ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Sunday, November 28, 2010

സുശീല്‍കുമാര്‍: വിഡ്ഢിത്തങ്ങളില്‍നിന്ന് കൂടുതല്‍ വിഡ്ഢിത്തങ്ങളിലേക്ക്..

യുക്തിയുക്തമായി അവതരിപ്പിച്ച വാദങ്ങളെ നേരിടാനാകാതെ വരുമ്പോള്‍ മറുപക്ഷക്കാര്‍ ഒഴികഴിവുകള്‍ നിരത്തുന്നു. ഞാന്‍ വ്യക്തമായും അവതരിപ്പിച്ച തെളിവുകളും വാദങ്ങളും ചര്‍ച്ച ചെയ്യാതെ, അവതരിപ്പിക്കാത്ത വീക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്  'പ്രബുദ്ധ'രായ നിരീശ്വര ബ്ലോഗര്‍മാര്‍.




പ്രപഞ്ചത്തിലെ അത്യാശ്ചര്യകരമായ ആസൂത്രണം യാദൃഛികതയെയല്ല ആസൂത്രകനെയാണ് വ്യക്തമാക്കുന്നതെന്ന് ശാസ്ത്രീയവും യുക്തിപരവുമായ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചെങ്കിലും അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ "താങ്കള്‍ പറയുന്ന ദൈവം അല്ലാഹുവാണോ ചാത്തനാണോ അതോ അയ്യപ്പനാണോ" എന്നു തിരക്കുന്ന നിരീശ്വരവാദികളാണ് നമ്മുടെ നാട്ടിലുള്ളത്! ഇതേപ്പറ്റി ".......നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങളുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ "എന്നും ഞാന്‍ എഴുതിയിരുന്നു .ഇതില്‍നിന്ന് 'നിരീശ്വരവാദികള്‍'എന്നത് അടര്‍ത്തിമാറ്റി ഉദ്ധരിച്ചശേഷം സുശീല്‍കുമാര്‍ എഴുതുന്നു: "ആ കാഴ്ച വളരെ ദയനീയം തന്നെയാണ്‌. അത് വിവരമുള്ളവര്‍ എത്രകാലമായി പറയാന്‍ തുടങ്ങിയിട്ട്? "
ഇതാണ് യുക്തിവാദികളുടെ ഖണ്ഡനത്തിന്റെ സാമ്പിള്‍!


ഈ ഖണ്ഡനം മതിയായില്ല എന്നു തോന്നിയതുകൊണ്ടാകാം ഉപസംഹാരം ഇങ്ങനെയായത് : "വഷളന്മാരു്, അല്ല പിന്നെ "!!


(1)"ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല."എന്ന പ്രസ്താവനയെപ്പറ്റി ഇങ്ങനെയെഴുതുന്നു :"താങ്കളുടെ ഒരു പോസ്റ്റിലും പരിഹാസമുള്ളതായി ഞാന്‍ ആരോപിച്ചിട്ടില്ല."
"'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്."  എന്നതിനെപ്പറ്റി ഇങ്ങനെയും:
 "മുപ്പത്തിമുക്കോടി ദൈവങ്ങള്‍ എന്ന പരാമര്‍ശം എന്നെ വ്യക്തിപരമായി പരിഹസിച്ചതാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? "
താങ്കള്‍ പറഞ്ഞതായി ഞാനും എഴുതിയില്ലല്ലോ. "പരിഹാസമാണെന്നു" സൂചിപ്പിച്ചു എന്നു മാത്രമല്ലേ ഞാനും എഴുതിയത്. വ്യക്തിപരമായി ആക്ഷേപിച്ചു എന്ന താങ്കളുടെ ആരോപണത്തിന് തെളിവായി ഒരുദാഹരണം പോലും നല്‍കിയിട്ടില്ല എന്ന എന്റെ വിമര്‍ശനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇങ്ങനെയൊക്കെ എഴുതിയ സുശീല്‍കുമാര്‍ യഥാര്‍ത്ഥത്തില്‍ എന്തെഴുതി എന്നു നോക്കൂ: "വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയയില്‍നിന്ന്‌  ജനിക്കുന്നതും വ്യക്തിഹത്യാപരവുമായ ആക്ഷേപങ്ങള്‍ക്കാണ്‌ അദ്ദേഹം തന്റെ മറുപടിയില്‍ വിഷയത്തേക്കാള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് ".
"വ്യക്തിഹത്യാപരവുമായ ആക്ഷേപങ്ങള്‍ക്കാണ്‌ " വിഷയത്തേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുത്തത് എന്നു താങ്കള്‍ തന്നെയല്ലേ എഴുതിയത്? എന്നിട്ടും താങ്കളെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന് താങ്കള്‍ പരാതിപ്പെട്ടതായി എഴുതാതെ ഞാന്‍ ഇങ്ങനെ മാത്രമാണ് എഴുതിയത് : "ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല "........"'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്." ഇതിലെവിടെയാണ് താങ്കള്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്ന് എഴുതിയിട്ടുള്ളത്? 


വ്യക്തിപരമായി ആക്ഷേപിച്ചു എന്നു താങ്കള്‍ തന്നെ എഴുതിയിട്ടും ഞാനത് ആരോപണമായി ഉന്നയിക്കാത്തതാണോ താങ്കളെ ഇത്രയ്ക്കു പ്രകോപിതനാക്കിയത്?


 (2)"ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല." എന്നു ഞാനെഴുതിയിരുന്നു. ഇത് അറിവുകേടായാണ് അദ്ദേഹം കാണുന്നത്. ഇങ്ങനെ അഭിപ്രായപ്പെട്ട ഒരളെയെങ്കിലും ചൂണ്ടിക്കാണിക്കൂ! അറിയപ്പെട്ട പതിനായിരം വര്‍ഷത്തെ ചരിത്രത്തില്‍ നിന്നായാലും വിരോധമില്ല. ഇനി എങ്ങനെയാണു് അതു പറയേണ്ടതെന്നു വ്യക്തമാക്കാം. 'ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നൊരു സങ്കല്‍പ്പമെങ്കിലും ഉള്ളതായി സമ്മതിക്കണം'. 'ഉണ്ട് എന്നു സമ്മതിക്കുന്ന'തും  'ഉണ്ട് എന്നൊരു സങ്കല്‍പ്പമെങ്കിലും ഉള്ളതായി സമ്മതിക്കു'ന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ എഴുതിയതിന് എന്നെ വിവരദോഷിയാക്കണോ? ഇങ്ങനെയൊരബദ്ധം പിണഞ്ഞതുകൊണ്ടല്ലേ താങ്കളെഴുതിയ ഒരൊറ്റ വാക്യം വിശദീകരിച്ചുകൊണ്ട് അപ്പൂട്ടന് എട്ടു ഖണ്ഡികകള്‍ എഴുതേണ്ടിവന്നത്! "ആ അര്‍ത്ഥത്തിലായിരിക്കണം സുശീല്‍ തന്റെ കാരണം ദൈവം ഇല്ല എന്ന് വിശ്വസിക്കണമെങ്കില്‍ അതിന് രണ്ട് കാര്യങ്ങള്‍ സമ്മതിക്കണം എഴുതിയിരിക്കുക എന്ന് കരുതുന്നു"എന്നും അപ്പൂട്ടന് എഴുതേണ്ടിവന്നു! അപ്പൂട്ടനും 'കരുതുക'യേ ചെയ്തിട്ടുള്ളൂ. താങ്കള്‍ സംവാദത്തിനിറങ്ങും മുന്‍പ് ലോജിക് മാത്രമല്ല, ശരിയായ മലയാള ഭാഷയും പഠിക്കേണ്ടിയിരിക്കുന്നു. (ഈ ഒറ്റ വാക്യം ശരിയാണെന്ന് വരുത്താന്‍ അപ്പൂട്ടന്റെ എട്ടു ഖണ്ഡികകള്‍ കൂടാതെ താങ്കള്‍ക്കും എഴുതേണ്ടിവന്നല്ലോ നാലു ഖണ്ഡികകള്‍!! മലയാളം ശരിയാംവണ്ണം അറിയാമായിരുന്നെങ്കില്‍ ഒറ്റവാക്യത്തില്‍ ഇത് എഴുതാമായിരുന്നില്ലേ?)


(3) "ഭൌതികലോകത്തിനപ്പുറം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവനാ "ണ് നിരീശ്വരവാദിയെന്ന ഡോക്കിന്‍സിന്റെ വാക്യത്തില്‍ believe എന്ന ഇംഗ്ലീഷ് വാക്കു തന്നെയാണുള്ളത്. വിശ്വാസം എന്നല്ലാതെ അതിന് മറ്റൊരര്‍ത്ഥവുമില്ല.  "ഭൌതികലോകത്തിനപ്പുറം ഒന്നുമില്ലെ "ന്ന് മൂര്‍ത്തമായോ ശാസ്ത്രീയമായോ തെളിയിക്കാനാവില്ല എന്നതിനാല്‍ ഈ പ്രയോഗം ശരിയുമാണ്. എന്നാല്‍  ' വിശ്വാസം' എന്ന വാക്ക് കുഷ്ഠരോഗം പോലുള്ള എന്തോ ഒന്നാണെന്നു ധരിച്ചുവശായ സുശീല്‍കുമാറിനെപ്പോലുള്ള കേരളത്തിലെ വിഡ്ഢികളായ നിരീശ്വരവാദികള്‍ മാത്രമേ ഒന്നിലും  'വിശ്വസിക്കുന്നില്ല' എന്നു സമര്‍ത്ഥിക്കാന്‍ തത്രപ്പെടുകയുള്ളൂ. അതിനു വേണ്ടി എന്തു വിഡ്ഢിത്തം എഴുതാനും അതിനെ ന്യായീകരിക്കാന്‍ പിന്നെയും വിഡ്ഢിത്തങ്ങള്‍ എഴുതാനും ഈ കോംപ്ലക്സാണു മുഖ്യ കാരണം.


(4) പ്രപഞ്ചത്തിന് നല്‍കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ല എന്ന സാമാന്യവിവരം പോലും നിരീശ്വരവാദികളുടെ തലയില്‍ അടിച്ചുകയറ്റിയാലും കയറില്ലെങ്കില്‍ മറ്റുള്ളവര്‍ നിസ്സഹായരാണ്! 'സ്നേഹസംവാദം' കാര്‍ എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തുകയാണോ ചെയ്യുക അതോ സുശീല്‍കുമാര്‍ തടിതപ്പുകയാണോ ചെയ്യുക എന്നു കാത്തിരുന്നു കാണാം. 
('നാസ്തിനായ ദൈവം' എഴുതിയ പ്രൊഫ. രവിചന്ദ്രന്‍ എന്റെ സുഹൃത്താണ്. അദ്ദേഹത്തോടു ചോദിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഏറെക്കുറെ കൃത്യമായി പറഞ്ഞേക്കും . സുശീല്‍കുമാര്‍ ദയവായി ചോദിക്കണം)


(5) "ഈ വാക്യത്തില്‍ ഗ്ലാസിലുള്ള ദ്രാവകം ചായയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല ".തീര്‍ത്തും ശരിയാണ്. "ചായയെപ്പോലെ തോന്നുന്നതാണ്  " എന്നു പറഞ്ഞിട്ടുണ്ടല്ലോ? "നിരീശ്വരവാദികള്‍ക്കു പോലും ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണു പ്രപഞ്ചമെങ്കില്‍  വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ?"എന്നതായിരുന്നുവല്ലോ എന്റെ ചോദ്യം. നിരീശ്വരവാദികള്‍ക്കും തോന്നുന്നു എന്നതു സത്യമല്ലേ? ഇങ്ങനെ തോന്നിയിരുന്നില്ലെങ്കില്‍  "തോന്നുന്നതിന് " കാരണം ബാലയുക്തിയാണെന്ന വാദം അവര്‍ ഉന്നയിക്കുമായിരുന്നോ? കാരണം മുന്നോട്ടു വയ്ക്കുന്നവര്‍ കാര്യത്തെ നിഷേധിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുപോലെയല്ലേ? ഇതൊക്കെ നിങ്ങള്‍ക്ക് എന്നെങ്കിലും മനസ്സിലാകുമോ? 


(6) ബാലമനസ്സ് ശൂന്യമായിരിക്കും എന്നതുകൊണ്ടാണല്ലോ കുട്ടികള്‍ക്ക് മതപാഠശാലകളും സ്കൂളുകളും സ്ഥാപിച്ചിട്ടുള്ളത്! 
മതതത്ത്വജ്ഞാനിയായാണ് കുട്ടികള്‍ ജനിച്ചു വീഴുന്നതെങ്കില്‍ ഇതൊക്കെ സ്ഥാപിക്കാന്‍ മതവിശ്വാസികള്‍ അത്യധ്വാനം ചെയ്യുമായിരുന്നോ? എന്നാല്‍ മനുഷ്യന്‍ മതാഭിമുഖ്യമുള്ളവരും ജന്മനാ നിരീശ്വരവിരുദ്ധനുമാണെന്നതുകൊണ്ടാണ് ആധുനിക യുഗത്തില്‍പ്പോലും ബഹുഭൂരിപക്ഷം മനുഷ്യരും ദൈവവിശ്വാസികളായി തുടരുന്നത്. മനുഷ്യന്റെ Innate character നെയും Acquired characterനെയും വേര്‍തിരിച്ചു മനസ്സിലാക്കാനറിയാത്ത നിരീശ്വരവാദികള്‍ക്ക് ഇത്തരം സൂക്ഷ്മവ്യത്യാസങ്ങള്‍ മനസ്സിലാകണമെന്നില്ല. 


മതാഭിമുഖ്യമുള്ളവരായി ജനിക്കുന്നുവെന്നു പറഞ്ഞാല്‍ ഓരോ മതതത്ത്വങ്ങളുമായി ജനിക്കുന്നു എന്നല്ലല്ലോ അര്‍ത്ഥം. മനുഷ്യന് ഭാഷാപഠിക്കാനുള്ള ശേഷി ജന്മസിദ്ധമാണ് എന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഇതിനര്‍ത്ഥം മലയാളിയുടെ കുഞ്ഞ് മലയാളഭാഷാശേഷിയോടെയും കന്നടക്കാരന്റെ കുഞ്ഞ് കന്നടഭാഷയോടെയും ജനിക്കുന്നു എന്നല്ലല്ലോ. ഭാഷാഭിമുഖ്യത്തോടെ ജനിക്കുക എന്നതും ഓരോ ഭാഷ പഠിക്കുക എന്നതും രണ്ടാണ്. നിരീശ്വരവാദികള്‍ക്ക് ഇതൊന്നും മനസ്സിലാകാത്തതില്‍ ആശ്ചര്യമില്ല. 


(7)ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ പ്രകാരം മതവിശ്വാസമല്ല നിരീശ്വരവാദമാണ് 'പുഴുക്കുത്ത്'. മുസ്ലിമിന്റെ കുട്ടി മുസ്ലിമും ഹിന്ദുവിന്റെ കുട്ടി ഹിന്ദുവും ക്രിസ്ത്യാനിയുടെ കുട്ടി ക്രിസ്ത്യാനിയും മാത്രം ആകുകയേയുള്ളൂവെങ്കില്‍ മതംമാറ്റങ്ങള്‍ നടക്കുമായിരുന്നോ സുശീല്‍കുമാറേ? നിരീശ്വരവാദികള്‍ മതവിശ്വാസികളും മതവിശ്വാസികള്‍ നിരീശ്വരവാദികളും ആകുമായിരുന്നോ?(നിരീശ്വരവാദികളാകുന്നത് ചുരുക്കം പേരാണെങ്കിലും?)


(8)"ബാലയുക്തിയുടെ കാലം കഴിഞ്ഞ് യുക്തി പക്വത പ്രാപിക്കുമ്പോഴാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ (അവിശ്വാസങ്ങളായാലും) ആര്‍ജിക്കുന്നതും മനസ്സില്‍ അവ പതിയുന്നതും ബോധ്യപ്പെട്ടലിന്റെ (conviction)ഘട്ടത്തിലെത്തുന്നതും..."എന്നു ഞാനെഴുതിയിരുന്നു. "ബാലയുക്തി കാലഘട്ടം മതവിശ്വാസങ്ങള്‍ ഇല്ലാത്ത കാലമാണ്. അതായത് നിരീശ്വരവാദികളുടെ മനസ്സിനു സമാനമാണിത്" എന്നും എഴുതിയിരുന്നു. ഇത് വൈരുധ്യമാണെന്ന് സുശീല്‍കുമാര്‍. പക്ഷേ എങ്ങനെയാണ് ഇതു വൈരുധ്യമാകുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. സാമാന്യമായ വാദങ്ങള്‍ പോലും  ഗ്രഹിക്കാന്‍ പറ്റാത്ത സുശീല്‍കുമാറിനു് ഇത് ഗ്രഹിക്കാനാകാത്തത് സ്വാഭാവികം തന്നെ.


നിരീശ്വരവാദികള്‍ മതവിശ്വാസങ്ങള്‍ ഇല്ലാത്തവരാണ്. ബാലമനസ്സിലും മതവിശ്വാസങ്ങള്‍ ഇല്ല. ഇതില്‍ വൈരുധ്യമില്ലല്ലോ. ബാലയുക്തി കഴിഞ്ഞാണ് അവിശ്വാസങ്ങള്‍ ആര്‍ജിക്കുന്നത് എന്ന പ്രസ്താവനയാണ് സുശീല്‍കുമാറിനു വൈരുധ്യമായത്. അവിശ്വാസങ്ങള്‍ എന്നാല്‍ വിശ്വാസങ്ങള്‍ ഇല്ലായ്ക എന്നല്ല അര്‍ത്ഥം. അവിശ്വാസങ്ങള്‍ എന്ന ഒരുകൂട്ടം വിശ്വാസങ്ങള്‍ തന്നെ നിരീശ്വരവാദികള്‍ക്കുണ്ട്. പ്രപഞ്ചം അനാദിയാണ്, അന്ത്യമില്ലാത്തതാണ്,യാഥാര്‍ത്ഥ്യം ഭൌതികം മാത്രമാണ് തുടങ്ങി കുറെ അന്ധവിശ്വാസങ്ങള്‍ അവിശ്വാസികളായ നിരീശ്വരവാദികള്‍ക്കുണ്ട്. (കേരളത്തിലെ നിരീശ്വരവാദികള്‍ക്ക് ഭൌതികവാദത്തെപ്പറ്റി വിവരമില്ലാത്തതിനാല്‍ ഇത്തരം വിശ്വാസങ്ങളെപ്പറ്റി അറിയില്ലെന്നു മാത്രം. അവര്‍ക്ക് ആകെ അറിയാവുന്നത് ആരെങ്കിലും ഉണ്ട് എന്നു പറഞ്ഞാല്‍ ഇല്ല എന്നു പറയാനാണ്. തത്ത്വശാസ്ത്രപരമായ നിരീശ്വരവാദം അറിയാത്തതിന്റെ മുരടിപ്പ് അവരില്‍ കാണാനുമുണ്ട്). ഇത് ആര്‍ജിക്കുന്നത് പക്വത പ്രാപിക്കുന്നതോടെയാണ്. നിരീശ്വരവാദികളിലെ ഒരു വിശ്വാസവും ഇല്ലാത്തവരും ബാലമനസ്സും മന്ദബുദ്ധിമനസ്സും വളരെ സാദൃശ്യം പുലര്‍ത്തുന്നു എന്നാണ് നിരീശ്വരവാദിയായ 'വിചാര'ക്കാരന്റെ വാദത്തെ ആസ്പദമാക്കി ഞാന്‍ സമര്‍ത്ഥിച്ചത്.


(9)ബാല്യം കഴിഞ്ഞ് പക്വത പ്രാപിക്കുമ്പോളാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ ആര്‍ജിക്കുന്നത് എന്നതിനെ സുശീല്‍കുമാര്‍ തിരസ്കരിക്കുന്നു. "ഹുസ്സൈന്‍ പറയുന്നത് വസ്തുതാപരമെങ്കില്‍ എന്തുകൊണ്ടാണ് ചെന്നായ വളര്‍ത്തിയ മനുഷ്യശിശു ചെന്നായയുടെ സ്വഭാവവും, കരടി വളര്‍ത്തിയ കുട്ടി കരടിയുടെ സ്വഭാവവും ആര്‍ജിക്കുന്നത്? "എന്ന ചോദ്യവും ഉന്നയിക്കുന്നു.(ഇതിന് മറുപടി 6,7നോക്കുക). അതായത് ഇതു ശരിയല്ലെന്നാണല്ലോ വാദം. ഇതേ വരികളെഴുതിയ സുശീല്‍ എഴുതിയ ഈ വരി നോക്കൂ:" മനുഷ്യന്‍ ഗ്രഹണശേഷി ആര്‍ജിക്കുന്ന ബുദ്ധിവികാസഘട്ടത്തില്‍ അടിച്ചേല്പ്പിക്കുന്നതുകൊണ്ട് മാത്രമാണ്‍ മതം മനുഷ്യനില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുന്നത്". ഈ ഘട്ടത്തെയല്ലേ പക്വതയാര്‍ജിക്കുന്ന ഘട്ടമെന്നു പറയുന്നത്? ഈ ഘട്ടത്തില്‍ മതവിശ്വാസം ആര്‍ജിക്കുന്നു എന്നുതന്നെയല്ലേ ഞാനും വാദിച്ചത്? ആരാണ് വൈരുധ്യത്തില്‍പ്പെടുന്നതെന്നു വായനക്കാര്‍ തീരുമാനിക്കട്ടെ. സ്കൂളുകളില്‍ പരിണാമവാദവും ഭൌതികവാദവും ശാസ്ത്രത്തിലെ നിരീശ്വരവാദവ്യാഖ്യാനങ്ങളും അടിച്ചേല്‍പ്പിക്കുന്നതിലും കൂടുതലായി ഒരു മതവും ആരും എവിടെയും അടിച്ചേല്‍പ്പിച്ചിട്ടില്ല എന്നതല്ലേ വസ്തുത?


1920കള്‍ മുതല്‍  1970കള്‍ വരെ സോവിയറ്റ് യൂണിയനില്‍ നിരീശ്വരവാദം ഒന്നാം ക്ലാസ് മുതല്‍ ഗവേഷണതലം വരെ അടിച്ചേല്‍പ്പിച്ചിട്ടും അവിടുത്തെ വ്യവസ്ഥ തകര്‍ന്നില്ലേ? അവര്‍ മതത്തിലേക്കു മടങ്ങിയില്ലേ?നിരീശ്വരവാദം അടിച്ചേല്‍പ്പിച്ചാലും മനുഷ്യര്‍ക്കിടയില്‍ വേരുപിടിക്കില്ലെന്നും മതം നിരോധിച്ചാല്‍പ്പോലും ജനങ്ങള്‍ക്കിടയില്‍ വളരുമെന്നുമല്ലേ സോവിയറ്റ് യൂണിയന്റെ ഗതി(കേട്) തെളിയിച്ചത്? മനുഷ്യന്‍ ജന്മനാ മതാഭിമുഖ്യമുള്ളവനായി ജനിക്കുന്നുവെന്നല്ലേ ഇതില്‍നിന്നു മനസ്സിലാകുന്നത്?


(10)മൂര്‍ത്തം ,അമൂര്‍ത്തം എന്നീ വാക്കുകളുടെ അര്‍ത്ഥം രവിചന്ദ്രനും അദ്ദേഹത്തിന്റെ വിവരണത്തെ ന്യായീകരിക്കുന്ന സുശീല്‍കുമാറിനും മനസ്സിലായിട്ടില്ലെന്ന് ഞാന്‍ വിശദമായി സമര്‍ത്ഥിച്ചിരുന്നു. മനസ്സിലായെന്ന് സുശീല്‍കുമാര്‍ സമര്‍ത്ഥിച്ചിട്ടില്ലല്ലോ. ഇതേ വിവരക്കേടിനെ ആസ്പദമാക്കിയെഴുതിയ പഴയ വാക്യങ്ങള്‍ പുതിയ പോസ്റ്റില്‍ ഉദ്ധരിച്ചാല്‍ മറുപടിയാകുമോ? സുശീല്‍കുമാര്‍ എഴുതിയത് വീണ്ടും വിശകലനം ചെയ്താല്‍ കൂടുതല്‍ കൂടുതല്‍ വിഡ്ഢിത്തങ്ങള്‍ പുറത്തുവരും എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാകില്ല. ഈ വരി നോക്കൂ: " ഇത്തരമൊരു 'ദൈവ'ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല"


ഒന്നാമതായി ,ഡോക്കിന്‍സ് ദൈവാസ്തിത്വത്തിന് മൂര്‍ത്തമായ(concrete) തെളിവു ചോദിച്ചിട്ടേയില്ല.അഥവാ ചോദിച്ചതായി താങ്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ ആ വാക്യങ്ങള്‍ ഹാജറാക്കാം.


രണ്ടാതായി, മൂര്‍ത്തമായതിനേ മൂര്‍ത്തമായ തെളിവുണ്ടാകൂ എന്ന എന്റെ അനേകം പേജുകള്‍ നീണ്ട വാദം താങ്കള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.


(11)" 'ദൈവത്തെ' മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന് ഡോക്കിന്‍സ് പറഞ്ഞു"വെന്ന് താങ്കള്‍ എഴുതുന്നു. ഡോക്കിന്‍സ് എവിടെയും ഇങ്ങനെ പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ഡോക്കിന്‍സിന്റെ വാക്യങ്ങള്‍ ഹാജറാക്കുക.


(12)"സി രവിചന്ദ്രന്‍ ഇക്കാര്യം സ്ഥാപിക്കാന്‍ ഉപയോഗിച്ചത് ഒരു പേജ് "എന്നും താങ്കളെഴുതി. എന്നാല്‍ "ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ(concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല"എന്ന് ഒറ്റവരിയില്‍ പ്രസ്താവിച്ചതല്ലാതെ രണ്ടുവരിപോലും ഈ പ്രസ്താവന സ്ഥാപിക്കാന്‍ സി രവിചന്ദ്രന്‍ എഴുതിയിട്ടില്ല.


(13)"ഇവിടെ അതിനെ ഘണ്ഡിക്കാന്‍ നാല്‍ പോസ്റ്റിട്ട ശേഷം ഹുസ്സൈന്‍ പറയുന്നു ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന്"എന്നും താങ്കളെഴുതി. ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നതിനെ ഖണ്ഡിക്കാന്‍ ഒരു വരിപോലും എഴുതാത്ത എന്നെപ്പറ്റി നാലു പോസ്റ്റിട്ടു എന്നു സുശീല്‍കുമാര്‍ പറയണമെങ്കില്‍ ഒരൊറ്റക്കാരണമെ അതിനുണ്ടാകാന്‍ സാധ്യതയുള്ളൂ. എന്റെ വാദങ്ങള്‍ ഇപ്പോളും സുശീല്‍കുമാറിനു മനസ്സിലായിട്ടില്ല! ഇനിയെങ്കിലും എന്റെ പോസ്റ്റില്‍ എന്താണു നടന്നതെന്ന് മനസ്സിലാക്കുക. എന്തുകൊണ്ട് ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നാണ് ഒട്ടേറെ ഉദാഹരണങ്ങളിലൂടെ ഞാന്‍ സമര്‍ത്ഥിച്ചത്.


(14)"എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?" എന്നും സുശീല്‍കുമാര്‍ എഴുതിയിട്ടുണ്ട്. ഞാന്‍ ആദ്യമേ സമര്‍ത്ഥിച്ചതെന്താണെന്ന് ഗ്രഹിക്കാനാകാത്ത ഒരാള്‍ ഇങ്ങനെതന്നെയാണല്ലോ ചോദിക്കേണ്ടത്. The Monkey's and the Capseller എന്ന നഴ്സറിക്കഥ കേട്ടിട്ടില്ലേ? "എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?"എന്ന ചോദ്യത്തിന് മറുപടിയായി സുശീലും ചോദിക്കുന്നു 'എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?'എന്ന്! കാര്യം മനസ്സിലാക്കാതെ ഇങ്ങനെ ചോദിച്ചതിനാല്‍ കുരങ്ങന്മാര്‍ വെട്ടിലായതുപോലെയായില്ലേ?


(15) "മതവിശ്വാസികളില്‍ മന്ദബുദ്ധികളുമുണ്ടെന്ന് പറഞ്ഞത് ഹുസ്സൈന്‍ തന്നെ. എന്നാല്‍ നിരീശ്വരവാദികളില്‍ മന്ദബുദ്ധികള്‍ ഉണ്ടാകാന്‍ യാതൊരിടയുമില്ല. " എന്ന് സുശീല്‍കുമാര്‍.തീര്‍ത്തും ശരിയാണ്. ബുദ്ധിയുള്ളവര്‍ക്കിടയിലേ  മന്ദബുദ്ധികളുണ്ടാവൂ. ബുദ്ധിശൂന്യര്‍ക്കിടയില്‍ എങ്ങനെ മന്ദബുദ്ധികളുണ്ടാവും?


(16)"മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്ര വസ്തുത സുശീല്‍കുമാറിനറിയുമോ?"എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി നോക്കൂ: "സമയം, കാലം, സ്ഥലം ഇവയൊക്കെ എന്താണെന്ന് ഹുസ്സൈന്റെ ദൈവത്തിനറിയുമോ? അതറിയാത്ത 'ദൈവ'മാണോ മഹാവിസ്ഫോടനമുണ്ടാക്കിയത്?" ഏറ്റവും നല്ല ഉത്തരത്തിനുള്ള സമ്മാനം ഇതിനു തന്നെ!




(17)ഭൌതിക(physics)വും ഭൌതികവാദ(materialism)വും രണ്ടാണെന്ന കാര്യം സുശീല്‍കുമാറിന് അറിയണമെന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ എന്നേ രക്ഷപ്പെട്ടേനെ!


(18)പ്രോഗ്രാമറില്ലാതെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിശദീകരിക്കാനാവും എന്ന ചോദ്യം മനസ്സിലാക്കിയ ശേഷം മറുപടി എഴുതിയാല്‍ മതി.


(19)പ്രപഞ്ചം ഉദ്ഭവിച്ചതാണെന്ന് സുശീല്‍കുമാര്‍ മുന്‍പു സമ്മതിച്ചല്ലേ എന്ന എന്റെ വാദം താങ്കളും സമ്മതിച്ചുവെന്ന് മനസ്സിലാക്കാം.


(20)ബിഗ് ബാങ്ങിനു ശേഷമാണ് ഫിസിക്സ് നിയമങ്ങള്‍ ഉണ്ടായതെന്നിരിക്കെ ഫിസിക്സ് നിയമങ്ങള്‍ക്കനുസരിച്ചാണ് ബിഗ് ബാങ് ഉണ്ടായതെന്നു വാദിക്കുന്നത് വിഡ്ഢിത്തമാണ്. സ്റ്റീഫന്‍ ഹോക്കിങ് വിഡ്ഢിത്തം പറഞ്ഞാല്‍ അത് വിഡ്ഢിത്തമല്ലാതാവുമോ?


നിരീശ്വരവാദികളുടെ പ്രതിരോധം ശോഷിച്ചുവരുന്നതിന്റെ ലക്ഷണമാണ് പ്രമുഖ ബ്ലോഗര്‍ സി കെ ബാബു സംവാദത്തിനു തയ്യാറാകാതെ തടിതപ്പിയത്.സംവാദത്തിനിറങ്ങിയ ജാക്ക് റാബിറ്റ് ഇപ്പോള്‍ അതില്‍നിന്നും പിന്‍വാങ്ങിയതായി അറിയിക്കുന്നു.(സംവാദത്തിനില്ലെങ്കിലും ശല്യം ചെയ്യാതിരിക്കും എന്നാരും വിചാരിക്കരുത്. ഈ വിഷയത്തെപ്പറ്റി ഞാനുമായുള്ള സംവാദത്തില്‍നിന്നും പിന്‍വാറിയെങ്കിലും എന്റെ 'വിഡ്ഢിത്ത'ങ്ങളെപ്പറ്റി ജാക്ക് റാബിറ്റ് സുബൈറുമായി 'ശല്യാദം' തുടങ്ങിയിട്ടുണ്ട്!!)അതിപ്പോഴും തുടരുന്ന സുശീല്‍കുമാര്‍ ഒടുവിലത്തെ പോസ്റ്റില്‍ എഴുതിയവാക്കുകള്‍ നോക്കൂ: " വഷളന്മാര്‍,അല്ല പിന്നെ". ഒടുവില്‍ "കദളിവാഴ...ക്കയ്യിലിരുന്നൊരു......... "എന്ന പാട്ടും പാടിയാണ് മറുപടി അവസാനിപ്പിക്കുന്നത്!



Tuesday, November 23, 2010

യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി -2

"ദൈവം ഉണ്ടെന്ന് വിശ്വാസികള്‍ വിശ്വസിക്കുമ്പോള്‍ ദൈവം ഇല്ലെന്ന് നിരീശ്വരവാദികള്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?"എന്ന ചോദ്യത്തിന് സുശീല്‍കുമാറിന്റെ  മറുപടിയിതാണ്:"നിരീശ്വരവാദി 'ദൈവം ഇല്ല' എന്ന് വിശ്വസിക്കുന്നവനല്ല. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു എന്ന വാദം എടുക്കാം. അതിന്‌ ആര്‍ക്കും കഴിയില്ല. കാരണം ദൈവം ഇല്ല എന്ന് വിശ്വസിക്കണമെങ്കില്‍ അതിന് രണ്ട് കാര്യങ്ങള്‍ സമ്മതിക്കണം. ഒന്ന് 'ദൈവം' ഉണ്ട്, രണ്ട് 'ദൈവം' നിലനില്‍ക്കുന്നില്ല. നിരീശ്വരവാദി 'ദൈവം ഇല്ല' എന്ന് വിശ്വസിക്കാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ തെളിവ്' നല്‍കേണ്ട ബാധ്യത അവര്‍ക്കില്ല. "
ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല. വിഡ്ഢിത്തത്തിനുള്ള ഏതെങ്കിലും അവാര്‍ഡുണ്ടെങ്കില്‍ സുശീലിന്റെ പേര് അതിനായി ശുപാര്‍ശ ചെയ്യാവുന്നതാണ്.
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാവുന്നു: നിരീശ്വരവാദി ദൈവം ഉണ്ടെന്നും വിശ്വസിക്കുന്നില്ല, ഇല്ലെന്നും വിശ്വസിക്കുന്നില്ല! പിന്നെ, ദൈവത്തെപ്പറ്റി നിരീശ്വരവാദികള്‍ എന്താണ് ചെയ്യുന്നതെന്നു വ്യക്തമാക്കാമോ? 


സുശീല്‍കുമാറിന്റെ ആചാര്യനായ ഡോക്കിന്‍സ് എഴുതി:"An atheist in this sense of philosophical naturalist is somebody who believes there is nothing beyond the natural, physical world........ "(God Delusion, p.14)
ഭൌതികലോകത്തിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കുന്നവനാണ് നിരീശ്വരവാദിയെന്ന് ഡോക്കിന്‍സ് എഴുതുന്നു. ഭൌതികലോകത്തിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കണമെങ്കില്‍ ഉണ്ട് എന്നു് ഡോക്കിന്‍സിനു സമ്മതിക്കേണ്ടിവരുമോ എന്ന് സുശീല്‍കുമാര്‍ വ്യക്തമാക്കുമോ? അങ്ങനെ സമ്മതിച്ചുകൊണ്ടാണോ ഡോക്കിന്‍സ് ഈ വരികള്‍ എഴുതിയത് എന്നും വ്യക്തമാക്കാമോ? നിരീശ്വരവാദിയുടെ വിശ്വാസത്തെക്കുറിച്ചുള്ള ആചാര്യന്റെ നിര്‍വചനം അനുയായിക്ക് സ്വീകാര്യമാണോ? ആണെങ്കില്‍ "ഇല്ലെന്നു വിശ്വസിക്കുന്ന"തിനെപ്പറ്റി എഴുതിയ ഡോക്കിന്‍സിന് അബദ്ധം പിണഞ്ഞതാണോ?


സുശീല്‍കുമാറിന്റെ വിശദീകരണം നിരീശ്വരവാദികളുടെ ശോഷിച്ചുവരുന്ന പ്രതിരോധത്തിന്റെ തെളിവാണ്. ഒന്നും രണ്ടും പോസ്റ്റുകളിലെ ഒട്ടേറെ വാദങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മറുപടിയാണ് ആദ്യത്തേത്. പരിഗണിക്കപ്പെട്ടവക്കു തന്നെ ഭാഗികമായേ വിശദീകരണം നല്‍കിയിട്ടുള്ളൂ. മറുപടിക്ക് മറുപടിയായപ്പോള്‍ ശോഷണം വര്‍ധിച്ചു. യുക്തി ഈ ഗതിയിലാണ് 'പുരോഗമി'ക്കുന്നതെങ്കില്‍ ഭാവി ഊഹിക്കാവുന്നതേയുള്ളൂ. 


കൌതുകകരമായ കാര്യം മറ്റൊന്നാണ്. ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരായി മേനി നടിക്കുന്നവരാണ് നിരീശ്വരവാദികള്‍. എന്നാല്‍ ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള എന്റെ വാദങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ. ഈ സമീപനം തന്നെ അശാസ്ത്രീയം മാത്രമല്ല, ഒളിച്ചോട്ടവുമാണെന്ന വസ്തുത ഇവരെ അലട്ടുന്നേയില്ല!


പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത ദൈവത്തിനുള്ള ശാസ്ത്രീയവും യുക്തിപരവുമായ ന്യായങ്ങളാണ് രണ്ട് പോസ്റ്റുകളിലായി ഞാന്‍ നിരത്തിയത്. അതിനെതിരായ ഡോക്കിന്‍സിന്റെ വാദങ്ങളെയെല്ലാം സയുക്തികം ഖണ്ഡിക്കുകയും ചെയ്തിരുന്നു. (തുടര്‍ന്നു വരുന്ന പോസ്റ്റുകളെല്ലാം സവിസ്തരം ഇതേകാര്യങ്ങളെപ്പറ്റിയാണ്). ഇതൊന്നും മതിയാവാതെയും മനസ്സിലാക്കാതെയും കമന്റെഴുതുന്ന നിരീശ്വരവാദികള്‍ ചോദിക്കുകയാണ്. : താങ്കളുടെ ദൈവം എന്തു സാധനമാണപ്പാ എന്ന്! എന്റെ ഒരൊറ്റവാദങ്ങളെയും സുശീല്‍കുമാറോ കമന്റെഴുതിയവരോ ഖണ്ഡിച്ചിട്ടില്ല എന്നതാണു വസ്തുത. 


ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാല്‍ മറുപടിക്കു മറുപടിയായ മൂന്നാമത്തെ പോസ്റ്റില്‍ രണ്ടാമത്തെ വരിയായി എഴുതിയത് ഇങ്ങനെ :"വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയയില്‍നിന്ന്‌  ജനിക്കുന്നതും വ്യക്തിഹത്യാപരവുമായ ആക്ഷേപങ്ങള്‍ക്കാണ്‌ അദ്ദേഹം തന്റെ മറുപടിയില്‍ വിഷയത്തേക്കാള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് " . ഈ "വ്യക്തിഹത്യ"കള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുമില്ല, ഉദാഹരണമായിപ്പോലും! 'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്.  ഇന്ത്യയിലെ ജാതീയ സമൂഹങ്ങളിലെ ദേവീ-ദേവന്മാരുടെ ബാഹുല്യവും വൈവിധ്യവും സൂചിപ്പിക്കാന്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ ഉപയോഗിക്കുന്ന പദപ്രയോഗമാണിത്. ഇത് പരിഹാസമല്ല, വസ്തുതയാണ്. പക്ഷേ നിരീശ്വരവാദികള്‍ക്ക് ഇതൊക്കെയും പരിഹാസമായേ തോന്നൂ. കാരണം നാഴികയ്ക്കു നാല്‍പ്പതുവട്ടം ഈ ദൈവങ്ങളെയൊക്കെ പരിഹസിക്കലാണല്ലോ അവരുടെ ജീവിതധര്‍മം! ഇത്തരം പരിഹാസങ്ങള്‍ നിത്യവൃത്തിയാക്കിയവരാണ് മുപ്പത്തിമുക്കോടിയെന്ന പരാമര്‍ശം പരിഹാസമായെന്ന് പരാതിപ്പെടുന്നത്!! മഠയത്തത്തെ മഠയത്തമെന്നു വിശേഷിപ്പിക്കുന്നത്, തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രയോഗമായി സുശീല്‍കുമാറിനു് അനുഭവപ്പെട്ടെങ്കില്‍ ഖേദിക്കുന്നു. അത് കഴിയാവുന്നത്ര ഒഴിവാക്കാം.


 പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകളിലെ മുഖ്യ പ്രമേയം. ഓരോ ദൈവസങ്കല്‍പങ്ങളുടെയും വിശദാംശങ്ങള്‍ ഈ അന്വേഷണത്തില്‍ പരിശോധിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. ദൈവ സങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനം മറ്റൊരു വിഷയമാണ്.


 ഇനി, മറുപടികളിലേക്കു കടക്കാം.:


"ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം "എന്ന് 'നാസ്തികനായ ദൈവം' എന്ന കൃതിയില്‍ സമ്മതിക്കുന്നുണ്ട്(പേജ് 180).ഇതിനെ ആസ്പദമാക്കി ഞാനെഴുതിയത് ഇങ്ങനെ : "ഒരു നിരീശ്വരവാദിക്കുപോലും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നുവെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? അങ്ങനെ തോന്നുന്നതുകൊണ്ടാണ് അതിനുപിന്നില്‍ ആസൂത്രകന്‍ ഉണ്ടായിരിക്കണം എന്ന യുക്തിപരമായ നിഗമനത്തില്‍ അവരെത്തുന്നത്(Every design wants a designer). "
ഇതിന് സുശീല്‍കുമാറിന്റെ മറുപടി ഇതാണ് :
 " 'നാസ്തികനായ ദൈവ'ത്തിലെ വരികള്‍ ഇങ്ങനെയാണ്: "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ്‌ പ്രപഞ്ചം. പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമിക യുക്തിയില്‍ തോന്നുക."


     ഇവിടെ പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമിക യുക്തിയില്‍ തോന്നുക എന്ന് വാക്യം ഒഴിവാക്കി ആദ്യ വാക്യം മാത്രം എടുത്തിരിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാണല്ലോ?  "


ആദ്യ വാക്യത്തിലെ ആശയത്തെ രണ്ടാമത്തെ വാക്യം ഏതെങ്കിലും വിധത്തില്‍ ദുര്‍ബലമാക്കുന്നുണ്ടെങ്കില്‍ മാത്രമേ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി എന്ന ആരോപണത്തിനു പ്രസക്തിയുള്ളൂ. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. ആദ്യവാക്യത്തെ രണ്ടാമത്തെ വാക്യം ശക്തിപ്പെടുത്തുകയാണ്. "ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ "എന്ന സുശീല്‍കുമാര്‍ ഉദ്ധരിച്ച രണ്ടാം വാക്യത്തിലെ പരാമര്‍ശം തന്നെ ഇക്കാര്യം തെളിയിക്കുന്നു.


ഇവിടെ വ്യാഖ്യാനപരമായ അബദ്ധം മാത്രമല്ല, വസ്തുതാപരമായ അബദ്ധവും ലേഖകന് പിണഞ്ഞിട്ടുണ്ട്. "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്ന"തിനു കാരണം ബാലയുക്തിയാണെന്ന് ഡോക്കിന്‍സ് പറഞ്ഞിട്ടേയില്ല. ആസൂത്രണത്തിന്റെ കാരണം ദൈവമാണെന്നു കരുതുന്നതാണ് ഡോക്കിന്‍സിന്റെ വീക്ഷണത്തില്‍ ബാലയുക്തി.(ഇതേപ്പറ്റി വിശദമായ പോസ്റ്റ് പിന്നീട് വരുന്നുണ്ട്). വിശ്വാസിക്കും നിരീശ്വരവാദിക്കും പ്രാഥമിക യുക്തിക്കാര്‍ക്കും അത് മറികടന്നവര്‍ക്കും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായി ശേഷിക്കുന്നു എന്നാണര്‍ത്ഥം.


ബാലയുക്തി അഥവാ പ്രാഥമിക യുക്തിയെപ്പറ്റി ഡോക്കിന്‍സ് എഴുതിയതും സുശീല്‍കുമാര്‍ എഴുതിയതും വായിച്ചാല്‍ തന്നെ അത് സൃഷ്ടിവിശ്വാസത്തെ ബലപ്പെടുത്തുന്നു എന്നു ബോധ്യമാവും. ഡോക്കിന്‍സിന്റെ വാദപ്രകാരം ബാലയുക്തിഘട്ടത്തിലാണ് ദൈവത്തില്‍ വിശ്വസിക്കാന്‍ കൂടുതല്‍ സാധ്യത. എന്നാല്‍ ബാലയുക്തിയുടെ ഘട്ടത്തില്‍ മനുഷ്യന് മതവിശ്വാസങ്ങളൊന്നുമില്ലെന്നതാണ് വസ്തുത. ഇക്കാലത്ത് മനസ്സ് ശൂന്യമായരിക്കും. ബാലയുക്തിയുടെ കാലം കഴിഞ്ഞ് യുക്തി പക്വത പ്രാപിക്കുമ്പോഴാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ (അവിശ്വാസങ്ങളായാലും) ആര്‍ജിക്കുന്നതും മനസ്സില്‍ അവ പതിയുന്നതും ബോധ്യപ്പെട്ടലിന്റെ (conviction)ഘട്ടത്തിലെത്തുന്നതും. മനുഷ്യന്റെ ഗ്രഹണശേഷിയുടെ മനശ്ശാസ്ത്രജ്ഞന്മാര്‍ സാമാന്യേന അംഗീകരിക്കുന്ന ഈ വികാസം ഡോക്കിന്‍സിന്റെ ബാല(പ്രാഥമിക)യുക്തിവ്യാഖ്യാനം ബാലിശമാണെന്ന് തെളിയിക്കുന്നു. ബാലയുക്തിയുടെ കാലഘട്ടത്തില്‍ ഗ്രഹണശേഷിയും താര്‍ക്കികശേഷിയും കുറവായിരിക്കും. അക്കാലത്ത് മതവിശ്വാസങ്ങളൊന്നും കുട്ടികളുടെ മനസ്സില്‍ ഗ്രാഹ്യമാവില്ല. അതായത് ബാലയുക്തി കാലഘട്ടം മതവിശ്വാസങ്ങള്‍ ഇല്ലാത്ത കാലമാണ്. അതായത് നിരീശ്വരവാദികളുടെ മനസ്സിനു സമാനമാണിത്. നിരീശ്വരവാദമാണ് ബാലയുക്തിഘട്ടത്തോട് മതവിശ്വാസത്തേക്കാള്‍ സാദൃശ്യം പുലര്‍ത്തുന്നത് എന്നര്‍ത്ഥം. കുട്ടികള്‍ പക്വത നേടുന്നതോടെ മതവിശ്വാസികളായി മാറുന്നു. ബാലയുക്തിഘട്ടം പിന്നിടുമ്പോളാണ് മതവിശ്വാസത്തിലെത്തുന്നത് എന്നു വ്യക്തമല്ലേ?
സുശീല്‍കുമാറിന്റെ ഉപമ
"പ്രാഥമികയുക്തി, ബാലയുക്തി എന്നൊക്കെ പറയുന്നത് എന്താണെന്ന് മലയാള ഭാഷാ ബോധമുള്ളവര്‍ക്കൊക്കെ മനസ്സിലാകും. ഒരു കുട്ടിയുടെ തല മേശയില്‍ മുട്ടി എന്നിരിക്കട്ടെ. അവന്റെ കരച്ചില്‍ നിര്‍ത്താന്‍ മുതിര്‍ന്നവര്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ആ മേശയ്ക്ക് ഒരു തല്ലുകൊടുത്തിട്ട് 'കരയണ്ടകെട്ടോ മോനേ/മോളേ, മേശയ്ക്ക് നല്ല തല്ല് കൊടുത്തിട്ടുണ്ട്' എന്ന് പറയും. ഒരു മാതിരിപെട്ട കുട്ടികളൊക്കെ ഇതുകൊണ്ട് തൃപ്തരായി കരച്ചില്‍ നിര്‍ത്തും. ഇതാണ്‌ ബാലയുക്തി അഥവാ പ്രാഥമികയുക്തി എന്നൊക്കെ പറയുന്നത്. മുതിര്‍ന്നവര്‍ ആരെങ്കിലും മേശയില്‍ തല മുട്ടിയാല്‍ മേശയ്ക്ക് ഒരു തല്ല് കൊടുത്ത് തൃപ്തരാകാറുണ്ടോ? "


ശരിയാണ്. മേശയ്ക്കു തല്ലു കൊടുത്താല്‍ കുട്ടികള്‍ തൃപ്തരാവുന്ന ഘട്ടത്തില്‍ നിരീശ്വരവാദികളെപ്പോലെ മതവിശ്വാസമില്ലാത്തവരാണവര്‍. ഈ ഘട്ടത്തില്‍ നിന്നും ബുദ്ധിപരമായി പുരോഗമിച്ച് പക്വത പ്രാപിക്കുമ്പോഴാണ് കുട്ടികളില്‍ മതവിശ്വാസങ്ങള്‍ ബോധ്യപ്പെട്ടുതുടങ്ങുന്നത്. എന്നാല്‍ പക്വത പ്രാപിച്ചവര്‍ നിരീശ്വരവാദിയായി തുടരുന്നതിനര്‍ത്ഥം അവര്‍ ബുദ്ധിപരമായി മേശക്കു തല്ലുകൊടുത്താല്‍ തൃപ്തരാവുന്ന ഘട്ടത്തില്‍നിന്നും പുരോഗമിച്ചിട്ടില്ലെന്നല്ലേ? അതുകൊണ്ടാണല്ലോ കുട്ടികളെപ്പോലെ അവരും മതവിശ്വാസമില്ലാത്തവരായി മാറാതെ നില്‍ക്കുന്നത്? അതിനാല്‍ മതവിശ്വാസമല്ല, നിരീശ്വരവാദമാണ് ബാലയുക്തിയോട് കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്നത്.


ഡോക്കിന്‍സ് നിരീശ്വരവാദിയണെന്നതിന് മൂര്‍ത്തമായ തെളിവില്ലെന്ന്
ഡോക്കിന്‍സ് നിരീശ്വരവാദിയണെന്നതിന് മൂര്‍ത്തമായ തെളിവു നല്‍കാനാവില്ല എന്ന എന്റെ വാദത്തെ രണ്ടു പോസ്റ്റുകളിലൂടെ ഖണ്ഡിച്ച് ഖണ്ഡിച്ച് ഒടുവിലായി സുശീല്‍കുമാര്‍ എഴുതുന്നു.  : "ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം.  "


ഇതങ്ങ് ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ? ഏതു കൊച്ചുകുട്ടിക്കുമറിയാവുന്ന ഇക്കാര്യം നിരീശ്വരവാദികള്‍ ഇപ്പോളെങ്കിലും മനസ്സിലാക്കിയത് നന്ന്!
ദൈവാസ്തിത്വത്തിന് നല്‍കപ്പെട്ട അഞ്ചു് അമൂര്‍ത്തമായ തെളിവുകളെ ഖണ്ഡിക്കാനാണല്ലോ ഡോക്കിന്‍സ് ശ്രമിച്ചിട്ടുള്ളത്. കൂടാതെ മറ്റനേകം തെളിവുകളേയും അദ്ദേഹം ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ഞാന്‍ രണ്ടു പോസ്റ്റുകളിലായി സമര്‍ത്ഥിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നുപോലും ഖണ്ഡിക്കാന്‍ സുശീല്‍കുമാര്‍ ശ്രമിച്ചിട്ടില്ല. (സി കെ ബാബു അക്വിനാസിനെപ്പറ്റി എഴുതിയത് നോക്കുക എന്നു പറഞ്ഞ് തടിതപ്പി)


ആനയും സിംഹവും
"സിംഹത്തിന്റെയും ആനയുടെയും ഉദാഹരണം അദ്ദേഹം പറഞ്ഞത് ശരിതന്നെ" എന്നു സമ്മതിച്ച സുശീല്‍കുമാര്‍ എന്നെ ഖണ്ഡിച്ചതിങ്ങനെ : '"എന്നാല്‍ അതാണോ അദ്ദേഹത്തിന്റെ ചോദ്യം? ചെമ്പരുത്തിപ്പൂവിന്റെ ചുവപ്പാണോ, അതോ സൂചിയുടെ കൂര്‍പ്പാണോ കൂടുതല്‍ നീണ്ടത് എന്നൊരു ചോദ്യം ചോദിച്ചിട്ട് താനെന്തൊ മഹത്തായ കാര്യം സാധിച്ചിരിക്കുന്നു എന്ന് നടിക്കുന്നവരോട് എന്ത്‌ പറയാന്‍? "


എങ്ങനെയുണ്ട് മറുപടി? സുഹൃത്തേ, ഞാന്‍ അതുസംബന്ധമായി ചോദ്യങ്ങളൊന്നും ചോദിച്ചില്ലല്ലോ. താങ്കള്‍ മറുപടിയെഴുതിയപ്പോള്‍ ഉദ്ധരിച്ച എന്റെ വാക്കുകള്‍ ഇതായിരുന്നു.: "ദൈവത്തിന്റെ അമൂര്‍ത്തത വ്യക്തമാക്കാനാണ് സ്നേഹത്തോട് ഉപമിച്ചത്. അമൂര്‍ത്തമായ സ്നേഹത്തിന് സമൂര്‍ത്തമായ തെളിവ് ഇല്ലാത്തതുപോലെ അമൂര്‍ത്തമായ ദൈവത്തിനും സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവില്ല എന്നാണ് വാദം. ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ ദൈവം  സമൂര്‍ത്തമാണെന്നോ സ്നേഹം സമൂര്‍ത്തമാണെന്നോ സമര്‍ത്ഥിക്കണം.  അതുമല്ലെങ്കില്‍ അമൂര്‍ത്തമായതിനും സമൂര്‍ത്തമായ തെളിവുണ്ടാകുമെന്നു സമര്‍ത്ഥിക്കണം. "
താങ്കള്‍ തന്നെ  ഖണ്ഡിക്കാന്‍ ഉദ്ധരിച്ച ഇതിലെവിടെയാണ് ചോദ്യം?


പ്രപഞ്ചം മസ്തിഷ്കത്തിനകത്താണോ?
പ്രപഞ്ചം മസ്തിഷ്കത്തിനകത്താണെന്ന് താങ്കള്‍ പറഞ്ഞതായി ഞാന്‍ എവിടെയും എഴുതിയിട്ടില്ല.  ദൈവത്തെപ്പറ്റിയുള്ള ചിന്തകള്‍ മസ്തിഷ്കത്തിനകത്തായതിനാല്‍ ദൈവവും മസ്തിഷ്കത്തിനകത്താണെന്ന് താങ്കള്‍ വാദിച്ചതിനാല്‍, പ്രപഞ്ചത്തെപ്പറ്റി ചിന്തിക്കുന്നയാളുടെ മസ്തിഷ്കത്തിനകത്താണ് പ്രപഞ്ചമെന്ന മൌഢ്യധാരണ താങ്കള്‍ വച്ചുപുലര്‍ത്തുമോ എന്ന ഒരു സംശയം ഉന്നയിക്കുക മാത്രമേ ചെയ്തുള്ളൂ.


 വെല്ലുവിളി
" ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍, ആനമറുത, ഇവയൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ ഭാവനകള്‍ തന്നെയാണെന്നാണ്‌ എന്റെ പക്ഷം. അല്ലെന്ന് തെളിയിക്കാന്‍ എന്‍ എം ഹുസ്സൈനെ വെല്ലുവിളിക്കുന്നു."എന്നു സുശീല്‍കുമാര്‍.
 റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് മൂര്‍ത്തമായി  തെളിയിക്കാനാവില്ലെന്ന് സമ്മതിച്ച താങ്കളോട് ഇവയെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നു ഞാനും സമ്മതിക്കുന്നു.


മന്ദബുദ്ധികള്‍
"ദൈവമോ ജിന്നുകളോ മസ്തിഷ്കത്തിനകത്താണെന്ന് യുക്തിവാദികള്‍ക്ക് വിശ്വസിക്കാം. എന്നാല്‍ മതവിശ്വാസികളിലെ മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല."എന്ന  എന്റെ വാക്യം ഉദ്ധരിച്ച് സുശീല്‍കുമാര്‍ എഴുതുന്നു. 


     "ഇപ്പോള്‍ കാര്യം വ്യക്തമായില്ലേ? 'മന്ദബുദ്ധികളായ' വിശ്വാസികള്‍ എങ്ങനെ വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ അദ്ദേഹത്തിന്റെ ഈ ശാസ്ത്രീയ അഭ്യാസം മുഴുവനും." എങ്ങനെയുണ്ട് ഖണ്ഡനം?

"മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല." എന്നെഴുതിയാല്‍ 'മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നു' എന്നു ഗ്രഹിക്കുന്ന സുശീല്‍കുമാറിന്റെ ഗ്രഹണശേഷിക്കു് കാര്യമായ തകരാറുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?


 സുശീല്‍കുമാറിനുള്ള എന്റെ മറുപടിയില്‍ കംപ്യൂട്ടര്‍ വിദഗ്ധനായ ഫാറൂക്ക് ബക്കര്‍ വിചാരം എന്ന തൂലികാ നാമത്തില്‍ എഴുതിയ കമന്റിതാണ് : "ഹുസൈന്‍ സാറെ നിങ്ങളുടെ മതത്തിലെ മന്ദബുദ്ധികളുമായി എപ്പോഴെങ്കിലും സംവദിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒരു വട്ടം അവരുമായി സംവദിക്കുക അപ്പോളറിയാം അവരുടെ മനസ്സിന്റെ നാലയലത്ത് പോലും ദൈവം എന്ന ഇല്ലാ രൂപത്തിന്റെ ലാഞ്ചന പോലും ഇല്ലായെന്ന്. "


നിരീശ്വരവാദിയായ 'വിചാര'ത്തിന്റെ വാദപ്രകാരം മന്ദബുദ്ധികളും  നിരീശ്വരവാദികളും ഒരേപോലെ ചിന്തിക്കുന്നു എന്നല്ലേ തെളിയുന്നത്? രണ്ടു വിഭാഗത്തിന്റെയും "മനസ്സിന്റെ നാലയലത്തുപോലും ദൈവം എന്ന ഇല്ലാരൂപത്തിന്റെ ലാഞ്ചന പോലും ഇല്ല"!!


വിചാരത്തിന്റെ വാദത്തെ ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. സുശീല്‍കുമാര്‍ അടക്കമുള്ള നിരീശ്വരവാദികള്‍ കൂടി അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇതും സമാനമായ അസംബന്ധങ്ങളും എഴുതിവിടുന്ന നിരീശ്വരവാദികള്‍ക്ക് ഇതൊക്കെ വായിക്കുന്നവര്‍ മന്ദബുദ്ധികളല്ല എന്ന സാമാന്യ 'വിചാര'മെങ്കിലും ഉണ്ടായെങ്കില്‍! കമന്റെഴുതുന്ന നിരീശ്വരവാദികളില്‍ ഏറെപ്പേര്‍ക്കും വിവരമില്ല എന്ന വിവരം പോലുമില്ല. മിനിമം ആ വിവരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നേ അവര്‍ രക്ഷപ്പെട്ടേനെ!


ഡോക്കിന്‍സ് നിരീശ്വരവാദിയെന്നത് വിശ്വാസമാണ്

"ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നത് " 'വിശ്വാസം ' തന്നെയാണെന്ന് സുശീല്‍കുമാര്‍ സമ്മതിക്കുന്നു.' ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം' എന്ന് അതിനും മുന്‍പ് അദ്ദേഹം സമ്മതിച്ചിരുന്നു. ഏതായാലും മൂര്‍ത്തമായി തെളിയിക്കാനാകാത്ത ഒരു വിശ്വാസമെങ്കിലും സുശീല്‍കുമാറിനുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ? ഇങ്ങനെ ചിന്ത പുരോഗമിക്കുകയാണെങ്കില്‍ (ഇപ്പോളാണ് ചിന്തിച്ചുതുടങ്ങിയതെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?) വൈകാതെ മൂര്‍ത്തമായി തെളിയിക്കാനാകാത്ത വിശ്വാസങ്ങള്‍ വേറെയും ആകാമെന്ന് അദ്ദേഹത്തിനു ഗ്രഹിക്കാനാവും. ഭാവുകങ്ങള്‍.


"പക്ഷേ ആ 'വിശ്വാസ'ത്തിന്‌ ചില അടിസ്ഥാനങ്ങളുണ്ട്. "എന്നാണ് സുശീല്‍കുമാര്‍ തുടര്‍ന്ന് എഴുതിയിട്ടുള്ളത്. ദൈവവിശ്വാസത്തിന്റെ ഇത്തരം അടിസ്ഥാനങ്ങളെയല്ലേ നാനൂറ് പേജുകളിലായി ഡോക്കിന്‍സ് തന്നെ ഖണ്ഡിക്കുന്നത്? ദൈവവിശ്വാസത്തിനും 'ചില അടിസ്ഥാനങ്ങളുണ്ട്' എന്നല്ലേ ഇതിനര്‍ത്ഥം?


ഗോത്രദൈവമോ?
'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പ്രയോഗം പരിഹാസമല്ല, ജാതി സമൂഹങ്ങളിലെ ദേവീ-ദേവ വൈവിധ്യത്തെ സൂചിപ്പിക്കാന്‍ സാമൂഹികശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറുള്ളതാണ് . അതിലൊരു ദൈവമല്ല അല്ലാഹുവെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. ഈശ്വരന്‍,ദൈവം എന്നീ മലയാള പദങ്ങളുടെയും God എന്ന ഇംഗ്ലീഷ് വാക്കിന്റെയും അറബി രൂപമാണ് അല്ലാഹുവെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് സുശീല്‍കുമാര്‍ എഴുതുന്നു:"  'മുപ്പത്തി മുക്കോടി ദൈവങ്ങളില്‍' അല്ലാഹു പെടുകയില്ല. ഈ ദൈവങ്ങള്‍ ഒന്നും GOD എന്ന എന്ന ഇംഗ്ലീഷ് പദത്തിന്റെ പര്യായവുമല്ല". ഇതുതന്നെയല്ലേ ഞാനും എഴുതിയത്? അതു പകര്‍ത്തിവച്ചാല്‍ ഖണ്ഡനമാവുമോ? ദേവീ-ദേവന്മാര്‍ക്ക് gods-goddesses എന്നാണ് ഇംഗ്ലീഷ് പ്രയോഗം, GOD എന്നല്ല. ഈശ്വരനെയാണ് ഇംഗ്ലീഷില്‍ GOD എന്നു പ്രയോഗിക്കുക. ഏകസ്വരൂപനായ ഈശ്വരന്റെ ഭാവാര്‍ത്ഥത്തിലുള്ള സങ്കല്‍പ്പങ്ങളാണ് ദേവീ-ദേവന്മാരെന്ന് വേദ-ഉപനിഷദ് പണ്ഡിതന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.


പ്രപഞ്ചോല്‍പ്പത്തി


 "പ്രപഞ്ചത്തിന്‌ ആരംഭമുണ്ടെന്ന് ശാസ്ത്രം പറയുമ്പോള്‍ ........"എന്നെഴുതിയ സുശീല്‍കുമാര്‍  പ്രപഞ്ചത്തിന് ആരംഭം ഉണ്ടെന്നു ശാസ്ത്രം തെളിയിച്ചു എന്ന് സമ്മതിച്ചതായി കരുതാമല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും പ്രപഞ്ചത്തിന് ആരംഭമില്ലെന്നു വാദിച്ചുകൊണ്ടിരുന്ന നിരീശ്വരവാദം അശാസ്ത്രീയമാണെന്ന് സുശീല്‍കുമാറിന്റെ വരിയിലൂടെ തന്നെ വ്യക്തമായില്ലേ? നൂറ്റാണ്ടുകളായി പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നു വാദിച്ചുകൊണ്ടിരുന്ന മതത്തിന്റെ ഈ മുഖ്യവീക്ഷണം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടുവെന്നല്ലേ ഇതില്‍നിന്നും തെളിയുന്നത്? നിവൃത്തിയില്ലാതെ ഒരു നുണകൂടി തട്ടിവിട്ട് നിരീശ്വരവാദത്തിനു് ഓക്സിജന്‍ നല്‍കാന്‍(ഇപ്പോള്‍ ഐ സി യുവിലാണ്) സുശീല്‍കുമാര്‍ ശ്രമിക്കുന്നത് കാണുക : "മഹാവിസ്ഫോടനത്തിന്‌ മുമ്പ് ദ്രവ്യം ഇല്ലായിരുന്നു എന്നുമല്ല  "എന്ന്! മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്ര വസ്തുത സുശീല്‍കുമാറിനറിയുമോ?


 സഹജം
മനുഷ്യര്‍ സൃഷ്ടിവാദത്തോട് സഹജമായും ആഭിമുഖ്യമുള്ളവരാണെന്ന ബ്ലും എന്ന മനശ്ശാസ്ത്രജ്ഞന്റെ വാദം നിരത്തി മറ്റനേകം ഉപവാദങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നുവെങ്കിലും ഒന്നിനും വിശദീകരണം നല്‍കാതെ സുശീല്‍കുമാര്‍ തടിതപ്പി. ആകെക്കൂടി ചെയ്തത് ഡിബോറോ കീല്‍മാന്റെ "കുട്ടികള്‍ ജന്മനാ ടെലിയോളജിസ്റ്റുകളാണ് "എന്ന നിരീക്ഷണം ഹാജറാക്കുകയാണ്! ഇതുതന്നെയല്ലേ ബ്ലുമും സമര്‍ത്ഥിച്ചത്? മനുഷ്യന്‍ ജന്മനാ ടെലിയോളജിസ്റ്റുകളാണെന്നത് മനുഷ്യര്‍ ജന്മനാ സൃഷ്ടിവാദ ആഭിമുഖ്യമുള്ളവരാണെന്നതിന്റെ സ്ഥിരീകരണമാണ്. ഖണ്ഡിക്കാനിറങ്ങിയ സുശീല്‍കുമാര്‍ എന്റെ വാദങ്ങളെ സ്ഥിരീകരിക്കാന്‍ തയ്യാറായതില്‍ അഭിനന്ദനങ്ങള്‍. "പലരും ആ ഘട്ടത്തില്‍നിന്നു മോചിതരാകുന്നില്ല "എന്നാണല്ലോ തുടര്‍ന്നുള്ള വാക്യം. പലരും എന്നല്ല മിക്കമനുഷ്യരും എന്നാണ് ശരിയായ പ്രയോഗം. ചുരുക്കം ചില നിരീശ്വരവാദികള്‍ മനുഷ്യരുടെ സഹജപ്രകൃതിയില്‍ നിന്നും 'മോചനം' നേടി നിരീശ്വരവാദത്തിലെത്തുന്നു. എന്നാല്‍ ഈ വീക്ഷണം മനുഷ്യപ്രകൃതിക്കു നിരക്കാത്തതും പ്രകൃതിവിരുദ്ധവും കൂടിയാണെന്ന് ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു.


കമന്റുകളെപ്പറ്റി
 എന്റെ ഒരു വാദത്തെപ്പോലും ഖണ്ഡിക്കുന്ന കമന്റുകള്‍ കണ്ടില്ല. നിരീശ്വരവാദികളുടെ മിക്ക കമന്റുകളും വാദം മനസ്സിലാക്കാതെയുള്ളതും അതുകൊണ്ടുതന്നെ ചര്‍ച്ചാവിഷയവുമായി ബന്ധമില്ലാത്തതുമാണ്. പ്രസക്തമായ കമന്റുകള്‍ക്ക് വിശദീകരണം നല്‍കാം.


@നിസ്സഹായന്‍
"നിഗൂഢവാദത്തോട് അടുത്തു എന്നത്, ആത്മീയത അഥവാ ആശയവാദം മുന്നോട്ടുവെക്കുന്ന പ്രപഞ്ചവീക്ഷണത്തോട് ശാസ്ത്രം യോജിപ്പ് പ്രകടിപ്പിക്കുന്നു എന്നതിന്റെ തെളിവല്ലല്ലോ "എന്നാണ് നിസ്സഹായന്‍ എഴുതിയത്. യോജിപ്പു പ്രകടിപ്പിക്കുന്നു എന്നതിന്റെ തെളിവു തന്നെയാണത്. ശാസ്ത്രം ഭൌതികവാദത്തില്‍നിന്നും അകന്നെന്നു പറഞ്ഞാല്‍ മതത്തോട് അടുത്തു എന്നുതന്നെയാണര്‍ത്ഥം. മറ്റു വല്ല അര്‍ത്ഥങ്ങളുമുണ്ടെങ്കില്‍ നിസ്സഹായനു സമര്‍ത്ഥിക്കാം. പോള്‍ ഡേവിസ് മതവിശ്വാസിയല്ലാത്ത ശാസ്ത്രജ്ഞനാണ്. ഡോക്കിന്‍സിനെപ്പോലെ നിരീശ്വരമൌലികവാദിയല്ല എന്നുമാത്രം. (അതുകൊണ്ടാണ് ഡോക്കിന്‍സ് ഡേവിസിനെ ആക്ഷേപിക്കുന്നത്)


ഡോക്കിന്‍സ് മതാധിഷ്ടിത ദൈവത്തെ മാത്രമല്ല മതാതീത ദൈവസങ്കല്‍പ്പ(Deism)ത്തെയും നിരാകരിച്ചിട്ടുണ്ട്; ഖണ്ഡിച്ചിട്ടുണ്ട്. ദൈവമില്ല എന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടിയാണ് "സാധ്യത പൂജ്യത്തോടടുത്ത്" എന്ന് ഡോക്കിന്‍സ് വാദിക്കുന്നത്.ദൈവം ഉണ്ടാകാന്‍ പൂജ്യത്തോടടുത്ത സാധ്യതയാണെന്നു പറഞ്ഞാല്‍ ദൈവമില്ല എന്നാണര്‍ത്ഥം. (സ്റ്റാറ്റിസ്റ്റിക്സിന്റെ ഭാഷയാണത്). ഡോക്കിന്‍സ് നൂറുശതമാനം ദൈവത്തെ നിഷേധിക്കുന്നയാളാണെന്ന് ഞാന്‍ എവിടേയും എഴുതിയിട്ടില്ലല്ലോ. ആ നിലയ്ക്ക് "ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു" എന്ന ആരോപണത്തിന് എന്തു പ്രസക്തിയാണുള്ളത്?


ഏതു മതത്തിന്റെ ആത്മീയതയോടാണ് കൂടുതല്‍ അടുത്തത് എന്നതാണ് മറ്റൊരു സംശയം . പ്രപഞ്ചത്തെ സൃഷ്ടിച്ചു സംവിധാനിച്ചത് ദൈവമാണെന്നു സിദ്ധാന്തിക്കുന്ന എല്ലാ മതങ്ങളുടെ ആത്മീയതകളോടും ശാസ്ത്രം കൂടുതല്‍ അടുത്തിട്ടുണ്ട്. എന്നാല്‍ ഭൌതികപ്രപഞ്ചത്തിനപ്പുറം ഒന്നുമില്ല എന്നും പ്രപഞ്ചത്തിന് ആരംഭമില്ലെന്നും സിദ്ധാന്തിക്കുന്ന എല്ലാത്തരം ഭൌതികവാദങ്ങളില്‍നിന്നും ശാസ്ത്രം കൂടുതല്‍ അകന്നിട്ടുമുണ്ട്.
ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം ശാസ്ത്രീയവിവരങ്ങളും യുക്തിയും തന്നെയാണ്. അതുകൊണ്ടാണല്ലോ ഇവയെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സിന് നാനൂറിലേറെ പേജുകളുള്ള പുസ്തകം എഴുതേണ്ടിവന്നത്. ദൈവവിശ്വാസത്തിന് ശാസ്ത്രീയവും യുക്തിപരവുമായ അടിസ്ഥാനങ്ങളില്ലെങ്കില്‍ ഡോക്കിന്‍സ് നാനൂറോളം പേജുകളിലായി ഖണ്ഡിക്കുന്നത് എന്തിനെയാണ്? മഠയത്തരങ്ങളെ ഖണ്ഡിക്കാന്‍ നാനൂറോളം പേജുകള്‍ വേണ്ടിവരുമോ എന്നെങ്കിലും നിസ്സഹായന് ആലോചിക്കാമായിരുന്നു.


ദൈവത്തെ മനസ്സിലാക്കുന്നതില്‍ മനുഷ്യനു പരിമിതികളുണ്ട് എന്നതുകൊണ്ടാണ് വൈവിധ്യവും വൈരുധ്യവുമാര്‍ന്ന ദൈവസങ്കല്‍പ്പങ്ങളുണ്ടായത്. ജീവശാസ്ത്രത്തില്‍ ജീവജാതിയെ(species) നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുപതിലേറെ നിര്‍വചനങ്ങളുണ്ടായി. അതുകൊണ്ട് ജീവജാതി എന്ന സങ്കല്‍പ്പം തന്നെ അടിസ്ഥാനരഹിതമാണെന്നു നിസ്സഹായന്‍ വാദിക്കുമോ?


@ജാക്ക് റാബിറ്റ്:
മാന്യമായ കമന്റുകള്‍. മാന്യന്മാരായ നിരീശ്വരവാദികള്‍ മലയാളത്തിലെഴുതുന്ന മഠയത്തരങ്ങള്‍ ജാക്ക് റാബിറ്റ് ഇംഗ്ലീഷിലെഴുതുന്നു എന്ന വ്യത്യാസം മാത്രം. 


"ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല."എന്ന എന്റെ വരികള്‍ ഉദ്ധരിച്ച ശേഷം ജാക്ക് റാബിറ്റ് എഴുതി:(Nov 19, 2010, 2:10 AM):


"I am sorry to show who lacks knowledge of Philosophy here. Logic is one of the branches of philosophy. Let us take this claim -ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. This is only an assertion based on belief with out any supporting evidence. Just because you can construct a proposition using language doesn't means it needs to be true. Then you are using this as a lemma to prove - ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല. 


You are using an unproven premise to arrive at a conclusion. I amn't sure who needs to take Logic 101 course here. "


റാബിറ്റേ, ഞാന്‍ എഴുതിയത് ആദ്യം മനസ്സിലാക്കുക. ശേഷം മറുവാദം ഉന്നയിക്കുക. അല്ലെങ്കില്‍ മഠയത്തമാകും. മേല്‍ സംഭവിച്ചതും അതുതന്നെ. 'ദൈവത്തിന് ആരംഭമില്ല' എന്നതിന്റെ അടിസ്ഥാനത്തില്‍ എത്തിയ conclusion അല്ല 'ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന'ത്. ആദ്യത്തേതുമായി രണ്ടാമത്തേതിന് അനിവാര്യബന്ധമൊന്നുമില്ല. രണ്ടാമത്തേത് , സാമാന്യമായി നിരീശ്വരവാദികളും ഈശ്വരവാദികളും അംഗീകരിക്കുന്ന തത്ത്വചിന്തയിലെ ഒരു തത്വമാണ്.
ആരംഭമില്ലാത്തതിനു കാരണം ആവശ്യമുണ്ടെന്ന് വാദിച്ച ഏതെങ്കിലും നിരീശ്വരതത്ത്വചിന്തകനെ റാബിറ്റിനു് അറിയുമോ? ആദ്യത്തേതില്‍നിന്നും രണ്ടാമത്തേതില്‍ എത്തുകയല്ല രണ്ടാമത്തേത് ആദ്യത്തേതില്‍ പ്രയോഗിക്കുകയാണു ഞാന്‍ ചെയ്തത്.
ദൈവമില്ല എന്ന പ്രസ്താവന യുക്തിപരമാണെന്നതിന് ഏതെങ്കിലും ഒരു നിരീശ്വരവാദി മൂര്‍ത്തമായ തെളിവ് ഹാജറാക്കിയിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് മറുപടിയൊന്നും നല്‍കാതെ റാബിറ്റ് മറ്റൊരു ചോദ്യം ഉന്നയിക്കുന്നു."Can i ask similarly whether you can provide solid evidence to show ദൈവത്തിന് ആരംഭമില്ലെന്നു ?"
ദൈവാസ്തിത്വത്തിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ സാധ്യമല്ല എന്ന് ദീര്‍ഘമായി സമര്‍ത്ഥിച്ച എന്നോട് "ദൈവത്തിന് ആരംഭമില്ലെ"ന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ പറയുന്ന താങ്കള്‍ക്ക് ഞാനെഴുതിയത് അല്പ്പം പോലും മനസ്സിലായില്ല എന്നല്ലേ അര്‍ത്ഥം? ക്രിസ്ത്യന്‍ സൃഷ്ടിവാദക്കാരുടെ കൃതികള്‍ റഫറന്‍സായി നല്‍കിയതു പരാമര്‍ശിച്ച് അവരുമായി യോജിക്കുന്നുണ്ടോ എന്നും റാബിറ്റ് ചോദിക്കുന്നു. സൃഷ്ടി എന്ന സങ്കല്‍പ്പം ആരുടേതായാലും സമാനതയെ സൂചിപ്പിക്കുന്നു. വിശദാംശങ്ങളിലെ വ്യത്യാസങ്ങളിലല്ല പൊതുവായ സമാനതകളിലാണ് എന്റെ ശ്രദ്ധ.


സുശീല്‍കുമാര്‍
(Nov 15, 2010 , 9:25 pm)
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പുതിയ പുസ്തകത്തെപ്പറ്റി ഒരു ഭാഗം ഉദ്ധരിക്കുന്നു. അതില്‍ " It argues that invoking God is not necessary to explain the origin of universe  and that the Big Bang is a consequence of the laws of physics alone" എന്ന വാക്യമുണ്ട്.


 ഒരു സിസ്റ്റത്തെയും ആ സിസ്റ്റംകൊണ്ടു മാത്രം വിശദീകരിക്കാനാവില്ല. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ പ്രോഗ്രാമറില്ലാതെ കംപ്യൂട്ടര്‍ മാത്രം മതിയാവുമോ? അതിന്റെ ഉദ്ഭവത്തെ അത്രപോലും  വിശദീകരിക്കാനാവില്ല. അതിനാല്‍ പ്രപഞ്ചത്തെ അതിനകത്തെ ഭൌതികനിയമങ്ങള്‍ കൊണ്ട് വിശദീകരിക്കാമെന്ന വാദം അശാസ്ത്രീയവും അയുക്തികവുമാണ്.


പ്രപഞ്ചം ഉദ്ഭവിച്ചതാണെന്ന് ശാസ്ത്രം കണ്ടെത്തിയതായി സുശീല്‍ മുന്‍പു സമ്മതിച്ചല്ലോ. ഹോക്കിങ്ങിന്റെ ഈ വാക്യം കൂടി നോക്കൂൂ: " So  long as the universe had a beginning, we could suppose it had a creator"('The Brief History of Time' p 149) ഇതില്‍നിന്നെത്താവുന്ന ഏക നിഗമനം ഇതാണ്. പ്രപഞ്ചത്തിന് ഉദ്ഭവമുള്ളതിനാല്‍ സ്രഷ്ടാവ് അനിവാര്യം!


(മലയാളം ടൈപ്പിങ് വശമാക്കാനുള്ള താമസം മൂലമാണ് അപ്പപ്പോള്‍ മറുപടി എഴുതാന്‍ സാധിക്കാതെ വരുന്നത്. ഇപ്പോള്‍ മാനുസ്ക്രിപ്റ്റ് സൂഹൃത്തിനെക്കൊണ്ട് ടൈപ്പ് ചെയ്യിച്ച് ഇടുകയാണ്. അതുകൊണ്ട് മറുപടികള്‍ ഉടനുടന്‍ കണ്ടില്ലെങ്കില്‍ തെറ്റിദ്ധരിക്കരുതെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.)

Thursday, November 18, 2010

യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി

എന്റെ ലേഖനങ്ങളെ വിമര്‍ശിച്ചുകൊണ്ട് സുശീല്‍കുമാര്‍ പി പി എഴുതിയ 'എന്‍ എം ഹുസൈന്റെ വിഭ്രാന്തികള്‍ '(ഭാഗം 1ഭാഗം2) എന്ന പോസ്റ്റ് വന്നിട്ടുള്ള ബ്ലോഗിന്റെ പേര് 'യുക്തിദര്‍ശനം 'എന്നാണെങ്കിലും അതില്‍ യുക്തിയോ ദര്‍ശനമോ ഒട്ടുംതന്നെയില്ല എന്ന് ആദ്യമേ പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. എന്നാല്‍ അതാണു സത്യം. ഖണ്ഡിക്കപ്പെടുന്ന വാദം എന്താണെന്നോ എങ്ങനെയാണതു ഖണ്ഡിക്കപ്പെടുന്നതെന്നോ ലേഖകന് ഒരു ഗ്രാഹ്യവുമില്ല. തര്‍ക്കശാസ്ത്രം, തത്ത്വശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പുതുതായി ഇറങ്ങിക്കൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിച്ചില്ലെങ്കിലും ദാര്‍ശനിക പ്രാധാന്യമുള്ള മലയാള പദങ്ങളുടെ അര്‍ത്ഥമെങ്കിലും മനസ്സിലാക്കിയ ശേഷം വേണ്ടിയിരുന്നു സുശീല്‍കുമാര്‍ ഖണ്ഡനഖണ്ഡനത്തിന് ഇറങ്ങേണ്ടിയിരുന്നത്. അല്ലെങ്കില്‍ യുക്തിബോധമുള്ള നിരീശ്വരവാദികള്‍ക്കിടയില്‍ തന്നെ പരിഹാസ്യനായി മാറും. ആമുഖമായി ഇത്രയും.

ഇനി സുശീല്‍കുമാറിന്റെ വാദങ്ങളിലേക്കു കടക്കാം.

പി പി സുശീല്‍കുമാര്‍ എഴുതി:
    "റിച്ചാഡ് ഡാക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‌ 'മൂര്‍ത്തമായ തെളിവ്'നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ എന്നതാണ്‌ പ്രധാനചോദ്യം. സ്നേഹം, കരുണ, വിദ്വേഷം, പക, അസൂയ തുടങ്ങിയ വികാരങ്ങള്‍ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഒരാള്‍ക്ക് സ്നേഹമുണ്ട്, അല്ലെങ്കില്‍ ഒരാള്‍ക്ക് അസൂയയുണ്ട്, വിശ്വാസമുണ്ട്, അവിശ്വാസമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് നല്‍കാന്‍ കഴിയുമോ? അത് പരീക്ഷണനിരീക്ഷണങ്ങളാല്‍ തെളിയിക്കാനാകുമോ? അവയെ ഒരു നിരീശ്വരവാദി അംഗീകരിക്കുന്നുവെങ്കില്‍ 'ദൈവത്തിന്‌' മാത്രം 'മൂര്‍ത്തമായ തെളിവ്' ചോദിക്കുന്നതെന്തിന്‌?"

     "ഒറ്റനോട്ടത്തില്‍ വളരെ ന്യായമെന്ന് തോന്നുന്ന ചോദ്യ"മാണിതെന്ന് സുശീല്‍കുമാര്‍ സമ്മതിക്കുന്നു. പിന്നെ എപ്പോഴാണിത് "വളരെ ന്യായ"മല്ലാതായി മാറുന്നത്? എപ്പോഴെങ്കിലും ഇത് "വളരെ ന്യായ"മല്ലാതായി മാറുന്നുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിച്ചിട്ടേയില്ല. (മൂര്‍ത്തമായി സമര്‍ത്ഥിച്ചിട്ടില്ലെന്നത് തല്‍ക്കാലം പ്രശ്നമാക്കേണ്ട!) മറുവാദം പോലും അദ്ദേഹം ഉന്നയിച്ചിട്ടില്ല. പിന്നെയല്ലേ അതു സമര്‍ത്ഥിക്കുന്നത്! മറുവാദം അവതരിപ്പിക്കണമെങ്കില്‍ വാദം എന്താണെന്നെങ്കിലും ആദ്യം മനസ്സിലാകണം. അതും നടന്നിട്ടില്ല. 

അദ്ദേഹം എഴുതിയതിങ്ങനെ:" വിശ്വാസം, അവിശ്വാസം, സ്നേഹം, ദേഷ്യം, അസൂയ, തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിന്റെ ഉല്പ്പന്നമായ ബോധത്തില്‍ അന്തര്‍ലീനമായ വിവിധ ഭാവങ്ങളാണല്ലോ? ഒരാളുടെ തലച്ചോറ് പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് എത്രത്തോളമുണ്ടെന്ന് അറിയാന്‍ കഴിയുമോ എന്ന് പറയാനുള്ള അറിവ് എനിക്കില്ല. പക്ഷേ ഒരാളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിച്ച് ഇതില്‍ ചില ഭാവങ്ങളെ കൃത്രികമായി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന അറിവ് ഇന്ന് ലഭ്യമാണ്‌. ഇതില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം ഇവയെല്ലാം തലച്ചോറിനെ ആശ്രയിച്ച് നിലനില്‍ക്കുന്നതും തലച്ചോറിന്റെ അഭാവത്തില്‍ സ്വതന്ത്രമായ അസ്തിത്വമില്ലാത്തതുമായ സ്വഭാവവിശേഷങ്ങളാണെന്നാണ്‌. ഇതുപോലെ 'ദൈവം' എന്നതും ഇത്തരത്തില്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ചിന്തയാണ്‌ എന്നാണ്‌ ശ്രീ എന്‍ എം ഹുസ്സൈന്റെ വാദത്തില്‍ നിന്ന് മനസ്സിലാകുന്നത്. "

ഇങ്ങനെയാണോ യുക്തിവാദികള്‍ വാദങ്ങള്‍ മനസ്സിലാക്കുന്നത്?കഷ്ടം! ദൈവം സ്നേഹം പോലെ അമൂര്‍ത്തമാണെന്നു പറഞ്ഞാല്‍ ദൈവം തലച്ചോറിനകത്താണെന്നു മനസ്സിലാക്കുന്നവരുടെ ഗ്രഹണശേഷിക്ക് കാര്യമായ തകരാറുണ്ടെന്നാണര്‍ത്ഥം. ദൈവമല്ല, ദൈവത്തെക്കുറിച്ചുള്ള ചിന്തയാണ് തലച്ചോറിനകത്തുള്ളത്. ഒരാള്‍ ഗാന്ധിജിയെപ്പറ്റി ചിന്തിക്കുന്നു എന്നു പറഞ്ഞാല്‍ ഗാന്ധിജി അയാളുടെ തലച്ചോറിനകത്താണെന്നാണോ യുക്തവാദികള്‍ മനസ്സിലാക്കുക?

രൂപകം (metaphor)എന്താണെന്ന് സാമാന്യമായെങ്കിലും സുശീല്‍കുമാര്‍ മനസ്സിലാക്കുന്നതു നന്ന്.('രൂപക'ത്തെ 'കൂപരം' എന്നു മനസ്സിലാക്കരുതേ) ഉപമാരീതിയാണത്. സങ്കീര്‍ണമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ലളിതമായ ഉദാഹരണങ്ങള്‍ ഉപയോഗിക്കുന്നു. ദൈവം സ്നേഹം പോലെ അമൂര്‍ത്തമാണെന്നു പറഞ്ഞാല്‍ ദൈവം മസ്തിഷ്ക്കത്തിനകത്താണെന്നാണോ ധരിക്കുക? സിംഹം ആനയെപ്പോലെ വന്യമൃഗമാണെന്നു പറഞ്ഞാല്‍ സിംഹത്തിനും ആനയെപ്പോലെ തുമ്പിക്കെ ഉണ്ടാകുമെന്നാണോ  യുക്തിവാദികള്‍ മനസ്സിലാക്കുക?

ദൈവത്തിന്റെ അമൂര്‍ത്തത വ്യക്തമാക്കാനാണ് സ്നേഹത്തോട് ഉപമിച്ചത്. അമൂര്‍ത്തമായ സ്നേഹത്തിന് സമൂര്‍ത്തമായ തെളിവ് ഇല്ലാത്തതുപോലെ അമൂര്‍ത്തമായ ദൈവത്തിനും സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവില്ല എന്നാണ് വാദം. ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ ദൈവം  സമൂര്‍ത്തമാണെന്നോ സ്നേഹം സമൂര്‍ത്തമാണെന്നോ സമര്‍ത്ഥിക്കണം.  അതുമല്ലെങ്കില്‍ അമൂര്‍ത്തമായതിനും സമൂര്‍ത്തമായ തെളിവുണ്ടാകുമെന്നു സമര്‍ത്ഥിക്കണം. വാദം മനസ്സിലാകാത്തതുകൊണ്ടാകാം, ലേഖകന്‍ അതിനു ശ്രമിച്ചിട്ടില്ല.  'നാസ്തികനായ ദൈവം 'എന്ന കൃതിയെ യുക്തിദര്‍ശനത്തിന്റെ പ്രഭാപൂരമായി കാണുന്ന സുശീല്‍കുമാര്‍ ഒരു കാര്യം മനസ്സിലാക്കുന്നതു നന്ന്. ഗ്രന്ഥകാരനായ സി.രവിചന്ദ്രനും സമൂര്‍ത്തം, അമൂര്‍ത്തം എന്നീ മലയാളവാക്കുകളുടെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഇക്കാര്യം ഞാന്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ, അതെപ്പറ്റി സുശീല്‍കുമാര്‍ വാചാലമായ മൌനം പാലിച്ചത് അര്‍ത്ഥവത്താണ്. ആചാര്യന് അറിയാത്തത് അനുയായിക്കറിയാന്‍ സാധ്യതയില്ലല്ലോ!
സമൂര്‍ത്തമായ തെളിവില്ലാതെ സ്നേഹം പോലെ ഒട്ടേറെ കാര്യങ്ങളില്‍ യുക്തിവാദികള്‍ 'വിശ്വസിക്കുന്നു'ണ്ടെന്നിരിക്കെ സമൂര്‍ത്തമായ തെളിവില്ല എന്ന കാരണത്താല്‍ മാത്രം ദൈവത്തെ എന്തിന് തിരസ്കരിക്കണം എന്നായിരുന്നു ചോദ്യം. ഇത് മറുപടിയില്ലാതെ ശേഷിക്കുന്നു. ചോദ്യം തന്നെ മനസ്സിലാക്കാതെ അസംബന്ധങ്ങളെഴുതിയാല്‍ മറുപടിയാകുമോ?
ഒരു വിഡ്ഢിത്തത്തെ ആധാരമാക്കി 'ചിന്തി'ച്ചാല്‍ മറ്റൊരു വിഡ്ഢിത്തത്തിലായിരിക്കുമല്ലോ എത്തുക. സുശീല്‍കുമാര്‍ എഴുതി:" ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കോ നിരീശ്വരവാദികള്‍ക്കൊ വിയോജിപ്പില്ല. ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മനുഷ്യ മസ്തിഷ്കത്തില്‍ വിരിഞ്ഞവ തന്നെയാണെന്നാണ്‌ ഇവരുടെയും പക്ഷം. ഈ ചിന്തകള്‍/വികാരങ്ങള്‍ എല്ലാം തന്നെ മസ്തിഷ്കം നിശ്ചലമാകുന്നതോടെ അവസാനിക്കുന്നു. "
പ്രപഞ്ചത്തെപ്പറ്റിയുള്ള ചിന്തകളും വീക്ഷണങ്ങളുമെല്ലാം മസ്തിഷ്കത്തിനകത്താണെന്നു പറഞ്ഞാല്‍ പ്രപഞ്ചം തന്നെയും മസ്തിഷ്കത്തിനകത്താണെന്നു ധരിക്കുന്ന മൌഢ്യം തന്നെയാണ് മേല്‍ വരികളിലുമുള്ളത്. ദൈവമോ ജിന്നുകളോ മസ്തിഷ്കത്തിനകത്താണെന്ന് യുക്തിവാദികള്‍ക്ക് വിശ്വസിക്കാം. എന്നാല്‍ മതവിശ്വാസികളിലെ മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല. 
വിചിത്രമോ?
'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും  'ദൈവമുണ്ട്  'എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും .എന്നാല്‍ ആദ്യത്തേത് യുക്തിപരമാണെന്നതിന് 'മൂര്‍ത്തമായ തെളിവ് 'ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? ഇന്നേവരെ ഏതെങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കിയതായി ചൂണ്ടിക്കാട്ടാനാവുമോ?"എന്നായിരുന്നു എന്റെ ചോദ്യം. ഇതിന് സുശീലിന്റെ മറുപടി ഇങ്ങനെ: "    വളരെ വിചിത്രമായ ഒരു ചോദ്യമാണിത്. പലവട്ടം വിശദീകരിക്കപ്പെട്ടതും. "

 "വളരെ വിചിത്രമായ ഒരു ചോദ്യമാണിതെ"ന്ന് അഭിപ്രായപ്പെടുന്ന ലേഖകന്‍ തന്നെ ഇത്  "പലവട്ടം വിശദീകരിക്കപ്പെട്ട"താണെന്നും വ്യക്തമാക്കുന്നുണ്ട്!
ഈ ചോദ്യം" വളരെ വിചിത്ര"മായി തോന്നിയതിന്റെ കാരണമെന്താണെന്നോ? ചോദ്യം മനസ്സിലായിട്ടില്ല എന്നതുതന്നെ. ലേഖകന്റെ മറുപടിയില്‍ നിന്നും ഇക്കാര്യം വ്യക്തമാവുന്നു. ദൈവം ഇല്ല എന്നതിനല്ല, ഉണ്ട് എന്നതിനാണ് തെളിവ് ഹാജറാക്കേണ്ടത് എന്നാണ് മറുപടി. ദൈവമില്ല എന്ന വാദത്തിന് തെളിവ് ഹാജറാക്കണമെന്ന വാദമേ ഉന്നയിച്ചിട്ടില്ലെന്നിരിക്കെ ഇതിന് എന്തു പ്രസക്തിയാണുള്ളത്? 
ആദ്യം വാദം മനസ്സിലാക്കുക
വാദം ആദ്യം മനസ്സിലാക്കുക. 'ദൈവം ഇല്ല ' എന്നത് യുക്തിപരമായ നിഗമനമായി യുക്തിവാദികള്‍ അംഗീകരിക്കുന്നുവെന്നത് അവര്‍ നിഷേധിക്കാറില്ലല്ലോ. എങ്കില്‍ 'ദൈവം ഇല്ല' എന്ന നിഗമനം യുക്തിപരമാണെന്നതിന് സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവുമോ എന്നായിരുന്നു ചോദ്യം. ദൈവം ഇല്ലെന്നത് യുക്തിപരമായ നിഗമനമാണെന്നതിന് സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവുമോ എന്നാണ് ചോദ്യം. ഇന്നേവരെ ഒരു യുക്തിവാദിയും ഇതിന് സമൂര്‍ത്തമായ തെളിവ് ഹാജറാക്കിയിട്ടില്ല. എങ്കില്‍ സമൂര്‍ത്തമായ തെളിവില്ലാതെയും പല വീക്ഷണങ്ങളും അവര്‍ അംഗീകരിക്കുന്നുണ്ട് എന്നാണര്‍ത്ഥം.

 വാദം ഗ്രഹിക്കാതെ ലേഖകന്‍ നടത്തുന്ന അസംബന്ധാഭ്യാസങ്ങള്‍ക്ക് മറ്റൊരു ഉദാഹരണമിതാ:"ആയതിനാല്‍ ഭൗതികമായ മസ്തിഷ്കത്തിന്റെ ഉല്പന്നമായ ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ 'അവ നിലനില്‍ക്കുന്നുണ്ട്' എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല. ഇത്തരമൊരു 'ദൈവ'ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല".
മസ്തിഷ്കത്തിനകത്ത് ആശയങ്ങളാണുള്ളതെന്നും യാഥാര്‍ത്ഥ്യങ്ങളല്ലെന്നും എല്ലാവര്‍ക്കും അറിയാം .പ്രപഞ്ചമല്ല, പ്രപഞ്ചത്തെക്കുറിച്ചുള്ള ആശയങ്ങളാണ് മസ്തിഷ്കത്തിനകത്തുള്ളത്. ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലാത്ത ഈ കാര്യം സമര്‍ത്ഥിക്കാനാണ് സുശീല്‍കുമാര്‍ ഏറെ അധ്വാനിച്ചിട്ടുള്ളത്.എന്നുമാത്രമല്ല, 
"ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ 'അവ നിലനില്‍ക്കുന്നുണ്ട്' എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല"എന്നെഴുതിയ ലേഖകന്‍ തന്നെയാണ് മസ്തിഷ്കത്തിനകത്ത് ആശയങ്ങളാണുള്ളതെന്ന് ദീര്‍ഘമായി സമര്‍ത്ഥിക്കുന്നത്! എന്താണു ചെയ്യുന്നതെന്ന് അയാള്‍ക്കുതന്നെ നിശ്ചയമില്ലെന്നു വന്നാല്‍ മറ്റുള്ളവര്‍ക്ക് സഹായിക്കാനാവുമോ?

".....വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല"എന്ന് സുശീല്‍കുമാര്‍ എഴുതിയതില്‍ നിന്നും വാദം മനസ്സിലായില്ലെന്നതിന് മറ്റൊരു തെളിവുകൂടിയായി. ഒരു വാദത്തിലെ ലോജിക് പിടികിട്ടാത്തവനെ സംബന്ധിച്ചിടത്തോളം ആ വാചകം 'വാചകക്കസര്‍ത്തു' മാത്രമായാവും അനുഭവപ്പെടുക. ലോജിക് മനസ്സിലാകണമെങ്കില്‍ വാക്കുകളുടെ അര്‍ത്ഥം കൃത്യമായി ഗ്രഹിക്കാനാവണം. വ്യക്തിസ്വരൂപനായ ദൈവത്തിനാണ് ഡോക്കിന്‍സ് തെളിവു ചോദിച്ചതെന്നും വെറും തെളിവല്ല, സമൂര്‍ത്തമായ തെളിവാണു ചോദിച്ചതെന്നും അതുകൊണ്ടാണ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന് സമൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ നിരീശ്വരവാദികളില്‍ ആര്‍ക്കെങ്കിലുമാവുമോ എന്ന് ഞാന്‍ മറുചോദ്യം ഉന്നയിച്ചതെന്നും സുശീല്‍കുമാറിനു പിടികിട്ടിയിട്ടില്ല. 

"റിച്ചാഡ് ഡാക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‌ 'മൂര്‍ത്തമായ തെളിവ്'നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ എന്നതാണ് പ്രധാനചോദ്യം."എന്ന് തുടക്കത്തിലേ എഴുതിയ സുശീല്‍കുമാര്‍ ഇത്രയേറെ എഴുതിയിട്ടും ഈ ചോദ്യത്തിന് വിശദീകരണം നല്‍കിയിട്ടില്ലല്ലോ! ഒന്നുകില്‍ ചോദ്യം അബദ്ധമാണെന്ന് സമര്‍ത്ഥിക്കണം. അല്ലെങ്കില്‍ സാധിക്കുമെന്നോ ഇല്ലെന്നോ മറുപടി എഴുതണം. സാധിക്കുമെന്നാണെങ്കില്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന് മൂര്‍ത്തമായ ഒരു തെളിവെങ്കിലും ഹാജറാക്കണം. ഇതൊന്നും ചെയ്യാതെ പ്രധാന ചോദ്യം ഉദ്ധരിച്ചുകൊണ്ട് മറുപടിയെഴുതാതെ മറ്റസംബന്ധങ്ങള്‍ എഴുതുന്നതില്‍ എന്തു യുക്തിയാണുള്ളത്?

     "ശാസ്ത്രീയമായി തെളിയിക്കാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയും വിശ്വാസമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. യാതൊരു 'മൂര്‍ത്തമായ തെളിവു'മില്ലാതെ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്ന നിരീശ്വരവാദികള്‍ക്ക്, പക്ഷേ ദൈവത്തില്‍ വിശ്വസിക്കാന്‍ മൂര്‍ത്തവും പരീക്ഷണപരവുമായ തെളിവ് വേണം എന്ന ശാഠ്യമുണ്ട്."എന്റെ ഈ വരികള്‍ക്ക് സുശീല്‍കുമാര്‍ എഴുതിയ മറുപടിയിതാണ്:"ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല. എന്നാല്‍ അവര്‍ അതില്‍ 'വിശ്വസിക്കുന്നു' എന്നു പറയുന്നത് അല്പം കടന്ന കയ്യാണ്‌. അതിന്റെ ശാസ്ത്രീയത ഇപ്പോള്‍ എനിക്കറിയില്ല എന്ന നിലപാടായിരിക്കും അവര്‍ക്കുണ്ടാവുക. ഇതേക്കുരിച്ച്‌ കൂടുതല്‍ വിശദീകരിക്കും മുമ്പ് മറ്റൊരു ചോദ്യത്തിന്‌ ഉത്തരം ലഭിക്കേണ്ട്തുണ്ട്".
ഇത് ഞങ്ങളുടെ ആഭ്യന്തര പ്രശ്നം

അദ്ദേഹം തുടരുന്നു:" 'മൂര്‍ത്തമായ' യാതൊരു തെളിവുമില്ലാതെയാണ്‌ കോടിക്കണക്കിനാളുകള്‍ ശബരിമല അയ്യപ്പന്‍, മാഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ് പറശ്ശിനിക്കടവ് മുത്തപ്പന്‍, സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കുന്നത്. എന്‍ എം ഹുസ്സൈനും കൂട്ടരും എന്തുകൊണ്ടാണ്‌ ഈ വ്യക്തിദൈവങ്ങളെയൊന്നും വിശ്വസിക്കാതെ ഖുര്‍ ആനിലെ വ്യക്തിദൈവമായ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നത്? അവര്‍ 'മൂര്‍ത്തമായതെളിവില്ലാത്ത' കാര്യങ്ങളില്‍ വിശ്വസിക്കുന്നവാരാണെന്നിരിക്കെ? "

സുശീല്‍കുമാറിന്റെ ഈ വിശദീകരണങ്ങള്‍ പരിശോധിക്കാം.:"ശാസ്ത്രീയമായി തെളിയിക്കാനാവാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയും സ്വവിശ്വാസമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട് "എന്നാണല്ലോ ഞാനെഴുതിയത്. "ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല" എന്ന് സുശീല്‍കുമാര്‍ തന്നെ സമ്മതിച്ചത് എന്റെ വാദത്തിന്റെ സ്ഥിരീകരണമല്ലേ? "എന്നാല്‍ അവര്‍ അതില്‍ 'വിശ്വസിക്കുന്നു' എന്നു പറയുന്നത് അല്പം കടന്ന കയ്യാണെ "ന്ന ലഘുവായ പരാതിയേ അദ്ദേഹത്തിനുള്ളൂ. "ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല " എന്ന അദ്ദേഹത്തിന്റെ തന്നെ സമ്മതപ്രകാരം ഇങ്ങനെയൊരു സംശയത്തിന് പ്രസക്തിയുണ്ട്: "ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത"ത് എന്ന കാരണത്താല്‍ എന്തുകൊണ്ട് അദ്ദേഹം  ദൈവത്തെ നിരാകരിക്കുന്നു? സാമാന്യമായ ഒരു സംശയം ചോദിച്ചെന്നേയുള്ളൂ. 

തെളിയിച്ചിട്ടില്ലാത്തതും തെളിയിക്കാനാവാത്തതും

ഇവിടെയും പ്രശ്നം ഗ്രാഹ്യശേഷിയുടേതാണ്. "ശാസ്ത്രീയമായി തെളിയിക്കാനാവാത്തതും" "ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലാത്ത"തും ഒരേ കാര്യങ്ങളല്ല. ഈ വ്യത്യാസം ഗ്രഹിക്കാനാകാത്തതുകൊണ്ടാണ് സുശീല്‍കുമാറിന്റെ വരിയില്‍ "ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത" എന്ന പ്രയോഗം വന്നത്. 'തെളിയിക്കാനാവാത്തത്' എന്നാല്‍ ഒരിക്കലും തെളിയിക്കാനാവാത്തത് എന്നാണര്‍ത്ഥം.  തെളിയിക്കപ്പെടാത്തതിന്  ഇതുവരെ തെളിയിക്കപ്പെടാത്തത് എന്ന അര്‍ത്ഥമേയുള്ളൂ. ഭാവിയില്‍ തെളിയിക്കപ്പെട്ടേക്കാം എന്നാണു വിവക്ഷ.

ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും മൂര്‍ത്തമായോ ശാസ്ത്രീയമായോ തെളിയിക്കാനാവില്ല. ഇപ്പോള്‍ മാത്രമല്ല ഒരുകാലത്തും ഈ  യാഥാര്‍ത്ഥ്യം ശാസ്ത്രീയമായോ മൂര്‍ത്തമായോ തെളിയിക്കുക സാധ്യമല്ല. എന്റെ ഈ വാദത്തില്‍ യുക്തിപരമായോ ശാസ്ത്രീയമായോ എന്തെങ്കിലും അപാകതകളുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുമില്ല. ശാസ്ത്രീയമായി തെളിയിക്കാനാവാത്ത 'ഡോക്കിന്‍സ് നിരീശ്വരവാദിയാണ്' എന്ന പ്രസ്താവനയെ നൂറ് ശതമാനവും അംഗീകരിച്ച് കൊട്ടിഘോഷിക്കുന്ന നിരീശ്വരവാദികള്‍ മൂര്‍ത്തമായോ ശാസ്ത്രീയമായോ തെളിയിക്കാനാവില്ല എന്ന കാരണം ഉന്നയിച്ച് ദൈവത്തെ തിരസ്കരിക്കുന്നതെന്തുകൊണ്ട് എന്നായിരുന്നു എന്റെ ചോദ്യം. ഇക്കാര്യം ഒന്നിലേറെ ഉദാഹരണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത വിശദീകരണങ്ങളാണ് സുശീല്‍കുമാര്‍ എഴുതിയിട്ടുള്ളത്.

ഇനി 'വിശ്വസിക്കുന്നു' എന്ന വാക്കിനെപ്പറ്റി. 'ഡോക്കിന്‍സ് നിരീശ്വരവാദിയാണെ 'ന്ന് നിരീശ്വരവാദികള്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നതെന്നു വ്യക്തമാക്കാമോ? ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങളെപ്പറ്റി "അതിന്റെ ശാസ്ത്രീയത ഇപ്പോള്‍ എനിക്കറിയില്ല എന്ന നിലപാടായിരിക്കും അവര്‍ക്കുണ്ടാവുക"എന്നാണല്ലോ അദ്ദേഹം എഴുതിയത്. ഇതനുസരിച്ച് ശാസ്ത്രീയമായി ദൈവാസ്തിത്വം തെളിയിക്കപ്പെടാത്തതിനാല്‍ "അതിന്റെ ശാസ്ത്രീയത ..എനിക്കറിയില്ല എന്ന നിലപാടായിരി"ക്കണമല്ലോ നിരീശ്വരവാദികള്‍ക്കുണ്ടാവേണ്ടത്? എന്നാല്‍ ഏതു സമയവും പുരപ്പുറത്തു കയറി ദൈവമില്ലെന്ന് വിളിച്ചുകൂവി നടക്കുന്നവരല്ലേ നിരീശ്വരവാദികള്‍? അവര്‍ സ്വയം വിശേഷിപ്പിക്കുന്നതു തന്നെ 'നിരീശ്വരവാദി' എന്നല്ലേ?ദൈവം ഉണ്ടെന്ന് വിശ്വാസികള്‍ വിശ്വസിക്കുമ്പോള്‍ ദൈവം ഇല്ലെന്ന് നിരീശ്വരവാദികള്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?
ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങളില്‍ നിരീശ്വരവാദികള്‍ വിശ്വസിക്കുന്നുവെന്നു സമ്മതിക്കാന്‍ മടിയുള്ളതു നില്‍ക്കട്ടെ. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളില്‍ നിരീശ്വരവാദികള്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നതെന്നു വ്യക്തമാക്കാമോ? ഉദാഹരണമായി രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്സിജന്‍ ആറ്റവും ചേര്‍ന്നാണ് വെള്ളത്തിന്റെ ഒരു തന്മാത്ര (molecule) ഉണ്ടാകുന്നതെന്ന് ഏവരും സമ്മതിക്കുന്നു. ഇതില്‍ നിരീശ്വരവാദി വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നത്? ഇത് പരീക്ഷണത്തിലൂടെ തെളിയിച്ച ശാസ്ത്രജ്ഞന്റെ പേരെങ്കിലും അറിയാവുന്ന എത്രയുണ്ടാവും? ശാസ്ത്രജ്ഞര്‍ പറഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം ബുദ്ധിയുപയോഗിച്ച് അല്പം പോലും ചിന്തിക്കാതെ ആപേക്ഷികസിദ്ധാന്തമായാലും  അനിശ്ചിതത്വ സിദ്ധാന്തമായാലും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന നിരീശ്വരവാദികള്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നതെന്നു വ്യക്തമാക്കാമോ? ആപേക്ഷിക സിദ്ധാന്തവും അനിശ്ചിതത്വ സിദ്ധാന്തവും മഹത്തായ ശാസ്ത്രസംഭാവനകളാണെന്നു വീമ്പടിക്കുന്ന കേരളത്തിലെ നിരീശ്വരവാദികളില്‍ എത്രപേര്‍ക്ക് ഈ സിദ്ധാന്തങ്ങള്‍ മനസ്സിലായിട്ടുണ്ടാകും?

ഇത്തരം അന്വേഷണങ്ങള്‍ തല്ക്കാലം മതിയാക്കാം. 
"മറ്റൊരു ചോദ്യ"ത്തിലേക്കു കടക്കാം. 'എന്‍ എം ഹുസൈനും കൂട്ടരും ശബരിമല അയ്യപ്പന്‍, മഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ്, പറശ്ശിനിക്കടവ് മുത്തപ്പന്‍,സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കാതെ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതെന്തുകൊണ്ടെ'ന്ന് നിരീശ്വരവാദിയായ സുശീല്‍കുമാര്‍ ചോദിക്കുന്നു. എന്റെ വിശദീകരണമിതാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ നിരീശ്വരവാദികള്‍ക്കെന്താണു കാര്യം? (പൊന്നുരുക്കുന്നിടത്തു പുച്ചയ്ക്കെന്തു കാര്യം എന്ന ചൊല്ല് പ്രസക്തമാണിവിടെ).ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ എന്തിന് ആവേശഭരിതരാവണം?

 ദൈവം തന്നെയില്ലെന്നു കരുതുന്നവര്‍ അതിന്റെ എണ്ണത്തെയും വണ്ണത്തെയും കുറിച്ച് അന്വേഷിക്കുന്നത് കാപട്യമല്ലേ? ദൈവം തന്നെ മിഥ്യയാണെന്നു കരുതുന്ന നിരീശ്വരവാദികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു മധ്യസ്ഥന്റെ റോളുപോലും അധികപ്പറ്റാണെന്ന് ആര്‍ക്കാണറിയാത്തത്?
പ്രപഞ്ചത്തിനു നല്‍കാവുന്ന വ്യാഖ്യാനങ്ങളില്‍ ഈശ്വരവാദമാണോ നിരീശ്വരവാദമാണോ കൂടുതല്‍ യുക്തിപരവും ശാസ്ത്രീയവുമായത് എന്ന അന്വേഷണമാണ് ഈ ബ്ലോഗിലെ/എന്റെ ലേഖനത്തിലെ മുഖ്യവിഷയം. ദൈവത്തിന് കണ്ണുകളുണ്ടോ കാലുകളുണ്ടോ എന്നതല്ല. ദൈവം തന്നെയുണ്ടോ എന്നതാണ് ചര്‍ച്ചാവിഷയം. മതഗ്രന്ഥങ്ങളിലെ ആലങ്കാരികമായ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തിലെടുത്ത് ദൈവത്തിന് കണ്ണുകളും കാതുകളും കൈകാലുകളുമുണ്ടെന്ന് ആരു സങ്കല്‍പ്പിച്ചാലും അബദ്ധമാണെന്ന് സാമാന്യബോധമെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാകും. 


വിശ്വാസത്തിലെ യുക്തി

     "ദൈവം ഇന്ദ്രിയാതീത യഥാര്‍ത്ഥ്യമാണ്‌. അതുകൊണ്ടാണ്‌ ഭൗതിക ശാസ്ത്രത്തിന്റെ പരീക്ഷണങ്ങളിലൂടെ ദൈവാസ്തിക്യം തെളിയിക്കാനാകില്ല എന്ന് വിശ്വാസികള്‍ പറയുന്നത്."
എന്ന എന്റെ വാദത്തിനുള്ള  സുശീലിന്റെ മറുപടി ഇതാണ്:

     "മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത പലതും പ്രപഞ്ചത്തിലുണ്ടാകാമെന്നത് യാഥാര്‍ത്ഥ്യമാകാം. എല്ലാ കാര്യങ്ങളും ഇപ്പോള്‍ തന്നെ അറിയണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. ഇപ്പോള്‍ അറിഞ്ഞതുതന്നെ എത്രയോ കാലത്തെ പരിശ്രമഫലം. അതിന്‌ സ്വീകരിച്ച ഏക മാര്‍ഗം പഞ്ചേന്ദ്രിയജ്ഞാനവും. ഇന്ദ്രിയാതീതമായത് ഉണ്ടാകാമെന്നും അത് എന്താണെന്ന് ഇപ്പോള്‍ അറിയില്ലെന്നും പറയാമെന്നല്ലാതെ അത് ഇന്നതുതന്നെയാണെന്ന് ഉറപ്പിച്ചുപറയാന്‍ എങ്ങനെയാണ്‌ മനുഷ്യന്‌ കഴിയുക? 'ദൈവം' 'ഇന്ദ്രിയാതീതയാഥാര്‍ത്ഥ്യ'മാണെന്ന അറിവ് എവിടെനിന്നാണ്‌ ലഭിച്ചത്? ആ അറിവ് ലഭിക്കാന്‍ ഉപയോഗിച്ച ഉപകരണം ഇന്ദ്രിയങ്ങള്‍ തന്നെയാണോ? അതല്ല, പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം മറ്റാര്‍ക്കുമില്ലാത്ത എന്ത് ഉപകരണമാണ് ലേഖകന്‌ സിദ്ധിച്ചിരിക്കുന്നത്? 'ഇന്ദ്രിയാതീത'മായത് ദൈവമാണെന്നും, ആ ദൈവം തന്റെ മതഗ്രന്ഥത്തിലെ ദൈവമായ അല്ലാഹു എന്ന അറേബ്യന്‍ ഗോത്രദൈവം തന്നെയാണെന്നും തീരുമാനിക്കുന്നതെങ്ങനെ? അത് 'നിര്‍ഗുണപരബ്രഹ്മ'മല്ലെന്നുള്ള അറിവ് ലേഖകനുണ്ടോ? എങ്കില്‍ ആ അറിവിന്റെ ഉറവിടമെന്ത്? അത് ലഭിച്ച മാര്‍ഗമേത്?"


ഇത്തരം നഴ്സറി നിലവാരത്തിലുള്ള സംശയങ്ങള്‍ പ്രസക്തമാണ്. പക്ഷേ, ദൈവത്തെ വിശകലനം ചെയ്യാനിറങ്ങുന്നയാള്‍ ഇതൊക്കെ നിരത്തുന്നത് കൌതുകം തന്നെ. പ്രപഞ്ചത്തെക്കുറിച്ച് പഠിച്ചാല്‍ പ്രപഞ്ചം അനാദിയാണെന്നോ സ്വയംഭൂവാണെന്നോ സിദ്ധാന്തിക്കുന്ന നിരീശ്വരവാദം യുക്തിരഹിതവും അശാസ്ത്രീയവുമാണെന്ന് ഗ്രഹിക്കാനാവും. പ്രപഞ്ചത്തിന്റെ സൃഷ്ടി-സംവിധാനങ്ങള്‍ക്കു പിന്നില്‍ ദൈവമാണെന്നും മനസ്സിലാവും. ഇക്കാര്യം ഒരു പരിധിവരെ സമ്മതിക്കാന്‍ ഡോക്കിന്‍സും നിര്‍ബന്ധിതനായിട്ടുണ്ട്. ' നാസ്തികനായ ദൈവം' എന്ന കൃതിയിലെ ഈ വരി നോക്കൂ : "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം " (പേജ് 180). ഒരു നിരീശ്വരവാദിക്കുപോലും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നുവെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? അങ്ങനെ തോന്നുന്നതുകൊണ്ടാണ് അതിനുപിന്നില്‍ ആസൂത്രകന്‍ ഉണ്ടായിരിക്കണം എന്ന യുക്തിപരമായ നിഗമനത്തില്‍ അവരെത്തുന്നത്(Every design wants a designer).
"ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം "  എന്ന അറിവ് നിരീശ്വരവാദികള്‍ക്കും ലഭിച്ചിട്ടുണ്ടല്ലോ! "പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം മറ്റാര്‍ക്കുമില്ലാത്ത" ഉപകരണത്തിലൂടെയല്ലല്ലോ ഇതു ലഭിച്ചത് ? പ്രപഞ്ചത്തെപ്പറ്റി സാമാന്യമായി പഠിച്ചാല്‍ ഗ്രഹിക്കാവുന്ന കാര്യമാണിത്. ഒരാസൂത്രണവും യാദൃഛികമായുണ്ടാകില്ലെന്ന് സാമാന്യബുദ്ധി മാത്രമല്ല, അതിബുദ്ധിയും പറയുന്നു( ഇത്തരം തെളിവുകളെപ്പറ്റി എന്റെ രണ്ടു പോസ്റ്റുകളിലും വിശദമാക്കിയിട്ടുണ്ടെങ്കിലും ലേഖകന്‍ മിണ്ടിയിട്ടില്ല)
ഗോത്രദൈവമോ?
'അല്ലാഹു' എന്നത് അറേബ്യന്‍ ഗോത്ര ദൈവമാണെന്ന ധാരണ ശുദ്ധ വിവരക്കേടാണ്. ദൈവം, ഈശ്വരന്‍ എന്നിത്യാദി മലയാള പദങ്ങളുടെയും God എന്ന ഇംഗ്ലീഷ് പദത്തിന്റെയും അറബി പദമാണ് അല്ലാഹു. മുപ്പത്തിമുക്കോടി ദൈവങ്ങളുടെയിടയില്‍ കഴിയുന്ന സുശീല്‍കുമാര്‍ അതിലൊരു ദൈവം മാത്രമായി അല്ലാഹുവിനെ പരിഗണിക്കുന്നതില്‍ അദ്ഭുതമില്ല. പ്രപഞ്ചസ്രഷ്ടാവാണ് അല്ലാഹു. അല്ലാതെ ലേഖകന്‍ കരുതും പോലെ പ്രപഞ്ചസ്രഷ്ടാക്കളില്‍ ഒരാളുടെ പേരല്ല ദൈവം അഥവാ അല്ലാഹു. ഏറ്റവും പ്രാകൃതരായ ജനവിഭാഗങ്ങള്‍ പോലും പ്രപഞ്ചസ്രഷ്ടാവായ ദൈവം എന്ന വിവക്ഷയിലാണ് ഈശ്വരന് ഓരോ പേരുകള്‍ നല്‍കിയിട്ടുള്ളത്. ഇവയോരോന്നും ഓരോ ദൈവങ്ങളാണെന്ന് ധരിക്കുന്ന 'നിരീശ്വബുദ്ധി'യെപ്പറ്റി എന്തു പറയാന്‍?
അക്വിനാസിന്റെ തെളിവുകളെ ഖണ്ഡിക്കുന്നതില്‍ ഡോക്കിന്‍സ് ദയനീയമായി പരാജയപ്പെട്ടതായി രണ്ടു പോസ്റ്റുകളിലും സമര്‍ത്ഥിച്ചിരുന്നു. ഇന്നത്തെ ശാസ്ത്രീയ വിവരങ്ങളെ ആസ്പദമാക്കി അക്വിനാസിന്റെ തെളിവുകള്‍ സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതേപ്പറ്റി യാതൊന്നും എഴുതാതെ രക്ഷപ്പെടാന്‍ സുശീല്‍കുമാര്‍ കണ്ടെത്തിയ വിദ്യയെന്താണെന്നോ?നോക്കൂ:  "  ആടുത്തഭാഗം 'അക്വിനാസിന്റെ' തെളിവുകള്‍ സംബന്ധിച്ചാണ്‌. ഈ വിഷയത്തില്‍ വിശദമായ പോസ്റ്റ് സി കെ ബാബുവിന്റെ ബ്ലോഗില്‍ ലഭ്യമാണ്‌. "

 ആ പോസ്റ്റില്‍ എന്തുണ്ടെന്നാണു പറയുന്നത്?  അക്വിനാസിനെപ്പറ്റി സി കെ ബാബു 'അതുമിതും' എഴുതിയിട്ടുണ്ടെന്നല്ലാതെ തെളിവുകളെ ഖണ്ഡിക്കുകയോ ഡോക്കിന്‍സ് അതു കൈകാര്യം ചെയ്തതിനെ ന്യായീകരിക്കുകയോ എന്റെ വാദങ്ങളെ വിശകലനം ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു ലേഖകനു ചൂണ്ടിക്കാണിക്കാമോ? 

ശാസ്ത്രവും ശാസ്ത്രീയതയും

 'ഇന്ദ്രിയാതീത യാഥാര്‍ത്ഥ്യമായ' ദൈവത്തിന്‌ ശാസ്ത്രീയമായ തെളിവുനല്‍കാന്‍ കഴിയില്ലെന്ന് ലേഖനത്തിലുടനീളം സ്ഥാപിക്കാന്‍ ശ്രമിച്ച ശേഷം പറയുന്നു ദൈവസാന്നിധ്യത്തിന്‌ ശാസ്ത്രീയമായ തെളിവുണ്ടെന്ന്. ഇതിനെയാണ് 'ആധുനിക അന്ധവിശ്വാസം' എന്ന് വിളിക്കാന്‍ ഏറ്റവും യോഗ്യം. "എന്ന് സുശീല്‍കുമാര്‍. 
ഒന്നുകില്‍ ലേഖനങ്ങള്‍ മുഴുവന്‍ വായിക്കാതെയാകാം ഇങ്ങനെയൊരു വിമര്‍ശനം ഉന്നയിച്ചത്.അല്ലെങ്കില്‍ പതിവു തട്ടിപ്പ്. എന്റെ ലേഖനത്തില്‍ത്തന്നെ ഇതിന് വിശദീകരണം നല്‍കിയത് പകര്‍ത്താം.  :"മേല്‍ വിവരണത്തില്‍ 'ശാസ്ത്രീയം' എന്നതുകൊണ്ട് ആ വാക്കിന്റെ സാങ്കേതികാര്‍ഥമാണ് പരിഗണിച്ചിട്ടുള്ളത്. ഒരു പ്രതിഭാസത്തെ നിരീക്ഷിക്കുക, വിവരം ശേഖരിക്കുക, നിഗമനത്തിലെത്തുക, അത് പരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുക എന്നിവയാണ് ശാസ്ത്രീയരീതി. എന്നാല്‍ 'ശാസ്ത്രീയം' എന്നതുകൊണ്ട് സാമാന്യമായി ഉദ്ദേശിക്കാറുള്ളത് ഈ അര്‍ഥമല്ല. യുക്തിപരമായതും ഏതെങ്കിലും തരത്തിലുള്ള തെളിവുകളുടെ പിന്‍ബലമുള്ളതുമായ വീക്ഷണങ്ങളെ 'ശാസ്ത്രീയം' എന്ന് വിശേഷിപ്പിക്കാറുണ്ട്. യുക്തിസഹമായത് എന്ന വിവക്ഷയിലാണത്. ഈയര്‍ഥത്തില്‍ ദൈവവിശ്വാസവും മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും ശാസ്ത്രീയമാണെന്ന് പറയാവുന്നതാണ്. "
സുശീല്‍കുമാറിന് ഇനിയും സംശയങ്ങളുണ്ടെങ്കില്‍ എഴുതിക്കോളൂ. പക്ഷേ വിമര്‍ശനങ്ങള്‍ അടിച്ചുവിടുന്നതിനു മുന്‍പ് ഞാനെഴുതിയത് വായിച്ചിരിക്കണമെന്ന് അപേക്ഷിക്കുന്നു.
പ്രപഞ്ചോല്‍പ്പത്തി
 "മൂര്‍ത്തമായ തെളിവില്ലാതെ' പ്രപഞ്ചം അനാദിയാണെന്ന് നിരീശ്വരവാദികള്‍ക്ക് വിശ്വസിക്കാമെങ്കില്‍ 'മൂര്‍ത്തമായ തെളിവില്ലാതെ' ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്തിന്‌ പരിഭവിക്കണം?" ഈ ചോദ്യത്തിന് സുശീല്‍ നല്‍കിയ മറുപടി ഇതാണ്:

    " പ്രപഞ്ചം എങ്ങനെ ഉല്‍ഭവിച്ചു എന്ന കാര്യത്തില്‍ നിരീശ്വരവാദികള്‍ക്ക് ഒരു പ്രത്യേക 'വിശ്വാസ'മൊന്നുമില്ല. ഇക്കാര്യത്തില്‍ പഞ്ചേന്ദ്രിയജന്യമായ അറിവുകള്‍ വെച്ച് ഉരുത്തിരിയുന്ന ചില സദ്ധാന്തങ്ങള്‍ മാത്രമാണുള്ളത്. ആ സിദ്ധാന്തങ്ങള്‍ ആത്യന്തകമായ ശരികള്‍ ആണെന്ന് നിരീശ്വരവാദികള്‍ എന്നല്ല ശാസ്ത്രമറിയുന്ന ആരും പറയുമെന്ന് തോന്നുന്നില്ല. "

സുശീല്‍കുമാര്‍ ആദ്യം നിരീശ്വരവാദം എന്താണെന്ന് പഠിക്കുക. ആദ്യത്തെ നിരീശ്വരവാദിയായി തത്വചിന്താ ചരിത്രകാരന്മാര്‍ കണക്കാക്കുന്നത് ഗ്രീക്ക് ചിന്തകനായ അനക്സഗോറസി( Anaxagoras-500BC-428BC)നെയാണ്. പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നുമാണ് ഇദ്ദേഹം സിദ്ധാന്തിച്ചത്. എക്കാലത്തെയും പ്രമുഖരായ നിരീശ്വര ചിന്താഗതിക്കാരുടെ വീക്ഷണം ഇതായിരുന്നു.
 " പ്രപഞ്ചം എങ്ങനെ ഉല്‍ഭവിച്ചു എന്ന കാര്യത്തില്‍ നിരീശ്വരവാദികള്‍ക്ക് ഒരു പ്രത്യേക 'വിശ്വാസ'മൊന്നുമില്ല"എന്നെഴുതിയതില്‍ നിന്നുതന്നെ ഇത്തരം കാര്യങ്ങളെപ്പറ്റി സുശീല്‍കുമാറിനു കാര്യമായ ധാരണയൊന്നുമില്ലെന്നു വ്യക്തമാണ്.  " പ്രപഞ്ചം എങ്ങനെ ഉല്‍ഭവിച്ചു എന്ന കാര്യത്തില്‍ "നിരീശ്വരവാദികള്‍ക്ക് പ്രത്യേക വിശ്വാസങ്ങള്‍ എങ്ങനെ ഉണ്ടാകാനാണ്? പ്രപഞ്ചം ഉണ്ടായിട്ടേയില്ലെന്ന വിശ്വാസക്കാര്‍ക്ക് 'ഉദ്ഭവ സിദ്ധാന്തങ്ങള്‍ ' ഉണ്ടാകുമോ? "ഉദ്ഭവിച്ചതാണ് "എന്ന  വീക്ഷണമുണ്ടെങ്കിലല്ലേ 'എങ്ങനെ ഉദ്ഭവിച്ചു 'എന്ന അന്വേഷണം ഉണ്ടാകുന്നത്?(യഥാര്‍ത്ഥത്തില്‍, പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള എല്ലാ ശാസ്ത്രീയ പഠനങ്ങള്‍ക്കും തടസ്സം നില്‍ക്കുന്ന അബദ്ധവിശ്വാസമാണ് നിരീശ്വരവാദം.)
"ഇക്കാര്യത്തില്‍ പഞ്ചേന്ദ്രിയജന്യമായ അറിവുകള്‍ വെച്ച് ഉരുത്തിരിയുന്ന ചില സദ്ധാന്തങ്ങള്‍ മാത്രമാണുള്ളത്"എന്ന രണ്ടാമത്തെ വരിക്ക് നിരീശ്വരവാദവുമായി യാതൊരു സൈദ്ധാന്തിക ബന്ധവുമില്ല. അത് ശാസ്ത്രമാണ്. ആധുനിക പ്രപഞ്ച വിജ്ഞാനീയമനുസരിച്ച് പ്രപഞ്ചത്തിന് ഉദ്ഭവമുണ്ട്.പ്രപഞ്ചത്തിന് ഉദ്ഭവമില്ലെന്ന നിരീശ്വരവാദത്തെ ആധുനിക പ്രപഞ്ച പഠനങ്ങള്‍ ശക്തിയായി ഖണ്ഡിക്കുന്നു. ഇക്കാര്യത്തെക്കുറിച്ചും എന്റെ പോസ്റ്റുകളില്‍ വിവരണങ്ങളുണ്ടെങ്കിലും ലേഖകന്‍ മൌനിയാണ്. ഏതായാലും വിവരക്കേടുകള്‍ എഴുതിവിടുന്നതിനേക്കാള്‍ ഭേദം മൌനം തന്നെയാണെന്ന് സമ്മതിക്കുന്നു!
പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള ലേഖകന്‍ പരാമര്‍ശിക്കുന്ന "ചില സിദ്ധാന്തങ്ങള്‍ " ശാസ്ത്രീയാന്വേഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഇവയ്ക്ക് നിരീശ്വരവാദവുമായി ഒരു ബന്ധവുമില്ല. ശാസ്ത്രസിദ്ധാന്തങ്ങള്‍ ആത്യന്തികമായ ശരികളല്ലെന്ന് ആര്‍ക്കാണറിയാത്തത്? ശാസ്ത്ര സിദ്ധാന്തങ്ങള്‍ ആത്യന്തികമായ ശരികളാണെന്ന് വിശ്വാസികളാരും വാദിച്ചിട്ടില്ലെന്നിരിക്കെ നിരീശ്വരവാദികള്‍ അതു സമര്‍ത്ഥിക്കേണ്ട കാര്യമെന്തിരിക്കുന്നു?
ശാസ്ത്രവും നിരീശ്വരവാദവും
നിരീശ്വരവാദം യുക്തിവിരുദ്ധവും അശാസ്ത്രീയവുമാണെങ്കിലും ശാസ്ത്രത്തിന്റെ മറ പിടിച്ചാണ് അവരുടെ നിലനില്‍പ്പ്. സുശീല്‍കുമാര്‍ എഴുതി : " പുതിയ അറിവുകള്‍ ലഭ്യമാകുമ്പോള്‍ ആ സിദ്ധാന്തങ്ങള്‍ പരിഷ്കരിക്കപ്പെടാം. അപ്പോള്‍ നിരീശ്വരവാദി' തന്റെ പഴയ അറിവുതന്നെയാണ്‌ 'മൂര്‍ത്തമായ ശരി' എന്ന് വാശി പിടിച്ച്‌ അതിന്‌ ശാസ്ത്രീയമായ തെളിവ് ഹാജരാക്കാന്‍ 'ഗവേഷണം നടത്തി നാണം കെടുകയില്ല." 
പുതിയ അറിവുകള്‍ ലഭ്യമാകുമ്പോള്‍ പരിഷ്കരിക്കപ്പെടുന്നത് ശാസ്ത്രമാണ്,നിരീശ്വരവാദമല്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയും പ്രപഞ്ചത്തിന് ഉല്‍ഭവമില്ലെന്ന വാദക്കാരായിരുന്നു നിരീശ്വരചിന്തകന്മാര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തി. പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് സമ്മതിക്കാന്‍ സുശീല്‍കുമാര്‍ തയ്യാറാണോ? 
നിരീശ്വരവാദവും മനോരോഗവും
"സൃഷ്ടിവാദം 'പലര്‍ക്കു'മല്ല മിക്കവര്‍ക്കും സ്വീകാര്യമാണ്‌, നിരീശ്വരവാദമാണ്‌ 'ചിലര്‍ക്ക്' മാത്രം സ്വീകാര്യമാകുന്നത്" എന്ന എന്റെ വാദത്തിനുള്ള മറുപടി ഇങ്ങനെ :"സൃഷ്ടിവാദം സെമിറ്റിക് മതങ്ങളുടെ സംഭാവനയാണ്‌. ഭാരതീയ ദര്‍ശങ്ങള്‍ ഭൂരിപക്ഷവും 'ഒരു വ്യക്തിദൈവത്തിന്റെ സൃഷ്ടിവാദത്തെ' അംഗീരിക്കുന്നില്ല. "
സുശീല്‍കുമാറിന്റെ ഈ വരികള്‍ അബദ്ധമാണെന്നതിരിക്കട്ടെ. എക്കാലവും മനുഷ്യര്‍ ഭൂരിപക്ഷവും സൃഷ്ടിവിശ്വാസികളായിരുന്നുവെന്നും നിരീശ്വരവാദികള്‍ ന്യൂനപക്ഷമായിരുന്നുവെന്നുമുള്ള ചരിത്രപരവും സമകാലികവുമായ വസ്തുതയാണ് എന്റെ വരികളിലുള്ളത്. ഇത് തെറ്റാണെങ്കില്‍ ഭൂരിപക്ഷവും എക്കാലവും നിരീശ്വരവാദികളായിരുന്നുവെന്നു സമര്‍ഥിക്കണം. പ്രമുഖ നിരീശ്വരവാദി ചിന്തകന്മാര്‍ക്കൊന്നും അങ്ങനെ അഭിപ്രായമില്ലെന്നു മാത്രമല്ല, നിരീശ്വരവാദികള്‍ എക്കാലത്തും ന്യൂനപക്ഷമായിരുന്നു എന്ന് അവരും അംഗീകരിക്കുന്നു. 
സൃഷ്ടിവാദം സെമിറ്റിക് മതങ്ങളുടെ സംഭാവനയാണെന്നത് മറ്റൊരു ശുദ്ധ വിവരക്കേടാണ്. മനുഷ്യരുടെ പൊതുവായ ജന്മവാസനയാണ് സൃഷ്ടിവാദങ്ങളെന്നു കരുതാനാണ് ആധുനിക മസ്തിഷ്കപഠനങ്ങള്‍ പ്രേരിപ്പിക്കുന്നത്. എന്റെ ലേഖനങ്ങള്‍ മാത്രമല്ല, തന്റെ തന്നെ വീക്ഷണക്കാരനായ രവിചന്ദ്രന്റെ 'നാസ്തികനായ ദൈവ'വും സുശീല്‍ കുമാര്‍ തീര്‍ത്തു വായിച്ചിട്ടില്ലെന്നാണു തോന്നുന്നത് . എന്നിട്ടാണ് എന്റെ പഠനത്തെ ഖണ്ഡിക്കാനും 'നാസ്തികനായ ദൈവ'ത്തെ സമര്‍ത്ഥിക്കാനും ഇറങ്ങിയിട്ടുള്ളത്.
 സി രവിചന്ദ്രന്‍ 'നാസ്തികനായ ദൈവ'ത്തില്‍ എഴുതുന്നു:" സൃഷ്ടിവാദത്തോട് സഹജമായ ആഭിമുഖ്യം തോന്നുന്ന രീതിയിലാണ് (Innately predisposed to creationism)മനുഷ്യരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ലുമിന്റെ അഭിപ്രായം. അതായത് എല്ലാം ആരോ ഉണ്ടാക്കിവച്ചു എന്നു സങ്കല്‍പ്പിക്കാനുള്ള ദ്വൈതബോധമാണ് മിക്ക മനുഷ്യര്‍ക്കുമുള്ളത്. അദ്വൈതവാദികളില്‍പ്പോലും ഈ ഭാവന ശക്തമാണ്."(പേജ് 202)
മനുഷ്യരുടെ പൊതുസ്വഭാവം ഇതായിരിക്കെ നിരീശ്വരവാദികള്‍ക്ക് അങ്ങനെ തോന്നുന്നില്ലെങ്കില്‍ അവരുടെ തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നല്ലേ അര്‍ത്ഥം? അദ്വൈതവാദികളില്‍ പോലും ഈ ദ്വൈതബോധം ശക്തമാണെങ്കില്‍  മനുഷ്യപ്രകൃതിക്കും മസ്തിഷ്കഘടനയ്ക്കും അനുയോജ്യമായ സൃഷ്ടിവാദം സ്വീകരിക്കുകയല്ലേ നിരീശ്വരവാദികള്‍ ചെയ്യേണ്ടത്? മനുഷ്യപ്രകൃതിയിലെ സഹജമായ ഈ സൃഷ്ടിവാദവാസനയെ തിരസ്കരിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്തുകൊണ്ട് നിരീശ്വരവാദവും അദ്വൈതവാദവും സ്വീകരിച്ചാല്‍ നിരീശ്വരവാദികളുടെ ആചാര്യന്മാരിലൊരാളായ ഫ്രോയ്ഡിന്റെ സിദ്ധാന്തപ്രകാരം തന്നെ മനോരോഗികളാകാനുള്ള സാധ്യത കൂടുകയില്ലേ?
 മനുഷ്യരില്‍ ബഹുഭൂരിപക്ഷവും സൃഷ്ടിവാദികളായിരുന്നുവെന്നും ഇന്നും അങ്ങനെയാണെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പ്രമുഖ മനശ്ശാസ്ത്ര ഗവേഷകനായ വില്യം ബ്ലുമിന്റെ പഠനങ്ങള്‍ തെളിയിക്കുന്നു(യേല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ബ്ലും)
ഭാരതീയരില്‍ ഭൂരിപക്ഷവും എക്കാലവും സൃഷ്ടിവാദികളായിരുന്നു. ഋഗ്വേദം അടക്കമുള്ള ഭാരതീയ മതമീമാംസാ സാഹിത്യങ്ങളില്‍ ഏറെയും സൃഷ്ടിസങ്കല്‍പ്പമാണ് അംഗീകരിക്കുന്നത്. ഭാരതീയ ചിന്തകരില്‍ അധികപക്ഷവും സൃഷ്ടിവാദികളായിരുന്നു. അല്ലെന്ന ധാരണ, ദേബീ പ്രസാദ് ചതോപാധ്യായ കെട്ടിച്ചമച്ച മിത്ത് മാത്രമാണ്. അദ്വൈതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ബാദരായണന്റെ 'ബ്രഹ്മസൂത്ര'ത്തില്‍ പോലും സൃഷ്ടിവാദമാണുള്ളത്( വിശദാംശങ്ങള്‍ക്ക് ഞാനെഴുതിയ 'ബ്രഹ്മസൂത്രം: ദ്വൈതമോ അദ്വൈതമോ' എന്ന കൃതി കാണുക)

" പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ഒരു ദൈവം അനിവാര്യമായി വരുന്നുവെങ്കില്‍ ആ ദൈവത്തിനെ സൃഷ്ടിക്കാന്‍ മറ്റൊരു സൂപ്പര്‍ ദൈവം ആവശ്യമാകില്ലേ എന്ന് നിരീശ്വരവാദികള്‍ ചോദിക്കുന്നതിലാണ്‌ ലേഖകന്റെ കുണ്ഠിതം മുഴുവനും"എന്ന് സുശീല്‍കുമാര്‍ എഴുതുന്നു.
 എനിക്കിതില്‍ കുണ്ഠിതമോ അല്‍ഭുതമോ ഒട്ടുംതന്നെയില്ല. നിരീശ്വരവാദികളുടെ ഇന്നത്തെ ആചാര്യനായ റിച്ചാഡ് ഡോക്കിന്‍സിന്റെ ദാര്‍ശനികമായ വിവരക്കേടിന്റെ ആഴം മനസ്സിലാക്കിയതിനാല്‍ ഇത് തികച്ചും സ്വാഭാവികമായി തന്നെയാണു തോന്നുന്നത്. ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല. (ഈ വിഷയത്തെപ്പറ്റി വിശദമായ പഠനം പിന്നീട് പോസ്റ്റു ചെയ്യുന്നുണ്ട്)
(തുടരും)

Saturday, November 13, 2010

നിരീശ്വരവാദം അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക്...

'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം - ഭാഗം 2


മധ്യകാല യൂറോപ്പിലെ ക്രൈസ്തവദാര്‍ശനികനായിരുന്ന സെന്റ് തോമസ് അക്വിനാസിന്റെ അഞ്ച് തെളിവുകളെ വിമര്‍ശിച്ചുകൊണ്ടുള്ള ഡോക്കിന്‍സിന്റെ പരാമര്‍ശങ്ങളെയായിരുന്നു കഴിഞ്ഞലക്കത്തില്‍ പഠനവിധേയമാക്കിയിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു: "ഇനി സൌകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല.''(22) സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിങ്ങനെ ദൈവത്തിന് നല്‍കുന്ന ഒട്ടേറെ വിശേഷങ്ങളുണ്ടല്ലോ. ഈ "ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല'' എന്നതാണ് കാരണമായി ഉന്നയിക്കുന്നത്.(23) ഈ ഗുണങ്ങള്‍ തന്റെ അഞ്ച് തെളിവുകളില്‍നിന്നും നേരിട്ടെത്താവുന്ന നിഗമനങ്ങളാണെന്ന് അക്വിനാസ് വാദിച്ചിട്ടില്ലെന്നിരിക്കെ ഗ്രന്ഥകാരന്റെ വാദം അര്‍ഥശൂന്യമായി ഭവിക്കുന്നു. ദൈവത്തെ എന്തുകൊണ്ട് സര്‍വശക്തനും സര്‍വജ്ഞനുമൊക്കെയായി കണക്കാക്കുന്നുവെന്നതിന് മതദാര്‍ശനികന്മാര്‍ മറ്റനേകം ന്യായങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. തോമസ് അക്വിനാസിന്റെ അഞ്ചു തെളിവുകളില്‍ ആദ്യത്തേതിനെ കൈകാര്യം ചെയ്ത രീതിയാണ് മേല്‍ വിവരിച്ചത്. മറ്റു തെളിവുകളേയും അദ്ദേഹം സമീപിച്ചത് ഇതേവിധം തന്നെയാണ്.
രണ്ട്: ആത്യന്തിക കാരണം
രണ്ടാമത്തെ തെളിവ് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍ (uncaused cause): കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനമാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല.''
കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല. പ്രപഞ്ചത്തിന്റെ ആത്യന്തിക കാരണമെന്ത്? ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ കാരണമില്ലാതെയും കാര്യമുണ്ടാകാമെന്ന് ദാര്‍ശനികമായോ ശാസ്ത്രീയമായോ തെളിയിക്കണം.


പ്രപഞ്ചം കാര്യമല്ലെന്നും അനാദിയാണെന്നും സമര്‍ഥിച്ചാല്‍ അക്വിനാസിന്റെ വാദം ഖണ്ഡിക്കപ്പെടും. എന്നാല്‍ അതിനുള്ള ശ്രമംപോലും ഡോക്കിന്‍സ് നടത്തിയിട്ടില്ല. അക്വിനാസിന്റെ രണ്ടാമത്തെ തെളിവ് പശ്ചാത്ഗമനമായതുകൊണ്ടോ ദൈവത്തിന് ബാധകമല്ലെന്നതുകൊണ്ടോ ദുര്‍ബലമാവുന്നില്ല. (ഇതേപ്പറ്റി തുടര്‍ലക്കങ്ങളില്‍ വിശദമായി പ്രതിപാദിക്കാം)


മൂന്ന്: പ്രാപഞ്ചികവാദം
അക്വിനാസിന്റെ മൂന്നാമത്തെ തെളിവ് ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു: "പ്രാപഞ്ചികവാദം (The Cosmological Argument). ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നുണ്ട്. ആ നിലക്ക് എല്ലാം ഉണ്ടാക്കിയതിനു പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം.''(24) 
ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ അനാദികാലം മുതലേ ഈ പ്രപഞ്ചം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ അതിനു പിന്നില്‍ മറ്റൊരു ശക്തിയും കാരണമായി പ്രവര്‍ത്തിക്കേണ്ടതില്ലെന്നും സമര്‍ഥിക്കണം. അതിനുള്ള ശ്രമവും ഡോക്കിന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. യഥാര്‍ഥത്തില്‍ ഇത്തരം സമര്‍ഥനം നടന്നാല്‍ അക്വിനാസിന്റെ മൂന്നു തെളിവുകളും ദുര്‍ബലമാവും. എന്തുചെയ്യാം? നാനൂറോളം പേജുകളുള്ള പുസ്തകം തയ്യാറാക്കിയ ഡോക്കിന്‍സ് ഒരിടത്തും അത്തരമൊരു വാദം ഉന്നയിക്കുകയോ സമര്‍ഥിക്കുകയോ ചെയ്തിട്ടില്ല. ആസ്തിക്യവാദത്തിന്റെ മര്‍മങ്ങള്‍ എന്താണെന്നോ അതിനെ ഖണ്ഡിക്കാന്‍ എന്തൊക്കെ എതിര്‍വാദങ്ങളാണ് ഉന്നയിക്കേണ്ടതെന്നോ അറിയാത്ത നിരീശ്വരബുദ്ധിജീവിയാണ് ഡോക്കിന്‍സെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
അവതരിപ്പിക്കേണ്ട വാദങ്ങളെപ്പറ്റിപോലും വ്യക്തമായ ധാരണയില്ലാത്തയാള്‍ അവ സമര്‍ഥിക്കാതിരിക്കുന്നതില്‍ ആശ്ചര്യമില്ല. ആസ്തിക്യവാദങ്ങളെ ഖണ്ഡിക്കാനോ നിരീശ്വരവാദങ്ങളെ സമര്‍ഥിക്കാനോ സാധിക്കാത്ത ഡോക്കിന്‍സ് ആകെ ചെയ്തിട്ടുള്ളത് ബാലിശമായ സംശയങ്ങള്‍ ഉന്നയിക്കുകയാണ്. ഇവയാകട്ടെ വിശ്വാസികളായ ദാര്‍ശനികര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശദീകരണം നല്‍കിയിട്ടുള്ളവയാണുതാനും.


അക്വിനാസിന്റെ മൂന്നാമത്തെ തെളിവ് വിവരിച്ചപ്പോള്‍ ഗ്രന്ഥകാരന്‍ ബ്രാക്കറ്റില്‍ രണ്ട് ചോദ്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അവയിതാണ്: "ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?''(25)
ആദിയില്‍ ഒന്നുമില്ലായിരുന്നു എന്നല്ല 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നാണല്ലോ ചോദ്യകര്‍ത്താവ് തന്നെ എഴുതിയത്. 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നു പ്രത്യേകമായി പറഞ്ഞതില്‍നിന്നും അമൂര്‍ത്തമായ ദൈവം ഉണ്ടായിരുന്നുവെന്നല്ലേ മനസ്സിലാവുന്നത്?
മൂര്‍ത്തമായ പ്രപഞ്ചം ഇല്ലാതിരുന്നപ്പോഴും ദൈവം ഉണ്ടായിരുന്നുവെന്നല്ലാതെ 'എവിടെ'യായിരുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ദൈവത്തിന് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ലാത്തതിനാല്‍ 'എവിടെ' എന്ന ചോദ്യം തന്നെ അര്‍ഥശൂന്യമാണ്. മൂര്‍ത്തമായ ഭൌതികവസ്തുക്കള്‍ക്കാണ് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമായിട്ടുള്ളത്. അമൂര്‍ത്തമായതിന് സ്ഥലം ആവശ്യമില്ല.(26)
"ഒറ്റനോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം'' എന്നും കുറിക്കുന്നു. 


പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങള്‍ ദൈവത്തിനും ബാധകമാക്കണമെന്ന് നിരീശ്വരവാദികള്‍ പറയുന്നത് പ്രപഞ്ചമെന്താണെന്നോ ദൈവമെന്താണെന്നോ അവര്‍ക്ക് ഇനിയും ഗ്രഹിക്കാനാകാത്തതുകൊണ്ടാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി ചിന്തിക്കാനാകണം. ഈ കഴിവില്ലാത്തവരാണ് നിരീശ്വരവാദികള്‍. കല്ലും മണ്ണും മുള്ളും മുരുക്കും പോലുള്ള മറ്റെന്തോ വസ്തുവാണ് ദൈവം എന്നാണവരുടെ ധാരണ. അതിനാലാണ് പ്രപഞ്ചത്തിനുള്ള പരിമിതികളെല്ലാം ദൈവത്തിലും ആരോപിക്കുന്നത്.
തന്റെ ഗ്രാഹ്യശേഷിയുടെ പരിമിതി പരോക്ഷമായി ഗ്രന്ഥകാരന്‍തന്നെ സമ്മതിച്ചിട്ടുണ്ട്. ദി ഗാര്‍ഡിയന്‍ പത്രത്തില്‍ ഒരാളെഴുതിയ ബ്ളോഗ് പരാമര്‍ശിച്ചുകൊണ്ട് ഗ്രന്ഥകാരനെഴുതുന്നു: "മതനേതാക്കള്‍ ദൈവത്തെ വിശദീകരിക്കുന്നത് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്? പണ്ടേയുണ്ടായിരുന്നു, പ്രകൃതിക്കും ഇന്ദ്രിയത്തിനും അതീതമാണ് എന്നൊക്കെ പറയുന്നത് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന കാര്യമാണോ? അത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള പ്രാഗത്ഭ്യവും ശേഷിയും മതവിശ്വാസികള്‍ക്കുണ്െടങ്കില്‍ അവര്‍ അതിമാനുഷരാണെന്നതില്‍ തര്‍ക്കം വേണ്ട!''(27)
ഇത്തരം കാര്യങ്ങള്‍ ഗ്രാഹ്യമാകാന്‍ അതിമാനുഷരാകേണ്ട, അതിനിരീശ്വരവാദികളായാല്‍ മതിയാകും!


ഭൌതികപദാര്‍ഥങ്ങള്‍ മാത്രമേ യാഥാര്‍ഥ്യമായിട്ടുള്ളൂവെന്നും മറ്റെല്ലാം മിഥ്യാധാരണകളാണെന്നും വാദിക്കുന്നവരാണ് നിരീശ്വരവാദികള്‍. ഗ്രന്ഥകാരന്‍ എഴുതുന്നു: "ആത്മീയം, ഇന്ദ്രിയാതീതം, പ്രകൃത്യാതീതം എന്നിവയെക്കുറിച്ച് പറയുമ്പോള്‍ ചക്കയെയും മാങ്ങയെയും കുറിച്ച് കേള്‍ക്കുന്ന ലാഘവത്തോടെ ശ്രവിക്കുകയും തലകുലുക്കി മനസ്സിലാകുന്നുവെന്ന് അഭിനയിക്കുകയും ചെയ്യുന്നവര്‍ ഇതൊക്കെ എന്തെന്നറിയാതെ പ്രസംഗിക്കുന്നവരേക്കാള്‍ കാപട്യമുള്ളവരാണ്.''(28)
"തനിക്കറിയില്ല എന്നു കരുതി ആര്‍ക്കുമറിയില്ല എന്നു തീരുമാനിക്കുന്നത് അഭിലഷണീയമല്ല'' എന്ന് ഏതാനും പേജുകള്‍ക്ക് മുമ്പ് ഗ്രന്ഥകാരനെഴുതിയത് ഏറ്റവും ബാധകമായ ആള്‍ ഗ്രന്ഥകാരന്‍ തന്നെയാണെന്ന് മേല്‍ അഭിപ്രായങ്ങള്‍ തെളിയിക്കുന്നു.(29) തനിക്കറിയാത്തത് തുറന്നു സമ്മതിക്കലാണ് മറ്റുള്ളവരെ കാപട്യക്കാരാക്കുന്നതിനേക്കാള്‍ ഉചിതമായത്. ഒരാള്‍ ചക്ക, മാങ്ങ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തലയാട്ടുന്നത് ചക്കയുടെയും മാങ്ങയുടെയും ജീവശാസ്ത്രവും രസതന്ത്രവും എനിക്കറിയാം എന്ന നാട്യത്തോടെയാവില്ലല്ലോ. ചക്കയും മാങ്ങയും ഏതു രാജ്യത്തുനിന്നാണ് വരുന്നതെന്നോ അവയിലടങ്ങിയ പോഷകങ്ങള്‍ എന്തൊക്കെയാണെന്നോ അറിയുന്നവരേ തലയാട്ടാവൂ എന്ന് ആരെങ്കിലും ശഠിക്കാറുണ്ടോ?


പ്രകൃതിയെയും അതിന്റെ സ്രഷ്ടാവായ ദൈവത്തെയും മനസ്സിലാക്കാന്‍ മനുഷ്യന് കഴിയും. മനുഷ്യര്‍ക്ക് പൊതുവേ ഈ കഴിവുണ്ട് (മനുഷ്യന് ജന്മനാ തന്നെ ഇത്തരം കഴിവുള്ളതായി ഗ്രന്ഥകാരന്‍ തന്നെ പലയിടങ്ങളിലും സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധമായ വിശദമായ ചര്‍ച്ച പിന്നീട് വരുന്നുണ്ട്). ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "അലാറം ക്രമീകരിച്ചുവെച്ചിരിക്കുന്ന ഒരു ക്ളോക്ക് കണ്ടാല്‍ അത് എത്ര മണിക്ക് ശബ്ദിക്കുമെന്ന് നമുക്ക് അനായാസമായി പറയാന്‍ സാധിക്കും. ക്ളോക്ക് പ്രവര്‍ത്തിക്കുന്നത് ബാറ്ററി കൊണ്ടാകാം, പല്‍ചക്രത്തിന്റെ കറക്കത്തെ ആധാരമാക്കിയാവാം. സോളാര്‍ എനര്‍ജികൊണ്ടാവാം. രീതി ഏതായാലും വിഷയമല്ല. ഏതു രീതിയില്‍ പ്രവര്‍ത്തിച്ചാലും എപ്പോള്‍ അലാറം അടിക്കുമെന്ന് നാം ഉറപ്പിക്കും.''(30)


പ്രപഞ്ചത്തെപ്പറ്റി അല്പമെങ്കിലും അറിയാനായാല്‍ അതിനു പിന്നില്‍ ആസൂത്രകനുണ്ടെന്ന് സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് ബോധ്യമാകും. പ്രപഞ്ചം എപ്പോള്‍ എങ്ങനെ സൃഷ്ടിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ അറിയില്ലെങ്കിലും സൃഷ്ടിക്കപ്പെട്ടതാണെന്ന് "നമുക്ക് അനായാസമായി പറയാന്‍ സാധിക്കും'' (പൊതുവേ മനുഷ്യര്‍ക്കെല്ലാമുള്ള ഈ കഴിവ് നിരീശ്വരവാദികളില്‍ കാണാത്തത് എന്തുകൊണ്ടെന്നത് അന്വേഷിക്കാവുന്ന വിഷയമാണ്. Exception  proves the rule- അപവാദം പൊതുതത്ത്വത്തെ തെളിയിക്കുന്നു-എന്ന യാഥാര്‍ഥ്യം ഈ പ്രശ്നം പരിഹരിക്കുന്നുണ്ട്.)
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം നോക്കാം: "ഒരു കടുവയെ കാണുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രവചനം ഞൊടിയിടയില്‍ നടത്താനാവും. കടുവയുടെ പേശീഘടനയും ആന്തിരകമായ രാസപ്രവര്‍ത്തനങ്ങളും പഠിക്കേണ്ടതില്ല. കടുവ നിങ്ങളെ തിന്നാന്‍ തുനിയുമെന്ന് പ്രത്യേക പരിശീലനമൊന്നുമില്ലാതെ പറയാന്‍ സാധിക്കും.''(31)
കടുവയുടെ പേശീഘടനയും ആന്തരികമായ രാസപ്രവര്‍ത്തനങ്ങളും പഠിക്കാതെയും പ്രത്യേകപരിശീലനമൊന്നുമില്ലാതെയും കടുവ തിന്നുമെന്ന് പറയാന്‍ സാധിക്കുന്നപോലെ പ്രപഞ്ചത്തെപ്പറ്റി പ്രാഥമികമായി മനസ്സിലാക്കുമ്പോള്‍ തന്നെ ആസൂത്രകനെയും ആസൂത്രണത്തെയുംപറ്റി "വ്യക്തമായ ഒരു പ്രവചനം ഞൊടിയിടയില്‍ നടത്താനാവും.'' അത് സാധിക്കണമെങ്കില്‍ സ്രഷ്ടാവിന്റെയും സൃഷ്ടിപ്പിന്റെയും 'ബയോകെമിസ്ട്രി' അറിയണമെന്നില്ല. ഏതൊരാസൂത്രണവും ആസൂത്രകനെ ആവശ്യപ്പെടുന്നുവെന്ന് യുക്തിബോധമുള്ളവര്‍ക്ക് തോന്നും (Every design want a designer).. പ്രകൃതിയിലെ എന്ത് പഠനവിധേയമാക്കിയാലും ഇക്കാര്യം ബോധ്യമാവും, ഇത് മനസ്സിലാക്കാന്‍ ദൈവത്തിന്റെ ബയോകെമിസ്ട്രിയോ ജനിയോളജിയോ അറിയണമെന്നില്ല. അതുകൊണ്ടാണ് ഏവര്‍ക്കും ദൈവവിശ്വാസം സ്വീകാര്യമാവുന്നത്.


പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങളെല്ലാം ദൈവത്തിനും ബാധകമാണെങ്കില്‍ ദൈവം എങ്ങനെ ദൈവമാകും?
പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങള്‍ ദൈവത്തിന് ബാധകമാകുമ്പോഴല്ല ബാധകമല്ലാതാകുമ്പോഴാണ് ദൈവം ദൈവമാകുന്നത്. പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങള്‍ ദൈവത്തിന് ബാധകമല്ലെന്ന് പറയുമ്പോഴല്ല ബാധകമാണെന്ന് പറയുമ്പോഴാണ് അക്വിനാസിന്റെ ന്യായം റദ്ദാക്കപ്പെടുന്നത്. പ്രപഞ്ചത്തിലെ നിയമങ്ങള്‍ ദൈവത്തിന് ബാധകമല്ലെന്ന് പറയുമ്പോള്‍ വാദം റദ്ദാക്കപ്പെടുകയല്ല, സ്ഥിരീകരിക്കപ്പെടുകയാണ്. 'റദ്ദാക്കപ്പെടുന്നു' എന്ന് തട്ടിവിട്ടതുകൊണ്ടായില്ല, എന്തുകൊണ്ട് റദ്ദാക്കപ്പെടുന്നുവെന്ന് യുക്തിപരമായി വിശദീകരിക്കാനുള്ള ബാധ്യത ഡോക്കിന്‍സിനുണ്ട്. ഇതദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അക്വിനാസിന്റെ ഈ മൂന്നു തെളിവുകള്‍ക്കുമുള്ള ഏക തകരാറ് ഇതാണെത്രെ: "ഈ വാദങ്ങളിലെല്ലാം പശ്ചാത്ഗമനമുണ്ട് (Regression). ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ഓരോ വിശദീകരണവും സത്യത്തില്‍ മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതങ്ങനെ അനന്തമായി തുടരുകയും ചെയ്യുന്നു.''


പ്രപഞ്ചത്തിലെ അതിസങ്കീര്‍ണമായ ആസൂത്രണങ്ങള്‍ക്ക് യുക്തിസഹമായ വിശദീകരണമെന്ത്? യാദൃച്ഛികതയോ ആസൂത്രകനോ? ഇതാണ് മനുഷ്യന്‍ നേരിടുന്ന മുഖ്യ ദാര്‍ശനികപ്രശ്നം. ആസൂത്രകന്‍ എന്നതാണ് ഏതുനിലക്കും യാദൃച്ഛികതയേക്കാള്‍ യുക്തിഭദ്രവും ശാസ്ത്രീയവുമായ വിശദീകരണം എങ്കില്‍ ആസൂത്രകന്‍ എങ്ങനെയുണ്ടായി എന്നൊരു ചോദ്യം ഉയര്‍ന്നതുകൊണ്ടോ അതിന് വിശദീകരണം ലഭിച്ചില്ലെന്നതുകൊണ്ടോ പ്രപഞ്ചത്തിലെ ആസൂത്രണത്തിന്റെ വിശദീകരണം ആസൂത്രകനല്ല എന്നുവരുന്നില്ല.
ഈ തെളിവിന്റെ തകരാറെന്താണ്? ഗ്രന്ഥകാരന്‍ കുറിക്കുന്നു: "കുലാലനെ മണ്‍കലത്തിന്റെ സ്രഷ്ടാവായി കാണുന്നതുപോലൊരു അബദ്ധം ഇവിടെ സംഭവിക്കുന്നുണ്ട്. കുഴച്ചമണ്ണ്, ശരിയായ ഊഷ്മാവ്, പോട്ടര്‍വീല്‍... തുടങ്ങിയ ആയിരക്കണക്കിന് അനുബന്ധ കാര്യ-കാരണങ്ങള്‍ ഒത്തുവന്നാലേ മണ്‍കലം പിറക്കുകയുള്ളൂ. ഇവയിലൊരു ഘടകംപോലും ഒഴിവാക്കാനാവില്ല. അഥവാ അങ്ങനെയൊന്നുണ്െടങ്കില്‍ അത് കേവലം ഒരു ഇടനിലക്കാരനായ കുലാലന്‍ മാത്രമാണ്!''(32)
അക്വിനാസിന്റെ തെളിവിനെ ബലപ്പെടുത്തുന്ന ഉദാഹരണമാണിത്. മനുഷ്യരുണ്ടായിട്ട് ഇന്നോളം ഒരു മണ്‍കലമെങ്കിലും കുലാലനു(കുശവന്‍)ണ്ടാക്കാതെ യാദൃച്ഛികമായുണ്ടായെന്ന് നിരീശ്വരവാദികള്‍ക്ക് അഭിപ്രായമുണ്ടോ? ഇല്ലെന്നു വ്യക്തമാണ്. എങ്കില്‍ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ആസൂത്രകന്‍ ഉണ്ടായിരിക്കുമെന്നല്ലേ ഇതില്‍നിന്നും തെളിയുന്നത്? ഒരു ജീവകോശത്തേയോ തന്മാത്രയെയോ അപേക്ഷിച്ച് മണ്‍കലം എത്രയോ ലളിതമാണ്. അതിലെ ആസൂത്രണവൈഭവം (intelligent content) തുലോം നിസ്സാരമാണ്. അത്തരം ലളിതമായ ഒരു മണ്‍കലം പോലും "കുഴച്ചമണ്ണ്, ശരിയായ ഊഷ്മാവ്, പോട്ടര്‍വീല്‍... തുടങ്ങിയ ആയിരക്കണക്കിന് അനുബന്ധ കാര്യകാരണങ്ങള്‍ ഒത്തുവന്നാലേ പിറക്കുകയുള്ളൂ''വെന്ന് ഗ്രന്ഥകാരനും സമ്മതിക്കുന്നു. എങ്കില്‍ ഒരു മണ്‍കലം പോലും ഇന്നേവരെ കുലാലനുണ്ടാക്കാതെ ഉണ്ടായിട്ടില്ല എന്ന് അംഗീകരിക്കുന്ന നിരീശ്വരവാദി ഈ യുക്തി പ്രപഞ്ചത്തിന് ബാധകമാക്കാത്തത് എന്തുകൊണ്ടാണ്? നിത്യജീവിതത്തിലെ യുക്തിബോധം ദാര്‍ശനികരംഗത്ത് കൈവെടിയുന്നു എന്നല്ലേ ഈ ഉദാഹരണം തെളിയിക്കുന്നത്?
"അഥവാ അങ്ങനെയൊന്നുണ്െടങ്കില്‍ അത് കേവലം ഒരു ഇടനിലക്കാരനായ കുലാലന്‍ മാത്രമാണ്'' എന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. എങ്കില്‍ പ്രപഞ്ചത്തിന് പിന്നില്‍ ഒരാസൂത്രകനുണ്െടന്നല്ലേ ഇതിനര്‍ഥം? മണ്‍കലത്തിന്റെ ആസൂത്രകനായ കുലാലനെ നിഷേധിക്കാത്ത നിരീശ്വരവാദി അതിനേക്കാള്‍ അനന്തമടങ്ങ് സങ്കീര്‍ണമായ പ്രപഞ്ചത്തിനു പിന്നിലെ ആസൂത്രകനെ നിഷേധിക്കുന്നത് ഏതായാലും യുക്തിബോധം കൊണ്ടോ ബുദ്ധിവൈഭവം കൊണ്ടോ അല്ലെന്നു വ്യക്തമാണ്.


നാല്: ആത്യന്തിക നന്മ
അക്വിനാസിന്റെ നാലാമത്തെ തെളിവിതാണ്: താരതമ്യത്തിലധിഷ്ഠിതമായ വാദത്തില്‍ (Argument from Degree) എല്ലാത്തിനും ഭിന്നഗുണനിലവാരമാണുള്ളത്. ഒന്ന് വേറൊന്നില്‍ നിന്ന് വ്യത്യസ്തപ്പെടുന്നത് താരതമ്യം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ്. ഒരു വലിയ വരയുടെ സമീപം കുറേക്കൂടി വലിയൊരു വര വരയ്ക്കുമ്പോള്‍ ആദ്യവര ചെറുതായിപ്പോകും. ഇതുപോലെയാണ് താരതമ്യത്തിന്റെ പോക്ക്. പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണമല്ല. പൂര്‍ണമല്ലെന്ന് പറയുമ്പോള്‍ പൂര്‍ണത നിശ്ചയിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്ന് വരുന്നു. എങ്കിലേ പൂര്‍ണത ഇല്ലെന്നോ ഉണ്ടെന്നോ ആരോപിക്കാനാവൂ. അതിനാല്‍ എല്ലാംകൊണ്ടും പൂര്‍ണമായ ഒന്നുണ്ട്. അതാണ് ദൈവം. മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. പരമാവധി നന്മയാണ് (maximum good) ദൈവം.(33) 
ഇതിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: "സത്യത്തില്‍ ഇതൊരു വാദമാണോ?-ഡോക്കിന്‍സ് ചോദിക്കുന്നു. എല്ലാ മനഷ്യര്‍ക്കും ചെറിയ തോതിലെങ്കിലും ദുര്‍ഗന്ധമുണ്ട്. അത് ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് അങ്ങേയറ്റം ദുര്‍ഗന്ധമുള്ള എന്തോ ഒന്നുണ്ട്. അതുകൊണ്ടാണ് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്. അത്തരം പരമാവധി ദുര്‍ഗന്ധമുള്ളതായി എന്തുണ്ടോ അതാണ് ദൈവം! മറ്റേത് ഗുണമെടുത്താലും ഇങ്ങനെ വാദിക്കാം.''(34)
മറ്റനേകം ഗുണങ്ങളില്‍ നിന്നും ഡോക്കിന്‍സ് തിരഞ്ഞെടുത്തത് അര്‍ഥവത്താണ്. സ്വന്തം മനസ്സിലെ മാലിന്യത്തെയാണ് മനഃശാസ്ത്രപരമായി അത് പ്രതിഫലിപ്പിക്കുന്നത്. ഒരു വാദത്തെ ഖണ്ഡിക്കുന്നത് ഫലപ്രദമാകണമെങ്കില്‍ ഒന്നാമതായി വാദം മനസ്സിലാക്കണം. ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ദയനീയ പരാജയത്തിലാണ്. അക്വിനാസിന്റെ ദര്‍ശനത്തില്‍ ദൈവത്തില്‍ ദുര്‍ഗന്ധം സ്ഥായീഗുണമല്ല. ദുഷ്പ്രവൃത്തികള്‍ക്കും ദുര്‍ഗുണങ്ങള്‍ക്കും സ്ഥായീഭാവമില്ല. നന്മയുടെയും സുഖത്തിന്റെയും അഭാവമാണ് ഇവക്ക് നിലനില്‍പ്പ് നല്‍കുന്നത്. പിശാച് സ്ഥായീഭാവമുള്ള സൃഷ്ടിയല്ല. അതിനാല്‍ നല്ല ഗുണങ്ങള്‍ക്ക് മാത്രമേ അക്വിനാസ് സ്ഥായിയായ അസ്തിത്വം കല്‍പിക്കുന്നുള്ളൂ. ഈ ഗുണങ്ങളുടെ പരമോന്നത നിലവാരമാണ് ദൈവത്തില്‍ ദര്‍ശിക്കുന്നത്. അതിനാല്‍ അക്വിനാസിന്റെ ദര്‍ശനത്തില്‍ ഡോക്കിന്‍സിന്റെ 'ദുര്‍ഗന്ധവാദം' ഒരു വാദമേയല്ല. പരമാവധി നന്മയുള്ള ദൈവത്തെ വിശ്വാസികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോള്‍ ഡോക്കിന്‍സും നിരീശ്വരവാദികളും പരമാവധി ദുര്‍ഗന്ധമുള്ള ദൈവത്തെ അന്വേഷിക്കുകയും 'കണ്ടെത്തുക'യും ചെയ്യുന്നു. ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്നതേ കിട്ടൂ എന്ന ചൊല്ല് ഇവിടെ കൂടുതല്‍ പ്രസക്തമാണ്!
ദൈവത്തെ നന്മയുടെയും സുഗന്ധത്തിന്റേയും പരമോന്നത ഉറവിടമായി കണക്കാക്കാനാണ് മനുഷ്യന്റെ ബുദ്ധിയും വികാരവും താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണല്ലോ ഗ്രന്ഥകാരനും ഇങ്ങനെ എഴുതിയത്: "വുഡി അലന്റെ (Woody Allen)  വാക്കുകള്‍ തന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുവെന്ന് ഡോക്കിന്‍സ് പറയുന്നു: "ഒരു ദൈവം ഉണ്െടന്ന് തെളിയുന്നുവെന്നിരിക്കട്ടെ; അവന്‍ ഒരിക്കലും തിന്മയായിരിക്കില്ല. ദൈവത്തെക്കുറിച്ച് നമുക്ക് പറയാന്‍ കഴിയുന്ന ഏറ്റവും മോശം കാര്യം അവന്‍ സ്വന്തം കഴിവനുസരിച്ച് നേട്ടമുണ്ടാക്കാത്ത ഒരാളാണ് (underachiever) എന്നായിരിക്കും.''(35) 
ദൈവം ഒരിക്കലും തിന്മയായിരിക്കില്ല എന്ന് നിരീശ്വരവാദിയായ ഡോക്കിന്‍സിന്റെ കാതില്‍ മുഴങ്ങുന്നുണ്െടങ്കില്‍ ദൈവശാസ്ത്രജ്ഞനായ തോമസ് അക്വിനാസ് ദൈവത്തെ നന്മയുടെ പരമഘട്ടമായി സിദ്ധാന്തിച്ചത് തികച്ചും സ്വാഭാവികമല്ലേ?


അഞ്ച്: പ്രാപഞ്ചികാസൂത്രണം
ആസൂത്രണം സംബന്ധിച്ച അക്വിനാസിന്റെ തെളിവ് അഞ്ചാമത്തേതാണ്. ഗ്രന്ഥകാരന്റെ വിവരണം ഇങ്ങനെ: "പ്രപഞ്ചത്തിലെ ഏതു വസ്തു നിരീക്ഷിച്ചാലും അവയുടെയൊക്കെ പിന്നില്‍ ഒരു ആസൂത്രണബുദ്ധി (Designing intelligence) ഉണ്ടെന്ന് ബോധ്യപ്പെടും. അങ്ങനെ വരുമ്പോള്‍ പ്രപഞ്ചത്തിന് ഒരു പൊതുസൂത്രധാരനുണ്ട്; അതാണ് ദൈവം.''(36)
പ്രപഞ്ചത്തില്‍ എവിടെ നോക്കിയാലും ആസൂത്രണം ദൃശ്യമാണ്. സൂക്ഷ്മമായി നോക്കുന്തോറും ഇതിന്റെ സങ്കീര്‍ണത കൂടിവരും. അണു മുതല്‍ നക്ഷത്രം വരെയും കോശം മുതല്‍ മസ്തിഷ്കം വരെയും ആസൂത്രണവൈഭവം നിറഞ്ഞുകവിയുകയാണ്. (37) ചുള്ളിക്കമ്പുകളും ചപ്പുചവറുകളും വിതറിയപോലെയല്ല പ്രപഞ്ചം. വഴിയില്‍ അനാഥമായി കിടക്കുന്ന ഒരു വാച്ച് കണ്ടാല്‍ അത് ആരുണ്ടാക്കിയെന്ന് അറിയാത്തതുകൊണ്ടുമാത്രം ആരും വാച്ച് തനിയെ ഉണ്ടായതാകാമെന്ന് കരുതാറില്ല. ആസൂത്രിതമായ ഈ പ്രപഞ്ചവും അതിലെ വിസ്മയകരമായ പ്രതിഭാസങ്ങളും യാദൃച്ഛികമായുണ്ടായെന്ന് കരുതുന്ന നിരീശ്വരവാദിയും വാച്ചിന് നിര്‍മാതാവുണ്ടെന്ന് ഉറച്ചു വിശ്വസിക്കും. പ്രകൃതിയൊന്നാകെ യാദൃച്ഛികമായി രൂപപ്പെടാമെങ്കില്‍ ഒരു വാച്ച് യാദൃച്ഛികമായി ഉണ്ടായിക്കൂടേ? എന്തുകൊണ്ടാണ് ഒരു നിരീശ്വരവാദിപോലും അങ്ങനെ വിചാരിക്കാത്തത്? വാച്ച് ആരെങ്കിലും നിര്‍മിച്ചതാണെന്നതിന് 'മൂര്‍ത്തമായ' യാതൊരു തെളിവും കിട്ടിയില്ലെന്ന് സങ്കല്‍പിക്കുക. എങ്കില്‍ അത് യാദൃച്ഛികമായുണ്ടായതാണെന്ന് വാദിക്കാന്‍ ധൈഷണികമായോ വൈകാരികമായോ ധൈര്യമുള്ള ഒരു നിരീശ്വരവാദിയെങ്കിലും ഭൂലോകത്തുണ്ടാവുമോ?


ആസൂത്രണവും ഡാര്‍വിനും
അക്വിനാസിന്റെ അഞ്ചാമത്തെ തെളിവിനെക്കുറിച്ച് ഡോക്കിന്‍സിന് എന്ത് പറയാനുണ്ടെന്ന് നോക്കാം. ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഈ വാദമാണ് ഏറ്റവും ഫലപ്രദമായ വാദമായി മതവാദികള്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നത് (The Knockdown Argument). കേംബ്രിഡ്ജില്‍ പഠിക്കുന്ന സമയത്ത് ചാള്‍സ് ഡാര്‍വിന്‍ ഒരുവേള ഈ വാദത്തില്‍ ആകൃഷ്ടനായിരുന്നുവത്രെ. വില്യം പാലെയുടെ 'നാച്ചുറല്‍ തിയോളജി' (Natural Theology by William Paley) എന്ന ഗ്രന്ഥത്തിലാണ് ഡാര്‍വിന്‍ ഇതു വായിച്ചത്. പക്ഷേ, മുതിര്‍ന്നപ്പോള്‍ ഈ സിദ്ധാന്തത്തോടുള്ള ബഹുമാനം ഡാര്‍വിന്‍ പൂര്‍ണമായും ഉപേക്ഷിച്ചു. പില്‍ക്കാലത്ത് ഡാര്‍വിന്‍ ഇതേ ആസൂത്രണവാദം തകര്‍ത്തെറിയുകയായിരുന്നു.''(38)
ഈ വിവരണത്തിലെ അവസാനവരി പരിണാമവാദികള്‍ കെട്ടിച്ചമച്ച മിത്തുമാത്രമാണ്. ഡാര്‍വിന് പാലെയുടെ ആസൂത്രണവാദത്തിന് ഒരു പോറല്‍പോലും ഏല്‍പിക്കാനായിട്ടില്ല.(39)
പ്രകൃതിയില്‍ കാണുന്ന ആസൂത്രണം ദൈവത്തിന്റെ സംവിധാനമാണെന്ന ആശയത്തെ ഡാര്‍വിന്‍ ദുര്‍ബലമാക്കിയെന്ന ഡോക്കിന്‍സിന്റെ വാദം അബദ്ധമാണെന്ന് ഡാര്‍വിനിസംതന്നെ തെളിയിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ നോക്കൂ: "പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് വഴിയുള്ള പരിണാമം എന്ന ഡാര്‍വിനിന്റെ സിദ്ധാന്തം മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ, സാഹചര്യങ്ങള്‍ക്കനുസരണമായി സൃഷ്ടി ഉരുത്തിരിയുന്നതെങ്ങനെയെന്ന് തൃപ്തികരമായി വിശദീകരിക്കുന്നു.''(40)
'തൃപ്തികരമായി' വിശദീകരിക്കുന്നില്ലെന്നു മാത്രമല്ല, സാമാന്യമായിപോലും വിശദീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രകൃതിനിര്‍ധാരണം ജീവലോകത്ത്മാത്രം നടക്കുന്ന പ്രക്രിയയാണ്. ജീവികളില്‍ മാത്രമല്ല അചേതനലോകത്തും ആസൂത്രണമുണ്ട്. ജീവലോകത്തെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴി വിശദീകരിക്കാമെങ്കില്‍ അചേതനലോകത്തെ ആസൂത്രണം എങ്ങനെ വിശദീകരിക്കും? ഡാര്‍വിനിസത്തിന് സമാനമായ ഒരു 'അചേതന ഡാര്‍വിനിസം' ഇതുവരെയും മുന്നോട്ടുവെക്കാന്‍ നിരീശ്വരവാദികള്‍ക്കായിട്ടില്ല. കോശം മാത്രമല്ല അണുകണങ്ങളും തന്മാത്രകളും ആസൂത്രണത്തിന്റെ മികച്ച ദൃഷ്ടാന്തങ്ങളാണ്. ഇവയിലെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴിയുണ്ടായതാണെന്ന് നിരീശ്വരവാദികള്‍ പറയാറില്ല. പിന്നെങ്ങനെയുരുത്തിരിഞ്ഞുവെന്നതിന് തൃപ്തികരമായ യാതൊരു വിശദീകരണവും അവര്‍ക്കില്ല.
പ്രാഥമികയുക്തി
ആസൂത്രിതമായ പ്രപഞ്ചത്തിന് തൃപ്തികരമായ വിശദീകരണം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രന്ഥകാരന്‍ എഴുതുന്നു: "നൂറ്റാണ്ടുകളായി മനുഷ്യബുദ്ധിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രപഞ്ചത്തിന്റെ വിശദീകരണമാണ്.''(41) വെല്ലുവിളിയാകുന്നതിന്റെ കാരണവും അദ്ദേഹം തൊട്ടടുത്ത വരിയില്‍ വ്യക്തമാക്കുന്നു: "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം.''(42) പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്ന വസ്തുത ഗ്രന്ഥകാരനും സമ്മതിക്കുന്നു. മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നുന്നതുകൊണ്ടാണ് ആസൂത്രകനായ ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നത്. മതവിശ്വാസികളുടെ ഈ ധാരണ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പറയാനാവില്ലെന്നര്‍ഥം. നിരീശ്വരവാദികള്‍ക്ക് പോലും പ്രപഞ്ചം 'ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു'വെങ്കില്‍ നിഷ്പക്ഷരും നിഷ്കളങ്കരുമായ സാമാന്യ മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? പക്ഷേ പ്രശ്നം മറ്റൊന്നാണ്. പ്രപഞ്ചത്തില്‍ ആസൂത്രണം അടങ്ങിയിട്ടുള്ളതുകൊണ്ടാണല്ലോ അങ്ങനെ തോന്നുന്നത്. ഈ ആസൂത്രണം സ്രഷ്ടാവായ ആസൂത്രകന്റെ സൃഷ്ടിയാണോ അതോ പ്രപഞ്ചത്തില്‍ സ്വയമേവ ഉരുത്തിരിഞ്ഞതാണോ എന്നതാണ് തര്‍ക്കവിഷയം. "പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്നു ചിന്തിക്കാനാണ് പ്രാഥമികയുക്തിയില്‍ തോന്നുക. മനുഷ്യനുണ്ടാക്കിയ ഒരു വാച്ചിന്റെ സ്രഷ്ടാവ് ബുദ്ധിയും വൈദഗ്ധ്യവുമുള്ള ഒരാളാണ്. നേത്രത്തിന്റെ കാര്യത്തിലും ചിറകിന്റെ കാര്യത്തിലും അതേ തത്ത്വം ശരിയാണെന്നു പറയാന്‍ പ്രലോഭനമുണ്ടാകും'' എന്നാണ് ഗ്രന്ഥകാരന്‍ കുറിക്കുന്നത്.(43)


പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നല്ല ഇല്ലെന്നാണ് പ്രാഥമികയുക്തിയില്‍ തോന്നുക. പ്രത്യക്ഷത്തില്‍ സ്രഷ്ടാവിനെ കാണുന്നില്ല എന്നതുതന്നെ കാരണം (വാച്ചിന്റെ കാര്യത്തില്‍ ആസൂത്രണവും ആസൂത്രകനും പ്രത്യക്ഷത്തിലേ കാണപ്പെടുന്നു). ഈ പ്രത്യക്ഷജ്ഞാനത്തിനപ്പുറം പോകാന്‍ കഴിവില്ലാത്തവരാണ് നിരീശ്വരവാദികള്‍. മനുഷ്യനൊഴിച്ച് മറ്റു ജീവികളെല്ലാം ഈ ജ്ഞാനനിലവാരത്തിലാണുള്ളത്. പ്രത്യക്ഷജ്ഞാനത്തിനപ്പുറം പോകാനുള്ള സ്വയം ശേഷി മറ്റു ജീവികള്‍ക്കില്ല. അതുകൊണ്ടാണ് മനുഷ്യന്‍ ചെയ്യുന്നതുപോലെ ആരാധനാലയങ്ങള്‍ ഉണ്ടാക്കാനോ ഉപാസനകള്‍ നടത്താനോ കാളയും പോത്തുമൊന്നും മുതിരാത്തത്. മനുഷ്യര്‍ പൊതുവേ ഈ നിലയില്‍ നിന്നും ഉയരാനും പരോക്ഷജ്ഞാനം ആര്‍ജ്ജിക്കാനും സ്വയം ശേഷിയുള്ളവരാണ്. മറ്റു ജീവികളേക്കാള്‍ വലിയ മസ്തിഷ്കം നല്‍കപ്പെട്ടതുകൊണ്ടാണ് ഇതു സാധ്യമായത്. ഇതാണ് പൊതു യാഥാര്‍ഥ്യമെങ്കിലും അപവാദങ്ങളാണ് നിരീശ്വരവാദികള്‍. അവര്‍ പ്രത്യക്ഷജ്ഞാന നിലവാരത്തില്‍ തന്നെയാണ് നിലകൊള്ളുന്നത്. മറ്റു ജീവികളെപ്പോലെ ആരാധനയും ഉപാസനകളും ഉള്‍കൊള്ളാനുള്ള മാനസികവളര്‍ച്ച നേടാത്തവരാണവര്‍. എന്നാല്‍ അതിനുള്ള സ്വയംശേഷി അവര്‍ക്കുമുണ്ട് എന്നതുകൊണ്ട് നിരീശ്വരവാദികളില്‍ ഒട്ടേറെപേര്‍ കാലാന്തരത്തില്‍ മതത്തിലേക്ക് മടങ്ങുന്നതായി കാണാം. അതിനാല്‍, വിശ്വാസികളല്ല, നിരീശ്വരവാദികളാണ് പ്രത്യക്ഷ-പ്രാഥമികയുക്തിയുടെ തടവുകാര്‍.
പ്രപഞ്ചത്തിലെ ആസൂത്രണം അതിനു പിന്നിലെ ആസൂത്രകനെ അംഗീകരിക്കാന്‍ മനുഷ്യനെ 'പ്രലോഭിപ്പി'ക്കും എന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. പ്രപഞ്ചത്തിലെ ആസൂത്രണവും മനുഷ്യന്റെ വിശേഷബുദ്ധിയും പ്രലോഭിപ്പിച്ചാലും ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന നിലപാടാണ് നിരീശ്വരവാദികളുടെതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. "പക്ഷേ, ആ പ്രലോഭനം വഴിതെറ്റിക്കുന്ന ഒന്നാണ്'' എന്ന് ഉല്‍പത്തി പുസ്തകത്തിന്റെ ഭാഷയില്‍ തന്നെ ഗ്രന്ഥകാരന്‍ കുറിക്കുന്നു (ഉല്‍പത്തി പുസ്തകത്തിന്റെ ഭാഷ മതവിശ്വാസികള്‍ ഉപയോഗിക്കുന്നതിലാണ് അവര്‍ക്ക് വിയോജിപ്പ്!)


ഡാര്‍വിന്‍ ഔട്ട്
ആസൂത്രണത്തില്‍ നിന്നും ആസൂത്രകനിലേക്ക് ചാടരുതെന്നാണ് ഗ്രന്ഥകാരന്റെ ഉപദേശം. "വസ്തുക്കള്‍ മെല്ലെ ഉയരത്തിലെത്തിക്കുന്ന ഒരു ക്രെയിനാണ് (crane) നമുക്ക് വേണ്ടത്. അതല്ലാതെ ആകാശത്തിലേക്ക് ഞൊടിയിടയില്‍ നമ്മെ വലിച്ചെറിയുന്ന ഒരു സ്കൈ ഹുക്കല്ല (sky hook). ക്രെയിനിലൂടെ മാത്രമെ സാവധാനത്തിലും ക്രമനിബദ്ധവുമായി ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണതയിലേക്കുള്ള പരിണാമം വിശദീകരിക്കാനാവൂ. ഡാര്‍വിനുപയോഗിച്ചത് അത്തരമൊരു ക്രെയിനാണ്.''(44)
ശരിയാകാം. പക്ഷേ ഡാര്‍വിന്‍ ഉപയോഗിച്ച ക്രെയിന്‍തന്നെ ദൈവവും ആസൂത്രണത്തിന് ഉപയോഗിക്കണമെന്ന വാശി യുക്തിസഹമാണോ? പ്രപഞ്ചത്തിന്റെ ആസൂത്രണത്തിന് ഡാര്‍വിന്‍ ഉപയോഗിച്ച ക്രെയിന്‍ പ്രയോജനകരമല്ലെന്നിരിക്കെ വിശേഷിച്ചും! ഇക്കാര്യം ഗ്രന്ഥകാരന്‍ തന്നെ സമ്മതിക്കുന്നത് കാണുക: "ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടതില്‍വെച്ച് ഏറ്റവും അര്‍ഥവത്തായതും യുക്തിസഹമായതുമായ ക്രെയിന്‍ ഡാര്‍വിന്റെ പരിണാമസിദ്ധാന്തമാകുന്നു... എന്നാല്‍ ഡാര്‍വിന്‍ അവതരിപ്പിച്ചതുപോലൊരു ക്രെയിന്‍ ഭൌതികശാസ്ത്രത്തില്‍ ഇനിയും കണ്െടത്താനായിട്ടില്ല.'' (45)
ഡാര്‍വിന്റെ ക്രെയിന്‍ ഭൌതിക പദാര്‍ഥങ്ങളുടെ പ്രക്രിയയില്‍ പ്രയോഗിക്കാനാവില്ലെന്ന് ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചിരിക്കെ ദൈവത്തിലേക്ക് തിരിയുന്ന മതവിശ്വാസികളെ എന്തിനു ഭത്സിക്കണം? ഭൌതികലോകത്ത് അവരുടെ വാദങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്നല്ലേ ഇതിനര്‍ഥം?
ഭൌതികശാസ്ത്രത്തില്‍ ദൈവത്തെ 'അട്ടിമറി'ക്കാവുന്ന ക്രെയിന്‍ ഇതുവരെയും കണ്െടത്താനായിട്ടില്ലെന്ന് കരുതി ആരും ദൈവവിശ്വാസത്തില്‍ ചെന്ന് ചാടരുതെന്ന് ഗ്രന്ഥകാരന്‍ മുന്നറിയിപ്പ് തരുന്നുണ്ട്. അദ്ദേഹം നിരീശ്വരാന്ധവിശ്വാസികളെ ആശ്വസിപ്പിക്കുന്നതിങ്ങനെയാണ്. "ഭൌതികശാസ്ത്രത്തിലും പരിണാമവാദത്തെപ്പോലൊരു ക്രെയിന്‍ ഉയര്‍ന്നുവരുമെന്നുള്ള ആശ നാം കൈവിടരുത്. പരിണാമ സിദ്ധാന്തത്തിനു തുല്യമല്ലെങ്കിലും അതിനു സമാനമായി ഭൌതികശാസ്ത്രത്തില്‍ ഇന്ന് നിലവിലിരിക്കുന്ന ദുര്‍ബല സിദ്ധാന്തങ്ങളെല്ലാം തന്നെ (ആന്ത്രോപിക്, മള്‍ട്ടിവേഴ്സ് സങ്കല്പങ്ങള്‍) ആരോ ഒറ്റയടിക്ക് സൃഷ്ടിച്ചുവെന്ന് വാദിക്കുന്ന ആസൂത്രണവാദത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ്. ഈ വസ്തുതകളെല്ലാം പരിഗണിച്ചാല്‍ ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച എല്ലാ അനുമാനങ്ങളും റദ്ദാക്കപ്പെടുമെന്ന് ഡോക്കിന്‍സ് പറയുന്നു.''(46)
'ദുര്‍ബല സിദ്ധാന്തങ്ങളെ' അടിസഥാനമാക്കിയായാലും ദൈവത്തെ 'അട്ടിമറി'ച്ചാല്‍ മതിയെന്ന ആഗ്രഹം ഡോക്കിന്‍സിന് കലശമാണ്. പരിഹാസ്യനാകാനേ ഇത്തരം ആഗ്രഹചിന്തകള്‍ ഉപകരിക്കൂ എന്ന കാര്യം അദ്ദേഹത്തിന് ഗ്രാഹ്യമായിട്ടില്ല!
രസകരമായ കാര്യം മറ്റൊന്നാണ്. ദൈവത്തെ 'അട്ടിമറി'ക്കാന്‍ സഹായകമായ സിദ്ധാന്തങ്ങളാണ് ആന്ത്രോപിക്, മള്‍ട്ടിവേഴ്സ് സങ്കല്‍പങ്ങള്‍ എന്ന് മേല്‍ സൂചിപ്പിച്ച ഗ്രന്ഥകാരന്‍തന്നെ മറ്റൊരിടത്ത് എഴുതുന്നത് നോക്കൂ: "മാര്‍ട്ടിന്‍ റീസിന്റെ ആന്ത്രോപിക് സിദ്ധാന്തവും സ്മോലിന്റെ മള്‍ട്ടിവേഴ്സ് സങ്കല്‍പവും പരിഗണിക്കുമ്പോള്‍ എല്ലാം ആസൂത്രണം ചെയ്ത ഒരു ശക്തിയുണ്െടന്ന് സമ്മതിച്ചാല്‍തന്നെ ആ ശക്തി മറ്റേതെങ്കിലും പ്രപഞ്ചത്തിലുണ്ടായ ഡാര്‍വിനിസ്റ്റ് മാതൃകയിലുള്ള പരിണാമത്തിന്റെ ആത്യന്തികഫലമായി ഉണ്ടായതാണെന്ന് വിഭാവനം ചെയ്യാനാണ് ഡോക്കിന്‍സിന് താല്‍പര്യം.''(47) ആന്ത്രോപിക് സിദ്ധാന്തവും മള്‍ട്ടിവേഴ്സ് സങ്കല്‍പവും പ്രപഞ്ചം ആസൂത്രണം ചെയ്ത ഒരു ശക്തിയിലേക്ക് വിരല്‍ചൂണ്ടുന്നുവെന്ന് ഇവിടെ സൂചിപ്പിച്ച ഗ്രന്ഥകാരന്‍ തന്നെയാണ് ഇതേ സിദ്ധാന്തങ്ങള്‍ ഭൌതികപ്രപഞ്ചത്തില്‍നിന്നും ദൈവത്തെ 'അട്ടിമറി'ക്കുന്നുവെന്നും വാദിക്കുന്നത്! ഒരേ സിദ്ധാന്തങ്ങള്‍ ഒരേസമയം (അതോ രണ്ട് സന്ദര്‍ഭങ്ങളിലോ?) ദൈവത്തെ സ്ഥാപിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നു!
പരിണാമസിദ്ധാന്തം ജൈവലോകത്തിനു പുറത്ത് ദൈവത്തെ 'അട്ടിമറി'ക്കാന്‍ പര്യാപ്തമല്ലെന്ന് മറ്റൊരിടത്തും സമ്മതിച്ചിട്ടുണ്ട്: "പരിണാമവാദവും പ്രകൃതിനിര്‍ധാരണവും ഒരുപക്ഷേ, ജൈവലോകത്തിനു ബാഹ്യമായ (NonBiological) പ്രപഞ്ച സംഭവങ്ങള്‍ വിശദീകരിക്കാന്‍ പര്യാപ്തമായേക്കില്ല.''(48)
മറ്റൊരിടത്ത് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഒരിക്കല്‍ ജീവന്‍ ഉത്ഭവിച്ചു കഴിഞ്ഞാല്‍ ശേഷം നടക്കുന്ന പരിണാമം വിശദീകരിക്കുന്നതും ജീവനില്ലാത്ത അവസ്ഥയില്‍നിന്ന് ജീവനുണ്ടായത് വിശദീകരിക്കുന്നതും രണ്ടും രണ്ടാണ്. പരിണാമസിദ്ധാന്തത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ജീവോല്‍പത്തിയുടെ കാര്യത്തില്‍ പ്രസക്തമല്ല.''(49)
ജീവന്‍ ഉല്‍ഭവിച്ചത് വിശദീകരിക്കാന്‍ പരിണാമസിദ്ധാന്തത്തിനാകില്ല എന്ന് ഗ്രന്ഥകാരന്‍ സമ്മതിച്ചല്ലോ. ചുരുക്കത്തില്‍ ജീവശാസ്ത്രത്തില്‍പോലും ഭാഗികമായ പ്രസക്തിയേ പരിണാമസിദ്ധാന്തത്തിനുള്ളൂവെന്നര്‍ഥം. പരിണാമസിദ്ധാന്തവുമായി ദൈവത്തെ കടപുഴക്കാന്‍ ഇറങ്ങിയ ഡോക്കിന്‍സ് മണ്‍വെട്ടിയുമായി ഹിമാലയം നിരത്താനിറങ്ങുന്നയാളേക്കാള്‍ സഹതാപമര്‍ഹിക്കുന്നു.
മറ്റൊരിടത്ത് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "പരിണാമവാദം ജീവശാസ്ത്രത്തിലെങ്കിലും ആസൂത്രണത്തെ തകര്‍ത്തുകളയുന്നുണ്ട്.''(50) കഷ്ടം! ജീവശാസ്ത്രത്തിന് പുറത്ത് അസംഖ്യം മേഖലകളുണ്ടല്ലോ. അവയിലൊന്നും ആസൂത്രണത്തെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗ്രന്ഥകാരന് തന്നെ സമ്മതിക്കേണ്ടിവന്നുവെന്നര്‍ഥം. ചുരുക്കത്തില്‍ ജീവശാസ്ത്രത്തിലൊഴിച്ച് മറ്റനേകം ശാസ്ത്രശാഖകളില്‍ ആസൂത്രണവാദം ഇപ്പോഴും പ്രസക്തമായി തുടരുന്നുവെന്ന് നിരീശ്വരവാദികളുടെ തന്നെ വാദത്തില്‍നിന്നും ഗ്രഹിക്കാനായല്ലോ. ഇവയില്‍ നിന്നെല്ലാം ആസൂത്രണവാദത്തെ കെട്ടുകെട്ടിക്കാന്‍ എന്താ ചെയ്ക? ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലെങ്കിലും ഗ്രന്ഥകാരന്‍ പ്രതീക്ഷ ('വ്യാമോഹം' എന്നതാണ് ശരിയായ പ്രയോഗം) കൈവിടുന്നില്ല. അദ്ദേഹം കുറിക്കുന്നു: "ബഹിരാകാശശാസ്ത്രത്തിലും മറ്റ് ഭൌതികശാസ്ത്രങ്ങളിലും സമാനമായ ആസൂത്രണവാദങ്ങളെ സംശയത്തോടെ സ്വീകരിക്കാനും മറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമിടാനും പരിണാമസിദ്ധാന്തം പ്രേരകമായിട്ടുമുണ്ട്.''(51) മറ്റു ശാസ്ത്രശാഖകളില്‍നിന്നും ആസൂത്രണവാദത്തെ 'തകര്‍ത്തുകളയാനു'ള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നര്‍ഥം. ഡാര്‍വിന്റെ കൃതി പുറത്തിറങ്ങിയ 1859ല്‍ തുടങ്ങിയെന്ന് കരുതാമെങ്കിലും ഇപ്പോഴും 'തുടക്ക'ത്തില്‍തന്നെ തുടരുകയാണെന്നാണോ ഗ്രന്ഥകാരന്റെ വാക്കുകളില്‍ നിന്നും ഗ്രഹിക്കേണ്ടത്? ഏതായാലും ഡാര്‍വിനിസം ജീവശാസ്ത്രത്തില്‍ നിന്നും കെട്ടുകെട്ടാന്‍ തുടങ്ങിയ ഇക്കാലത്ത് നിരീശ്വരവാദികള്‍ മറ്റു ശാസ്ത്രശാഖകള്‍ ഡാര്‍വിനിസത്തിന് ഇടം നല്‍കിയേക്കാമെന്ന വ്യാമോഹമെങ്കിലും വെച്ചുപുലര്‍ത്തുന്നത് നന്ന്.
ഗ്രന്ഥകാരന്‍ വിവരിച്ച ഒരു ശാസ്ത്രകഥ ഇവിടെ വ്യക്തമാണ്: "ഒരു ബഹിരാകാശസഞ്ചാരി ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഗൃഹാതുരത്വം മൂത്ത് അയാള്‍ വിളിച്ചുപറയുന്നു: "ഓ! ഇപ്പോള്‍ ഭൂമിയില്‍ വസന്തകാലമായിരിക്കും!'' എന്താണ് ഈ വാക്കുകളില്‍ കുഴപ്പമെന്നായിരിക്കും ചോദ്യം. ഒരു കുഴപ്പവുമില്ല. ഭൂമിയില്‍ എവിടെയാണ് വസന്തം എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. തന്റെ സ്വദേശമായിരിക്കും തീര്‍ച്ചയായും സഞ്ചാരി ഉദ്ദേശിച്ചത്. പക്ഷേ, ഭൂമിയെ നിരന്തരം വലംവെക്കുകയാണയാള്‍. ഭൂമി ഒന്നാകെയെടുക്കുമ്പോള്‍ ഒരിടത്തെ വസന്തം മറ്റൊരിടത്ത് ശൈത്യമാണ്; ഒരേസമയം എല്ലാ ഋതുക്കളും ഭൂഗോളത്തില്‍ സംഭവിക്കുന്നു. വിശാലമായ ഒരു ജ്ഞാനതലം നിര്‍മിച്ചിരുന്നുവെങ്കില്‍ അങ്ങനെയൊരു വാചകം അയാള്‍ പറയില്ലായിരുന്നു. ബഹിരാകാശത്തിലായാലും സ്വന്തം ദേശം അയാളുടെ അബോധമനസ്സിനെ ഭരിക്കുന്നതായാണ് നാം കാണുന്നത്. ഇതൊരു സ്വയം പരിമിതപ്പെടലാണ്.''(52)
റിച്ചാഡ് ഡോക്കിന്‍സിന്റെ അവസ്ഥ ഈ ബഹിരാകാശ സഞ്ചാരിയേക്കാള്‍ ദയനീയമാണ്. ആകെകൂടി വിവരമുള്ളത് ജീവശാസ്ത്രത്തിലാണ്. എന്നാല്‍ ഗോളശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, മാധ്യമപഠനം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം... തുടങ്ങി തനിക്ക് യാതൊരു പിടിപാടുമില്ലാത്ത നിരവധി മേഖലകളെപ്പറ്റി വമ്പന്‍ വിലയിരുത്തലുകള്‍ നടത്തുന്നതില്‍ ഡോക്കിന്‍സിന് യാതൊരു മടിയും ഉണ്ടായില്ല. ജീവശാസ്ത്രം അബോധമനസ്സിനെ മാത്രമല്ല ബോധമനസ്സിനെയും ഭരിക്കുന്നതായി ഡോക്കിന്‍സ് തെളിയിക്കുന്നു. പ്രപഞ്ചം മുഴുവന്‍ പ്രകൃതിനിര്‍ധാരണത്താല്‍ വിശദീകരിക്കാനാവും എന്ന മഠയധാരണയെ താലോലിക്കുന്ന ഡോക്കിന്‍സിനേക്കാള്‍ എത്രയോ ഭേദമാണ് ബഹിരാകാശസഞ്ചാരിയുടെ തെറ്റുധാരണകള്‍! 
(തുടരും)
കുറിപ്പുകള്‍:
22. പേജ് 90
23. പേജ് 91
24. പേജ് 90
25. പേജ് 90
26. ദൈവവും സമയവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ദാര്‍ശനികവും ശാസ്ത്രീയവുമായ ചര്‍ച്ചകള്‍ക്ക് Craig, God, Time and Eternity (Kluwar Accademic Publishers) 2001.
27. പേജ് 153 
28. പേജുകള്‍ 153-154
29. പേജ് 147
30. പേജുകള്‍ 203-204
31. പേജ് 204
32. പേജ് 93
33. പേജ് 92
34. പേജ് 92
35. പേജ് 133
36. പേജ് 92
37. ആധുനികശാസ്ത്രത്തിന്റെ ആരംഭകാലത്ത് പ്രകൃതിയിലെ ആശ്ചര്യകരമായ ആസൂത്രണം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രകൃതിയെ കീഴടക്കുകയും ചൂഷണം ചെയ്യുകയുമായിരുന്നു അന്നത്തെ ശാസ്ത്രത്തിന്റെ മുഖ്യധര്‍മങ്ങള്‍. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയുണ്ടായതോടെ ഭൌതികപ്രമത്തരായ ശാസ്ത്രജ്ഞര്‍ പ്രകൃതിയെ മനസ്സിലാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രാപഞ്ചികാസൂത്രണം ഗ്രഹിക്കാനും പ്രപഞ്ചാതീത ശക്തിയിലേക്ക് തിരിയാനും ഇത് വഴിയൊരുക്കി. പ്രാപഞ്ചികാസൂത്രണം പ്രതിപാദിക്കുന്ന ചില കൃതികള്‍: Johnson and Mooreland, The Creation Hypothesis: Scientific Evidence for Design in the Universe (Intervarsity Press) 1994, William Dembski, The Design Inference: Eliminating the chance through small probabilities (Cambridge University Press) 1998, William Dembski et.al, Mere Creation: Science, Faith and Intelligent Design (Intervarsity Press) 1998 
38. പേജുകള്‍ 92,93
39. ഇതു സംബന്ധമായ ഡോക്കിന്‍സിന്റെ കൃതികളിലെ വാദങ്ങളെ ശാസ്ത്രീയമായി ഖണ്ഡിക്കുന്ന കൃതിയാണ് Dr. Lee Spetnersâ Not by Chance (Judaica Press) 1996. 
http://www.nicheoftruth.org/samvadam/
40. പേജ് 93
41. പേജ് 180
42. പേജ് 180
43. പേജ് 180
44. പേജ് 180
45. പേജ് 180
46. പേജ് 181
47. പേജ് 178
48. പേജ് 126
49. പേജ് 156
50. പേജ് 132
51. പേജ് 132
52. പേജ് 129
(ഇത് സ്നേഹസംവാദത്തിന്റെ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്)