരേയും കുറ്റപ്പെടുത്താനാവില്ലല്ലോ! രേഖപ്പെടു ത്തിയാലല്ലേ വിശകലനവും മറുപടിയും സാധ്യമാകൂ!!)(6) ഗ്രന്ഥകാരന്റെ വരികള്‍:
"നിരക്ഷരനായ സാധാരണക്കാരനും ചക്കയും മാങ്ങയും തമ്മില്‍ തിരിച്ചറിയാത്ത മന്ദബുദ്ധിയും അതിതീവ്രമതവിശ്വാസിയാണ്!"
നിരക്ഷരനായ സാധാരണക്കാരന്‍ മതവിശ്വാസിയാവുന്നതും മന്ദബുദ്ധിക്ക് ചക്കയും മാങ്ങയും തിരിച്ചറിയാനാകാത്തതും ആശ്ചര്യമല്ല. എന്നാല്‍ യുക്തി - നിരീശ്വര- പരിണാമ ബുദ്ധി ജീവികള്‍ക്ക് മൂര്‍ത്തം , അമൂര്‍ത്തം, ശാസ്ത്രീയ തെളിവ് എന്നിത്യാദി മലയാള വാക്കുകളുടെ വിവക്ഷയറിയില്ല എന്നത് ആശ്ചര്യകരം തന്നെ !(7) ഈ വിവരണം നോക്കൂ:
"അസൂയയും പ്രണയവും തെളിയക്കപ്പെടുന്നത് അതിനടിപ്പെടുന്ന വ്യക്തിയുടെ വാക്കും പ്രവര്‍ത്തിയും ആധാരമാക്കിയാണ്. അസൂയക്കാരനാണ് അസൂയയുടെ തെളിവ്; കാമുകനാണ് പ്രണയത്തിന്റെ തെളിവ്. ഭക്തന്‍ ഭക്തിയുടേയും ഭക്തി ഭക്തന്റേയും തെളിവാകുന്നു. വിശ്വാസവും അവിശ്വാസവും അഭിനയിക്കാനാവും. പക്ഷെ ശരിയായ പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ അത്തരം വ്യാജനിലപാടുകള്‍ക്കാവില്ല. പ്രണയവും ഭക്തിയുമൊക്കെ വളരെ കൃത്യമായി അളക്കപ്പെടുന്നുണ്ട്. യാതൊരു പരിശീലനവുമില്ലാതെ സദാ നാമത് ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാം അളക്കാന്‍ സ്കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തിഹീനമാണ്.'വിവാഹശേഷം നിങ്ങള്‍ക്കെന്നോട് പണ്ടത്തെപ്പോലെ സ്‌നേഹമില്ലെ'ന്ന് പരാതിപ്പെടുന്ന ഭാര്യ വിവാഹദിവസമുതല്‍ സ്‌നേഹത്തിന്റെ പരിണാമവും പരിമാണവും അതിസൂക്ഷ്മമായി അളക്കുകയായിരുന്നുവെന്ന് വ്യക്തം."
അസൂയക്കാരനല്ല അസൂയയുടെ ശാസ്ത്രീയ തെളിവ്. കാമുകനല്ല പ്രണയത്തിന്റെ ശാസ്ത്രീയ തെളിവ്. ഭക്തനല്ല ഭക്തിയുടെ ശാസ്ത്രീയ തെളിവ്. ഭക്തിയല്ല ഭക്തന്റെ ശാസ്ത്രീയ തെളിവ്. അസൂയക്കോ പ്രണയത്തിനോ ഭക്തിക്കോ ശാസ്ത്രീയമായ തെളിവ് ഇല്ലാതിരുന്നിട്ടും അതിലൊക്കെ ഉറച്ചു വിശ്വസിക്കുന്ന യുക്തി- നിരീശ്വരവാദി, ദൈവാസ്തിത്വം ശാസ്ത്രീയമായി തെളിയിക്കാതെ വിശ്വസിക്കുകയില്ലെന്നു ശഠിക്കുന്നതെന്തു കൊണ്ടെന്ന ചോദ്യമാണ് നിരൂപണത്തില്‍ ഉന്നയിക്കപ്പെട്ടത്. ഇതിനുള്ള വിശദികരണവും തഥൈവ!( "എല്ലാം അളക്കാന്‍ സ്കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തി ഹീനമാണ്" എന്ന് ദൈവത്തെ പരീക്ഷണനാളിയിലാക്കാന്‍ കച്ചകെട്ടി നടക്കുന്ന യുക്തി - നിരീശ്വരവാദി പറയുമ്പോള്‍ വിശ്വാസികള്‍ ഊറിച്ചിരിക്കും. എല്ലാം അളക്കാന്‍ സ്കെയിലും ത്രാസും വേണമെന്ന് ഇത്രയും കാലം ശാഠ്യം പിടിച്ചവര്‍ തന്നെ ഇങ്ങനെയൊരു കുമ്പസാരം നടത്തുന്നത് തമാശയല്ലാതെ മറ്റെന്താണ്.?
അളക്കാനും തൂക്കാനും സാധിക്കുന്നതേ യാഥാര്‍ത്യമാവൂ എന്ന് ഇത്രയും കാലം ആരവമിട്ടവര്‍ അത്തരം ശാഠ്യങ്ങള്‍ യുക്തിവാദമായി കൊണ്ടാടിയതു ഹീനമാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതു നന്ന്)
(8) ഗ്രന്ഥകാരന്‍ വിവരിക്കുന്നു :
"അസൂയയും പ്രണയവും അമൂര്‍ത്തമാണെന്ന് നാം പറയും. പഞ്ചേന്ദ്രിയശേഷിക്ക് പ്രത്യക്ഷത്തില്‍ അതീതമാണത്. പക്ഷെ പരമാര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ തന്നെയാണ് അത് പരമേന്ദ്രിയത്തില്‍ രേഖപ്പെടുത്തുന്നത്. സൗന്ദര്യം അമൂര്‍ത്തമാണെങ്കിലും മൂര്‍ത്തമായ വസ്തുക്കളാണ് അത് സൃഷ്ടിക്കുന്നത്. അമൂര്‍ത്തം എന്നാല്‍ കുറഞ്ഞ ദ്രവ്യപരതയുള്ള എന്നുകണ്ടാല്‍മതി-അതായത് നമുക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന ദ്രവ്യരൂപമില്ലാത്തവ. പഞ്ചേന്ദ്രിയങ്ങളെ കുറഞ്ഞയളവില്‍ ആശ്രയിച്ചാണ് പരമേന്ദ്രിയം അത് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ അവയുടെ ബാഹ്യതെളിവുകള്‍ നമ്മെ സംബ്ധിച്ചിടത്തോളം പരോക്ഷ(indirect)മായിരിക്കും."
കുറഞ്ഞ ദ്രവ്യപരതയുള്ള അസൂയക്കും പ്രണയത്തിനും പരോക്ഷ തെളിവുകളേ (indirect) ഉണ്ടാവൂ എന്നു സമ്മതിക്കുന്ന ഒരാള്‍ ഒട്ടും ദ്രവ്യപരതയില്ലാത്ത ദൈവത്തിന് മൂര്‍ത്തമായ ( concrete )തെളിവു വേണമെന്നു ശഠിക്കുന്നതു വങ്കത്തമല്ലേ?(9) “ കുറഞ്ഞ ദ്രവ്യപരതയുള്ളവ"ക്ക് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കുന്ന ഒരാള്‍ ഒട്ടും ദ്രവ്യപരതയില്ലാത്ത ദൈവത്തിന് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കാന്‍ മടിക്കുന്നതു യുക്തിബോധമോ ശാസ്ത്രബോധമോ കൊണ്ടല്ലെന്നും നിരീശ്വരാന്ധവിശ്വാസം കൊണ്ടാ ണെന്നും യുക്തി ബോധമുള്ള ആര്‍ക്കും ഗ്രാഹ്യമാവും. "അസൂയക്കാരനാണ് അസൂയയുടെ തെളിവ് " എന്നും "കാമുകനാണ് പ്രണയത്തിന്റെ തെളിവ് " എന്നും വാദിക്കുന്ന ഒരാള്‍ക്ക് സൃഷ്ടിപ്രപഞ്ചമാണ് സ്രഷ്ടാവിനുള്ള തെളിവെന്നു മനസ്സിലാകുന്നില്ലെങ്കില്‍ യുക്തിബോധം നിരീശ്വരാന്ധ വിശ്വാസത്തിനു പണയം വെച്ചതിന്റെ ഫലം മാത്രമാണതെന്ന് മറ്റുള്ളവര്‍ക്കു മനസ്സിലാവും. വഴിയില്‍ അനാഥമായിക്കിടക്കുന്ന വാച്ച് കാണുന്നയാള്‍ അതിന്റെ നിര്‍മാതാവിനെ കണ്ടില്ലെന്ന കാരണത്താല്‍ വാച്ചിനൊരു നിര്‍മാതാവില്ലെന്നു വാദിക്കുകയില്ല. യാദൃശ്ചികമായി ഉണ്ടാകാന്‍ സാധ്യതയില്ലാത്തതെല്ലാം ഒരാസൂത്രണഫലമായിരിക്കും എന്ന യുക്തി ചിന്തയാണ് ആ അനുമാനത്തിനു കാരണം. എന്നാല്‍ വാച്ചിനേക്കാള്‍ അനന്ത മടങ്ങ് സങ്കീര്‍ണ്ണവും ആസൂത്രിതതവുമായ പ്രപഞ്ചം കണ്ടിട്ട് ഇതു യാദൃശ്ചികമായി രൂപപെട്ടതാണെന്നു വാദിക്കുന്നയാള്‍ നിരീശ്വരാന്ധ വിശ്വാസത്തിന്റെ അഗ്നിയില്‍ യുക്തി-ശാസ്ത്ര ബോധത്തെ ചാമ്പാലാ ക്കുകയാണ്. ഇതൊക്കെ യുക്തിയും ശാസ്ത്രവുമാണെന്നതു പൊള്ളയായ അവകാശവാദം മാത്രം.
(10) ഗ്രന്ഥകാരന്റെ വരികള്‍ നോക്കൂ:
"പ്രപഞ്ചം ഒന്നായാലും പലതായാലും പ്രപഞ്ചബാഹ്യം എന്നൊന്നില്ല. പ്രപഞ്ചം അകത്തേക്കും പുറത്തേക്കും പ്രപഞ്ചത്തിലേക്ക് തുറന്നിരിക്കുന്നു. അതിന് അകവും പറുവുമില്ല."
പ്രപഞ്ചബാഹ്യം എന്നൊന്നില്ലെന്ന് ഗ്രന്ഥകാരനെങ്ങനെ മനസ്സിലായി ? ഈ നിഗമനത്തിനു മൂര്‍ത്തമായ ഒരു തെളിവെങ്കിലും ഹാജരാക്കാമോ? പോകട്ടെ, അമൂര്‍ത്തമായ തെളിവെങ്കിലും ഹാജരാക്കാമോ ? പത്രം വായിക്കാന്‍ കണ്ണടവെക്കേണ്ടത്ര കാഴ്ചശക്തിയില്ലാത്ത നിരീശ്വരവാദികളും നൂറു കിലോ ഒറ്റയ്ക്കു പൊക്കാന്‍ ശേഷിയില്ലാത്ത നിരീശ്വരവാദികളും അഞ്ചടിയില്‍ കൂടുതല്‍ ചാടാന്‍ ത്രാണിയില്ലാത്ത നിരീശ്വരവാദികളും കോടിക്കണക്കിനു പ്രാകാശവര്‍ഷങ്ങള്‍ വ്യാപ്തിയുള്ള പ്രപഞ്ചത്തിനപ്പുറവും അതീതവുമായി ഒന്നുമില്ലെന്നു പ്രഖ്യാപിക്കുമ്പോള്‍ ശാസ്ത്ര - യുക്തിബോധമുള്ളവര്‍ക്കു ചിരിയടക്കാനാവുമോ ? പ്രപഞ്ചത്തിനപ്പുറം ഒന്നുമില്ല എന്നു പറയുന്നയാള്‍ വിവരക്കേട് തുറന്നു പറയാന്‍ മടിക്കുന്ന വ്യാജനാണ്. തന്റെ നിരീശ്വര വിശ്വാസത്തിന്റെ ആധാരം പദാര്‍ത്ഥാന്ധവിശ്വാസം മാത്രമാണെന്ന യാഥാര്‍ത്ഥ്യം മൂടിവെക്കാനുള്ള ആവരണങ്ങള്‍ മാത്രമാണ് 'യുക്തി'യും 'ശാസ്ത്ര'വും.(11) ഗ്രന്ഥകാരന്‍ തുടരുന്നു:
"പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നൊക്കെയുള്ള ഭാവനാവ്യായാമങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വം നമ്മില്‍ സൃഷ്ടിക്കുന്ന വ്യാജപ്രതീതികളാണ്.
പ്രപഞ്ചാതീതം എന്ന കല്‍പ്പനപോലും പ്രപഞ്ചത്തെ ആധാരമാക്കിയുള്ളതാണ്. ദ്രവ്യപ്രപഞ്ചവും അത് സൃഷ്ടിക്കുന്ന ബോധപ്രപഞ്ചവും വാസ്തവത്തില്‍ ഈ പ്രപഞ്ചത്തിന്റെ തെളിവ് മാത്രമാണ്. പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ. എല്ലാത്തരം ബൗദ്ധികവ്യായാമങ്ങളും ഈ പ്രപഞ്ചത്തിന്റെ തെളിവാകുന്നു."
പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നിവ വ്യാജ പ്രതീതീകളാണെന്ന് ഏതു ശാസ്ത്രജ്ഞന്‍ ഏതു പരീക്ഷണത്തിലൂടെ ഏതു വര്‍ഷത്തിലാണു തെളിയിച്ചതെന്നു വ്യക്തമാക്കാമോ ? പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെയെന്നത് പ്രപഞ്ചത്തിനതീതമായി മറ്റൊരു യാഥാര്‍ത്ഥ്യങ്ങളുമില്ല എന്നതിനു തെളിവാകുന്നതെങ്ങനെ എന്നു ഗ്രന്ഥകാരന്‍ വിശദീകരിക്കുമോ ? അതിന്റെ ശാസ്ത്രീയമോ യുക്തിപരമോ ആയ കാരണങ്ങള്‍ വ്യക്തമാക്കാമോ?(12) "പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ" എന്നത് യുക്തി വിചാരമല്ല അസംബന്ധമാണ്. തെളിയിക്കപ്പെടേണ്ടതില്‍ നിന്നും വ്യത്യസ്തമായിരിക്കും തെളിവ് എന്ന, തെളിവിനെക്കുറിച്ചുള്ള പ്രാഥമിക ധാരണപോലും യുക്തി- നിരീശ്വരവാദ ബുദ്ധി ജീവികള്‍ക്കില്ല എന്നതു കഷ്ടം തന്നെ. പ്രപഞ്ചം സ്വയം ഒരു വിശദീകരണമല്ലെന്നും വിശദീകരണം ആവശ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണെന്നും (Nature is a fact , not an explanation ) ഗ്രഹിക്കാനുള്ള ബൌദ്ധികശേഷി നിരീശ്വര ബുദ്ധി ജീവികള്‍ക്ക് ഏതു കാലത്താണ് ആര്‍ജിക്കാനാവുക? പ്രപഞ്ചത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെയെന്ന അസംബന്ധവാദത്തേക്കാള്‍ എത്രയോ ശാസ്ത്രീയവും യുക്തിസഹവുമാണ് "ദൈവത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെ " എന്ന വാദം. ബ്രിട്ടീഷ് ദാര്‍ശനികനായ ജോണ്‍ ഓസ്റ്റിന്റെ ഈ വരികള്‍ ഇവിടെ പ്രസക്തമാണ് :
"The situation in which I would properly be said to have evidence for the statement that some animal is a pig is that, for example, in which the beast itself is not actually on view, but I can see plenty of pig-like marks on the ground outside its retreat. If I find a few buckets of pig-food, that's a bit more evidence, and the noises and the smell may provide better evidence still. But if the animal then emerges and stands there plainly in view, there is no longer any question of collecting evidence; its coming into view doesn't provide me with more evidence that it's a pig, I can now just see that it is."
(J.L. Austin, Sense and Sensibilia)
പ്രപഞ്ചത്തിനു തെളിവ് പ്രപഞ്ചമല്ല എന്നെങ്കിലും ഗ്രഹിക്കാന്‍ ഈ വരികള്‍ ഉപകരിക്കട്ടെ!
(13) ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ:
"ശില്പിയുടെ മസ്തിഷ്‌ക്കത്തില്‍ ശില്‍പ്പമുണ്ട്. ഇത് അമൂര്‍ത്ത കല്‍പ്പനയാണ്. ശില്പി അത് മണലും സിമന്റും കുഴച്ച് ഒരു ശില്‍പ്പമാക്കുമ്പോള്‍ അത് അമൂര്‍ത്തമായ തെളിവായി(abstract evidence)എന്ന് സോപാധികമായി അവകാശപ്പെടാം. സിമന്റ് ശില്‍പ്പം ഒരു മൂര്‍ത്തമായ തെളിവല്ലേ? തീര്‍ച്ചയായും അത് മൂര്‍ത്തമായ തെളിവില്‍ പെട്ടതാണ്. പക്ഷെ എന്തിന്റെ? സിമിന്റ് പ്രതിമ സിമന്റിന്റേയും മണലിന്റേയും മൂര്‍ത്തമായ തെളിവാകുന്നു. അതേസമയം അത് ശില്‍പ്പിയുടെ മസ്തിഷ്‌ക്കത്തിലെ അമൂര്‍ത്തഭാവനയുടെ അമൂര്‍ത്ത തെളിവായി അവതരിപ്പിക്കാം. പക്ഷെ അങ്ങനെ അംഗീകരിക്കപ്പെടണമെങ്കില്‍ അതിന് മൂര്‍ത്തീകരണം(materialization)ആവശ്യമാണ്."
സിമന്റ് പ്രതിമ സിമന്റിന്റെയും മണലിന്റെയും തെളിവ് എന്നതിനേക്കാള്‍ അതിന്റെ ആസൂത്രകനായ ശില്പിക്കുള്ള തെളിവാണെന്നു ഗ്രഹിക്കാനുള്ള ശേഷി ഗ്രന്ഥകാരനില്ല. സിമന്റ് സിമന്റിന്റെയും മണല്‍ മണലിന്റയും തെളിവാണെന്ന അസംബന്ധധാരണയുള്ളയാള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കാനാണ്? ഇതൊന്നും ഗ്രഹിക്കാന്‍ ശേഷിയില്ലാത്തയാള്‍ക്ക് പ്രപഞ്ചത്തിലെ ആസൂത്രണം ആസൂത്രകനുള്ള തെളിവാണെന്ന് ഗ്രഹിക്കാനാകാത്തതില്‍ ആശ്ചര്യമില്ല.
ഗ്രന്ഥകാരന്റെ അസംബന്ധവിചാരങ്ങള്‍ ഇവിടെങ്ങും അവസാനിക്കുമെന്നു കരുതേണ്ട .സമാനമായ വിശകലനങ്ങള്‍ നോക്കൂ :
"കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്."
കുതിരയുടെ തെളിവ് കുതിര തന്നെ !
എന്തൊരു യുക്തി!! എന്തൊരു ലോജിക്ക് !!!
(തുടരും)