ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Monday, October 31, 2011

രൂപകമെന്തന്നറിയാത്ത മെറ്റഫര്‍ 'പണ്ഡിതന്‍'!




പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ എന്ന  കൃതിയില്‍ ശാസ്ത്രാന്ധവിശ്വാസികള്‍ കെട്ടുകഥകള്‍ നിര്‍മ്മിക്കുന്നതിന് ഒരുദാഹരണം നല്‍കിയിട്ടുണ്ട്.  ഗലീലിയോ പിസാ ഗോപുരത്തില്‍ കയറി ഭാരം കൂടിയതും കുറഞ്ഞതുമായ രണ്ടു വസ്തുക്കള്‍ താഴേക്കിട്ടു പരീക്ഷണം നടത്തിയെന്നാണു പ്രചാരത്തിലുളള കഥ.  ഗലീലിയോ പിസാ ഗോപുരത്തില്‍ കയറിയില്ലെന്നു തന്നെയല്ല, തന്‍റെ പുരപ്പുറത്തുകയറിപ്പോലും ഇങ്ങനെയൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നാണു ഞാന്‍ എഴുതിയിരുന്നത്.  ഈ പുസ്തകത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ സത്യാന്വേഷി ബ്ളോഗില്‍ കൊടുത്തതിനു ബ്രൈറ്റ് നല്‍കിയ കമന്‍റ് ഇതായിരുന്നു:


"ഗലീലിയോ പിസ ഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ വേറാര്‍ക്കും അത് അറിയില്ല എന്നാണോ? ശാസ്ത്ര ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല എന്ന്."

“കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ "എന്ന പ്രയോഗം തമാശതന്നെ. അറിയാവുന്നതുകൊണ്ടാണല്ലോ അക്കാര്യം എഴുതിയത്!പ്രശ്നം അതല്ല. “ശാസ്ത്ര ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ, അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല  എന്ന്"  എന്ന ബ്രൈറ്റിന്‍റെ പ്രഖ്യാപനം അംഗീകരിച്ചുകൊണ്ട് ശാസ്ത്രസാഹിത്യപരിഷത്തിലെ ശാസ്ത്രപണ്ഡിതന്മാര്‍ ഇതെപ്പറ്റി എഴുതിയിയതു താഴെ ചേര്‍ക്കുന്നു.  

"1590 ല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ ഗലീലിയോ, അരിസ്റ്റോട്ടിലിനു തെറ്റു പറ്റിയെന്നു തെളിയിച്ചു.  പിസയിലെ ചെരിഞ്ഞ ഗോപുരത്തിനു മുകളില്‍ നിന്ന് ഒരേ സമയം അര പൌണ്ടു ഭാരവും നൂറു പൌണ്ട് ഭാരവുമുളള പീരങ്കിയുണ്ടകള്‍ അദ്ദേഹം താഴേക്കിട്ടു. ഇവരണ്ടും ഒരേ സമയം നിലം തൊട്ടതു കണ്ടു ജനം അമ്പരന്നു.  ചിലരെങ്കിലും ഇതു ജാലവിദ്യയാണെന്നു സംശയിച്ചു."

('ശാസ്ത്രവും കപടശാസ്ത്രവും', പേജ് 15, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം, 2003 ഓഗസ്റ്റ്)

“ശാസ്ത്രചരിത്രം അറിയാവുന്നവര്‍ക്കെല്ലാം” അറിയാവുന്ന ഇക്കാര്യം ശാസ്ത്രസാഹിത്യ പരിഷത്തിലെ ശാസ്ത്രപണ്ഡിത ശിരോമണികള്‍ക്കറിയില്ല  എന്നു ബ്രൈറ്റ് തെളിയിച്ചതിനു നന്ദി! 

“ശാസ്ത്ര ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം” അറിയാവുന്ന ശാസ്ത്രകാര്യങ്ങള്‍ പോലും അറിയാത്ത ശാസ്ത്രപണ്ഡിതന്മാരാണു ശാസ്ത്രസാഹിത്യ പരിഷത്തില്‍ ഉളളത് എന്നതുകൊണ്ടാകാം അവരിന്നും പരിണാമാന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്!

നിരീശ്വര-യുക്തിവാദ- പരിണാമാന്ധവിശ്വാസികള്‍ ഒട്ടേറെ ശാസ്ത്രാന്ധവിശ്വാസങ്ങള്‍ കെട്ടിയുണ്ടാക്കുന്നവരാണെന്ന് പരിഷത്തുകാരുടെ മേല്‍ ഉദ്ധരണി തെളിയിക്കുന്നുമുണ്ട്. ഗലീലിയോ പിസാഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന കാര്യം മാത്രമല്ല മറ്റു പല കെട്ടുകഥകളും അതിലുണ്ട്.

 (1) 'ജനക്കൂട്ടത്തിനു മുന്നില്‍' എന്ന നുണ.

(2) അത്തരമൊരു പരീക്ഷണം നടത്തിയെന്ന നുണ

(3) 'നൂറുപൌണ്ട് ഭാരമുളള പീരങ്കിയുണ്ടകള്‍ താഴേക്കിട്ടു' എന്ന നുണ.

(4) 'ഇവ ഒരേ സമയം നിലം തൊട്ടു' എന്ന നുണ.

(5) 'ജനം അമ്പരന്നു' എന്ന നുണ.

(6) 'ചിലരെങ്കിലും ഇതു ജാലവിദ്യയാണെന്നു സംശയിച്ചു' എന്ന നുണ.

കെട്ടുകഥാ നിര്‍മ്മാണത്തിലും പ്രചാരണത്തിലും നിരീശ്വര-യുക്തിവാദ പരിണാമാന്ധവിശ്വാസികള്‍ മുന്‍പന്മാരാണെന്നു വ്യക്തമായില്ലേ?

ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കാനുളള പ്രേരണ ബ്രൈറ്റിന്‍റെ രൂപകങ്ങളെക്കുറിച്ചുളള പുതിയ പോസ്റ്റാണ്. രൂപക ചര്‍ച്ചയിലും നിരീശ്വരവാദികള്‍ക്കു പിണഞ്ഞ അബദ്ധങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ബുദ്ധിയും അധ്വാനവും സമയവും (സമയം ഒട്ടും ഇല്ലാത്തയാള്‍!!! )സത്യസന്ധതയും പണയം വെക്കുന്ന ബ്രൈറ്റുകള്‍ സ്വതന്ത്ര-ശാസ്ത്ര ചിന്തകരാണെത്രേ!! ഈ വരികള്‍ നോക്കു:


"ഈ മെറ്റാഫറുകള്‍ അതിന്‍റെ വാചികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു വിഭാഗമുണ്ട്.നേരത്തെ ഒരു പോസ്റ്റില്‍ സൂചിപ്പിച്ച Autistic spectrum ത്തില്‍ പെടുന്ന അവസ്ഥയിലുള്ളവര്‍  ‍.ആ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ച തിയറി ഓഫ് മൈന്‍ഡ് ശരിയായി പ്രവര്‍ത്തിക്കാത്തതാകാം കാരണം.'Intentionality' ശരിക്ക് പിടികിട്ടാത്തവര്‍ക്ക് metaphors (രൂപകങ്ങള്‍ )മനസ്സിലാക്കാനും  പ്രയാസമായിരിക്കും.If the information is to be passed with some fidelity from mind to mind you have to understand minds.ഊഹം,സങ്കല്‍പ്പം,ഉപമ,താരതമ്യം എന്നി കണ്‍സപ്റ്റുകള്‍ ശരിക്ക്  പിടികിട്ടാത്ത ധാരാളം പേരുണ്ട്.റസ്സലിന്‍റെ പ്രശസ്തമായ ചായക്കോപ്പയുടെ (കൂട്ടത്തില്‍ പറയട്ടെ, എന്‍റെ ബ്ലോഗ്‌ അഡ്രെസ്സ് russelsteapot.blogspot.com എന്നാണ്.) ഉപമയുടെ തര്‍ജ്ജിമയില്‍ സൂക്ഷ്മദര്‍ശിനിയാണോ ദൂരദര്‍ശിനിയാണോ വേണ്ടത് എന്ന് ഒരു ബ്ലോഗ്ഗില്‍ ദിവസങ്ങളോളം ഗൌരവമായ ചര്‍ച്ചയായിരുന്നു.രണ്ടായാലും അത് ഈ ഉപമയുടെ അര്‍ത്ഥത്തെ ബാധിക്കില്ല എന്നത്  ചിലരുടെ തലയില്‍ കയറില്ല.Selfish gene,blind watchmaker തുടങ്ങിയ മെറ്റാഫറുകളുടെ മേല്‍ ബ്ലോഗില്‍ എന്തായിരുന്നു ചര്‍ച്ച.ഒരാളെ കുറിച്ച് 'അയാളൊരു കഴുതയാണ്' എന്നെങ്ങാന്‍ ഒരു  പ്രസ്താവന നടത്തിയാല്‍ അയാള്‍ മനുഷ്യനാണെന്ന് കാണിക്കാന്‍ വോട്ടേഴ്സ് കാര്‍ഡ്‌ തെളിവായി കൊണ്ടുവരും ഇക്കൂട്ടര്‍.:-) "

“അയാളൊരു കഴുതയാണ്”എന്ന രൂപകാത്മക വാക്യത്തില്‍ കഴുതക്കു പകരം ‘പശു’വായാല്‍  അബദ്ധമാവും എന്ന കാര്യം ബ്രൈറ്റിനറിയുമോ? സാധ്യതയില്ല.  കാരണം മെറ്റഫര്‍ എന്ത് ,എന്തല്ല എന്ന കാര്യം ബ്രൈറ്റ് എന്ന മെറ്റഫര്‍ പണ്ഡിതനു നിശ്ചയമില്ലെന്ന് ഇത്തരം കമന്‍റുകള്‍ തെളിയിക്കുന്നുണ്ട്.  മെറ്റഫറിക്കലായ വാക്യം അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുതെന്നു പറഞ്ഞുകൊണ്ട് മെറ്റഫറിക്കലല്ലാത്ത വാക്യത്തിലെ അബദ്ധം ന്യായീകരിക്കാന്‍ ശ്രമിച്ചയാളുടെ ഇക്കാര്യത്തിലുളള ധാരണക്കേടാണു വെളിവാകുന്നത്.

“ചൊവ്വക്കും ഭൂമിക്കും മധ്യേ കറങ്ങുന്ന ചായക്കപ്പിനെ ശക്തിയേറിയ മൈക്രോസ്കോപ്പിനു പോലും കണ്ടുപിടിക്കാനാവില്ല” എന്നത് മെറ്റഫറിക്കലായ വാക്യമേയല്ല.ഇവിടെ ടെലിസ്കോപ്പിനു പകരം മൈക്രോസ്കോപ്പ് എന്നു പ്രയോഗിക്കുന്നത് അബദ്ധം തന്നെയാണ്.  നിരീശ്വരവാദ ബുദ്ധിജീവികള്‍ക്കു പിണയുന്ന സാമാന്യ അബദ്ധങ്ങളെപ്പോലും ന്യായീകരിക്കുന്ന ബ്രൈറ്റുകള്‍ എത്ര വലിയ അന്ധവിശ്വാസകളായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ.

“മെറ്റഫറുകള്‍ വാചികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന” വര്‍ക്ക് autism ആണെങ്കില്‍ മെറ്റഫറിക്കല്‍ അല്ലാത്ത വാക്യങ്ങള്‍ മെറ്റഫറിക്കലാണെന്നു മനസ്സിലാക്കുകയും മെറ്റഫറിക്കലായ വാക്യത്തില്‍ പോലും മെറ്റഫറുകള്‍ തെറ്റരുതെന്നു മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന ബ്രൈറ്റുകള്‍ക്ക് എന്തിസമായിരിക്കും? എത്തിസമോ?!

ഏതായാലും,  ലക്ഷണം നോക്കിയാല്‍ ഇത് ഓട്ടിസത്തേക്കാള്‍ ഗുതുതരമാണ്.  എന്തുചെയ്യാം? രണ്ടായാലും ചികിത്സയില്ല!

(“മെറ്റഫറുകള്‍ വാചികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന” 
എന്ന വാക്യത്തില്‍ത്തന്നെ പിശകുണ്ട്.  "മെറ്റഫറുകള്‍ വാചികാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന "എന്നു മതി.  വാക്യ ഘടനയിലെ ഇത്തരം വളച്ചകെട്ടലുകള്‍ എന്ത് അസുഖമാണെന്നു ബ്രൈറ്റ് ഡോക്ടര്‍ തന്നെ വ്യക്തമാക്കട്ടെ!)

എന്താകട്ടെ, ഭാഷ വളരേണ്ടത് ഇങ്ങനെയാണെന്ന് ബ്രൈറ്റ്:

'ഭയങ്കര ഭംഗി' പോലുള്ള പ്രയോഗങ്ങള്‍ തെറ്റാണെന്ന് ചില മലയാള പണ്ഡിതന്‍മാര്‍ ‍.ഭയങ്കരം എന്നാല്‍ ഭയം ഉണ്ടാക്കുന്നത് എന്നായതുകൊണ്ട് 'ഭയങ്കര ഭംഗി' എന്ന് പാടില്ല  പോലും.ഇതുപോലുള്ള മുരത്ത മുന്‍ഷിമാര്‍ മുകളിലെ ഉദാഹരണങ്ങളിലെ ccross sensory metaphor കളെ കേട്ടിട്ടില്ലെ?'അടിപൊളി' ഓണവും 'ഇടിവെട്ട്' മീന്‍കറിയുമെല്ലാം ആദ്യം കേള്‍ക്കുമ്പോള്‍  അല്പം പരിഹാസ്യമായി തോന്നുമെങ്കിലും അവ ഉദ്ദേശിക്കുന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്.ഭാഷ വളരുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്, വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥവും  പുതിയ കോമ്പിനേഷനുകളുമൊക്കെയായി.ഈ കാലത്തും വാക്കുകള്‍ക്ക് ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടുവിലും ശബ്ദതാരാവലിയിലും കാണുന്ന അര്‍ത്ഥം മാത്രമെ പാടൂ എന്ന് ശഠിക്കുന്ന ആസ്ഥാന  പണ്ഡിതരാണ് ശരിക്കും ഭാഷയുടെ വളര്‍ച്ച തടയുന്നത്.പഴയ ശബ്ദതാരാവലി ഒരു മാറ്റവുമില്ലാതെ ആധികാരിക റഫറന്‍സ് ആയി ഉപയോഗിക്കുന്ന ഒരു ഭാഷയുടെ  ഗതിയെന്താകും?എന്നിട്ട് മലയാള ഭാഷ മരിച്ചുകൊണ്ടിരിക്കുകയാണു പോലും."


'ടെലിസ്കോപ്പ്' എന്നു പ്രയോഗിക്കേണ്ടിടത്ത് 'മൈക്രോസ്കോപ്പ്' ഉപയോഗിച്ചാല്‍ ഭാഷ വളരുമോ?

രൂപകങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്‍കാനറിയാം എന്നതുകൊണ്ടുമാത്രം രൂപകം എന്താണെന്നു മനസ്സിലാകണമെന്നില്ല.  ടെലിസ്കോപ്പോ മൈക്രോസ്കോപ്പോ മെറ്റഫറായി ഉപയോഗിക്കാത്ത വാക്യത്തെ മെറ്റഫറിക്കലായി ധരിക്കണമെങ്കില്‍ കുറഞ്ഞ ഗ്രാഹ്യശേഷിയൊന്നും മതിയാവില്ലല്ലോ. ചൊവ്വക്കും ഭൂമിക്കും മധ്യേ കറങ്ങുന്ന ചായക്കപ്പിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പും ഉപയോഗിക്കുമെന്ന് മറ്റൊരു നിരീശ്വര ബുദ്ധിജീവി  ഒന്നിലേറെ പോസ്റ്റുകളിലൂടെ സമര്‍ത്ഥിച്ചതിനെപ്പറ്റി ബ്രൈറ്റിനു പരാതിയൊന്നുമില്ല!!!!. നിരീശ്വരവാദി-പരിണാമ-യുക്തിവാദികള്‍ക്ക് എന്തസംബന്ധവും എഴുതാമെന്നാണല്ലോ ബ്രൈറ്റുമാരുടെ പ്രമാണം. എന്നാല്‍ ഈ അബദ്ധം ചൂണ്ടിക്കാണിച്ചതാണു പരാതിക്കു കാരണമായത്! കഷ്ടം!!. 

Friday, October 21, 2011

നിരീശ്വരവാദത്തില്‍ നിന്നും നാസ്തികനായ ദൈവത്തിലേക്ക്



മനുഷ്യന്‍ സ്വന്തം രൂപത്തില്‍ ദൈവത്തെ സൃഷ്ടിച്ചുവെന്നു പഴയ തലമുറയിലെ നിരീശ്വരവാദികള്‍ പറഞ്ഞിരുന്നു.  എന്നാല്‍ ചില നിരീശ്വരവാദികള്‍ അവരുടെ രൂപത്തില്‍ ദൈവത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നതാണു പുതിയ തമാശ.

1) 'നാസ്തികനായ ദൈവം' എന്ന കൃതിയുടെ കര്‍ത്താവായ പ്രൊഫ: രവിചന്ദ്രന്‍റെ വരികള്‍ നോക്കൂ:


"ദൈവം എന്ന മതജന്യ കഥാപാത്രം മറ്റേതെങ്കിലും ഉപരിശക്തിയെ അംഗീകരിക്കുന്നവനല്ല. ഏതെങ്കിലും അതീത ശക്തിയെ പ്രീണിപ്പിക്കാനായി പൂജയോ ഹോമമോ പ്രാര്‍ത്ഥനയോ തീര്‍ത്ഥാടനമോ ബലിയും നടത്താത്താനും ആ കഥാപാത്രം തയ്യാറല്ല. ആ കഥാപാത്രത്തിന് സമസ്ത മനുഷ്യരും സമാനരും പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞവരുമായിരിക്കും. സാധാരണനിലയില്‍ ഒരു നാസ്തികന്‍ എങ്ങനെയാണോ ഈ ലോകത്ത് ജീവിക്കുന്നത് അതേ ജീവിത-ദര്‍ശന ശൈലിയായിരിക്കും ആ കഥാപാത്രവും പിന്തുടരുക. ദൈവമില്ലാത്ത ആ കഥാപാത്രം നാസ്തികനായിരിക്കും. അതായത്, ദൈവത്തിന് ദൈവമില്ല."

 അങ്ങനെ നിരീശ്വരവാദത്തില്‍ നിന്നു നാസ്തികനായ ദൈവത്തെ ഗ്രന്ഥകാരന്‍ സൃഷ്ടിക്കുന്നു.

2) ഈശ്വരവാദവും നിരീശ്വരവാദവും സാമാന്യമായെങ്കിലും അറിയാവുന്ന ആര്‍ക്കും തോന്നാവുന്ന സംശയം ഒരു നിരീശ്വരവാദിക്കു തന്നെയുണ്ടായി .ഇതേപ്പറ്റി ഗ്രന്ഥകാരന്‍:

"ദൈവം നാസ്തികനോ? അതെന്താ അങ്ങനെ? ചിലരെങ്കിലും ചോദിച്ചു. ദൈവം നാസ്തികനാണെന്ന് പറയുന്നത് ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ?-അതായിരുന്നു മലയാള ബൂലോകത്തെ ക്ഷുഭിതപണ്ഡിതനായ ശ്രീ.സി.കെ ബാബു ഉന്നയിച്ച ക്രമപ്രശ്‌നം.

ഇതിനുളള മറുപടിയിങ്ങനെ: 

"ശുദ്ധമായ ലോജിക് പിന്തുടര്‍ന്നാല്‍ ഒരവിശ്വാസിക്ക് 'ദൈവം' എന്ന വാക്കേ ഉച്ചരിക്കാനാവില്ല. കാരണം 'ദൈവം ഇല്ല' ('There is no God') എന്നൊരാള്‍ പറഞ്ഞാല്‍ താത്വികമായും സാങ്കേതികമായും 'ദൈവം ഉണ്ട്' എന്നു തെളിയുകയാണ്! എങ്ങനെയെന്നു നോക്കാം: 'ദൈവം ഇല്ല' എന്ന നിഗമനത്തിന്‍റെ(conclusion) അടിസ്ഥാനഅനുമാനങ്ങള്‍ (basic premises) ഇവയാണ്: (എ) ദൈവം ഉണ്ട്('There is God'). (ബി) അത് നിലനില്‍ക്കുന്നില്ല('It doesn't exist'). പക്ഷെ ഈ ഉപാധികള്‍ പരസ്പരം റദ്ദാക്കുന്നവയാണെന്ന് വ്യക്തമാണ്."


ശുദ്ധമായ ലോജിക് പിന്തുടര്‍ന്നാല്‍ ഒരവിശ്വാസിക്ക് ദൈവം എന്ന വാക്കേ ഉച്ചരിക്കാനാവില്ല എന്ന വാദത്തില്‍ ഒരു ലോജിക്കുമില്ല എന്നതാണു യാഥാര്‍ത്ഥ്യം.  ദൈവം ഇല്ല എന്നു പറഞ്ഞാല്‍ ദൈവം ഉണ്ട് എന്നോ ദൈവം ഉണ്ട് എന്നു പറഞ്ഞാല്‍ ഇല്ല എന്നോ  ഒരു ലോജിക്കുകൊണ്ടും  തെളിയുകയില്ല. തെളിയുമെന്നാണു ഗ്രന്ഥകാരന്‍റെ വാദം.  ലോജിക്കിന്‍റെ ചരിത്രത്തില്‍ Formal Logic,Informal Logic,Dialectical Logic ,  Modal logic , Syllogistic logic , Predicate logic ...  എന്നിങ്ങനെ വിവിധതരം ലോജിക്കുകള്‍ കാണാം.എന്നാല്‍ ഗ്രന്ഥകാരന്‍ സൂചിപ്പിച്ച ശുദ്ധമായ  Logic (Pure Logic?) എവിടെയുമില്ല! ഏതായാലും ലോജിക്കിന്‍റെ പ്രവര്‍ത്തന തത്ത്വം ഒടുവില്‍ പരിശോധിക്കാം. 


3) ഗ്രന്ഥകാരന്‍റെ വരികള്‍:
"ദൈവമില്ലാത്ത ആ കഥാപാത്രം നാസ്തികനായിരിക്കും. അതായത്, ദൈവത്തിന് ദൈവമില്ല............മതരഹിതനും നിരീശ്വരവാദിയുമായി മാത്രമേ ദൈവം എന്ന കാഥാപാത്രത്തിന് താത്വികമായെങ്കിലും നിലനില്‍പ്പുള്ളു."

നാസ്തികന്‍ എന്നാല്‍ ദൈവത്തെ നിഷേധിക്കുന്നവന്‍ എന്നാണര്‍ത്ഥം. നാസ്തികനായ ദൈവം എന്നാല്‍ ദൈവത്തെ നിഷേധിക്കുന്ന ദൈവം എന്നാണു വിവക്ഷ. ദൈവത്തിന്‍റെ ദൈവത്തെ നിഷേധിക്കുന്നു എന്ന വിവക്ഷ ഇതിനു സിദ്ധിക്കുന്നേയില്ല.  അച്ഛന് അച്ഛനുണ്ട് എന്നതുകൊണ്ട്  അപ്പൂപ്പനെ ആരെങ്കിലും അച്ഛാ എന്നു വിളിക്കാറുണ്ടോ ?

4) എങ്കിലും ഗ്രന്ഥകാരന്‍റെ സമാധാനം ഇതാണ്:
" ഒരു പുസ്തകത്തിന്‍റെ അടയാളമെന്ന നിലയില്‍  കൗതുകം ഉണര്‍ത്തുന്നതും കുറച്ച് ആക്ഷേപഹാസ്യം സ്ഫുരിക്കുന്നതുമായ ഒരു തലക്കെട്ട് തെരഞ്ഞെടുത്തെന്നേയുള്ളു. അത് സഹായകരമായി എന്നാണ് മനസ്സിലാകുന്നത്."

നിരീശ്വരവാദികള്‍ക്കിടയിലെ ക്ഷുഭിത പണ്ഡിതനായ സി.കെ.ബാബുവിനു പോലും ഗ്രന്ഥത്തിന്‍റെ അസംബന്ധ ശീര്‍ഷകം ഉള്‍ക്കൊള്ളനായില്ലെങ്കില്‍ സാദാ നിരീശ്വരവാദികളുടെ സ്ഥിതിയെന്താവും ? 'അത് സഹായകരമായി' എന്നതിനേക്കാള്‍ അവരെ സഹായിക്കേണ്ട സ്ഥിതിയുണ്ടായി എന്നതല്ലേ വസ്തുത ?

5) 'നാസ്തികത ഒരു മതമാണോ' എന്ന ഉപശീര്‍ഷകത്തില്‍ എഴുതി :

"ഇങ്ങനെ പറഞ്ഞുനടക്കുന്നത് പൊതുവെ മതപക്ഷപാതികള്‍ തന്നെയാണ്. തങ്ങള്‍ രണ്ടിടത്തുമില്ലാത്ത നിക്ഷ്പക്ഷരാണെന്ന വ്യാജസന്ദേശം നല്‍കാനായും ചിലര്‍ ഈ വാദമുന്നയിക്കാറുണ്ട്. തൊടുപുഴയില്‍ ഒരു സെമിനാറില്‍ ഒരു മുന്‍വൈദികന്‍ ഇക്കാര്യം ഉന്നയിച്ച 10 മിനിറ്റോളം സംസാരിക്കുകയുണ്ടായി. നിരീശ്വരവാദം ഒരു മതമാണെന്ന് ഞാന്‍ സമ്മതിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. പ്രസ്തുത ആവശ്യം ഞാന്‍ നിരാകരിച്ചു. നിക്ഷ്പക്ഷം എന്നാല്‍ 'സ്വന്തം പക്ഷം'എന്നാണര്‍ത്ഥം. വാസ്തവത്തില്‍ ഏതുകാര്യത്തിലും നമുക്ക് പക്ഷമുണ്ട്. സ്വന്തം നിലപാട് വ്യക്തമാക്കുന്നതിലുള്ള ആശങ്കയാണ് നിക്ഷ്പക്ഷതയായി പരിണമിക്കുന്നത്. അത്തരം നിലപാടിന് വിശേഷിച്ച് മാഹാത്മ്യമൊന്നുമില്ല. മഹദ്‌വത്കരിക്കപ്പെട്ട ഭീരുത്വമാണത്(glorified timidity). സ്റ്റാമ്പ് ശേഖരിക്കാതിരിക്കുന്നതും ഒരു ഹോബിയായി അംഗീകരിക്കാമെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണെന്ന് സമ്മതിക്കാം എന്നായിരിക്കും നാസ്തികര്‍ പൊതുവെ ഇതിനോട് പ്രതികരിക്കുക. അതല്ലെങ്കില്‍ ടെന്നീസ് കളിക്കാതിരിക്കുന്നതും ഒരു വ്യായാമമാണെങ്കില്‍ നിരീശ്വരത്വവും ഒരു മതമാകുന്നു. എന്നവര്‍ പറയും."


ഇത്തരം പ്രയോഗത്തിലൂടെ  നാസ്തികരും യാഥാസ്ഥിതികരാണെന്നേ പലരും വിവക്ഷിക്കാറുള്ളൂ(സ്റ്റാമ്പ് ശേഖരണവുമായി ഇതിനെന്തു ബന്ധം ? അതിരിക്കട്ടെ ) യാഥാര്‍ത്ഥ്യത്തോട് അടുത്ത നിരീക്ഷണമാണിത്. മതത്തേക്കാള്‍ യാഥാസ്ഥിതികമാണു നിരീശ്വരവാദം എന്നതാണു കൂടുതല്‍ യാഥാര്‍ത്ഥ്യനിഷ്ഠമായത്. ഗ്രന്ഥകാരനെ ഉദാഹരിക്കാം. അദ്ദേഹത്തിന്‍റെ നാസ്തികവാദത്തിനു 2500 വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ആദ്യ നാസ്തികനായി കണക്കാക്കപ്പെടുന്ന ഗ്രീസിലെ ഡയഗോറസ് 2500 വര്‍ഷങ്ങള്‍ക്കു മുന്‍പു വച്ചു പുലര്‍ത്തിയ, 'ദൈവമില്ല' എന്ന പ്രാചീന വിശ്വാസം തന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രൊഫ: രവിചന്ദ്രനുമുള്ളത് ! 2000 വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രൈസ്തവ വിശ്വാസവും 1400 വര്‍ഷങ്ങള്‍ക്കു മുന്‍പു മുഹമ്മദ് നബി ഉല്‍ബോധിപ്പിച്ച ഇസ്ളാമും  താരതമ്യേന പുരോഗമനവും യാഥാസ്ഥിതികത കുറഞ്ഞതുമല്ലേ ? 2500 വര്‍ഷങ്ങള്‍ പഴകിയ വീക്ഷണമുള്ളയാളാണോ 1400 വര്‍ഷങ്ങള്‍ പഴകിയ വീക്ഷണമുള്ളയാളാണോ കൂടുതല്‍ പഴഞ്ചന്‍ ? കൂടുതല്‍ യാഥാസ്ഥിതികന്‍?

6) ഗ്രന്ഥകാരന്‍റെ വാക്കുകള്‍: 

"നിരീശ്വരവാദം ഒരു മതമാണെന്ന് വാദിക്കുന്നവര്‍ തീര്‍ച്ചയായും മതം ഏതോ 'മോശം സാധാന'മാണെന്ന സന്ദേശം തന്നെയാണ് കൈമാറുന്നത്.'മതം ആകുന്നത്' ഒരു കുറച്ചിലാണോ? സത്യത്തില്‍ ഇത് മതത്തെ ആക്ഷേപിക്കലല്ലേ? കോടതിഭാഷയില്‍ പറഞ്ഞാല്‍ നല്ല ഒന്നാന്തരം മതനിന്ദാക്കുറ്റം! മതം എന്ന വിശേഷണം തങ്ങളില്‍ ചാര്‍ത്തുന്നത് നാസ്തികര്‍ തീര്‍ച്ചയായും ഇഷ്ടപെടില്ല. അതിന് അതിന്‍റേയ കാരണവുമുണ്ട്. പക്ഷെ മതവിശ്വാസികളും മതപക്ഷപാതികളും അത്തരം പ്രസ്താവനകള്‍ നടത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് സമാനമാണ്. മതമാണെന്നു പറഞ്ഞ് നാസ്തികതയെ താഴ്ത്തിക്കെട്ടാം എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം."


നിരീശ്വരവാദം മതമാണെന്നല്ല കൂടുതല്‍ യാഥാസ്ഥിതികമാണെന്നതാണു ശരി. ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വിശ്വാസം എന്ന നിലയില്‍ 2500 വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രാചീന ഗ്രീസിലും മറ്റും ഉത്ഭവിച്ച നാസ്തികവാദത്തെ ആധുനിക ചിന്തയാണെന്ന വ്യാജേന അവതരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചരിത്രത്തെയാണു താഴ്ത്തിക്കെട്ടുന്നത്.


7) മതം യാഥാസ്ഥിതികമല്ലെന്നു ഗ്രന്ഥകാരന്‍റെ  വാക്കുകള്‍ തന്നെ പരോക്ഷമായി തെളിയിക്കുന്നതു കാണുക:

"മതത്തിന്‍റെ പല സവിശേഷതകളും അതിന്‍റെ അതിജീവനത്തെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. ബുദ്ധിപരമായ ആസൂത്രണത്തിലൂടെയും പ്രകൃതി നിര്‍ധാരണത്തിലൂടെയുമാണ് മതത്തിന്‍റെ പല സ്വഭാവ വിശേഷതകളും ഉരുത്തിരിഞ്ഞിട്ടുള്ളത്. അനാരോഗ്യകരവും അസഹനീയവുമായ പലതും ഉപേക്ഷിക്കപ്പെടുകയും  പരിണാമത്തിന്‍റെ പരിധക്കപ്പുറത്തുള്ള പുതിയ പലതും പുറത്തുനിന്ന് ആസൂത്രിതമായി കൂട്ടിച്ചേര്‍ക്കുകയും ,ചെയ്യപ്പെട്ടിട്ടുണ്ട്. (നാസ്തികനായ ദൈവം, പേജ് 213 )


അതിജീവനം, ആസൂത്രണം, അനാരോഗ്യകരമായത് ഉപേക്ഷിക്കല്‍, പുതിയതു സ്വീകരിക്കല്‍  തുടങ്ങി യാഥാസ്ഥിതിക വിരുദ്ധമായ സ്വഭാവങ്ങള്‍ മതത്തിനുണ്ടെന്നു ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചതു കണ്ടില്ലേ?!!! ദൈവമില്ല ,  ദൈവമില്ല... എന്നിങ്ങനെ വിളിച്ചുകൂവാനല്ലാതെ മറ്റെന്താണു നിരീശ്വരവാദികള്‍ക്കു ചെയ്യാനായത്?


8)  "യഥാര്‍ത്ഥത്തില്‍ മതവിശ്വാസം 'selective atheism' ആയി കാണേണ്ടിവരും. ഏതൊരു മതവിശ്വാസിയും തന്‍റെ മതദൈവമൊഴിച്ചുള്ള മറ്റെല്ലാ ദൈവങ്ങളോടും നിരീശ്വരവാദിയാണ്. അങ്ങനെവരുമ്പോള്‍ ഏതൊരു ശുദ്ധമതവിശ്വാസിയും 99% നിരീശ്വരവാദിയാണ്. നാസ്തികന്‍റെ കാര്യത്തില്‍ ഇത് ഒരുപടി കൂടി കടന്ന് നൂറ് ശതമാനമായി പോകുന്നു എന്ന വ്യത്യാസമേയുള്ളു" എന്ന താങ്കളുടെ വാദപ്രകാരം ശുദ്ധമത വിശ്വാസം 99%  നിരീശ്വരവാദമാണന്നു വരുമോ? ദൈവം നാസ്തികനാണെങ്കില്‍ മത വിശ്വാസം 99% നാസ്തികമാകാതിരിക്കുമോ? ഇതാണു നിരീശ്വര - യുക്തിവാദികളുടെ ചിന്താ - ബുദ്ധിശക്തിയെന്നതുകൊണ്ടാകാം മനുഷ്യചരിത്രത്തില്‍ അവര്‍ കുറ്റിയറ്റത്!


9) ഗ്രന്ഥകാരന്‍റെ വരികള്‍:

 "മതരാഹിത്യവും മതവിരുദ്ധതയുംപോലും മതമാണെങ്കില്‍ പിന്നെന്താണ് മതമല്ലാത്തത്?(If Irreligion is religion, what is not Religion?). നിക്ഷ്പക്ഷതയോ? മതാതീത ആത്മീയതയോ? നിഗൂഡതാവാദമോ? നിസ്സംഗതയോ? എതാണ് മതമല്ലാത്തത്? മതത്തിന് നേര്‍വിപരീതമായ ഒന്ന് മതമാണെങ്കില്‍ സൂര്യന് കീഴിലുള്ള എല്ലാം മതം തന്നെ. ആ നിലയില്‍ നോക്കിയാല്‍ മതവിശ്വാസത്തെ ഒരുതരം നിരീശ്വരവാദമെന്നും വിളിക്കാം. വെറുതെ നാക്കൊന്നു വളച്ചാല്‍ മതിയല്ലോ."

നാക്കുപോലും വളക്കാതെ ദൈവത്തെ നിരീശ്വരവാദിയാക്കിയ ഗ്രന്ഥകാരനു മുന്‍പില്‍ മതരാഹിത്യത്തെ മതമായി ചിത്രീകരിക്കുന്നവര്‍ എത്ര നിസ്സാരന്മാരാണ് ?!


10) ഗ്രന്ഥകാരന്‍റെ വരികള്‍:

"മതമല്ലാത്തതു കൊണ്ടുതന്നെയാണ് സംഘടിതഭാവം ആര്‍ജ്ജിക്കാനോ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നേടാനോ നാസ്തികര്‍ക്ക് സാധിക്കാത്തത്. ലോകത്ത് 15-20% വരെ മതനിഷേധികളാണെന്നാണ് ബന്ധപ്പെട്ട സര്‍വെകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ 5-6 കോടി വരുന്ന അവിശ്വാസികള്‍ ആ രാജ്യത്തെ പൗരര്‍ പോലുമല്ലെന്നാണ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് (Sr) പരസ്യമായി പറഞ്ഞത്. 500 പേരുള്ള ഒരു ചെറു മതവിഭാഗത്തെപ്പോലും ഒരു രാഷ്ട്രത്തലവന്‍ ഇത്രയധികം അധിക്ഷേപിക്കില്ലെന്നുറപ്പാണ്. ഈ കൊച്ചുകേരളത്തില്‍ കഷ്ടിച്ച് 1000 പേര്‍ പോലുമില്ലാത്ത ഒരു മതവിഭാഗത്തിന്‍റെ സൗകര്യാര്‍ത്ഥം നാലരലക്ഷം കുട്ടികള്‍ പങ്കെടുക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചുവെന്നതോര്‍ക്കുക".



 മതവിശ്വാസം 99% നിരീശ്വവാദമാണങ്കില്‍  നിരീശ്വരവാദികള്‍ക്ക് 50% സ്ഥാനമാനങ്ങളെങ്കിലും നേടാനാകുമായിരുന്നില്ലേ?  ഇതൊക്കെ എന്തു ലോജിക്കാണ്? "ശുദ്ധ ലോജിക്കാ"കാം!  മതവിശ്വാസം 99% നിരീശ്വരവാദമാണെങ്കില്‍ മത നിഷേധികള്‍ ഇത്രയേറെ അധിക്ഷേപിക്കപ്പെടുമായിരുന്നോ? അതും ശാസ്ത്ര - സാങ്കേതിക സ്വര്‍ഗമായ അമേരിക്കയില്‍!




11) എന്തുകൊണ്ടാകാം മതം അതിജീവിക്കപ്പെടുകയും നിരീശ്വരവാദം അവരുടെ പോറ്റില്ലമായ പാശ്ചാത്യ നാടുകളില്‍പ്പോലും  അപഹസിക്കപ്പെടുകയും ചെയ്യുന്നത്? ഗ്രന്ഥകാരന്‍റെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ഹാജരാക്കട്ടെ:

"മതത്തിന്‍റെ പല സവിശേഷതകളും അതിന്‍റെ അതിജീവനത്തെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. ബുദ്ധിപരമായ ആസൂത്രണത്തിലൂടെയും പ്രകൃതി നിര്‍ധാരണത്തിലൂടെയുമാണ് മതത്തിന്‍റെ പല സ്വഭാവ വിശേഷതകളും ഉരുത്തിരിഞ്ഞിട്ടുള്ളത്. അനാരോഗ്യകരവും അസഹനീയവുമായ പലതും ഉപേക്ഷിക്കപ്പെടുകയും  പരിണാമത്തിന്‍റെ പരിധക്കപ്പുറത്തുള്ള പുതിയ പലതും  പുറത്തുനിന്ന് ആസൂത്രിതമായി കൂട്ടിച്ചേര്‍ക്കുകയും ,ചെയ്യപ്പെട്ടിട്ടുണ്ട്."(നാസ്തികനായ ദൈവം, പേജ് 213 )


ഇങ്ങനൊയൊക്കെ ചെയ്താല്‍   നിരീശ്വരവാദത്തിനും  അതിജീവിച്ചുകൂടെ ? ഇതൊക്കെ കണ്ടെത്തിയ നിങ്ങള്‍ തന്നെ പാഠം പഠിക്കുന്നില്ലെങ്കില്‍ മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമുണ്ടോ ? മേല്‍ സൂചിപ്പിച്ചതില്‍ നിന്നു്  ചില കാര്യങ്ങള്‍ തെളിയുന്നു : മതത്തിനുള്ള പല സവിശേഷതകളും നിരീശ്വരവാദത്തിനില്ല, നിരീശ്വരവാദത്തില്‍ ബുദ്ധിപരമായ ആസൂത്രണമോ അനാരോഗ്യകരമായത് ഉപേക്ഷിക്കലോ അസഹ്യമായത് ഉപേക്ഷിക്കലോ ഇല്ല! പുതിയ പലതും പുറത്തുനിന്നു കൂട്ടിച്ചേര്‍ക്കലുമില്ല.! ചുരുക്കത്തില്‍, ആരെന്തു പറഞ്ഞാലും 'ഇല്ലേ ഇല്ലേ' എന്നു വിളിച്ചുകൂവാനല്ലാതെ മറ്റെന്തെങ്കിലും സവിശേഷതകള്‍ കൂടി ആര്‍ജിക്കാനായാലേ നിരീശ്വരവാദം അതിജീവിക്കപ്പെടൂ എന്നര്‍ത്ഥം!!

 12) ഗ്രന്ഥകാരന്‍റെ വാക്കുകള്‍: 

"ശുദ്ധമായ ലോജിക് പിന്തുടര്‍ന്നാല്‍ ഒരവിശ്വാസിക്ക് 'ദൈവം' എന്ന വാക്കേ ഉച്ചരിക്കാനാവില്ല. കാരണം 'ദൈവം ഇല്ല' ('There is no God') എന്നൊരാള്‍ പറഞ്ഞാല്‍ താത്വികമായും സാങ്കേതികമായും 'ദൈവം ഉണ്ട്' എന്നു തെളിയുകയാണ്! എങ്ങനെയെന്നു നോക്കാം: 'ദൈവം ഇല്ല' എന്ന നിഗമനത്തിന്‍റെ(conclusion) അടിസ്ഥാനഅനുമാനങ്ങള്‍ (basic premises) ഇവയാണ്: (എ) ദൈവം ഉണ്ട്('There is God'). (ബി) അത് നിലനില്‍ക്കുന്നില്ല('It doesn't exist'). പക്ഷെ ഈ ഉപാധികള്‍ പരസ്പരം റദ്ദാക്കുന്നവയാണെന്ന് വ്യക്തമാണ്".


 ഇതില്‍ നിന്നു് ദൈവം ഉണ്ടെന്നും ഇല്ലെന്നും തെളിയുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത് ? ഈ   ഉപാധികള്‍ പരസ്പരം റദ്ദാക്കുന്നവയായതുകൊണ്ട്  ഉണ്ടെന്നോ ഇല്ലെന്നോ തെളിയുന്നില്ല എന്നും വാദിച്ചുകൂടെ?  രണ്ടായാലും ഗ്രന്ഥകാരന്‍ പറയുന്നപോലെ ഉണ്ടെന്നു പറഞ്ഞാല്‍ ഇല്ലെന്നോ ഇല്ലെന്നു പറഞ്ഞാല്‍ ഉണ്ടെന്നോ തെളിയുന്നില്ല എന്നു "ശുദ്ധ ലോജിക്കി"ല്‍ നിന്നു തന്നെ വ്യക്തമാണ്. ഇതില്‍ നിന്നു് ദൈവം നാസ്തികനാണെന്നു തെളിയുന്നുണ്ടോ?

ഇല്ലെന്നു ബോധ്യമായതുകൊണ്ടാകാം ഇങ്ങനെ സമ്മതിക്കുന്നു:

"പക്ഷെ വ്യാവഹാരികഭാഷയില്‍ നമുക്ക് ഇപ്രാകാരം ഭാഷാഗുസ്തി നടത്തി മുന്നോട്ടുപോകാനാവില്ല. 'തങ്കപ്പന്‍ മരിച്ചു' എന്നുപറയാന്‍ തങ്കപ്പന്‍ ഉണ്ടായിരിക്കണം എന്നതുപോലെ 'നാസ്തികനായ ദൈവം' എന്നുപറയാന്‍ 'ദൈവ'വും ഉണ്ടാകേണ്ടതുണ്ട്".

വിശദീകരണം ഇങ്ങനെയും:

"മതവിശ്വാസി 'ദൈവം'എന്നൊരു സങ്കല്‍പ്പ കഥാപാത്രത്തെപ്പറ്റി സദാ സംസാരിക്കാറുണ്ട്. അവനതിനെ നിര്‍വചിക്കുകയും സവിശേഷതകള്‍ വര്‍ണ്ണിക്കുകയും ചെയ്യാറുണ്ട്. ഹാംലെറ്റിനെപ്പോലെ, ഒഥല്ലോയെപ്പോലെ ഒരു കഥാപാത്രമാണത്. അടിസ്ഥാനപരമായി മസ്തിഷ്‌ക്കത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഒരു വ്യാജവിവര(false data)മാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തുന്ന കുഴമണ്ണ്. ഈ സങ്കല്‍പ്പത്തെ അഭിസംബോധന ചെയ്യാന്‍ 'ദൈവം' എന്ന പദം വിശ്വാസി ഉപയോഗിക്കുന്നതിനാല്‍ അതുതന്നെ അവിശ്വാസിക്കും ഉപയോഗിക്കേണ്ടതുണ്ട്. മറിച്ചായാല്‍ ആശയസംവേദനം തകരാറിലാവും. അങ്ങനെ ഒരു പദം ഉപയോഗിക്കുന്നുവെന്നത് ആയത് യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്നതിന്‍റെ മാനദണ്ഡമായി സ്വീകരിക്കാനാവില്ല. തീതുപ്പുന്ന വ്യാളി (fire spitting dragon) എന്നുപറയാന്‍ അങ്ങനെയൊരു ജീവി യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട കാര്യമില്ലല്ലോ."

തീ തുപ്പുന്ന വ്യാളി എന്നു പറയാന്‍ അങ്ങനെയൊരു ജീവി യാഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടതില്ല . എന്നാല്‍ തീ തുപ്പുന്ന വ്യാളി നാസ്തികനാണെന്നു പറയാന്‍ തീ തുപ്പുന്ന വ്യാളി ഉണ്ടാകണമെന്നു തീര്‍ച്ചയാണ്!!!.

13) ദൈവം ഇല്ലേ എന്നു ചെണ്ടകൊട്ടി നടന്നിരുന്ന നിരീശ്വരവാദികള്‍ നാസ്തികനായ ദൈവത്തെപ്പറ്റി സംസാരിച്ചുതുടങ്ങിയതു പുരോഗതി തന്നെയാണ്. ഇതിനുതന്നെ കുറേക്കാലമെടുത്തല്ലോ. ഇനിയും കുറേക്കഴിഞ്ഞാല്‍ ആസ്തികനായ ദൈവത്തെപ്പറ്റി അവര്‍ സംസാരിച്ചെന്നു വന്നേക്കാം!