ആമുഖം
മതത്തിന്റെ ശാസ്ത്രീയവും ദാര്‍ശനികവുമായ മാനങ്ങള്‍ നിരീശ്വരവാദികള്‍ക്ക് അറിയില്ല എന്നത് സ്വാഭാവികമാണ്. എന്നാല്‍ സ്കൂള്‍ നിലവാരത്തിലുള്ള ശാസ്ത്രം പോലും അറിയില്ലെങ്കില്‍,അത് ആശ്ചര്യം തന്നെയാണ്.വിശേഷിച്ചും ഇതൊക്കെ മതവിശ്വാസികളടക്കം സ്കൂള്കുട്ടികള്ക്കറിയാവുന്ന ശാസ്ത്രത്തിന്റെ ബാലപാഠമായിരിക്കെ .
സുശീല്‍ കുമാറിന്റെ ഈ വരി നോക്കൂ:"ഒരു മെഴുകിതിരി കത്തിക്കുമ്പോള്‍ ദ്രവ്യം ഊര്‍ജമായി മാറിക്കൊണ്ടിരിക്കുകയാണ്. " ഒരു മെഴുകുതിരിയെന്നല്ല ഒരായിരം മെഴുകുതിരി കത്തിക്കുമ്പോഴും ദ്രവ്യം ഊര്‍ജമായി മാറുന്നില്ല. മെഴുകുതിരി കത്തുമ്പോള്‍ ദ്രവ്യം ഊര്‍ജമായി മാറുന്നുവെന്ന അറിവ് എവിടെ നിന്നു കിട്ടിയെന്നു വ്യക്തമാക്കാമോ? ന്യൂക്ലിയര്‍ റിയാക്ഷനില്‍ മാത്രമാണ് ദ്രവ്യം ഊര്‍ജമായി മാറുന്നത്. സാധാരണ രാസപ്രവര്‍ത്തനങ്ങളില്‍ ഇതു സംഭവിക്കുന്നില്ല. അവയില്‍ പങ്കെടുക്കുന്ന മൊത്തം തന്മാത്രകളുടെ പിണ്ഡം മൊത്തം ഉല്‍പ്പന്നങ്ങളുടെ പിണ്ഡത്തിനു തുല്യമായിരിക്കും. അതായത് ദ്രവ്യനഷ്ടം സംഭവിക്കുന്നില്ല എന്നര്‍ത്ഥം. കെമിക്കല്‍ ബോണ്ടുകളിലെ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്(സംശയമുണ്ടെങ്കില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയോടു ചോദിക്കു).
പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കാന്‍ പ്രപഞ്ചം തന്നെ മതിയെന്ന വീക്ഷണക്കാരനാണ് പ്രമുഖ ഗോളശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്. പ്രപഞ്ചോത്പത്തി വിശദീകരിക്കാന്‍ ദൈവം അനിവാര്യമല്ല (not necessary )എന്നേ അദ്ദേഹം പറയുന്നുള്ളൂ. അത് അനാവശ്യമാണെന്നോ അസംബന്ധമാണെന്നോ അശാസ്ത്രീയമാണെന്നോ ഉള്ള തീവ്രനിരീശ്വരവാദം ഹോക്കിങ്ങിനുമില്ല എന്നു വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഭൌതിക നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രപഞ്ചം ഉല്‍ഭവിച്ചതെന്ന ഹോക്കിങ്ങിന്റെ വാദത്തെ ഇങ്ങനെ ഖണ്ഡിച്ചത്: "ബിഗ് ബാങ്ങിനു ശേഷമാണ് ഫിസിക്സ് നിയമങ്ങള്‍ ഉണ്ടായതെന്നിരിക്കെ ഫിസിക്സ് നിയമങ്ങള്‍ക്കനുസരിച്ചാണ് ബിഗ് ബാങ് ഉണ്ടായതെന്നു വാദിക്കുന്നത് വിഡ്ഢിത്തമാണ്. സ്റ്റീഫന്‍ ഹോക്കിങ് വിഡ്ഢിത്തം പറഞ്ഞാല്‍ അത് വിഡ്ഢിത്തമല്ലാതാവുമോ? "
ഇതിനുള്ള സുശീല്‍കുമാറിന്റെ മറുപടി നോക്കൂ:"സ്റ്റീഫന്‍ ഹോക്കിങ്ങ് മത്തിചുട്ടുതിന്നുന്ന കാര്യത്തില്‍ എന്തോ അബദ്ധം പറഞ്ഞതാണെന്ന് ഇദ്ദേഹം ധരിച്ചുവശായെന്ന് തോന്നുന്നു. "എങ്ങനെയുണ്ട് സുശീല്‍കുമാറിന്റെ മറുപടി?!
(പ്രപഞ്ചോത്പത്തി വിശദാംശങ്ങള്‍ക്ക് 20,21 പോയന്റുകള്‍ നോക്കാം Forthcoming...)
നിരീശ്വരവാദികളുടെ യുക്തിരാഹിത്യത്തിനും താര്‍ക്കിക ശേഷിയില്ലായ്മയ്ക്കും ശാസ്ത്ര വിജ്ഞാനമില്ലായ്മക്കും മാത്രമല്ല സാംസ്കാരിക ശൂന്യതയ്ക്കും അനേകം ഉദാഹരണങ്ങളിലൊന്നാണ് മേല്‍ ചേര്‍ത്തത്.
മത്തിയോ മത്തിക്കച്ചവടമോ ഒന്നും മോശമായ കാര്യങ്ങളല്ല എന്നു തന്നെയല്ല ആയിരക്കണക്കിനു മനുഷ്യരുടെ മാന്യമായ ഉപജീവനമാര്‍ഗവും മറ്റു മനുഷ്യര്‍ക്ക് അവശ്യം വേണ്ടതുമാണ്. എന്നാല്‍ സുശീല്‍ കുമാര്‍ മറുപടിയെഴുതാന്‍ നിവൃത്തിയില്ലാതാവുമ്പോള്‍ മത്തിയിലേക്കു തിരിയുന്നതിന് മനശ്ശാസ്ത്രപരമായ വല്ല അര്ത്ഥങ്ങളുമുണ്ടോ?
പ്രത്യേക കാരണമൊന്നുമില്ലാതെയും സുശീല്‍ കുമാര്‍ മത്തിയെപ്പറ്റി സംസാരിക്കാന്‍ ഉല്സുകനാണെന്നതു ശ്രദ്ധിക്കുക. മലയാളം ടൈപ്പിങ് വശമാക്കാനുള്ള താമസം മൂലമാണ് അപ്പപ്പോള്‍ മറുപടി എഴുതാന്‍ സാധിക്കാതെ വരുന്നത് എന്നു ഞാന്‍ വായനക്കാരെ അറിയിച്ചിരുന്നു. ഈ അറിയിപ്പിനും സുശീല്‍ കുമാര്‍ മറുപടി എഴുതി. അതിങ്ങനെയായിരുന്നു: "അക്കാര്യത്തില്‍ സാര്‍ വിഷമിക്കണ്ട. സാവകാശം എഴുതിയാല്‍ മതി. കാരണം ചീഞ്ഞ മത്തി മാര്‍ക്കറ്റില്‍ വളരെ നേരത്തെ എത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അത് ഏറ്റവും ഒടുവിലേ വിറ്റുപോകൂ. ഒടുവില്‍ പൂച്ചയ്ക്ക് കൊടുക്കേണ്ടിവരും "(26 Nov, 10:33PM)
പ്രപഞ്ചോല്‍പ്പത്തി, ഫ്രീഡ് മാന്‍ ഗ്രാഫ് എന്നിവയെപ്പറ്റി ഞാന്‍ എഴുതിയാല്‍ അതേപ്പറ്റി യാതൊരു വിശദീകരണവും നല്‍കാതെ മത്തിയെപ്പറ്റി വിശദമായും ആവേശകരമായും എഴുതുന്നതിന്റെ കാരണം സുശീല്‍ കുമാര്‍ തന്നെ അറിയിക്കട്ടെ! ഏതായാലും 'മീന്‍ വേണോ മീന്‍ വേണോ' എന്നു ചോദിച്ച് മീന്‍ തന്നെ വില്ക്കുന്നവര് 'ശാസ്ത്രം വേണോ ശാസ്ത്രം വേണോ' എന്നു വിളിച്ചുകൂവി മത്തി മാത്രം വില്‍ക്കുന്ന നിരീശ്വരവാദികളേക്കാള്‍ എത്ര ഭേദം! സാംസ്കാരികമായി മാത്രമല്ല, ബുദ്ധിപരമായും!!
മത്തിപോലെ സുശീല്‍ കുമാറിന് ഒബ്സഷനുള്ള മറ്റൊരു സാധനമാണ് മൂത്രം. എനിക്ക് ഏറ്റവും ഒടുവിലായി എഴുതിയ മറുപടി( 13 Dec) ആരംഭിക്കുന്നത് ഇങ്ങനെയാണ്: "പ്രമുഖ ബ്ലോഗറും ഇസ്ലാമിക പണ്ഡിതനുമായ ജ: എന്‍ എം ഹുസ്സൈന്റെ ഡോക്കിന്‍സ് നിരൂപണമെന്ന കാളമൂത്രത്തിന്റെ മൂന്നാം ഖണ്ഡം പുറത്തുവന്നു. "
മറ്റൊരിടത്ത് ഇങ്ങനെ: "ഡാര്‍വിനിസത്തിന്റെ 'ദൗര്‍ബല്യങ്ങളെ' കൊട്ടിഘോഷിക്കാനാണ് കാളമൂത്രസമാനമായ ആദ്യത്തെ ആറ് പാരഗ്രാഫുകള്‍ ചെലവഴിച്ചിരിക്കുന്നത്. "
മൂത്രവുമായി ബന്ധപ്പെട്ട മറ്റൊരു പദവും അദ്ദേഹത്തെ ആവേശിച്ചതായി ഈ വരികളില്‍ കാണാം: " ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കുത്തല് അഥവാ ഉടുതുണിപൊക്കിക്കാണിക്കല്. ഈ ഉടുതുണിപൊക്കിക്കാണിക്കലിനാണ് ലേഖകന്‍ അടുത്ത പതിനഞ്ചിലധികം ഖണ്ഡികകളില്‍ നിര്‍ലോഭമായ മുക്രിത്തരങ്ങളാല് കഠിനാധ്വാനം ചെയ്യുന്നത്."എങ്ങനെയുണ്ട് വായനക്കാരേ കേരളാ നിരീശ്വരവാദികളുടെ സംവാദശൈലി?
"പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള് അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?"
എന്ന എന്റെ ചോദ്യം ഉദ്ധരിച്ചശേഷം സുശീല്‍ കുമാര്‍ എഴുതിയതു നോക്കൂ: "എങ്ങനെയുണ്ട് മഹത്തായ ആ ഉടുതുണി പൊക്കല്!!!"
ഓരോ പോസ്റ്റ് കഴിയുന്തോറും സുശീല്‍ കുമാര്‍ ഈ ദിശയിലാണ് 'പുരോഗമിച്ചു'കൊണ്ടിരിക്കുന്നത്! യുക്തി, ശാസ്ത്രം, ദര്‍ശനം, വിശകലനം എന്നിത്യാദി പദങ്ങള്‍ക്കു പകരം കേരള നിരീശ്വരവാദികളുടെ ഇഷ്ടപദങ്ങള് 'മൂത്ര'വും 'ഉടുതുണിപൊക്കലു'മൊക്കെയായി മാറിക്കൊണ്ടിരിക്കുന്നു!!
നിരീശ്വരവാദികളുടെ ദയനീയാവസ്ഥ കൂടുതല്‍ വ്യക്തമായി വരുന്നു. ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും യുക്തിയുടെയും തര്‍ക്കശാസ്ത്രത്തിന്റെയും മൊത്തക്കുത്തകക്കാരാണെന്നാണ് അവകാശവാദമെങ്കിലും ഈ മേഖലകളിലെല്ലാം അല്പമൊക്കെ കഴിവ് അവര്‍ക്കുണ്ടെന്നാണ് ഞാനും കരുതിയിരുന്നത്. എന്നാല്‍ ഓരോ പോസ്റ്റുകള്‍ക്കു ശേഷവും ഇതൊരു മിത്താണെന്നു തെളിഞ്ഞു വരികയാണ്. മതദര്ശനങ്ങളെപ്പറ്റി മാത്രമല്ല, ശാസ്ത്രത്തെപ്പറ്റിപ്പോലും ആഴത്തില്‍ ധാരണയുള്ളവര്‍ നിരീശ്വരവാദികളിലില്ല എന്നു വ്യക്തമാണ്. സ്കൂളില്‍ പഠിച്ചതും മാധ്യമങ്ങളില്‍ വരുന്നതുമായ ശാസ്ത്ര വിവരങ്ങള്‍ക്കപ്പുറം (ഈ വിവരങ്ങള്‍ മതവിശ്വാസികള്‍ക്കുമുണ്ട്) ശാസ്ത്രസിദ്ധാന്തങ്ങളുടെയും സ്ഥാപനങ്ങളുടെയും സാംസ്കാരികവും നാഗരികവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങളെപ്പറ്റി ഇവര്‍ പൂര്‍ണമായും അജ്ഞരാണ്. മറ്റുള്ളവരുടെ കമന്റുകളും ഇക്കാര്യം ദിനേന തെളിയിച്ചുകൊണ്ടിരിക്കുന്നു. ഏതായാലും ഇത്തരം പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്കു് ഇപ്പോള്‍ കടക്കുന്നില്ല. വരും പോസ്റ്റുകളില്‍ സാന്ദര്‍ഭികമായി ചില കാര്യങ്ങളെങ്കിലും വിവരിച്ചിട്ടുണ്ട്.
ശാസ്ത്രീയവും തത്ത്വചിന്താപരവുമായ വാദങ്ങളിലൂടെ ഡോക്കിന്‍സിന്റെ ആശയങ്ങളെ ഖണ്ഡിക്കുന്ന എന്റെ ഒടുവിലത്തെ നിരൂപണത്തിന് സുശീല്‍ കുമാര്‍ എഴുതിയ മറുപടി ആരംഭിക്കുന്നത് ഇങ്ങനെയാണ്.
"റിച്ചാര്‍ഡ് ഡൊക്കിന്‍സിന്റെ The God Delusion-നും സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവവും' നിരൂപണം ചെയ്യാനിറങ്ങി ഒടുവില്‍ ദൈവത്തിന്റെ 'മൂത്ര'ത്തെ നിരൂപണം ചെയ്ത് ഗുസ്തിയില്‍ ജയിച്ചുകഴിഞ്ഞെന്ന് സ്വയം വിലയിരുത്തി, താന്‍ അത് സമര്‍ത്ഥിച്ചു ഇത് സമര്‍ത്ഥിച്ചു എന്ന് നാഴികയ്ക്ക് നാല്പതുവട്ടം വിടുവായത്തം വിടുന്നയാള്‍ ഒന്നും സമര്‍ത്ഥിച്ചിട്ടില്ല"
ഞാന്‍ രണ്ടു പോസ്റ്റുകളിലായി ദീര്‍ഘമായി ഉപന്യസിച്ചത് വായിച്ച സാമാന്യബോധമെങ്കിലും ഉള്ള ഒരാള്‍ "ഒന്നും സമര്‍ത്ഥിച്ചിട്ടില്ല"എന്ന് ഏതായാലും എഴുതുകയില്ല. സമര്‍ത്ഥനം പിടികിട്ടാത്ത സുശീല്‍ കുമാറിനും എന്തെങ്കിലും സമര്‍ത്ഥിച്ചു എന്നു തന്നെയാകും തോന്നിയിട്ടുണ്ടാവുക(മനസ്സിലായില്ലെങ്കിലും). എന്നാല്‍ "ഒന്നും സമര്‍ത്ഥിച്ചിട്ടില്ല"എന്നു പച്ചയായി നുണയെഴുതണമെങ്കില്‍ വിവരക്കേട് മാത്രം പോര അഹങ്കാരവും നിര്‍ലജ്ജതയും കൂടിയുണ്ടാകണം. ഏതായാലും നിരീശ്വരവാദികളുടെ കേരളീയ സ്വരൂപത്തിന് സുശീല്‍ കുമാറിനെപ്പോലുള്ളവര്‍ നല്കുന്ന പുത്തന്‍ സംഭാവനകള്‍ അവരുടെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും എന്നതില്‍ സംശയം വേണ്ട.
അക്വിനാസിന്റെ തെളിവുകളെപ്പറ്റി ഞാന്‍ വിശദമായി എഴുതിയിരുന്നുവെങ്കിലും സുശീല്‍കുമാര്‍ രണ്ടു മറുപടി പോസ്റ്റുകളിലും മൌനിയായിരുന്നു. ഇക്കാര്യം രണ്ടു വട്ടം ചൂണ്ടിക്കാട്ടുകയും സി കെ ബാബു മറുപടി നല്‍കിയെന്ന വാദം നുണയാണെന്നും സമര്‍ത്ഥിച്ചപ്പോള്‍ നിവൃത്തിയില്ലാതായി. അതിനാലാകാം മൂന്നാം മറുപടിയില്‍ ഇത് മുഖ്യവിഷയമാക്കിയത്.
എന്നെ സംബന്ധിച്ചിടത്തോളം സുശീല്‍കുമാര്‍ മറുപടി എഴുതിയാലും ഇല്ലെങ്കിലും വായനക്കാരെ ബോധ്യപ്പെടുത്തുക എന്നത് എളുപ്പമായിത്തീരും. ഗ്രഹണശേഷിക്ക് കാര്യമായ തകരാറ് പ്രദര്‍ശിപ്പിക്കുന്ന ഇവര്‍ എന്ത് എഴുതിയാലും അബദ്ധങ്ങളും അസംബന്ധങ്ങളും ആയിത്തീരാനുള്ള സാധ്യത ഏറെയാണ് എന്നതുതന്നെ കാരണം. ഇനി വാദങ്ങള്‍ നോക്കാം:
(1) സുശീല്‍കുമാര്‍ എഴുതുന്നു: "അക്വിനാസിന്റെ അഞ്ച് അമൂര്‍ത്ത തെളിവുകളെയും താന്‍ 'യുക്തിപരമായും' 'ശാസ്ത്രീയമായും' സമര്‍ത്ഥിച്ചിരുന്നു എന്നും 'സമര്‍ത്ഥിക്കുന്നു'ണ്ട്. പക്ഷേ ഇതൊക്കെ സി കെ ബാബു കൈകാര്യം ചെയ്തിട്ടുണ്ടെന്ന പച്ചനുണ തട്ടിവിട്ട് സുശീല്‍കുമാര്‍ തടിതപ്പുകയായിരുന്നു. "
എന്റെ ഈ പരാതി സത്യമാണ്. അതു നിഷേധിക്കാതെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് സുശീല്‍.
ഒരു നുണ പറഞ്ഞാല്‍ അതു ന്യായീകരിക്കാന്‍ പത്തു നുണകള്‍ പറയേണ്ടിവന്നേക്കാം എന്നാണ് ചൊല്ല്. രണ്ടാമത്തെ നുണ എഴുതാന്‍ അദ്ദേഹം നിര്‍ബന്ധിതനായതു നോക്കൂ :" അക്വിനാസിന്റെ തെളിവുകളെ വിലയിരുത്തി സമയം കളയേണ്ട എന്നേ ആദ്യ പോസ്റ്റില്‍ ഉദ്ദേശിച്ചിരുന്നുള്ളു. " മറുപടിയെഴുതുന്നത് സമയം കളയലാണെങ്കില് ഇപ്പണിക്ക് ചാടിയിറങ്ങേണ്ടിയിരുന്നോ? അതിനുള്ള ബാധ്യത താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്? ഇതു "സമയം കളയലാ"ണെങ്കില്‍ താങ്കളുടെ ആചാര്യന് ഡോക്കിന്‍സും അതു തന്നെയല്ലേ ചെയ്തത്?
" അക്വിനാസിന്റെ തെളിവുകളെ വിലയിരുത്തി സമയം കളയേണ്ട എന്നേ ആദ്യ പോസ്റ്റില്‍ ഉദ്ദേശിച്ചിരുന്നുള്ളു "എങ്കില്‍ അക്കാര്യം തന്നെ പറയാമായിരുന്നല്ലോ. ബാബു ഖണ്ഡിച്ചിട്ടുണ്ടെന്ന നുണ തട്ടിവിട്ട് അതു വായിക്കാന്‍ എഴുതിയാല്‍ താങ്കളുടെ ഉദ്ദേശ്യം മേല്‍ സൂചിപ്പിച്ചതായിരുന്നുവെന്ന് ആര്‍ക്കെങ്കിലും മനസ്സിലാവുമോ? മറ്റുള്ളവരുടെ വാദങ്ങള്‍ ഗ്രഹിക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്ന താങ്കള്‍ മറ്റുള്ളവരെ ഗ്രഹിപ്പിക്കുന്നതിലും വന്‍ പരാജയമാണെന്നല്ലേ ഇതിനര്‍ത്ഥം?("ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ടെന്നു സമ്മതിക്കണം" എന്ന് താങ്കള്‍ മുന്‍ പോസ്റ്റില്‍ എഴുതിയത് ഇപ്പോള്‍ മനസ്സിലായി! )
"രണ്ടാം പോസ്റ്റില്‍ അക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു " എന്ന മൂന്നാമത്തെ നുണയും തട്ടിവിടാന്‍ സുശീല്‍കുമാര്‍ നിര്‍ബന്ധിതനായി. രണ്ടാമത്തെ പോസ്റ്റില്‍ അക്വിനാസിന്റെ അഞ്ചു തെളിവുകളില്‍ ഒന്നിനെപ്പോലും ഖണ്ഡിക്കാന്‍ ശ്രമിക്കാതെ ഖുര്‍ ആന്‍ വാക്യങ്ങള്‍ പകര്‍ത്തിവയ്ക്കുക മാത്രമാണ് സുശീല്‍ കുമാര്‍ ചെയ്തിട്ടുള്ളത്.
"മാത്രമല്ല, മൂലഗ്രന്ഥത്തില്‍ അക്കാര്യങ്ങള്‍ പരിശോധിക്കപ്പെട്ടതുമാണ്"എന്നും അദ്ദേഹം എഴുതി. മൂലഗ്രന്ഥത്തില്‍ പരിശോധിച്ചിട്ടുണ്ടെങ്കില് താങ്കളുടെ ബാധ്യതയൊഴിയുന്നുവെങ്കില് ഒന്നിനെക്കുറിച്ചും എഴുതേണ്ടി വരില്ലായിരുന്നല്ലോ? മൂലഗ്രന്ഥത്തെ ഖണ്ഡിച്ചുകൊണ്ട് ഞാനെഴുതിയതാണല്ലോ താങ്കള്‍ മറുഖണ്ഡനത്തിനിറങ്ങാന് കാരണമായത്. അതിനാല്‍ ഡോക്കിന്‍സിന്റെ അക്വിനാസ് വിമര്‍ശനത്തെ ഖണ്ഡിച്ച എന്റെ വാദങ്ങള്‍ക്ക് മറുപടിയെഴുതാന്‍ താങ്കള്‍ ബാധ്യസ്ഥനല്ലേ? "മൂലഗ്രന്ഥത്തില്‍ അക്കാര്യങ്ങള്‍ പരിശോധിക്കപ്പെട്ടതുമാണ്" എന്നത് രക്ഷപ്പെടാനുള്ള വിഫലശ്രമത്തിന്റെ ഭാഗമല്ലേ?
(2) അക്വിനാസിന്റെ തെളിവുകളെപ്പറ്റി എന്തെങ്കിലും എഴുതിയില്ലെങ്കില്‍ അവശേഷിക്കുന്ന പ്രതിഛായകൂടി നഷ്ടപ്പെടുമെന്നതിനാലാകാം സുശീല്‍ തുടങ്ങുകയാണ്. ആദ്യത്തെ വരികള്‍ രവിചന്ദ്രന്‍ എഴുതിയത് അപ്പടി പകര്‍ത്തിയതാണ്. ഈ നാണക്കേടിന് മറയിടാനാകാം "ഈ വാദം ആവര്‍ത്തിക്കുകയാണ് ഹുസൈന് ചെയ്യുന്നത്"എന്ന നുണ കൂടി തട്ടിവിടുന്നു. ഡോക്കിന്‍സിന്റെ വിമര്‍ശനങ്ങളെ ഖണ്ഡിക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാതെ അക്വിനാസിന്റെ വാദം ആവര്‍ത്തിക്കുകയല്ല.
ശേഷം സുശീല്‍കുമാര്‍ ശാസ്ത്രം പറയാന്‍ തുടങ്ങുന്നത് ബഹുരസമായിട്ടുണ്ട്. മൂന്നു പോസ്റ്റുകളിലും ശാസ്ത്രമോ ദര്‍ശനമോ പറയാതെ ദൈവങ്ങളെപ്പറ്റി പറഞ്ഞു നിന്നതിന്റെ കാരണം മനസ്സിലാക്കാന്‍ ഈ 'ശാസ്ത്രജ്ഞാനം' മതിയാകും!
"ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല . ആ ശക്തിയാണ് ദൈവം" എന്നതാണ് അക്വിനാസിന്റെ ഒന്നാമത്തെ വാദം. ഇതിനെതിരായ ഡോക്കിന്‍സിന്റെ വാദത്തെ ഞാന്‍ സയുക്തികം ഖണ്ഡിച്ചിട്ടുണ്ട്. ഇതേപ്പറ്റി സുശീല്‍ കുമാര്‍ എഴുതിയത് നോക്കൂ: "ഒരു 'ശക്തി' ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാകില്ല എന്ന വാദം അക്വിനാസിന് ഉന്നയിക്കാം. കാരണം അദ്ദേഹം അത് ഉന്നയിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. എന്നാൽ ഐൻസ്റ്റീന്റെ E=mc² എന്ന ശാസ്ത്രീയ സമവാക്യം അവതരിപ്പിക്കപ്പെട്ടതിനു ശേഷവും ഈ വിഡ്ഢിത്തരം എഴുന്നെള്ളിക്കാന്‍ അസാമാന്യ വിവരക്കേടുതന്നെ വേണം "
പ്രശ്നം പഴയപടി തുടരുന്നുവെന്നു വ്യക്തം. എന്റെ വാദം മാത്രമല്ല, ഐന്‍സ്റ്റൈന്റെ വാദവും സുശീല്‍ കുമാറിനു ഗ്രാഹ്യമായിട്ടില്ല. മേല്‍ വിവരണം മാത്രമല്ല ഇതിനു തെളിവ്. നിരീശ്വര ആചാര്യനായ ഡോക്കിന്‍സ് പോലും അക്വിനാസിനെ ഖണ്ഡിക്കാന്‍ ഇങ്ങനെയൊരു 'ശാസ്ത്രവാദം' ഉന്നയിച്ചിട്ടില്ല.
അതായത് ഡോക്കിന്‍സിനു പോലും അറിയാത്ത ശാസ്ത്രീയ വാദമുഖങ്ങള്‍ അറിയുന്ന വ്യക്തിയാണ് സുശീല്‍ കുമാര്‍ എന്നാണോ ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്? തീര്‍ച്ചയായും അല്ല. ഡോക്കിന്‍സിന്റെ വിവരക്കേടിന് പരിധിയുണ്ട്. പക്ഷേ, സുശീല്‍ കുമാറിന്റെ വിവരക്കേടിനു പരിധിയില്ല എന്നു തന്നെ! എല്ലാം അണ്‍ലിമിറ്റഡ് ആയ ഇക്കാലത്ത് വിവരക്കേടിനു മാത്രം എന്തിനു പരിധിവെക്കണം എന്നായിരിക്കാം അദ്ദേഹത്തിന്റെ യുക്തിചിന്ത.
ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അറിയാത്ത ആളല്ലല്ലോ ഡോക്കിന്‍സ്. എന്നിട്ടും എന്തുകൊണ്ടാണ് അക്വിനാസിനെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സ് ഐന്‍സ്റ്റൈന്റെ സമവാക്യം ഉന്നയിക്കാതിരുന്നത് എന്നെങ്കിലും സുശീല്‍ കുമാറിന് ആലോചിക്കാമായിരുന്നു.
(3)"ശക്തി അഥവാ ഊര്‍ജ്ജം എന്ന് പറയുന്നത് ദ്രവ്യത്തില്‍ നിന്ന് വ്യത്യസ്തമായ 'എന്തൊ ഒന്നാണെന്ന' ധാരണ വെച്ച് ഡൊക്കിന്‍സിനെ ഖണ്ഡിക്കാനിറങ്ങിയ കാര്യമാണ് മഹാ കഷ്ടം " എന്നും സുശീല്‍ കുമാര്‍ എഴുതുന്നു. ഇങ്ങനെ ഒരു ധാരണ എനിക്കുള്ളതായി ഞാനെവിടെയും എഴുതിയിട്ടില്ലല്ലോ. ആരോടും സ്വകാര്യമായിപ്പോലും പറഞ്ഞിട്ടുമില്ല. പിന്നെ, എനിക്ക് ഇങ്ങനെയൊരു ധാരണയുള്ളതായി സുശീല്‍ കുമാറിനു് എങ്ങനെ മനസ്സിലായി? ഉത്തരം ലളിതമാണ്. എഴുതിയതു തന്നെ മനസ്സിലാകാത്ത ഒരാള്‍ക്ക് എഴുതാത്തത് മനസ്സിലാക്കാനാവുമെന്നു കരുതാനാവില്ലല്ലോ. അതിനാല്‍ ഞാന്‍ എഴുതിയതില്‍ നിന്നും ഗ്രഹിച്ചതാവില്ല ഇക്കാര്യം എന്നു വ്യക്തമാണ്. എഴുതിയത് ശരിയായി ഗ്രഹിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് തെറ്റായ ധാരണകള്‍ ഉണ്ടായേ തീരൂ എന്നാണ് ന്യൂറോളജി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയുണ്ടായ അബദ്ധ ധാരണയാകാം ഇത്.
ഇനി, സുശീല്‍ കുമാറിന്റെ അബദ്ധധാരണ ശരിയാണെന്നു സങ്കല്‍പ്പിക്കുക. "ശക്തി അഥവാ ഊര്‍ജ്ജം എന്ന് പറയുന്നത് ദ്രവ്യത്തില്‍ നിന്ന് വ്യത്യസ്തമായ 'എന്തൊ ഒന്നാണെന്ന' ധാരണ "എനിക്കുണ്ടെന്നു സങ്കല്‍പ്പിക്കുക. പക്ഷേ അതുകൊണ്ട്? ഇതും അക്വിനാസിന്റെ വാദത്തിന്റെ ന്യായീകരണവും തമ്മിലെന്തു ബന്ധമാണുള്ളത്? എന്തെങ്കിലും ബന്ധമുള്ളതായി സുശീല്‍ കുമാര്‍ പ്രസ്താവിക്കുകയോ സമര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ വെറുതേ തട്ടിവിട്ടു എന്നു മാത്രം!
ഐന്സ്റ്റൈന് E=mc² അവതരിപ്പിക്കുന്നതിനു മുന്‍പത്തെ ന്യൂട്ടോണിയന്‍ ധാരണയാണിത്. ഈ ധാരണ വച്ചാണ് ഞാന്‍ അക്വിനാസിനെ ന്യായീകരിച്ചത് എന്നു പറയുന്നതിനര്‍ത്ഥം ഈ ധാരണപ്രകാരം അക്വിനാസിനെ ന്യായീകരിക്കാമെന്നല്ലേ?
അതോ അതിനു മുന്‍പേ അത് കാലഹരണപ്പെട്ടിരുന്നോ? ഏതു ശാസ്ത്ര സിദ്ധാന്തമാണ് അതു സാധിച്ചത്? സുശീല്‍ കുമാറിന്റെ വിശദീകരണം ചിരിക്കു വക നല്കുന്നതാവും എന്നതുകൊണ്ട് പ്രതീക്ഷിക്കുകയാണ്.
യാഥാര്‍ത്ഥ്യമെന്താണ്? ന്യൂട്ടോണിയന്‍ ഫിസിക്സുമായോ ക്വാണ്ടം ബലതന്ത്രവുമായോ അക്വിനാസിന്റെ വാദത്തിന് പ്രത്യേക ബന്ധമൊന്നുമില്ല. ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അക്വിനാസിന്റെ വാദത്തെ കാലഹരണപ്പെടുത്തിയെന്ന മഠയത്തം തട്ടിവിടുമ്പോള്‍ എങ്ങനെയെന്ന് വിശദീകരിക്കാനുള്ള ബാധ്യതയും സുശീല്‍ കുമാറിനാണുള്ളത്. അങ്ങനെയൊരു ശ്രം നടത്തിയിട്ടേയില്ല.
(4)"ഈ പ്രപഞ്ചത്തില്‍ ഒന്നിനും സ്വയം ചലനശേഷിയില്ലെന്ന വാദം ഭൗതികശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയാതെയാണ് ഈ ഖണ്ഡന സാഹസത്തിന് മുതിര്‍ന്നിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു"എന്നും സുശീല്‍ കുമാര്‍ എഴുതുന്നു. ഭൌതികശാസ്ത്രത്തിന്റെ ചുക്കും ചുണ്ണാമ്പും മാത്രം അറിയുന്നതുകൊണ്ടാണ് സുശീല്‍കുമാര്‍ ഇങ്ങനെയൊക്കെ എഴുതുന്നത് എന്നതാണു യാഥാര്‍ത്ഥ്യം.
സുശീല്കുമാറിനറിയാവുന്ന ഈ 'ചുക്കും ചുണ്ണാമ്പും ' തൊട്ടടുത്ത വരിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നു :" സ്ഥൂലവും സൂക്ഷ്മവുമായ പ്രപഞ്ചദ്രവ്യം നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്നത് ഇന്ന് നഴ്സറി നിലവാരത്തിലുള്ള അറിവാണിന്ന്. ആറ്റത്തിനകത്തെ ഇലക്ടോണുകള്‍ പോലും സ്വയം ചലിക്കുന്നു." ഇതാണ് സുശീല്കുമാറിനറിയാവുന്ന ഭൌതികശാസ്ത്രത്തിലെ 'ചുക്കും ചുണ്ണാമ്പും ' . ഇത് നഴ്സറി കുട്ടികള്‍ക്കു പോലും അറിയാവുന്നതാണല്ലോ.
എന്നാല്‍ ഞാനെഴുതിയത് ഭൌതികശാസ്ത്രത്തിലെ തെര്‍മോ ഡൈനാമിക്സ് അഥവാ താപഗതിക നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇത് സുശീല്‍ കുമാറിനറിയില്ല. ഏതായാലും ഇത് നഴ്സറി കുട്ടികള്‍ക്കു പോലും അറിയാമെന്ന് സുശീല്കുമാറും വാദിക്കാന്‍ സാധ്യതയില്ലല്ലോ. ഭൌതികശാസ്ത്രത്തിലെ താപഗതികനിയമങ്ങള്‍ അറിയാത്ത സുശീല്‍ കുമാറിന് എന്റെ വാദം മനസ്സിലാകുന്നതെങ്ങനെ? മനസ്സിലാകാത്തതെല്ലാം വിചിത്രമാണെന്നു മുന്‍പേ എഴുതിയിരുന്ന സുശീല്‍ കുമാര്‍ എന്നാല്‍ ഹുസൈന്റെ വിചിത്രവാദം നോക്കൂ എന്ന മുഖവുരയോടെയാണ് എന്റെ വിവരണങ്ങള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ളത് :("1.സ്വയം ചലനശേഷിയില്ലാത്ത ഒന്നിന് സ്വയം ചലനം ആരംഭിക്കാനാവുമോ? ഇല്ലെന്നു വ്യക്തമാണ്. സ്വയം സമ്പത്തില്ലാത്ത ഒരാള്‍ മറ്റൊരാള്‍ക്ക് പണം കൊടുക്കുന്നതെങ്ങനെ? എഴുന്നേറ്റ് നടക്കാനാവാത്ത ഒരാള്‍ നടക്കുന്നതെങ്ങനെ? വഴിയറിയാത്ത ഒരാള്‍ വഴികാട്ടിയാവുമോ? ഈ ചോദ്യങ്ങള്‍ക്ക് "ഇല്ല'' എന്ന ഉത്തരമാവും നിരീശ്വരവാദിയും നല്‍കുന്നത്. എങ്കില്‍, സ്വയം ചലിക്കാന്‍ ശേഷിയി ല്ലാത്ത കണങ്ങള്‍ അടങ്ങിയ ഈ ഭൌതിക പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി? ) "
ഈ വിവരത്തെ ഏതെങ്കിലും ശാസ്ത്രീയസിദ്ധാന്തങ്ങളുന്നയിച്ച് ഖണ്ഡിക്കാനേ അദ്ദേഹം ശ്രമിച്ചിട്ടില്ല. പകരം എഴുതിയതിങ്ങനെ: "ഇജ്ജാത് ഫയങ്കരമായ ശാസ്ത്രീയ വിജ്ഞാനവും കൊണ്ടാണ് ഹുസ്സയിന് ഖണ്ഡനസാഹസത്തിനു മുതിരുന്നത്. "
മേല്‍ വാദങ്ങള്‍ താപഗതികനിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. താപഗതികനിയമം അറിയാത്ത സുശീല്‍കുമാറിന് ഇത് മനസ്സിലാക്കാനാകാത്തത് സ്വാഭാവികം. എങ്കിലും അദ്ദേഹം അതിനെ ഖണ്ഡിച്ചിരിക്കുന്നു!
(5) പ്രപഞ്ചത്തിലെ ചലനം വിശദീകരിക്കുന്ന ഭൌതികശാസ്ത്ര നിയമം ഐന്‍സ്റ്റൈന്റെE=mc² അല്ലെന്നും താപഗതികനിയമമാണെന്നും സുശീല്‍ കുമാര്‍ ആദ്യം പഠിക്കണം. (ഇക്കാര്യം ശാസ്ത്രത്തില്‍ സാമാന്യമായ വിവരമുള്ളവര്‍ക്കു മനസ്സിലാക്കാനാണ് ബ്രാക്കറ്റില്‍ "ഊര്‍ജതന്ത്രത്തിന്റെ ഭാഷയില്‍ പ്രപഞ്ചത്തില്‍ എന്‍ട്രോപ്പി വര്‍ധിച്ചുകൊണ്ടിരിക്കുന്നു"എന്നെഴുതിയത്. സുശീല്‍ കുമാറിനെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ടൊന്നും
യാതൊരു പ്രയോജനവുമില്ലെന്ന് സംവാദം തുടങ്ങിയപ്പോഴേ ബോധ്യപ്പെട്ടു. )
പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ഫ്രീഡ് മാന്‍ ഗ്രാഫിനെപ്പറ്റി ഞാനെഴുതിയത് നായയ്ക്ക് മുഴുവന്‍ തേങ്ങ കിട്ടിയതുപോലെയായിരുന്നു സുശീല്‍ കുമാറിനെന്നത് വായനക്കാര്‍ക്ക് ഓര്‍മയുണ്ടാകും. ഇതൊന്നും അറിയില്ലെങ്കില്‍ നാണക്കേടില്‍ നിന്നു രക്ഷപ്പെടാനെങ്കിലും സാധാരണ മനുഷ്യര്‍ പഠിക്കാറുണ്ട്. പക്ഷേ. സുശീല്‍ കുമാറിനെപ്പോലെയുള്ളവര്‍ക്ക് അതുമില്ല എന്നത് കഷ്ടം തന്നെ! പ്രപഞ്ചത്തിന്റെ ആരംഭത്തില്‍ ചലനം മാക്സിമം ആയിരുന്നുവെന്നും ക്രമേണ കുറഞ്ഞു കുറഞ്ഞ് തീര്‍ത്തും നിശ്ചലമായ അവസ്ഥയിലേക്ക് പ്രപഞ്ചം എത്തുമെന്നുമാണ് രണ്ടാം താപഗതിക നിയമം (Second Law of Thermodynamics) പഠിപ്പിക്കുന്നത്. താപമരണം( Thermal Death)എന്നാണ് ഈ അവസ്ഥയുടെ പേര്. പ്രപഞ്ചത്തിലെ ചലനം കുറഞ്ഞുവരികയാണെന്നര്ത്ഥം. പ്രപഞ്ചത്തിന് സ്വയം ചലനശേഷിയുണ്ടായിരുന്നുവെങ്കില് ക്രമാനുഗതമായി ചലനം കുറഞ്ഞുവരുമോ? ഒരിക്കലുമില്ല. ഈ വാദം നിരവധി ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാന്‍ സ്ഥലപരിമിതിയുള്ളതുകൊണ്ട് ഏതാനും വാക്യങ്ങളിലായി ചുരുക്കി അവതരിപ്പിച്ചതാണ്.(കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ അടുത്ത മറുപടിയില്‍ നല്‍കാം)
പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും. സ്വയം ചലനശേഷിയുള്ളവക്ക് ഇപ്രകാരം ചലനശേഷി നഷ്ടപ്പെടില്ല. യഥാര്‍ത്ഥത്തില്‍ ചലനശേഷി നഷ്ടപ്പെടുത്താനല്ലാതെ സ്വയം ആര്‍ജിക്കാന്‍ ഒരു കണികക്കും സാധ്യമല്ല. എങ്കില്‍ പ്രപഞ്ച കണികകള്‍ ഏറ്റവും ചലനശേഷിയുള്ള പ്രാരംഭാവസ്ഥ സ്വയം ആര്‍ജിച്ചു എന്നു പറയുന്നത് താപഗതികനിയമത്തിന് വിരുദ്ധവും അശാസ്ത്രീയവുമാണ്. ഇനി, ഇതൊന്നും ഗ്രഹിക്കാനാകാത്ത സുശീല്‍ കുമാര്‍ എന്തെഴുതിയെന്നു നോക്കാം.
(6)" സമനിരപ്പിലൂടെ ഒരു പന്ത് തള്ളിവിടുമ്പോള്‍ അത് കുറച്ചുദൂരം ഉരുണ്ടശേഷം നില്ക്കുന്നതാണെത്രെ പന്തിന് സ്വയം ചലനശേഷിയില്ല എന്നതിന് തെളിവ്. ഘര്‍ഷണം എന്നൊരു സാധനത്തെക്കുറിച്ചറിയാത്ത ആറാം ക്ലാസില്‍ താഴെയുള്ളവരോട് പറയാൻ പറ്റുന്ന 'വിവര'മാണിത്" എന്നാണ് സുശീല്‍ കുമാര്‍ എഴുതിയത്. ഈ വരികള്‍ തന്നെ നോക്കൂ. പന്തിന് സ്വയം ചലന ശേഷിയില്ല എന്ന് ആര്‍ക്കാണറിയാത്തത്? പന്തിന് സ്വയം ചലനശേഷിയുണ്ടെന്ന് സുശീല്‍ കുമാറിന് അഭിപ്രായമുണ്ടോ? സമനിരപ്പിലൂടെ ഒരു പന്ത് "തള്ളിവിടേണ്ടി" വരുന്നത് അതുകൊണ്ടല്ലേ? പന്തിന് സ്വയം ചലനശേഷിയുണ്ടെങ്കില്‍ ആരെങ്കിലും തള്ളിവിടേണ്ടിവരുമായിരുന്നോ? അത് സ്വയം ചലിക്കില്ലേ? 'ഘര്‍ഷണം' മൂലം പന്തിന്റെ ചലനം നില്‍ക്കുന്നത് തന്നെ അതിനു സ്വയം ചലനശേഷിയില്ലാത്തതുകൊണ്ടല്ലേ? പന്തിന് സ്വയം ചലനശേഷിയില്ലെന്ന കാര്യം ഏതായാലും ആറാം ക്ലാസിന് താഴെയുള്ള കുട്ടികള്‍ക്കും അറിയാം. പക്ഷേ, കേരള നിരീശ്വരവാദികളുടെ സമുന്നത ബുദ്ധിജീവിയായ സുശീല്‍ കുമാറിന് അറിയില്ല! എങ്കില്‍ അനുയായികളായ നിരീശ്വരവാദികളുടെ നിലവാരം എത്രാം ക്ലാസായിരിക്കുമെന്നത് ഊഹിക്കാതിരിക്കുന്നതാണ് നല്ലത്!
(7)"ദ്രവ്യം ഊര്‍ജവും ഊര്‍ജം ദ്രവ്യവുമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍ ചലനമല്ലാതെ മറ്റെന്താണ് നടക്കുന്നത്? " എന്നു ചോദിക്കുന്നു. പ്രപഞ്ചത്തില്‍ ചലനമില്ലെന്ന് ഞാന്‍ വാദിച്ചിട്ടില്ലല്ലോ. കണങ്ങള്‍ക്ക് സ്വയം ചലനശേഷിയില്ല എന്നാണല്ലോ എന്റെ വാദം. ഇതു മനസ്സിലാകണമെങ്കില്‍ 6ാം ക്ലാസ് ശാസ്ത്രം പോരാ താപഗതികശാസ്ത്രം അറിയണം. ദയവായി സുശീല്‍ കുമാര്‍ അതു പഠിക്കുക. സംവാദം അതിനു ശേഷമാകാം. ഏതായാലും ഇതേപ്പറ്റി അല്‍പ്പം വിവരിക്കാം.
"ദ്രവ്യം ഊര്‍ജവും ഊര്‍ജം ദ്രവ്യവുമായി മാറിക്കൊണ്ടിരിക്കുന്നു "എന്നത് സാമാന്യശാസ്ത്രമാണ്. ഊര്‍ജം തന്നെ രണ്ടു തരമുണ്ടെന്ന വിവരം താപഗതികം പഠിച്ചാലേ മനസ്സിലാവൂ. പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഊര്‍ജവും പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാത്ത ഊര്‍ജവും. പ്രപഞ്ചത്തില്‍ ഓരോ നിമിഷവും പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഊര്‍ജം പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാത്ത ഊര്‍ജമായി മാറിക്കൊണ്ടിരിക്കയാണ്. ഇതാണ് 'അന്ത്യനാളില്‍ 'താപമരണം സംഭവിക്കുമെന്ന് താപഗതികം ശാസ്ത്രജ്ഞന്മാര് പറയാന്‍ കാരണം.
(8)ഊര്‍ജം ദ്രവ്യവും ദ്രവ്യം ഊര്‍ജവുമായി മാറുന്നു എന്നതിനേക്കാള്‍ പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഊര്‍ജം പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാത്ത ഊര്‍ജമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കൂടുതല്‍ സൂക്ഷ്മമായ ശാസ്ത്ര വിവരം. ഇതറിയാത്ത സുശീല്‍കുമാറിന് എന്റെ ഉദാഹരണങ്ങള്‍ എങ്ങനെ മനസ്സിലാകും. അദ്ദേഹം എഴുതിയതു നോക്കൂ:"ലേഖകൻ പറഞ്ഞ ഉദാഹരണം തന്നെയെടുക്കാം. ഒരു മെഴുകുതിരി കത്തിക്കുമ്പോള്‍ ദ്രവ്യം ഊർജമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ലെൻസ് ഉപയോഗിച്ച് വെളിച്ചം ഒരു നിശ്ചിത ബിന്ദുവിലേക്ക് ഫോക്കസ് ചെയ്യുമ്പോള്‍ അവിടം ചൂടാവുകയും ഒടുവില്‍ സ്വയം തീപ്പിടിക്കുകയും ചെയ്യും. ഇതൊക്കെ ഏതെങ്കിലും അതീത ശക്തിയുടെ പ്രവര്‍ത്തനഫലമാണോ? "
മെഴുകുതിരി കത്തിക്കുന്നതും ലെന്‍സ് ഉപയോഗിച്ച് തീപടര്‍ത്തുന്നതും മനുഷ്യനാകാം. എന്നാല്‍ ഇവക്കാധാരമായ പ്രകൃതിനിയമങ്ങള്‍ ആവിഷ്കരിച്ചത് മനുഷ്യനോ മെഴുകുതിരിയോ ലെന്‍സോ തീയോ അല്ലെന്ന് വ്യക്തമല്ലേ? പ്രകൃതി നിയമങ്ങളൊന്നും പ്രകൃതിയുണ്ടാക്കിയതല്ലെന്ന് സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്കു മനസ്സിലാക്കാനാവുന്ന യാഥാര്‍ഥ്യമാണ്. താപഗതികശാസ്ത്രം പഠിച്ചാല്‍ ഇവയത്രയും ബോധ്യമാവുകയും ചെയ്യും. കംപ്യൂട്ടര്‍ സ്വയം പ്രവര്‍ത്തിക്കുന്നതു കാണുന്ന ഒരാള്‍ കംപ്യൂട്ടര്‍ സ്വയം ഉണ്ടായതാണെന്നു വിശ്വസിക്കുമോ?
ഒന്നു ചോദിക്കട്ടെ. ഊര്‍ജം ദ്രവ്യമായും മാറുമെന്ന് E=mc² സിദ്ധാന്തിക്കുന്നുണ്ടല്ലോ. കത്തിത്തീര്‍ന്ന ഒരു മെഴുകുതിരിയിലെ ഊര്‍ജം ശേഖരിച്ചാല്‍ അതിനെ വീണ്ടും മെഴുകുതിരിയാക്കാനാവുമോ? "ദ്രവ്യം ഊര്‍ജമായും ഊര്‍ജം ദ്രവ്യമായും മാറും" എന്ന സുശീല്‍കുമാറിന്റെ 6ാംക്ലാസ് വിവരപ്രകാരം ഇതു സാധിക്കേണ്ടതാണ്. ഇതു സാധിക്കാത്തതിന്റെ കാരണം വിശദീകരിക്കുന്നത് E=mc² അല്ല Thermodyanamics ആണ്.
(9)"മെഴുകുതിരി കെട്ടമരുന്നത് അതിന് ചലനശേഷിയില്ലാത്തതുകൊണ്ടാണെന്ന അറിവ് അതി ഗംഭീരം തന്നെ"എന്നും സുശീല്‍ കുമാര്‍ എഴുതുന്നു. ഇങ്ങനെ ഞാനെവിടെയും എഴുതിയിട്ടില്ല.
മെഴുകുതിരി കെട്ടമരുന്നത് ചലനശേഷിയില്ലാത്തുകൊണ്ടല്ല സ്വയം ചലനശേഷിയില്ലാത്തതുകൊണ്ടാണ്. ചലനശേഷിയും സ്വയം ചലനശേഷിയും തമ്മിലുള്ള വ്യത്യാസം പോലും ഗ്രഹിക്കാനാകാത്ത സുശീല്‍കുമാര്‍ ഇങ്ങനെയൊക്കെ എഴുതിയില്ലെങ്കിലേ ആശ്ചര്യമുള്ളൂ.
(10)" സോഡിയം എന്ന സാധനം വെള്ളത്തിലിട്ട് നോക്കിയിട്ടുണ്ടോ? അപ്പോഴറിയാം അതിന് സ്വയം ചലനശേഷിയുണ്ടോ എന്ന്." എന്നും സുശീല്‍ എഴുതിയിട്ടുണ്ട്. സ്വയം ചലനശേഷിയുണ്ടെങ്കില്‍, പിന്നെ വെള്ളത്തിലിടാതെ തന്നെ സോഡിയം സ്വയം ചലിക്കുമായിരുന്നില്ലേ? ഒരാള്‍ സോഡിയം വെള്ളത്തിലിടണം എന്നതുതന്നെ സോഡിയത്തിനല്ല ആള്‍ക്കാണ് സ്വയം ചലനശേഷി എന്നല്ലേ തെളിയിക്കുന്നത്? (ഈ ചലനശേഷിയെപ്പറ്റിയല്ല ഞാന്‍ പരാമര്‍ശിച്ചത് എന്ന കാര്യം തല്ക്കാലം മറക്കുക)
താപഗതികത്തെപ്പറ്റി കേട്ടറിവുപോലുമില്ലാത്ത സുശീല്‍ കുമാര്‍ എഴുതിയതു നോക്കൂ: "അക്വിനാസിന്റെ ഈ വാദത്തെയാണ് ഹുസ്സയിന് ഖണ്ഡനാതീതമായ സംഭവമായി അവതരിപ്പിക്കുന്നത്. ചലനമില്ലാത്തതിനെ ചലിപ്പിക്കുന്നത് തന്റെ ദൈവമാണെന്ന ശാസ്ത്രീയ അറിവ് ഹുസ്സയിന് ലഭിച്ചത് വെളിപാടിലൂടെയാകണം " . മതദര്‍ശനത്തെപ്പറ്റി നിരീശ്വരവാദികള്‍ക്ക് അറിയില്ലെന്ന് പണ്ടേ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ശാസ്ത്രത്തെപ്പറ്റിപ്പോലും അവര്‍ക്കറിയില്ല എന്നത് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. താപഗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരണം "വെളിപാടിലൂടെ ലഭിച്ചതാകണം" എന്നു പരിഹസിക്കണമെങ്കില്‍ നിരീശ്വരവാദികള്‍ എത്രമാത്രം വിവരദോഷികളാവണം!
(തുടരും)
ഈ പോസ്റ്റ് എന്റെ വേഡ് പ്രസ് ബ്ലോഗിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗറിലെ സ്പാം പ്രശ്നം അവിടെ ഇല്ലെന്നു തോന്നുന്നു. അതിനാല്‍ കമന്റ് അവിടെയും ഇടാവുന്നതാണ്.